Saturday, December 12, 2015

ചെന്നൈ ഒരു ഓര്‍മപ്പെടുത്തല്‍ - സത്യന്‍ അന്തിക്കാട് - മാതൃഭൂമി ലേഖനം

ചെന്നൈ ഒരു ഓര്‍മപ്പെടുത്തല്‍




ചെന്നൈയില്‍ നിന്ന് മോമി വിളിച്ചു. 'മോമി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന എം.കെ. മോഹനന്‍. സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാണെങ്കിലും ഞാനും കമലും ലാല്‍ജോസുമൊക്കെ മോമിയെ പിടിച്ച് അഭിനയിപ്പിക്കാറുമുണ്ട്. അച്ചുവിന്റെ അമ്മയിലെ 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന ഗാനരംഗത്ത് മാതൃഭൂമിയുടെ ബുക്ഷോപ്പിനു പുറത്തു നില്‍ക്കുന്ന ഉര്‍വശിക്കടുത്ത് വന്ന് ആവശ്യത്തില്‍ക്കൂടുതല്‍ ചേര്‍ന്നുനിന്ന് അകത്തേക്ക് എത്തിനോക്കുന്ന താടിക്കാരനെ ഓര്‍മയില്ലേ? അതുതന്നെ കക്ഷി. ചെന്നൈയില്‍ കോടമ്പാക്കം റെയില്‍വേസ്റ്റേഷന്റെ തൊട്ടടുത്താണ് ഭാര്യയും രണ്ട് ആണ്‍മക്കളുമായി മോമി താമസിക്കുന്നത്. ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ അവിചാരിതമായി പെയ്ത പെരുമഴയില്‍ മോമി താമസിക്കുന്ന വീട് ഒറ്റപ്പെട്ടുപോയിരുന്നു. താഴത്തെ വീട് മുഴുവന്‍ വെള്ളത്തിനടിയിലായി. ജീവന്‍ മാത്രം കൈയിലെടുത്ത് മറ്റെല്ലാം ഉപേക്ഷിച്ച് ആ വീട്ടുകാര്‍ എവിടേക്കോ ഒഴിഞ്ഞുപോയി. ദുരന്തത്തിന്റെ നേര്‍കാഴ്ച സൗമ്യമായാണ് മോമി അവതരിപ്പിച്ചത്. പക്ഷേ, വാക്കുകളില്‍ അടക്കിപ്പിടിച്ച വേദനയുണ്ടായിരുന്നു. സ്വന്തം സങ്കടങ്ങള്‍ ഒന്നുമല്ലെന്ന് മോമി പറഞ്ഞു.



നഗരം മുഴുവന്‍ ഒഴുകിപ്പടര്‍ന്ന വെള്ളത്തില്‍ വിലപിടിച്ച വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍...സെയ്ദാപേട്ട് ബ്രിഡ്ജിനടിയിലൂടെ മാന്യമായി വസ്ത്രം ധരിച്ച ഒരാളുടെ മൃതദേഹം ഒഴുകിപ്പോയത്രെ. എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമ എന്ന സ്വപ്നവുമായി ഞാന്‍ വന്നിറങ്ങിയ നഗരമാണിത്. സെന്‍ട്രല്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി പകച്ചുനിന്ന ഒരു പത്തൊമ്പതുകാരന്‍ ഇന്നും എന്റെ ഉള്ളിലുണ്ട്. എഗ്മൂര്‍വരെ പോകാന്‍ ഏതു ബസ്സില്‍ കയറണമെന്നറിയില്ല. ടാക്‌സിയെടുത്താല്‍ എത്ര രൂപവേണ്ടിവരുമെന്നറിയില്ല. ഒടുവില്‍ ഒരു സൈക്കിള്‍ റിക്ഷയിലായിരുന്നു എന്റെ ആദ്യത്തെ യാത്ര. നഗരം മുഴുവന്‍ കാണാം. മുകളില്‍ മേലാപ്പില്ലാത്തതുകൊണ്ട് ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ അതിശയത്തോടെ നോക്കി. ഞാന്‍ കണ്ടു പരിചയിച്ച എന്റെ തൃശ്ശൂരിനേക്കാള്‍ എത്രയോ വലിയ നഗരം! ആ നഗരമാണിന്ന് കാലുകുത്താന്‍ പറ്റാത്ത വിധം മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. സഹിക്കാനാവാത്ത ദുര്‍ഗന്ധമാണെന്ന് മോമി പറഞ്ഞു.

''ഇപ്പൊ വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷേ, വീടുകള്‍ക്കുള്ളില്‍ ചളിയും അഴുക്കു ജലവും നിറഞ്ഞിരിക്കുന്നു. കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി. ടോയ്ലറ്റും അടുക്കളയുമൊക്കെ ഒരുപോലെ!'' കേരളത്തില്‍ നിന്ന് അവശ്യസാധനങ്ങളുമായി ലോറികളെത്തുമ്പോള്‍ പാവപ്പെട്ടവരോ പണക്കാരോ എന്ന വ്യത്യാസമില്ലാതെ ആളുകള്‍ ഓടിക്കൂടുന്നു. ഒരു കുപ്പിവെള്ളം, ഒരു പാക്കറ്റ് ബിസ്‌കറ്റ്, ഒരു പുതപ്പ്, മാറ്റിയുടുക്കാനൊരു വസ്ത്രം! ആവശ്യങ്ങള്‍ അവസാനിക്കുന്നതേയില്ല.

സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നുണ്ട്. നമുക്കു പരിചയമുള്ളവര്‍പോലും ജയലളിതയ്ക്ക് ചെക്കുകള്‍ കൈമാറുന്നതിന്റെ ഫോട്ടോകള്‍ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, അഴുക്കു നിറഞ്ഞ തെരുവുകളില്‍ ആലംബമില്ലാതെയിരിക്കുന്നവരുടെ കൈകളിലേക്ക് ആഹാരമായും വസ്ത്രമായും അവ എത്തിച്ചേരുമോ? സംശയമാണ്.

ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ നമ്മളും ഇതു മറക്കും. മാധ്യമങ്ങള്‍ക്കിത് വാര്‍ത്തയല്ലാതാകും. അഭിസാരികകളുടെയും ക്രിമിനലുകളുടെയും പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അവര്‍ മധുരം തേടിപ്പോകും. നാലര വര്‍ഷമായി പറഞ്ഞു പറഞ്ഞ്, പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തമാശയായി മാറിയ 'മുഖ്യമന്ത്രി രാജിവെക്കുക' എന്ന വിഷയത്തില്‍ അര്‍ഥമില്ലാത്ത ചാനല്‍ ചര്‍ച്ചകള്‍ നടക്കും. ദുരിതബാധിതരുടെ നഷ്ടങ്ങള്‍ അപ്പോഴും നഷ്ടങ്ങളായിത്തന്നെ അവശേഷിക്കും.

വടപളനിയില്‍ താമസിക്കുന്ന മേക്കപ്പ്മാന്‍ പാണ്ഡ്യനെയും സാലിഗ്രാമില്‍ താമസിക്കുന്ന എഡിറ്റര്‍ രാജഗോപാലിനേയും കുറെ ദിവസമായി ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. ഇടയ്ക്കെപ്പോഴോ കറന്റ് വന്ന് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റിയപ്പോള്‍ പാണ്ഡ്യന്‍ വിളിച്ചു. ''നഗരം മുഴുവന്‍ പാമ്പുകളാണിപ്പോള്‍. പ്രളയജലത്തില്‍ എവിടെനിന്നോ ഒഴുകി വന്നവ...'' അകത്തെ മുറിയിലേക്കു കടക്കാനൊരുങ്ങിയ വിഷപ്പാമ്പിനെ വീട്ടുവരാന്തയില്‍ വെച്ച് പാണ്ഡ്യന്‍ തല്ലിക്കൊന്നുവത്രെ.

ഇനിയുമെന്തെല്ലാം അറിയാനിരിക്കുന്നു. ചെന്നൈ ഇനി പഴയ ചെന്നൈ ആയി മാറണമെങ്കില്‍ മാസങ്ങള്‍ കഴിയണം. ഒരൊറ്റ കാര്യത്തിലേ ആശ്വാസമുള്ളൂ. അയല്‍പക്കക്കാരന്റെ കണ്ണിരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി ഇറങ്ങി എന്ന കാര്യത്തില്‍. സര്‍ക്കാറുകള്‍ എന്തുചെയ്യുന്നു എന്നു കാത്തിരിക്കാതെ മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങളും വ്യക്തികളും വിദ്യാര്‍ഥികളും സംഘടനകളും തങ്ങള്‍ക്കു ചെയ്യാന്‍കഴിയുന്ന എല്ലാ സഹായങ്ങളുമായി മുന്നോട്ടുവന്നു. പണമായും മരുന്നായും ഭക്ഷണമായും വസ്ത്രമായും അവര്‍ ഒരൊറ്റ മനസ്സോടെ ഒഴുകിയെത്തി. അവിടെ ജാതിയും മതവും രാഷ്ട്രീയവുമുണ്ടായില്ല. അധികാരത്തിനുവേണ്ടി വര്‍ഗീയതപറഞ്ഞ് തെക്കുവടക്ക് യാത്ര നടത്തുന്നവരെ നിശ്ശബ്ദരാക്കിക്കൊണ്ട് നമ്മള്‍ മനുഷ്യരാണെന്ന് തെളിയിച്ചു. ഭാഷകള്‍ക്കതീതമായി എല്ലാ ഭാരതീയരും നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന സത്യം ഒരു പ്രതിജ്ഞയും ചൊല്ലാതെ നമ്മളറിഞ്ഞു! അത്രയും സമാധാനം.


നന്മയുടെ വെളിച്ചം മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്കെ ഒരെത്തിനോട്ടം മാത്രം നടത്തി മടങ്ങിപ്പോകുന്നത്. ഇല്ലെങ്കില്‍ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാന്‍ വല്ല പ്രയാസവുമുണ്ടോ?

കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഡോക്ടര്‍ ആര്‍സുവിനെപ്പറ്റി ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയത് വായിച്ചിരുന്നു. അനാഥ ബാല്യങ്ങള്‍ക്ക് ആശ്രയമായി മാറിയ കോഴിക്കോട്ടെ 'പുവര്‍ഹോം സൊസൈറ്റി' പട്ടാമ്പിക്കാരനായ കെ.എന്‍. കുറുപ്പ് എന്ന നല്ല മനുഷ്യന്‍ സ്ഥാപിച്ചതാണെന്നു കണ്ടു. അതിന്റെ സാഹചര്യം ശ്രീകാന്തിനോട് ഞാന്‍ ചോദിച്ചറിഞ്ഞിരുന്നു. കെ.എന്‍. കുറുപ്പ് ഒരു കപ്പല്‍ കമ്പനി ഉദ്യോഗസ്ഥനായിരുന്നുവത്രെ. ജോലിയില്‍നിന്ന് പിരിഞ്ഞ് നാട്ടില്‍ താമസമാക്കിയ അവസരത്തില്‍ അദ്ദേഹമൊരു കാഴ്ചകണ്ടു. കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍, ഒരു സാധുമനുഷ്യന്‍ മഴയില്‍ നിന്ന് രക്ഷനേടാന്‍ ഒരു കെട്ടിടത്തിന്റെ ഭിത്തിയോടു ചേര്‍ന്നുനില്‍ക്കുന്നു. കുറുപ്പ് ഒരു കുടയുമായി അയാള്‍ക്കടുത്തുചെന്നു പറഞ്ഞു:-
''വരൂ ഞാന്‍ വീട്ടില്‍കൊണ്ടാക്കിത്തരാം.''
''എനിക്കു വീടില്ല'' അയാള്‍ പറഞ്ഞു.
''ഉറ്റവരും ഉടയവരുമില്ല. കേറിക്കിടക്കാന്‍ സ്ഥലമില്ല.''
മനുഷ്യസ്‌നേഹിയായ കുറുപ്പിന്റെ ഉള്ളില്‍ അപ്പോള്‍ ഉദിച്ച ആശയമാണത്രെ പാവങ്ങള്‍ക്കൊരു അഭയകേന്ദ്രം. പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറി. ഇന്ന് നമ്മള്‍ അറിയുന്ന ഡോക്ടര്‍ ആര്‍സുവും സിനിമയില്‍ സജീവമായ ഭാഗ്യലക്ഷ്മിയുമൊക്കെ ആ കാരുണ്യത്തില്‍ നിന്ന് ജീവിതം കെട്ടിപ്പടുത്തവരാണ്.

ഗുരുവായൂരില്‍ 'ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍' എന്ന ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഉമാ പ്രേമന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയാണതിന് നേതൃത്വം കൊടുക്കുന്നത്. ഉമ പ്രേമനെ എനിക്കു നേരിട്ടറിയാം. എണ്ണിയാല്‍ തീരാത്ത സഹായങ്ങളാണ് അവര്‍ നിര്‍ധനരായ രോഗികള്‍ക്ക് ചെയ്തുകൊടുക്കുന്നത്. ഡയാലിസിസിന് പണമില്ലാതെ മരണത്തിനു കീഴടങ്ങുമായിരുന്ന എത്രയോ ജീവിതങ്ങള്‍ അവര്‍ തിരിച്ചുപിടിച്ചു. സൗജന്യമായ ഡയാലിസിസ് യൂണിറ്റുകള്‍, ശസ്ത്രക്രിയകള്‍, മരുന്നുകള്‍-ഉറച്ച മനസ്സോടെ ഒരു സ്ത്രീ മുന്നിട്ടിറങ്ങിയപ്പോള്‍ ഉണ്ടായ നേട്ടങ്ങളാണിതൊക്കെ. ഉമാപ്രേമന്‍ മാത്രമല്ല. പ്രൊഫസര്‍ ഭാനുമതി, ഷീബാ അമീര്‍-ഇവരൊക്കെ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. എന്റെ ഈ ചെറിയ പരിചയത്തിനു പുറത്ത് വേറെയും എത്രയോ പേര്‍ നന്മയുടെ പ്രതീകങ്ങളായിട്ടുണ്ടാകും. അട്ടപ്പാടിയില്‍ നിന്ന് പന്ത്രണ്ടോളം ആദിവാസിക്കുട്ടികളെ നാട്ടിലെത്തിച്ച് ട്യൂഷന്‍ കൊടുത്ത് എന്‍ട്രന്‍സ് എഴുതിപ്പിച്ചു ഉമ പ്രേമന്‍. അവരില്‍ ആരെങ്കിലുമൊക്കെ നാളെ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാകും. പഠിക്കാന്‍ ആഗ്രഹമുള്ള അടുത്ത തലമുറയിലെ കുട്ടികള്‍ക്ക് അവര്‍ വഴികാട്ടികളായേക്കും.

ആദിവാസി ഊരുകള്‍ ഞാന്‍ കണ്ടതാണ്. ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാന്‍ പറ്റിയുള്ളൂ. പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദര്‍ശിച്ചെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോകുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണില്‍ നിന്നു മാഞ്ഞിട്ടില്ല. വിഴിഞ്ഞത്തേക്കാള്‍ വലിയ വികസനം വേണ്ടത് ഇവിടയല്ലേ? വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്?

വളാഞ്ചേരിയിലെ 'ചെഗുവേര ഫോറ' ത്തിനെപ്പറ്റി എന്നോടു പറഞ്ഞത് തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. പുതിയ സിനിമയുടെ കഥാ ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. അതിനിടയിലേക്കാണ് പ്രഭേട്ടന്‍ കയറി വന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും പ്രഭേട്ടന്‍ എന്നു വിളിക്കുന്ന പ്രഭാകരന്‍. 'അറബിക്കഥ' യിലെ ക്യൂബ മുകുന്ദനെപ്പോലെ ആത്മാര്‍ഥതയുള്ള കമ്യൂണിസ്റ്റുകാരനാണ് പ്രഭേട്ടന്‍. പക്ഷേ, അത്തരക്കാര്‍ എപ്പോഴും ഒറ്റപ്പെടുകയാണല്ലോ പതിവ്. പ്രഭേട്ടന്റെയും അതുപോലുള്ള ചില സഖാക്കളുടെയും സേവനം വേണ്ടെന്ന് പാര്‍ട്ടിയങ്ങ് തീരുമാനിച്ചു. പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് സ്വതന്ത്രരായ അവര്‍ 'ചെഗുവേര' എന്നൊരു ഫോറം സംഘടിപ്പിച്ചു. അതില്‍ പക്ഷേ, ഒരു തുള്ളിപോലും രാഷ്ട്രീയമില്ല. മനസ്സില്‍ നന്മയുള്ളവരുടെ ഒരു കൂട്ടായ്മ. ആര്‍ക്കും അതില്‍ നിന്ന് ഒന്നും നേടേണ്ടതില്ല. പണം വേണ്ട, പ്രശസ്തി വേണ്ട, നാളെ അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട. പക്ഷേ, ആ നാട്ടിലെ പാവപ്പെട്ടവര്‍ നെഞ്ചോടു ചേര്‍ത്തു വെച്ചിരിക്കുന്നു 'ചെഗുവേര ഫോറ'ത്തെ. അതിന്റെ പ്രധാന കാരണം, ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മനസ്സാണ്.

സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലേക്കാണ് അവരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത്. പല രോഗങ്ങള്‍ക്കായി സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗികളുണ്ട്. പ്രമേഹത്തിനും പ്രഷറിനും ഹൃദ്രോഗത്തിനുമൊക്കെ. പക്ഷേ, പണമില്ലാത്തതുകൊണ്ട് പലര്‍ക്കും മുടങ്ങാതെ മരുന്നു കഴിക്കാന്‍ പറ്റാറില്ല. ചിലര്‍ ഒരു ദിവസത്തേക്കുള്ള മരുന്ന് നാലു ദിവസങ്ങളിലായി കഴിക്കും. അത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി മരുന്നു നല്‍കാനാണ് 'ചെഗുവേര' മുന്നിട്ടിറങ്ങിയത്. നല്ല മനസ്സുള്ള ഒരുപാടു പേര്‍ ചെഗുവേരയോടൊപ്പം ചേര്‍ന്നു. പണമായും മരുന്നായും അവരുടെ സഹായം ചെഗുവേരക്ക് കൂട്ടായി. കുറെ ഡോക്ടര്‍മാരുണ്ട് സംഘത്തില്‍. പലരും തങ്ങള്‍ക്കുകിട്ടുന്ന സാന്പിള്‍ മരുന്നുകള്‍ ചെഗുവേരയിലെത്തിക്കുന്നു. ഇന്നിപ്പോള്‍ വളാഞ്ചേരി പഞ്ചായത്തിലെ പാവപ്പെട്ട മുന്നൂറ് കുടുംബങ്ങളിലേക്ക് എല്ലാ ഒന്നാം തിയ്യതിയും അവര്‍ക്കു വേണ്ട മരുന്നുകളെത്തുന്നു. സമീപ പ്രദേശത്തു നിന്ന് സഹായം തേടിയെത്തുന്നവരെയും പരിമിതികളില്‍ നിന്നുകൊണ്ട് 'ചെഗുവേര' തൃപ്തിപ്പെടുത്തുന്നു.
മനസ്സു നിറയുന്ന അറിവുകളാണിതൊക്കെ. കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും പ്രഭേട്ടന്മാരും സുഹൃത്തുക്കളും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

നമ്മളെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന എത്ര നേതാക്കളാണിവിടെ! മേക്കപ്പിട്ട് ചാനല്‍ ക്യാമറക്കു മുന്നിലിരുന്ന് പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കെങ്കിലും ഇത്തരമൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടോ? അധികാരം അഴിമതിക്കുള്ള ലൈസന്‍സായി മാറിയ കാലമാണിത്. കോഴയായി എത്ര കോടികള്‍ വേണമെങ്കിലും വാങ്ങാം, തെളിവുണ്ടാകാതിരുന്നാല്‍ മതി.

കോഴിക്കോട്ടെ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ ഓര്‍ക്കുക. ദുരന്തത്തില്‍ പെട്ടത് ഏത് ജാതിക്കാരനാണെന്നോ ഏതു ദേശക്കാരനാണെന്നോ നോക്കാതെ രക്ഷപ്പെടുത്താനിറങ്ങി ജീവന്‍ ബലികൊടുത്ത നൗഷാദ് നമ്മുടെ മനസ്സില്‍ ഒരു മുറിവായി നില്‍ക്കുന്നു. ആ മുറിവിലേക്കും ചിലര്‍ വര്‍ഗീയതയുടെ മുളകുപൊടിയെറിഞ്ഞു. പക്ഷേ, അവര്‍ക്കുള്ള മറുപടിയുമായി കാലം കാത്തു നില്‍ക്കുന്നുണ്ട്. സങ്കടങ്ങളിലാണ്, നന്മയുടെ വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്

കടപ്പാട്  - മാതൃഭൂമി

Sunday, September 13, 2015

പേരുമാറ്റവും പെരുമാറ്റവും - മാതൃഭൂമി ലേഖനം

പേരുമാറ്റവും പെരുമാറ്റവും

അറിയാതെയാണെങ്കിലും ഇത്തിരി അഹങ്കരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ കിട്ടും തലയ്‌ക്കൊരു തട്ട്. ഒന്നല്ല, ഒരുപാട് പ്രാവശ്യം അനുഭവപ്പെട്ടിട്ടുള്ളതാണ്.
'അടങ്ങ് മോനെ... നീ അങ്ങനെ ആളാവുകയൊന്നും വേണ്ട' എന്ന് ദൈവം പറയുന്നതുപോലെ തോന്നും.
അടുത്തകാലത്തുണ്ടായ ഒരു വിമാനയാത്രയിലാണ് അത് വീണ്ടും ബോധ്യപ്പെട്ടത്. ബോംബെക്ക് പോവുകയായിരുന്നു ഞാന്‍. അവിടെ മലയാളികളുടെ രണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കണം. ക്ഷണിച്ചത് വളരെ വേണ്ടപ്പെട്ടവരാണ്. പോയേപറ്റൂ.
സെക്യൂരിറ്റി ചെക്കപ്പൊക്കെ കഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇരിക്കുന്നവരില്‍ മുന്‍വശത്തെ നിരയില്‍ നിന്ന് ആഹ്ലാദവും അത്ഭുതവും നിറഞ്ഞ ഒരു വിളി.

''ഹലോ....ഇതാര്?''
നോക്കുമ്പോള്‍ നാല്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഒരു മാന്യന്‍. ഭാര്യയും മകനുമുണ്ട് കൂടെ.
''വരണം സാറെ-ഇങ്ങോട്ടിരിക്കണം.''
തന്റെ തൊട്ടടുത്ത സീറ്റിലേക്ക് അദ്ദേഹമെന്നെ ക്ഷണിച്ചു.
''വേണ്ട. എന്റെ സീറ്റ് കുറച്ചു പിറകിലാണ് 20 ര''
''അതൊന്നും സാരമില്ലെന്നേ... സാറിവിടെ ഇരിക്കൂ. സാറിനോടൊപ്പമിരുന്ന് യാത്ര ചെയ്യുക എന്നതൊരു ഭാഗ്യമല്ലേ?''
ആവശ്യത്തിലേറെ ഉച്ചത്തിലാണ് സംസാരം. നിറയെ യാത്രക്കാരുണ്ട്. ഭൂരിഭാഗവും മലയാളികള്‍.
പലരും എന്നെ തിരിഞ്ഞുനോക്കി. വിനയപൂര്‍വം ഞാന്‍ പറഞ്ഞു-
''വേണ്ട, സീറ്റ് മാറിയിരുന്ന് പ്രശ്‌നമാകണ്ട.''
''ഒരു പ്രശ്‌നവുമില്ലെന്നെ. സാറിനെപ്പോലൊരാള്‍ക്ക് എവിടെ വേണമെങ്കിലുമിരിക്കാം. മലയാളികളുടെ അഭിമാനമല്ലേ സാറ്.''
അവിടെയാണ് ഞാന്‍ ഒരിഞ്ച് പൊങ്ങിയത്. ''അമ്പടഞാനേ' എന്ന ഭാവം എന്റെ മനസ്സിലുയര്‍ന്നു.
ഒരുപാട് കണ്ണുകള്‍ മുഖത്തേക്കു തിരിയുന്നു എന്നറിഞ്ഞു കൊണ്ടുതന്നെ വിനീതനായി ഞാനെന്റെ സീറ്റിലേക്കു നടന്നു. പോകുന്ന പോക്കില്‍ ചിലര്‍ ഷേക്ക് ഹാന്റിന് കൈനീട്ടി. അഹങ്കാരം പുറത്തു കാണിക്കാതെ എല്ലാവരെയും മൈന്റ് ചെയ്ത് ഞാന്‍ ചെന്നിരുന്നു.
തരക്കേടില്ല.

ഫുട്പാത്തിലും ഷോപ്പിങ് സെന്ററിലും സിനിമാതിയേറ്ററിലുമൊക്കെ ചിലര്‍ തിരിച്ചറിയാറുണ്ടെങ്കിലും ബോംബെ വഴി ഡല്‍ഹിയിലേക്കു പോകുന്ന വിമാനത്തില്‍ ഇങ്ങനെ ആരാധകര്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.

സിനിമകള്‍ കുറച്ചുകൂടി നന്നാക്കണം. മത്സരിക്കേണ്ടത് അല്‍ഫോണ്‍സ് പുത്രനോടും 'ശ്രീനിവാസ പുത്രനോ'ടുമൊക്കെയാണ്. അങ്ങനെ പല ചിന്തകളും കടന്നുപോകുന്നതിനിടയില്‍ വിമാനം ഉയര്‍ന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ നേരത്തെ കണ്ട ആരാധകന്‍ എന്നെ തിരഞ്ഞു വന്നു. അടുത്തെത്തിയപ്പോള്‍ അയാളെന്റെ കൈ പിടിച്ചു വലിച്ച് ഒന്നുമ്മവെച്ചു. അതെല്ലാം ഓവറല്ലേ എന്നു തോന്നി.
''വിശ്വസിക്കാന്‍ പറ്റുന്നില്ല സര്‍. ഞങ്ങളുടെ കുടുംബം മുഴുവന്‍ സാറിന്റെ ആരാധകരാണ്. ഞാനെന്റെ ഭാര്യയോടു പറയുകയായിരുന്നു, ഈ ഫ്ലൈറ്റില്‍ തന്നെ ടിക്കറ്റെടുക്കാന്‍ തോന്നിയത് എത്ര ഭാഗ്യമായെന്ന്. വരണം സാര്‍ എന്റെ ഫാമിലിയോടൊപ്പം നിന്നൊരു സെല്‍ഫി എടുക്കണം.''

ബോംബെയില്‍ ചെല്ലട്ടെ എന്നിട്ടാകാം എന്നു പറഞ്ഞു ഞാന്‍.
വീണ്ടും പ്രശംസാ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടു നിന്ന അയാളോടു ഞാന്‍ പറഞ്ഞു-
''നിങ്ങള്‍ ചെന്നിരിക്കൂ. ഇറങ്ങുമ്പോള്‍ കാണാമല്ലോ.''
അതു വഴിവന്ന എയര്‍ഹോസ്റ്റസ്സിനെ തടുത്തുനിര്‍ത്തി അതിമനോഹരമായ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു-
''ഇതാരാണെന്നറിയാമോ? മലയാളികള്‍ മുഴുവന്‍ ആരാധിക്കുന്ന മഹാനായ സംവിധായകനാണ്.''
അവര്‍ അല്പം സംശയത്തോടെ എന്നെ നോക്കി. അതിനുമാത്രമുള്ള 'ലുക്ക്' ഇല്ലല്ലോ എന്നു തോന്നിക്കാണണം. എങ്കിലും സാമാന്യമര്യാദയുടെ പേരില്‍ എനിക്കൊരു ഷേക്ക്ഹാന്റ് തന്നു.
അഹങ്കാരം ചെറിയ ചമ്മലായി മാറിത്തുടങ്ങി. ഞാനയാളോടു സ്‌നേഹ
പൂര്‍വം പറഞ്ഞു-
''സീറ്റില്‍ ചെന്നിരിക്കൂ. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട.''
''എന്തു ബുദ്ധിമുട്ട്? അവര്‍ക്കെല്ലാം സന്തോഷമല്ലേ?''
എന്നിട്ട് എല്ലാവരോടുമായി ഉറക്കെ ഒരു അനൗണ്‍സ്‌മെന്റ്-
''മനസ്സിലായില്ലേ? ഇത് നമ്മുടെയൊക്കെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്‍!''
ഒന്നുരണ്ടു ചിരികള്‍ ചുറ്റുപാടും ഉയരുന്നത് ഞാന്‍ കേട്ടു.
''ഇറങ്ങുമ്പോള്‍ മറക്കല്ലേ പ്രിയദര്‍ശന്‍ സാറേ, എന്റെ ഫാമിലിയുടെ കൂടെ നിന്നൊരു ഫോട്ടോ.''
തിരുത്താനൊന്നും നില്‍ക്കാതെ ഞാന്‍ സമ്മതിച്ചു.

ദൈവം ഇടപെട്ടെന്നും എന്റെ അഹങ്കാരത്തിന്റെ പത്തി താണു കഴിഞ്ഞെന്നും എനിക്കു മനസ്സിലായി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല കേട്ടോ. പ്രിയദര്‍ശന്‍തന്നെ ഒരിക്കല്‍ എന്നോടു പറഞ്ഞിട്ടുണ്ട്. 'അമേരിക്കയില്‍ വെച്ച് മലയാളികളുടെ ഒരു സദസ്സില്‍ എനിക്ക് സത്യനാകേണ്ടി വന്നിട്ടുണ്ട്' എന്ന്. അവിടെ ഒരു വലിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് പ്രിയന്‍. കോട്ടും സൂട്ടുമിട്ട ഒരു തിരുവല്ലക്കാരന്‍ അച്ചായന്‍ വന്ന് പരിചയപ്പെട്ടുവത്രെ (സക്കറിയയുടെ 'സലാം അമേരിക്ക' വായിച്ചിട്ടുള്ളവര്‍ക്ക് അത്തരം അച്ചായന്‍മാരെ അറിയാം.)

പ്രിയനെ അഭിനന്ദിച്ചുകൊണ്ട് അയാള്‍ പറഞ്ഞ സിനിമകളൊക്കെ എന്റേതായിരുന്നു.
നാടോടിക്കാറ്റ്, ഗാന്ധിനഗര്‍, തലയണമന്ത്രം, വരവേല്പ്- ഇതൊക്കെ അമ്പതുതവണ വീതമെങ്കിലും കണ്ടിട്ടുണ്ടത്രെ. 'സന്ദേശം' കണ്ടിട്ട് രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്താന്‍ വന്നോ എന്നുചോദിച്ചു.

'ഇല്ല' എന്ന് പറഞ്ഞൊഴിഞ്ഞു പ്രിയന്‍. അയാള്‍ക്ക് നാടു കാണണം, നാട്ടില്‍ പോകണം എന്ന് തോന്നുമ്പോഴൊക്കെ 'മനസ്സിനക്കരെ'യും 'പൊന്മുട്ടയിടുന്ന താറാവും' സിഡി ഇട്ട് കാണുമത്രെ. 'രസതന്ത്ര'ത്തിലെ 'ആറ്റിന്‍കരയോരത്തെ' എന്ന പാട്ട് ഇത്രയും മനോഹരമായി ചിത്രീകരിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നുപറഞ്ഞു. 'കിലുക്ക'മോ 'ചിത്ര'മോ 'തേന്മാവിന്‍ കൊമ്പത്തോ' ഏതെങ്കിലുമൊരു ചിത്രത്തിന്റെ പേര് അയാള്‍ പറഞ്ഞെങ്കില്‍ എന്ന് പ്രിയന്‍ ആശിച്ചുവത്രെ. ഒന്നുമുണ്ടായില്ല.
മനസ്സിലെ അഹങ്കാരത്തിന്റെ മുനകള്‍ ദൈവം ഇങ്ങനെയാണ് ഒടിച്ചുകളയുക എന്ന് ഞാന്‍ പ്രിയനോടു പറഞ്ഞു.
പറഞ്ഞുകേട്ട പഴയൊരു കഥയുണ്ട്.

പണ്ട് കോഴിക്കോട്ടുനിന്ന് മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ പ്രസിദ്ധ നടന്‍ കെ.പി. ഉമ്മര്‍ കയറുന്നു. അദ്ദേഹം അന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണ്. നായകന്‍ സത്യനായാലും പ്രേംനസീറായാലും വില്ലന്‍ കെ.പി. ഉമ്മര്‍തന്നെ എന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്ന കാലം.

ജനവാതിലിനടുത്തുള്ള സീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകരോട് സംസാരിക്കുകയായിരുന്നു കെ.പി. ഉമ്മര്‍. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരിക്കി എണ്‍പതുകഴിഞ്ഞ ഒരു വൃദ്ധയെത്തി, ''വല്ലതും തരണേ സാറേ'' എന്നുപറഞ്ഞു. ആരേയും സഹായിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് ഉമ്മര്‍സാര്‍. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഒരു താരത്തിന്റെ സ്റ്റൈലിലാണ് അദ്ദേഹത്തിന്റെ നടപ്പും ഇരിപ്പും സംസാരവുമൊക്കെ. പേഴ്‌സ് തുറന്ന് അദ്ദേഹം ഒരു പത്തുരൂപാ നോട്ടെടുത്തു. ഒരു രൂപയ്ക്ക് ഹോട്ടലില്‍നിന്ന് ഒന്നാംതരം ഊണ് ലഭിക്കുന്ന കാലമാണ്.
പത്തുരൂപയ്ക്ക് ഒരുപാട് വിലയുണ്ട്. അദ്ദേഹം ആ പത്തുരൂപ വൃദ്ധയ്ക്ക് കൊടുത്തിട്ട് പറഞ്ഞു-
''ഇന്നിനി ആരോടും കാശുചോദിക്കണ്ട. അരിയും സാധനങ്ങളുമൊക്കെ വാങ്ങി വീട്ടില്‍പോകൂ.''
ആഹ്ലാദംകൊണ്ട് കണ്ണുനിറഞ്ഞുപോയ വൃദ്ധ അറിയാവുന്ന രീതിയിലൊക്കെ നന്ദിപറഞ്ഞു.
''സാറിനെപ്പറ്റി ഇന്ന് ഞാനെന്റെ മക്കളോടും അയല്‍പക്കക്കാരോടുമൊക്കെ പറയും. ഇത്ര ദയാലുവായ ഒരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.''
കെ.പി. ഉമ്മറിന് സന്തോഷമായി. ട്രെയിന്‍ പുറപ്പെടാനുള്ള ബെല്ലടിച്ചു. വണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് യഥാര്‍ഥ ക്ലൈമാക്‌സ്.
''വീട്ടില്‍ ചെല്ലുമ്പോള്‍ ഈ കാശ് ആര് തന്നുവെന്ന് പറയും?'' ഉമ്മര്‍സാറിന്റെ ചോദ്യം.
''അതെന്താ സാറേ? സാറിനെ അറിയാത്തവര്‍ ഈ നാട്ടിലുണ്ടോ?''
വണ്ടിക്കൊപ്പം നീങ്ങിക്കൊണ്ട് വൃദ്ധ പറഞ്ഞു.
''സാറിന്റെ സിനിമകളെല്ലാം ഞങ്ങള്‍ കാണാറുണ്ട്. പ്രേംനസീറല്ലേ?''
അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടു.
''പ്രേംനസീറല്ല, കെ.പി. ഉമ്മറാണ്'' എന്ന് വിളിച്ചുപറയുമ്പോഴേക്കും വൃദ്ധ ഒരുപാടുദൂരം പിന്നിലായിക്കഴിഞ്ഞിരുന്നു.
''എന്റെ പത്തുരൂപ പോയി''എന്ന ആത്മഗതത്തേടെ കെ.പി. ഉമ്മര്‍ തളര്‍ന്നിരുന്നു എന്നാണ് കഥ.

ഇതൊക്കെ അറിയാതെ സംഭവിച്ചുപോകുന്നതാണ്. കെ.പി. ഉമ്മറിന്റെ പേര് അവര്‍ക്ക് ആ സമയത്ത് മാറിപ്പോയതായിരിക്കും. ഒരു രണ്ടാംചിന്തയില്‍ അത് പ്രേംനസീറല്ല ഉമ്മറാണെന്ന് തിരിച്ചറിയുകയും ചെയ്യും. പക്ഷേ, ഒരു നിമിഷനേരത്തെ നാക്കുപിഴ, അതിലാണ് തമാശ.
മറ്റൊരു സന്ദര്‍ഭംകൂടി ഓര്‍മ വരുന്നു. ലോഹിതദാസാണ് ആ കഥയിലെ നായകന്‍. ഞാനും ലോഹിതദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അക്കാലത്ത് ഒരുമിച്ച് ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. ഭക്തിയും സ്‌നേഹവും നിറഞ്ഞ യാത്രകളായിരുന്നു അത്. കെട്ടുനിറച്ച്, പമ്പയില്‍ കുളിച്ച് ശരണം വിളിച്ച് മലകയറും. സംവിധായകന്‍ സുന്ദര്‍ദാസും സഹോദരന്‍ സുഭാഷും കിരീടം ഉണ്ണിയുമൊക്കെ ചിലപ്പോള്‍ സംഘത്തിലുണ്ടാകും.

ഒരിക്കല്‍ നീലിമലയിലെ കുത്തനെയുള്ള കയറ്റം കയറി ക്ഷീണിച്ച് പാതയോരത്തെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന അയ്യപ്പന്മാരില്‍ ചിലര്‍ കൈതപ്രത്തെ തിരിച്ചറിഞ്ഞു. ആരവത്തോടെ 'കൈതപ്രം' എന്ന് വിളിച്ച് ചുറ്റുംകൂടി. കൂട്ടത്തിലൊരാള്‍ ലോഹിതദാസിനെ കണ്ട് ''ഓ, സാറുമുണ്ടോ?'' എന്ന് ചോദിച്ച് കൂട്ടത്തിലുള്ളവരോട് വിളിച്ചുപറഞ്ഞു-
''ദേ- തുളസീദാസ്''

'സ്വാമിയേ ശരണമയ്യപ്പാ' എന്ന് നീട്ടിവിളിച്ച് ലോഹി പെട്ടെന്ന് മലകയറാന്‍ തുടങ്ങി. ഒപ്പമെത്താന്‍ ഞങ്ങള്‍ പാടുപെട്ടു.
ഓര്‍ക്കുമ്പോള്‍ ഇനിയുമുണ്ട് പേരുമാറ്റങ്ങള്‍. പണ്ട് മാതൃഭൂമിയുടെ ഒരു അവാര്‍ഡ്ദാനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായ സംവിധായകന്‍ ഭാരതീരാജയെ അവതാരകയായ കല്പന വേദിയിലേക്ക് ക്ഷണിച്ചത്-
'തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയ സംവിധായകന്‍ ശ്രീ ഇളയരാജ' എന്ന് പറഞ്ഞുകൊണ്ടാണ്.
താന്‍ ഇളയരാജയല്ല, ഭാരതീരാജയാണെന്ന് തിരുത്താതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജില്‍വന്ന് കൈകൂപ്പി. കല്പന അപ്പോഴും പറഞ്ഞു-
''സ്വാഗതം, ഇളയരാജസാര്‍''
ഇത്തരം തെറ്റുകള്‍ ആര്‍ക്കും എപ്പോഴും പറ്റാവുന്നതേയുള്ളൂ. അതിലെ തമാശ മാത്രം നമ്മള്‍ കണ്ടാല്‍ മതി.
പ്രസിദ്ധരുടെ കാര്യം വിട്ടുകളയൂ. വെറുതെയൊന്നു ശ്രദ്ധിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കും കാണാം ഇത്തരം നൂറുനൂറു സംഭവങ്ങള്‍. ജീവിതത്തിന്റെ ചുട്ടുപൊള്ളലുകള്‍ക്കിടയ്ക്ക് ഇതൊക്കെ ഒരാശ്വാസമല്ലേ.


കടപ്പാട്  - മാതൃഭൂമി

Wednesday, August 19, 2015

ഓര്‍ക്കുന്നുവോ, ആ പഴയ ചട്ടമ്പിയെ


മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന പുസ്തകത്തില്‍ നിന്ന്

"ഓര്‍ക്കുന്നുവോ, ആ പഴയ ചട്ടമ്പിയെ"



ചിലരുണ്ട്, നാം ഓര്‍ക്കുന്നതുവരെ ഓര്‍മിപ്പിക്കാന്‍വേണ്ടി യാതൊരു പ്രകടനപരതയുമില്ലാതെ തികച്ചും നിസ്സംഗമായ വൈകാരികതയോടെ ഒരു അരികുചേര്‍ന്നു ജീവിക്കുന്നവര്‍. പറവൂര്‍ ഭരതന്‍ ആ ചിലരില്‍ ഒരാളാണ്. ഓര്‍ക്കുന്നുവോ, ആ പഴയ ചട്ടമ്പിയെ?

ഞാന്‍ മദ്രാസില്‍ ചെന്ന ആദ്യദിവസംതന്നെ പറവൂര്‍ ഭരതേട്ടനെ പരിചയപ്പെട്ടു. കോളേജ് ഗേള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു അത്. അതിലെ ഒരു കഥാപാത്രമാണ് പറവൂര്‍ ഭരതന്‍. ആദ്യം അദ്ദേഹത്തെ ഞാന്‍ ആകപ്പാടെ ഒന്നു നോക്കി. തടിമിടുക്കുള്ള ഒരാള്‍. ചിരിക്കുമ്പോള്‍ ശരീരമാസകലം ഇളകുന്നു. ഇന്നത്തെപ്പോലെ ഏതു നഗരത്തില്‍

വെച്ചും യാദൃച്ഛികമായി കണ്ടുമുട്ടാവുന്ന ആളുകളായിരുന്നില്ല പഴയ നടന്‍മാര്‍. മദിരാശിയില്‍ പാര്‍ക്കുന്ന, വല്ലപ്പോഴും മാത്രം നാട്ടില്‍ വരുന്ന അപരിചിതതീര്‍ഥാടകര്‍. 'തൃശ്ശൂര്‍ക്കാരനാണല്ലേ?' ഭരതേട്ടന്‍ കൈപിടിച്ചു കുലുക്കി. തികച്ചും ഗ്രാമ്യവും സൗമ്യവുമായ ഒരു പരിചയപ്പെടല്‍. താനൊരു നടനാണ് എന്ന ഭാവഹാവാദികള്‍ ഒന്നുംതന്നെ തുടക്കക്കാരനായ എന്നോട് അദ്ദേഹം പ്രകടിപ്പിച്ചില്ല. സിനിമയിലേക്ക് സംവിധായകനായി കയറാന്‍ വന്ന അസംഖ്യം പേരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍.

ധര്‍മ്മയുദ്ധം എന്ന സിനിമയില്‍ മാനസികവിഭ്രാന്തി ബാധിച്ച പ്രേംനസീറുമായി വാള്‍പ്പയറ്റു നടത്തുന്ന പറവൂര്‍ ഭരതനെ
പഴയ സിനിമാപ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. ശരിയായ ഒരു നാട്ടിന്‍പുറത്തുകാരനായ അഭ്യാസി. വാള്‍ എപ്പോഴാണ് തിരിച്ചുവെട്ടുന്നതെന്നറിയാതെ പയറ്റിലേര്‍പ്പെട്ട ഒരാള്‍. നാട്ടിന്‍പുറത്തെ ചട്ടമ്പിവേഷങ്ങള്‍, പ്രേക്ഷകരെ ചെറിയമട്ടില്‍ ചിരിപ്പിക്കുംവിധം അവതരിപ്പിച്ചു പറവൂര്‍ ഭരതന്‍. മൊത്തം ശരീരം ഇളകുമായിരുന്നു ആ അഭിനയത്തില്‍. അഭിനയം ശാരീരികംകൂടിയാണ് എന്ന് പഴയ നടന്‍മാര്‍ വിശ്വസിച്ചു. ശരീരത്തെയും അവര്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചു.

മഴവില്‍ക്കാവടിയില്‍ മീശയില്ലാ വാസു എന്ന കഥാപാത്രത്തെയാണ് പറവൂര്‍ ഭരതന്‍ അവതരിപ്പിച്ചത്. വലിയ മീശയും വെച്ച് ജീവിക്കുന്ന ഒരു സാധുമനുഷ്യനായിരുന്നു വാസു. മീശ അയാളുടെ ഒരു പുറംപൂച്ച് മാത്രമായിരുന്നു. ഓരോ സീന്‍ ഷൂട്ട് ചെയ്യുമ്പോഴും വാസു എന്ന ആ സാധുമനുഷ്യനോട് എനിക്ക് സഹതാപം തോന്നിയിരുന്നു. ഇത്രയും സാധുവായ ഒരാള്‍ക്ക് എന്തിനാണ് ഇത്രയും വലിയ മീശ?
പറവൂര്‍ ഭരതനെ മാറ്റിനിര്‍ത്തി ആ കഥാപാത്രത്തെ ഓര്‍ക്കു വാനേ വയ്യ. മീശയില്ലാ വാസു സിനിമയില്‍ ഇന്നസെന്റിന്റെ കാര്‍ ഓടിക്കുന്നു. നമുക്ക് കാണാത്ത ഏതോ ഒരു മരത്തില്‍ കാര്‍ ചെന്ന് ഇടിക്കുന്നു. ചിരിച്ചുകൊണ്ട്, യാതൊരു സംഭ്രമവുമില്ലാതെ, വാസു ഇന്നസെന്റിനോട് പറയുന്നു:




ഇത്രയും കാലം ഞാനിതിലേ വണ്ടി ഓടിച്ചിട്ടും ഇങ്ങനെയൊരു മരം ഞാനവിടെ നില്‍ക്കുന്നത് കണ്ടില്ല മുതലാളീ.'
ഈയൊരു കഥാപാത്രത്തിന്റെ നിഷ്‌കളങ്കതതന്നെയാണ് പറവൂര്‍ ഭരതന്‍ എന്ന മനുഷ്യനുമുള്ളത്. കഥാപാത്രത്തിലേക്ക് സ്വാഭാവികവും നിര്‍ദോഷവുമായ ആ ഭാവം അലിഞ്ഞുചേരുന്നു.

എപ്പോഴും അസുഖമുള്ള ഒരാളായിട്ടാണ് പറവൂര്‍ ഭരതന്‍ ലൊക്കേഷനുകളില്‍ പ്രത്യക്ഷപ്പെടുക. ഒഴിഞ്ഞുമാറാത്ത ഒരു നടുവേദന, അല്ലെങ്കില്‍ കാലത്ത് എണീക്കുമ്പോള്‍ ചെവിയുടെ പിന്നില്‍ ഒരു മൂളിച്ച, വയറിലൊരു ഉരുണ്ടുകയറ്റം- ഇങ്ങനെ എന്തെങ്കിലുമൊരു ശാരീരികവേദന പറവൂര്‍ ഭരതന് എപ്പോഴുമുണ്ടാവും. സത്യത്തില്‍ ഇതൊരു സംശയം മാത്രമാണ്.

'സത്യാ, രാവിലെ എണീറ്റപ്പോള്‍ ഒരു അസ്‌ക്യത.'

മിക്കവാറും ഭരതേട്ടന്‍ ലൊക്കേഷനില്‍ വന്നാല്‍ ആദ്യം പറയുന്ന കാര്യം അതായിരിക്കും. പിന്നെ അതങ്ങ് മറന്നുപോവുകയും ചെയ്യും. നമ്മുടെ വലിയ നടന്‍മാര്‍ക്കെല്ലാം ഇങ്ങനെ ചില സ്വകാര്യപ്രശ്‌നങ്ങളുണ്ട്. അവര്‍ ആ പ്രശ്‌നങ്ങളില്‍ ഏറക്കുറെ സമയം നഷ്ടപ്പെടുത്തുകയും ചെയ്യും.

കുറുക്കന്റെ കല്യാണം എന്ന സിനിമ. നായികയുടെ അച്ഛന്‍ പറവൂര്‍ ഭരതനാണ്. അത് ചിത്രീകരിക്കുന്ന സമയത്ത് ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു:'ഭരതേട്ടന്റെ സ്വഭാവവുമായി യോജിക്കുന്ന ഒരു ക്യാരക്ടര്‍തന്നെയാക്കാം.'

സിനിമയിലെ നായികയുടെ അച്ഛന് പറവൂര്‍ ഭരതന്റെ മാനറിസങ്ങള്‍തന്നെ പകര്‍ത്തി. എന്നും രോഗങ്ങള്‍ ഉണ്ടെന്നു വിചാരിക്കുന്ന ഒരാളാണ് ആ അച്ഛന്‍. ഒരുപാട് രോഗങ്ങളുണ്ടെന്ന് സ്വയം കരുതി അതില്‍ ഉത്കണ്ഠപ്പെടുന്ന ഒരാള്‍. ചിത്രീകരിക്കുമ്പോള്‍ ഭരതേട്ടന്‍ പറഞ്ഞു:
'ഇത് എന്നെത്തന്നെ കണ്ട് എഴുതിയ ഒരു കഥാപാത്രമാണ് അല്ലേ.' പിന്നെയൊരു ചിരിയായിരുന്നു. പറവൂര്‍ ഭരതന്‍ ചിരി.
ആ ചിത്രത്തില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഞങ്ങള്‍ക്ക് കൃത്രിമമായി എഴുതിവാങ്ങേണ്ടിവന്നില്ല. ഭരതേട്ടന്റെ ബേഗില്‍
തന്നെ എത്രയോ കുറിപ്പുകളുണ്ടായിരുന്നു. ഓരോ പുലര്‍ക്കാലത്തും ഈ പ്രിസ്‌ക്രിപ്ഷന്‍ എടുത്തുനോക്കുക എന്നത് ഭരതേട്ടന്റെ ശീലമായിരുന്നു.

നമ്മളുമായി മനസ്സുകൊണ്ട് അടുക്കുന്ന ഒരാളാണ് പറവൂര്‍ ഭരതന്‍. നിര്‍ദോഷമായ ഒരു അടുപ്പമായിരിക്കും അത്. പരിചയങ്ങളെ യാതൊരു കാര്യസാധ്യത്തിനുവേണ്ടിയും ഭരതേട്ടന്‍ ഉപയോഗിച്ചിരുന്നില്ല. വലിയ കുടുംബസ്‌നേഹിയാണ്. മുന്‍പ് മദിരാശിയില്‍ സിനിമയ്ക്കുവേണ്ടി ദീര്‍ഘമാസങ്ങള്‍തന്നെ മുറിയില്‍ ജീവിക്കേണ്ടി വരും. കുടുംബത്തെ വിട്ടുനില്ക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഭരതേട്ടന് വലിയ ശിക്ഷാവിധിപോലെയായിരുന്നു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകളുടെ കാലമല്ലായിരുന്നല്ലോ. സത്യത്തില്‍, ആളുകളെ കൈപ്പിടിയിലൊതുക്കിയാണ് നമ്മുടെ ഇന്നത്തെ സഞ്ചാരങ്ങള്‍. പോക്കറ്റില്‍ എപ്പോഴും ഒരുകൂട്ടം ആളുകളുണ്ടാവും. ആരും നമ്മെ വിട്ടുപിരിയുന്നേ ഇല്ല. മുന്‍പ് അങ്ങനെ ആയിരുന്നില്ലല്ലോ.

ഉമാ സ്റ്റുഡിയോയില്‍ പടം ചിത്രീകരിക്കുന്നതിന്റെ ഇടവേളയില്‍ ഭരതേട്ടന്‍ പറയും: 'തിരക്കില്ലെങ്കില്‍ വൈകീട്ടൊന്ന് മുറിയിലേക്ക് വരണം.' ഭാര്യയ്ക്ക് കത്തെഴുതാനാണ് ഭരതേട്ടന്റെ ആ വിളി. 'എന്റെ കയ്യക്ഷരം പോര. സത്യന്‍ എഴുതിയാ മതി. ഞാന്‍ പറഞ്ഞുതരാം.'
ഭരതേട്ടന്റെ ഭാര്യയ്ക്കുള്ള പല കത്തുകളും ഞാനാണ് എഴുതിയത്. എഴുതുമ്പോള്‍ പരകായപ്രവേശംപോലെ ഭരതേട്ടന്റെ മനസ്സ് എന്നില്‍ മിടിക്കാന്‍ തുടങ്ങും. വിശേഷങ്ങളൊക്കെ കാച്ചിക്കുറുക്കി എഴുതിയതിനുശേഷം ചുവടെ സ്വന്തം പാലിച്ചേട്ടന്‍ എന്ന് ഭരതേട്ടന്‍ എഴുതും. അതു സ്വന്തം കൈപ്പടയില്‍ത്തന്നെയാണ് ഭരതേട്ടന്‍

എഴുതുക. ഓരോ കത്തിന്റെയും ചുവട്ടില്‍ ഹൃദയത്തില്‍ നിന്നും വരുന്ന ആ കയ്യൊപ്പ് ഇടാന്‍ മാത്രം ഭരതേട്ടന്‍ എന്നെ അനുവദിച്ചിട്ടില്ല.
ഭരതേട്ടന്റെ ഭാര്യയ്ക്കുള്ള കത്തുകള്‍ എഴുതുമ്പോള്‍ അന്തിക്കാട്ടെ എന്റെ വീട്ടിലേക്ക് മനസ്സു പോകും. അക്കാലത്ത് അച്ഛന്‍ തുടര്‍ച്ചയായി എനിക്ക് കത്തുകള്‍ എഴുതിയിരുന്നു. കാമുകിയായ നിമ്മിക്ക് ഓരോ രാത്രിയിലും ഞാന്‍ കത്തുകള്‍ എഴുതുമായിരുന്നു. കത്തിലൂടെ മാത്രം ഹൃദയസംവേദനം സാധ്യമായിരുന്ന ഒരു കാലം. കത്തെഴുതുമ്പോള്‍ നാം ആരെയാണോ ഓര്‍ക്കുന്നത് ആ മുഖമല്ലാതെ മറ്റൊന്നുമില്ല മനസ്സില്‍. ഓര്‍ക്കാനുള്ള ഒരു സന്നദ്ധതയാണ് ഓരോ കത്തും.


എഴുതുമ്പോള്‍ ഹൃദയരക്തംതന്നെയാണ് മഷിയായി പേനത്തുമ്പില്‍ നിറയുന്നത്. നാട്ടിലെ എല്ലാ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും അച്ഛന്‍ എഴുതുമായിരുന്നു. കോഴി വിരിഞ്ഞത്, അവയുടെ നിറം, പശു പ്രസവിച്ചത്, മഴ പെയ്തത് തുടങ്ങി ചെറുതും വലുതുമായ ഓരോ സംഭവങ്ങളും അച്ഛന്‍ എഴുതും. ഭരതേട്ടന്റെ കത്തുകളും അതുപോലെയായിരുന്നു. ഷൂട്ടിങ് സ്ഥലത്തെ ചെറിയചെറിയ വിശേഷങ്ങള്‍പോലും കുഞ്ഞുവരികളില്‍ അദ്ദേഹം പറയും. പിന്നെ ഒഴിവാക്കാനാവാത്ത പതിവ് ആരോഗ്യപ്രശ്‌നങ്ങളും. നടുവേദന, നടക്കുമ്പോള്‍ കാലിനൊരു പിടിത്തം, എന്തോ ഒരു അസ്‌ക്യത-

അങ്ങനെ. മക്കളുടെ വിശേഷങ്ങള്‍ എണ്ണിയെണ്ണി ചോദിക്കും. ആ കത്തുകള്‍ സമാഹരിച്ചാല്‍ ഒരു കാലഘട്ടത്തിലെ മദിരാശിയുടെ
ചിത്രം മലയാളിക്ക് കിട്ടും. മദിരാശിയിലെ വെയിലും തമിഴരുടെ ഭക്ഷണവും ഭാഷണവും എല്ലാം ആ കത്തുകളില്‍ എഴുതിയിരുന്നു. വിചാരിച്ച സമയങ്ങളില്‍ വീട്ടിലെത്താന്‍ കഴിയാത്ത ഒരു പാവം മനുഷ്യന്റെ ഹൃദയമിടിപ്പുകളായിരുന്നു ഭരതേട്ടന്റെ കത്തുകള്‍. മദ്രാസ് അന്ന് ദൂരമായൊരു സ്ഥലമായിരുന്നു. ഓരോ കത്തും എഴുതി ചുവടെ സ്വന്തം പാലിച്ചേട്ടന്‍ എന്നു കയ്യൊപ്പിട്ട് ഭരതേട്ടന്‍ മുറിയുടെ ജനാലയ്ക്കരികില്‍ ചെന്ന് ഒരു നില്‍പ്പുണ്ട്. വളരെ വൈകാരികമായ ഒരു നില്പായിരുന്നു അത്. അപ്പോഴേക്കും കത്തിനുമുന്നേത്തന്നെ ആ മനസ്സ് ഭാര്യയുടെ അരികില്‍ എത്തിച്ചേര്‍ന്നിരിക്കും...

മാതൃഭൂമിയുടെ കലാസപര്യ അവാര്‍ഡ് ഭരതേട്ടനാണ് എന്നു പറഞ്ഞു രണ്ടു വര്‍ഷം മുന്‍പ് ശ്രേയാംസ് കുമാര്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'നല്ല കാര്യം. ഓര്‍ത്തുവല്ലോ അദ്ദേഹത്തെ. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നടന്‍മാരില്‍ യാതൊരു കളങ്കവുമില്ലാത്ത ഒരാളാണ്
ഭരതേട്ടന്‍.'

പ്രേംനസീറില്‍നിന്നാണ് പഴയ നടന്‍മാരുടെ പൈതൃകം വരുന്നത്. പറവൂര്‍ ഭരതന്റെയും റോള്‍ മോഡല്‍ പ്രേംനസീറായിരുന്നു. പ്രേംനസീറും പറവൂര്‍ ഭരതനും അഗാധമായ ഒരു സൗഹൃദം സൂക്ഷിച്ചിരുന്നു. കാലുഷ്യമില്ലാത്ത സൗഹൃദമായിരുന്നു അത്. പ്രേംനസീറിനേക്കാള്‍ സീനിയറാണ് ഭരതേട്ടന്‍. നസീറിന്റെ ആദ്യസിനിമയായ മരുമകള്‍ ഭരതേട്ടന്റെ മൂന്നാംപടമാണ്. ഏറ്റവും ജൂനിയറായ ആര്‍ട്ടിസ്റ്റിനോടുപോലും വളരെ ആദരവോടെയാണ് അദ്ദേഹം പെരുമാറിയത്. യാതൊരു അഹന്തയും ആ സ്വഭാവത്തിലില്ലായിരുന്നു. തന്നേക്കാള്‍ പ്രായമുള്ള ഒരാള്‍ സെറ്റിലേക്കു വന്നാല്‍ ആദരവോടെ സ്വന്തം കസേരയില്‍നിന്ന് എണീറ്റ്, വന്നയാള്‍ക്ക് ഇരിപ്പിടം നല്കുമായിരുന്നു. മറ്റൊരാളെ ബഹുമാനിക്കുക എന്നത് ഇന്ന് ഏതാണ്ടൊക്കെ സിനിമാരംഗത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ്. അന്യന്റെ വാക്കുകള്‍ സംഗീതംപോലെ കേള്‍ക്കുന്ന കാലം മാത്രമല്ല, സഹിഷ്ണുതയുടേതായ എല്ലാ നന്മകളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. നാമിപ്പോള്‍ ഹൃദയവേദനകളുടെ ശ്രോതാക്കള്‍പോലുമല്ല. അന്യരെ കഴിയുന്നത്ര അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ രീതി. എവിടേയും അസഹിഷ്ണുതയുടെ കാല്‍പ്പെരുമാറ്റങ്ങള്‍.

പ്രേംനസീറിനെക്കുറിച്ചാണ് ഭരതേട്ടന്‍ ഏറ്റവും ആദരവോടെ സംസാരിച്ചത്. നസീറിന്റെ അടിയുറച്ച അനുയായിയാണ് ഇദ്ദേഹം. പ്രേംനസീറിന്റെ നിഴലിന്റെ ഒരു കിലോമീറ്റര്‍ അടുത്തുപോലും പില്‍ക്കാലത്തെ നടന്മാര്‍ സ്വഭാവംകൊണ്ട് എത്തിച്ചേര്‍ന്നിട്ടില്ല. അന്യരോടുപോലും അപരിചിതരെപ്പോലെ പെരുമാറാന്‍ പ്രേംനസീറിന് അറിയില്ലായിരുന്നു. എല്ലാവരേയും കൈയയഞ്ഞ് സഹായിച്ചിരുന്നു. നസീര്‍സാറിന്റെ കൃത്യനിഷ്ഠയെപ്പറ്റി, പരാതിയില്ലായ്മകളെപ്പറ്റി, ഉദാരമായ

സ്‌നേഹത്തെപ്പറ്റി - എല്ലാ കാലത്തും ഇത്തരം ഓര്‍മകളിലായിരുന്നു ഭരതേട്ടന്‍. ഒരിക്കല്‍ ഭരതേട്ടനും നസീറും ഒന്നിച്ചിരിക്കുമ്പോള്‍ കൊണ്ടുവന്ന ചായയില്‍ മധുരം വളരെ കൂടുതലായിരുന്നു. പഴയ സെറ്റില്‍ അങ്ങനെയാണ്. ചിലപ്പോള്‍ ചായ കൊണ്ടുവരുമ്പോള്‍ ആറിത്തണുത്തിരിക്കും. അല്ലെങ്കില്‍ മധുരം കുറഞ്ഞോ കൂടിയോ ഇരിക്കും. മധുരം കൂടിയ ചായ യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ കുടിക്കുന്ന നസീറിനെ ഭരതേട്ടന്‍ ആദരവോടെ നോക്കിനിന്നു. ഒരു

ബുദ്ധന്റെ ഭാവമായിരുന്നു പല സന്ദര്‍ഭങ്ങളിലും നസീറിന്. ചെറിയ ആള്‍ക്കാരോടുപോലും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി.
ഇതേ പൈതൃകത്തിന്റെ തുടര്‍ച്ചയാണ് പറവൂര്‍ ഭരതനും.

ശങ്കരാടിയും പറവൂര്‍ ഭരതേട്ടനും അടുത്ത സുഹൃത്തുക്കളാണ്. ഒരേ ദേശക്കാരും. അതു മാത്രമായിരുന്നില്ല അവര്‍. രണ്ടുപേരും
ഉറച്ച കമ്യൂണിസ്റ്റുകളുമായിരുന്നു. നല്ല കട്ടന്‍ചായയും ബീഡിയും കിട്ടുന്നതുകൊണ്ടാണ് ശങ്കരാടി കമ്യൂണിസ്റ്റ് പാര്‍ട്ടി ആപ്പീസില്‍ ചെന്നിരിക്കുന്നത് എന്ന് ഭരതേട്ടന്‍ പറയുമായിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ ശങ്കരാടിയോടു ചോദിച്ചപ്പോള്‍ അദ്ദേഹം വികാരഭരിതനായി പറഞ്ഞു:
'ബീഡിയും കട്ടന്‍ചായയും എന്റെ രാഷ്ട്രീയവിശ്വാസമാണ്. ജീവിതം തിളപ്പിച്ചാറ്റിയതാണ് കട്ടന്‍ചായ. എന്ന് സഖാക്കള്‍ ബീഡിയും കട്ടന്‍ചായയും ഉപേക്ഷിക്കുന്നുവോ അന്ന് അവര്‍ ജീവിതത്തെ കയ്യൊഴിഞ്ഞ് തുടങ്ങും. ധാരാളിത്തത്തില്‍ അഭിരമിക്കുന്ന ആ സഖാക്കളെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു, സത്യാ. ചുകപ്പില്‍ മാത്രമായിരിക്കും അപ്പോള്‍ കമ്യൂണിസം.'

ശങ്കരാടി ഇത്രയും പറഞ്ഞ് ഒരു പുക വിട്ടു. കറുത്ത ഫ്രെയിമുള്ള കണ്ണടയിലൂടെയുള്ള രൂക്ഷമായ ആ നോട്ടം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

ഭരതേട്ടന്‍ സെറ്റില്‍ വന്നാല്‍ ഒരു കുട്ടിയുടെ പ്രകൃതത്തോടെയാണ് പെരുമാറ്റം. ശങ്കരാടി, അടൂര്‍ഭാസി, ബഹദൂര്‍ എന്നിവര്‍ വള രെയധികം സ്വാതന്ത്ര്യത്തോടെ ഭരതേട്ടനോട് പെരുമാറിയിരുന്നു. ഭരതേട്ടനെക്കുറിച്ച് അവര്‍ ഒരുപാട് കഥകള്‍ പ്രചരിപ്പിച്ചിരുന്നു:
അങ്ങനെയൊരു കഥ.

ഭരതേട്ടന്‍ ഭയങ്കര വൃത്തിയുള്ള ഒരാളാണ്. കണ്ടാല്‍ത്തന്നെ അത് അറിയാം. ഒരിക്കല്‍പ്പോലും ഒരു അലസവേഷത്തില്‍ ഭരതേട്ടനെ
കാണില്ല. അഴുക്കില്ലാത്ത മുണ്ടും ഷേട്ടും, ഷേവ് ചെയ്ത് മിനുക്കിയ മുഖവും. അങ്ങനെ വൃത്തിയിലും വെടിപ്പിലും വെട്ടിത്തിളങ്ങുന്ന ഒരു മനുഷ്യന്‍.

പണ്ട്, മലയാളസിനിമയുടെ ആദിമകാലത്ത്, എല്ലാ സിനിമക്കാരും മദിരാശിയില്‍ സ്ഥിരം താമസിക്കുന്ന ലോഡ്ജാണ് സ്വാമീസ്. സ്വാമീസില്‍ ഭരതേട്ടന്‍ വരുമ്പോള്‍ പെട്ടിയില്‍ വസ്ത്രത്തോടൊപ്പം ഒരു കടലാസ്സില്‍ പൊതിഞ്ഞ് ഒരു ചകരിയുമുണ്ടാവും. മുറിയില്‍ കയറിയ ഉടന്‍തന്നെ, പെട്ടിസാമാനങ്ങള്‍ ഒരിടത്തുവെച്ച്, മുണ്ടു മാടിക്കുത്തി ഭരതേട്ടന്‍ മുറി കഴുകാന്‍ തുടങ്ങും. തറയും ചുമരുമെല്ലാം ചകരികൊണ്ട് തുടച്ച് വൃത്തിയാക്കും. ടോയിലറ്റ് ഡെറ്റോള്‍ ഒഴിച്ച്

കഴുകും. ഒരു മുറിയില്‍ ഏറ്റവും വൃത്തിയില്‍ ഇരിക്കേണ്ട സ്ഥലം ടോയിലറ്റാണ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു. മുറിയും ടോയിലറ്റും വൃത്തിയാക്കി, ഒന്നുരണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, അപ്പോള്‍ സ്വാമീസ് ലോഡ്ജിന്റെ ഉടമസ്ഥന്‍ സ്വാമിയുടെ വിളി:
'ഭരതന്‍ സാറെ, ഒന്നു മുറി മാറണം.'

'അയ്യോ, ഞാനീ മുറി ആകെ വൃത്തിയാക്കി വിശ്രമിച്ച് തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇനി മാറില്ല.' 'അങ്ങനെ പറയല്ലെ സാര്‍. മുറി ഷിഫ്റ്റ് ചെയ്യണം. നേരത്തെതന്നെ വേറൊരാള്‍ ആ മുറി ബുക്ക് ചെയ്തതാണ്.


' നിവൃത്തിയില്ലാതെ ഭരതേട്ടന്‍ മറ്റൊരു മുറിയിലേക്ക് തന്റെ പെട്ടിയും ചകരിയുമായി ഷിഫ്റ്റ് ചെയ്യും. ആ മുറിയും ആദ്യത്തേതുപോലെ കഴുകി ഒരു പള്ളിപോലെ വൃത്തിയാക്കി വെക്കും. ഒന്നു രണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, സ്വാമിയുടെ വിളി വീണ്ടും:

'സാര്‍, ആ മുറി ഒന്ന് ഷിഫ്റ്റു ചെയ്യണം. ഒരു നടി നേരത്തെ ബുക്ക് ചെയ്തതാണ്. ആ നടിക്ക് ആ മുറിതന്നെ വേണമത്രെ. നല്ല രാശിയുള്ള മുറിയാണത്.' നിരാശയോടെ ഭരതേട്ടന്‍ ആ മുറിയും വിട്ടിറങ്ങും. ഇങ്ങനെ ഒരു മാസത്തിനകം സ്വാമീസിലെ മിക്കവാറും മുറികള്‍ ഭരതേട്ടന്‍ കഴുകി വൃത്തിയാക്കിയിരിക്കും. ശങ്കരാടി പറഞ്ഞ കഥയാണിത്. തുടര്‍ന്ന് ശങ്കരാടി കൂട്ടിച്ചേര്‍ത്തു:

ആ മനുഷ്യന്‍ ഒരു പ്രത്യേകതരം കമ്യൂണിസ്റ്റാണ്. വൃത്തിയുള്ള കമ്യൂണിസ്റ്റ്! മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിങ്ങിനൊക്കെ പോയാല്‍ ഒരു മുറിയില്‍ ത്തന്നെ രണ്ടിലധികം പേര്‍ താമസിച്ചിരുന്നു. മമ്മൂട്ടി/മോഹന്‍ലാല്‍ കാലഘട്ടത്തിന്റെ തുടക്കത്തില്‍പ്പോലും അങ്ങനെയായിരുന്നു.
ഇന്നത്തത്രയും ധാരാളിത്തം അന്നുണ്ടായിരുന്നില്ല. ഒരു മുറിയില്‍ ആദ്യം എത്തിയ ആള്‍ ഉത്കണ്ഠപ്പെടുക സഹമുറിയനായി വരുന്ന ആളെക്കുറിച്ചായിരിക്കും.

നല്ല വൃത്തിയുള്ള മനുഷ്യനെത്തന്നെ എന്റെ മുറിയിലേക്ക് അയയ്ക്കണേ. ഭരതേട്ടന്‍ സ്വാമിയോട് പറയും. പുകവലിക്കുകയും മുറുക്കുകയും ചെയ്യുന്ന ആരെങ്കിലും തന്റെ മുറിയില്‍ വരുന്നത് ഭരതേട്ടന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. കമ്യൂണിസത്തിന്റെ അംശമുള്ള ആരെയെങ്കിലും മാത്രമേ ശങ്കരാടി ഒപ്പം കൂട്ടുകയുള്ളൂ. അയ്യപ്പാസിലായിരുന്നു ശങ്കരാടിയുടെ വാസം. സ്വാമീസ് ബൂര്‍ഷ്വാസികളുടെ ഇടത്താവളമാണെന്ന് ശങ്കരാടി ആത്മാര്‍ഥമായും വിശ്വസിച്ചിരുന്നു. പറവൂര്‍ ഭരതന്‍ എന്ന സമാധാനപ്രേമിയായ കമ്യൂണിസ്റ്റിന് എങ്ങനെയാണ് സ്വാമീസില്‍ ജീവിക്കാന്‍ കഴിയുന്നത്? ഒരിക്കല്‍
ശങ്കരാടി പറഞ്ഞു: 'സത്യാ ഭരതേട്ടന്റെ കാര്യത്തില്‍ ശ്രദ്ധാലുവാകണം. നാം അന്തിക്കാട്ടുകാരാണെന്ന് മറക്കരുത്!'ഭരതേട്ടനെക്കുറിച്ച് മറ്റൊരു കഥയുംകൂടി പ്രചാരത്തിലുണ്ട്.ഒരിക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു ഭരതേട്ടന്‍. അതേ കമ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുവാന്‍ പോകുന്ന കുറേ കുട്ടികളുമുണ്ടായിരുന്നു. അവര്‍ ഭരതേട്ടനെ പരിചയപ്പെട്ടു. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍പോകുന്ന കുട്ടികളാണെന്നറിഞ്ഞപ്പോള്‍ ഭരതേട്ടന്റെ മുഖത്തൊരാശ്വാസം: 'നിങ്ങളെ കണ്ടത് നന്നായി. ഇന്നു രാവിലെത്തൊട്ട് എനിക്കൊരു അസ്‌ക്യത!'

പതിവുപോലെ ഭരതേട്ടന്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.'ഞങ്ങള്‍ ഡോക്ടറൊന്നുമല്ല.'കുട്ടികള്‍ പറഞ്ഞു.
'എനിക്ക് വലിയ ഡോക്ടര്‍ തന്നെ വേണമെന്നില്ല. നിങ്ങളായാലും മതി.'

ആകെ അമ്പരന്ന കുട്ടികള്‍ ഭരതേട്ടന്റെ കാലുപിടിക്കും പോലെ അപേക്ഷിച്ചു: 'ഞങ്ങളെ വെറുതെ വിടൂ സാര്‍. ഞങ്ങള്‍ ഡോക്ടര്‍മാരല്ല!'
കുറുക്കന്റെ കല്യാണം മുതല്‍ എന്റെ മിക്കവാറും സിനിമകളില്‍ പറവൂര്‍ ഭരതനുണ്ട്. ഓരോ ഷോട്ട് അഭിനയിക്കുമ്പോഴും ഭരതേട്ടന്‍ വളരെ ശ്രദ്ധാലുവായി നില്ക്കും. ഒരുദിവസം ഞാന്‍ ഭരതേട്ടനോട് ചോദിച്ചു: 'എന്തിനാ ഭരതേട്ടാ ഇത്രയധികം ശ്രദ്ധാലുവാകുന്നത് ?'
അപ്പോള്‍ ഭരതേട്ടന്‍ പറഞ്ഞു:
'എനിക്കുള്ള അനുഭവങ്ങളൊക്കെ വേദനിപ്പിക്കുന്നതാണ്.'

പഴയ ഒരനുഭവം ഭരതേട്ടന്‍ ഓര്‍ത്തെടുത്തു:

മദിരാശിയില്‍ ഒരു സിനിമയുടെ ചിത്രീകരണം. ഒരു സെറ്റില്‍ ചായക്കടയുടെ രംഗം ചിത്രീകരിക്കുകയാണ്. ചായക്കടക്കാരി ഒരു നടിയാണ്. അടൂര്‍ ഭവാനിയോ പങ്കജവല്ലിയോ മറ്റോ. പറവൂര്‍ ഭര തന്‍ നാട്ടിലെ ഒരു ചട്ടമ്പിയാണ്. എന്തോ പറഞ്ഞ് ചായക്കടക്കാരിയോട് തട്ടിക്കയറുമ്പോള്‍, നടി സമോവറില്‍നിന്നും തിളച്ച വെള്ളമെടുത്ത് ചട്ടമ്പിയുടെ മുഖത്ത് ഒഴിക്കണം. അതാണ് ചിത്രീകരിക്കേണ്ട സീന്‍. റിഹേഴ്‌സല്‍ നടന്നു. റിഹേഴ്‌സലില്‍ വസ്ത്രം നനയണ്ടാ എന്നു കരുതി വെള്ളം ഒഴിച്ചിരുന്നില്ല. മേസല എടുക്കുകയാണ്. നടി സമോവറിലുണ്ടായിരുന്ന വെള്ളമെടുത്ത് ചട്ടമ്പിയുടെ മുഖത്തൊഴിച്ചു. ഭരതേട്ടന്‍ പിടഞ്ഞുപോയി. ശരിക്കും തിളച്ച വെള്ളമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയമത്രയും സമോവറും അതിലെ വെള്ളവും ചൂടായിക്കൊണ്ടിരുന്നു. നടന്‍മാരുടെ ഭാവം ശ്രദ്ധിച്ച സംവിധായകന്‍ സമോവറിന്റെ തിളയ്ക്കുന്ന യാഥാര്‍ഥ്യം വിട്ടുപോയി! പൊള്ളി കരുവാളിച്ച മുഖവുമായി, ഭരതേട്ടന്‍ സ്വാമീസില്‍ കിടന്നു. വിദൂരമായ തന്റെ ഗ്രാമത്തെ ഓര്‍ത്തുകൊണ്ടുള്ള ആ കിടപ്പില്‍ ഭരതേട്ടന് ആരോടും പക തോന്നിയിരുന്നില്ല. അദ്ദേഹം പ്രേംനസീറിന്റെ അനുയായി ആയിരുന്നല്ലോ. മറ്റൊരനുഭവത്തില്‍, ഒരു സംഘട്ടനരംഗത്ത് വില്ലനായി നില്‍ക്കുകയാണ് ഭരതേട്ടന്‍. ഫൈറ്ററായി മറ്റൊരാള്‍. ഭരതേട്ടന്‍ അയാളോട് പറഞ്ഞു: അടിക്കുന്ന രംഗം ടൈമിങ് കറക്ടായിരിക്കണം. ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ അടിച്ചാല്‍ മതി.

'അതെങ്ങനെ ശരിയാവും?' ഫൈറ്റര്‍ ചോദ്യഭാവത്തോടെ ഭരതേട്ടനെ നോക്കി. 'ലിപ്‌സിന്റെ അനക്കം കാണില്ലേ?'
'ഞാന്‍ ഉം എന്ന് അമര്‍ത്തി മൂളുമ്പോള്‍ എന്നെ അടിച്ചാല്‍ മതി. അപ്പോള്‍ ലിപ്പിന്റെ പ്രശ്‌നം വരുന്നില്ലല്ലോ. നിങ്ങള്‍ക്ക് സിഗ്നലായി. എനിക്ക് ഒഴിഞ്ഞുമാറുകയും ചെയ്യാം.' തമിഴ് ഫൈറ്റര്‍ അതൊക്കെ ഏറ്റു. പക്ഷേ, ആ രംഗം ചിത്രീകരിക്കുമ്പോഴുള്ള ബഹളത്തില്‍ ഭരതേട്ടന്റെ മൂളല്‍ മാത്രം അയാള്‍ കേട്ടില്ല. ടൈമിങ് വളരെ കറക്ടായിരുന്നു! കരുവാളിച്ച മുഖവുമായി ഭരതേട്ടന്‍ വീണ്ടും സ്വാമീസില്‍.

സിനിമാലോകത്തിന്റെ സൂത്രവിദ്യകള്‍ ഭരതേട്ടന് അറിയില്ലായിരുന്നു. അത്രമേല്‍ നിഷ്‌കളങ്കനായിരുന്നു അദ്ദേഹം. പത്തിരുപത് ദിവസം ഒരു അഡ്വാന്‍സ് പോലും വാങ്ങാതെ അദ്ദേഹം ഡേറ്റ് നല്കുമായിരുന്നു. ആ സിനിമ മുഴുമിപ്പിക്കാതെ മറ്റൊരു സിനിമയ്ക്ക് ഡേറ്റു നല്കില്ല. ഭരതേട്ടന്‍ ഏറ്റ സിനിമ ചിത്രീകരിക്കാതെ മാറ്റിവെച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ട്. പ്രൊഡക്ഷന്‍ മാനേജര്‍മാരെ വിശ്വസിച്ച് അങ്ങനെ എത്രയോ നല്ല അവസരങ്ങള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. അത് മലയാളസിനിമയുടെകൂടി നഷ്ടമായിരുന്നു.

കരകാണാക്കടല്‍ തുടങ്ങി ആദ്യകാലസിനിമകളിലൊക്കെ അദ്ദേഹം ചട്ടമ്പിയായിരുന്നു. മുട്ടിനുമേലെ മുണ്ടു മാടിക്കുത്തി, കപ്പടാ മീശ വിരിച്ച്, ട്രൗസറിന്റെ അറ്റം പുറത്ത് പ്രദര്‍ശിപ്പിച്ചു നടക്കുന്ന നാടന്‍ ചട്ടമ്പി. മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയുടെ ഭാഗമാണ് ആ ചട്ടമ്പിവേഷങ്ങള്‍. കൊട്ടേഷന്റെ ഈ കാലത്ത് ചിരിപ്പിക്കുന്ന പഴയ വില്ലന്‍മാരുടെ കാഴ്ചയും ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍തന്നെ.
മഴവില്‍ക്കാവടിയില്‍ മോഷ്ടിക്കാതെത്തന്നെ മോഷ്ടാവ് എന്നുവിളിച്ച ഇന്നസെന്റിനെ നോക്കി മീശയില്ലാ വാസു കരയുന്നു. അപ്പോള്‍ ഇന്നസെന്റ് പറയുന്നു:'കിടന്നു മോങ്ങല്ലാടെ. കണ്ണീരു വീണ് ആ മീശ വീണ്ടും വളരും.'

സജീവമായിരുന്ന കാലത്ത് ആളുകളെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരു സ്വഭാവം സിനിമാമേഖലയിലുണ്ട്. വലിയ സാന്നിധ്യങ്ങളായിരിക്കും അവര്‍. പക്ഷേ, അവര്‍ക്കുവേണ്ടി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഭരതേട്ടന്റെ സാന്നിധ്യം, ന്യൂ ജനറേഷന്‍ സംവിധായകര്‍ വേണ്ടത്ര ഉപയോഗിച്ചില്ല എന്ന പരാതി എനിക്കുണ്ട്.

പറവൂര്‍ ഭരതേട്ടാ, പഴയ മദിരാശിക്കാലത്തിന്റെ തീക്ഷ്ണവെയില്‍ നിറഞ്ഞ ഓര്‍മകള്‍ ഈ അന്തിക്കാട്ടുകാരന്റെ മനസ്സിലുണ്ട്. ഓര്‍ക്കുന്നു ഞങ്ങള്‍, ആ പഴയ ചട്ടമ്പിയെ...

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന പുസ്തകത്തില്‍ നിന്ന്



കടപ്പാട്  - മാതൃഭൂമി

പറവൂര് ഭരതൻ - ആദരാഞ്ജലികൾ




‘എന്നു സ്വന്തം പാലുചേട്ടന്‍’



മലയാളസിനിമയുടെ കാരണവരായിരുന്നു പറവൂര്‍ ഭരതന്‍. മലയാള സിനിമയ്ക്കൊപ്പം വളര്‍ന്ന ന‍ടന്‍. പ്രേം നസീറിന്‍റെ ആദ്യ സിനിമയായ മരുമകള്‍ ഭരതേട്ടന്‍റ മൂന്നാമത്തെ ചിത്രമാണ്. അപ്പോൾ തന്നെ മനസ്സിലാകുമല്ലോ അദ്ദേഹത്തിന്റെ പരിചയസമ്പത്ത്. എന്നിട്ടും നാട്യങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത നിഷ്കളങ്കനായ വ്യക്തിയായിരുന്നു പറവൂര്‍ ഭരതന്‍.

വില്ലനായി അഭിനയിക്കുമ്പോഴും ഹാസ്യതാരമായി അഭിനയിക്കുമ്പോഴും ഗ്രാമീണന്‍റെ മനസ്സ് അദ്ദേഹം സൂക്ഷിക്കുമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഒരാളെ പോലെ പെരുമാറുകയും അഭിനയിക്കുകയും ചെയ്യുന്ന മനുഷ്യന്‍. നസീര്‍ സംവിധാനം ചെയ്ത കൊളേജ് ഗേള്‍ എന്ന സിനിമയ്ക്കായി മദ്രാസില്‍ എത്തിയപ്പോഴാണ് പറവൂര്‍ ഭരതനെ ആദ്യമായി ഞാന്‍ കാണുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍.

അന്ന് പരിചയപ്പെട്ട രണ്ടു താരങ്ങളാണ് ശങ്കരാടിയും പറവൂര്‍ ഭരതനും. സിനിമ ഒരു സ്വപ്നമേഖലയല്ല എന്ന തോന്നല്‍ മാറ്റിയ രണ്ടു പേർ ഇവരാണ്. ഒരു കുടുംബാംഗത്തെപ്പോലെയാണ് ഇവർ എന്നോട് പെരുമാറിയത്. പിന്നീട് അസോസ്യേറ്റായി പ്രവര്‍ത്തിക്കുമ്പോഴും ആദ്യ സിനിമയായ കുറക്കന്‍റെ കല്യാണം ചെയ്യുമ്പോഴും ഭരതേട്ടന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എന്‍റെ സിനിമകളിൽ എല്ലാവരും എന്നും ഓര്‍ത്തിരിക്കുന്ന ഒന്നാണ് മഴവില്‍ കാവടി. ഹ്യൂമര്‍ ആണെന്ന് തോന്നിക്കാതെ ആയിരുന്നു മീശയില്ലാ വാസു എന്ന കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു പ്രതിഫലിപ്പിച്ചത്. കഥാപാത്രങ്ങളോട് യോജിക്കുന്ന രീതിയില്‍ ഏറ്റവും ആത്മാര്‍ഥതയോടെയാണ് ഭരതേട്ടന്‍ അഭിനയിക്കുക.

ചിത്രത്തില്‍ മാമൂക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ഭരതേട്ടന്‍റെ പോക്കറ്റടിക്കുന്ന രംഗമുണ്ട്. കാശ് മുക്കിയത് വാസുവാണെന്ന് സംശയിച്ച് ഇന്നസെന്‍റ് ചോദ്യം ചെയ്യുമ്പോള്‍ ഭരതേട്ടന്‍ കരയുന്നുണ്ട്. ആ കരച്ചിലിലും ഒരു ഭാവമുണ്ട്. അതൊന്നും ചെയ്യാൻ മറ്റൊരു നടനെക്കൊണ്ടും സാധിക്കില്ല.

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തതുകൊണ്ടോ, വലിയ സമ്പന്നനാകാന്‍ കഴിയാത്തതു കൊണ്ടോ അല്ല, അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനായില്ല എന്നതായിരുന്നു ഭരതേട്ടനെ അലട്ടിയിരുന്ന സങ്കടം. സംവിധായകന്‍ പറയുന്ന കരുത്തോടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കുമോ എന്ന ഒരു ഭയവും ഉള്ളിലുണ്ടായിരുന്നു. അവസാന നാളുകളില്‍ പഠിച്ച ഡയലോഗുകള്‍ മറക്കാന്‍ തുടങ്ങുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇതു കൊണ്ടൊക്കെയാകാം അദ്ദേഹം സിനിമാരംഗത്തു നിന്നും പിന്‍വാങ്ങിയത്.

കുടുംബത്തിനൊപ്പം ജീവിത്തിലെ നല്ല നിമിഷങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഭരതേട്ടന്‍. ഭാര്യയായ തങ്കമണിയുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പണ്ടൊക്കെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാകും ഒരു നടന്‍ വീട്ടില്‍ തിരിച്ചെത്തുക. അക്കാലങ്ങളില്‍ വീട്ടിലേക്ക് സ്ഥിരമായി അദ്ദേഹം കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍ കൈയ്യക്ഷരം മോശമായതുകൊണ്ട് കത്തുകള്‍ എഴുതുന്ന ജോലി എനിക്കായിരുന്നു.

കത്തെഴുതാന്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കും. വീട്ടിലെ വിശേഷങ്ങള്‍, നാട്ടു വിശേഷങ്ങള്‍, പശുവിന്‍റെ കാര്യം ഇതൊക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍ അവസാനം മാത്രം ഒപ്പിടാന്‍ കത്ത് എന്‍റെ കൈയ്യില്‍ നിന്നും വാങ്ങും. ‘ സ്വന്തം പാലു ചേട്ടന്‍’ എന്നായിരുന്നു കത്തിന്റെ അവസാനം അദ്ദേഹം എഴുതിയിരുന്നത്.

പണ്ട് ഒരു നാടകത്തില്‍ ഭരതേട്ടനും തങ്കമണിചേച്ചിയും പാലും ചക്കരയുമായി അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു ഈ പാലു ചേട്ടന്‍ എന്ന വാചകത്തിന് പിന്നില്‍. എന്നാല്‍ കൂടൂതല്‍ കാര്യങ്ങള്‍ പറയാന്‍ നാണമായിരുന്നു. കിട്ടുന്നത് കൊണ്ട് സന്തോഷമായി ജീവിച്ച് ഇന്നുവരെ ആരെയും കുറ്റം പറയാതെ ജീവിതത്തില്‍ നിന്നും വിടപറഞ്ഞ മഹാനായ കലാകാരനാണ് അദ്ദേഹം.

കടപ്പാട് - മനോരമ



മഴവിൽക്കാവടിയിൽ നിന്ന്



Thursday, August 6, 2015

പ്രണയത്തിന്റെ മറുതീരം - ചിത്രഭൂമി ലേഖനം - about ലൗവ് 24x7 മൂവി and ശ്രീബാല K മേനോണ്‍

പ്രണയത്തിന്റെ മറുതീരം

ശ്രീബാല വിളിച്ചു.
''സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. പരസ്യംഅധികമില്ലാത്തതുകൊണ്ട് പറഞ്ഞും കേട്ടും ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും തിയേറ്ററുകളിൽ നിന്ന് പടം മാറ്റിക്കളയുമോ എന്നാണ് പേടി.''
ശ്രീബാല എന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ശ്രീബാല കെ. മേനോൻ. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ എം.എ.യ്ക്ക് പഠിക്കുന്ന കാലത്ത് ശ്രീബാല എഴുതിയ അനുഭവക്കുറിപ്പുകൾ തുടർച്ചയായി 'ഗൃഹലക്ഷ്മി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് '19, കനാൽ റോഡ്' എന്ന പേരിൽ പുസ്തകമായപ്പോൾ അതിന് കേരള സാഹിത്യഅക്കാദമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലുമൊക്കെയായി എഴുതിയ ചെറുകഥകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശ്രീബാലയുടെ ആദ്യത്തെ സിനിമയാണ് 'ലൗവ് 24x7.'
ആദ്യചിത്രം തിയേറ്ററിലെത്തുന്ന സമയത്ത് അത് സംവിധാനം ചെയ്ത വ്യക്തിയുടെ നെഞ്ചിടിപ്പ് എനിക്കൂഹിക്കാം. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. പരസ്യത്തിനായി ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുന്നത് സിനിമാ സംഘടനകൾ നിരോധിച്ച സമയത്താണ് ഇക്കഴിഞ്ഞ റംസാൻ കാലത്തെ മലയാള സിനിമകൾ റിലീസായത്. അതുകൊണ്ടുതന്നെ ഇപ്പോഴും ബാഹുബലിയുടെ ബോർഡുകളേ കാണാനുള്ളൂ. സങ്കടകരമായ വസ്തുത, രണ്ടുദിവസം മുൻപ് സംഘടനകൾ ആ തീരുമാനം എടുത്തുമാറ്റി എന്നതാണ്. എന്നുവെച്ചാൽ ഇനി പുറത്തിറങ്ങുന്ന സിനിമകൾക്ക് കൂറ്റൻ ഫ്‌ളക്‌സുകൾ ഉപയോഗിക്കാം.
ഇപ്പോൾ ഇറങ്ങിയ പാവം മൂന്നുനാലു മലയാള ചിത്രങ്ങൾക്കു മാത്രമേ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവന്നുള്ളൂ. ഞാൻ ശ്രീബാലയോടു പറഞ്ഞു-
''സാരമില്ല. വിജയത്തിലേക്കുള്ള വഴിയിൽ ഇങ്ങനെ ചില കല്ലും മുള്ളുമൊക്കെയുണ്ടാകും. പിന്നീട് വലിയ വിജയങ്ങൾ കൈവരുമ്പോൾ അഹങ്കരിക്കാതിരിക്കാൻ ഈ ധർമസങ്കടങ്ങൾ നല്ലതാണ് ''.
ഒരു സിനിമ രൂപപ്പെടുത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് തിയേറ്ററിലെത്തിച്ച് വിജയിപ്പിക്കുക എന്നത്. കടമ്പകളേറെയുണ്ട്. പണ്ട് 'കഥ തുടരുന്നു' റീലീസ് ചെയ്യുന്ന സമയത്ത് പെട്ടെന്നൊരു തിയേറ്റർ സമരം. തങ്കച്ചൻ എന്ന പുതിയ നിർമാതാവ് അമേരിക്കയിൽ കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം മുടക്കി എടുത്ത ചിത്രമാണ്. സമരങ്ങൾ പ്രഖ്യാപിക്കുന്നവർക്കും പിന്നീട് പ്രത്യേകിച്ചൊന്നും നേടാതെ പിൻവലിക്കുന്നവർക്കും അതൊരു പ്രശ്‌നമേയല്ല. അന്നത്തെ മന്ത്രി എളമരം കരീം ഇടപെട്ടതുകൊണ്ടാണ് ഒരാഴ്ച വൈകിയെങ്കിലും സിനിമ പുറത്തിറക്കാൻ പറ്റിയത്. ഇറങ്ങിക്കഴിഞ്ഞാലോ?
കണ്ണിലെണ്ണയൊഴിച്ചിരുന്നാലും വ്യാജന്മാർ പ്രത്യക്ഷപ്പെടും. പണ്ട് കാസറ്റുകടകൾ നിരീക്ഷിച്ചാൽ മതിയായിരുന്നു. ഇന്നിപ്പോൾ വിരൽത്തുമ്പിലാണ് വ്യാജന്റെ വാസം. സിനിമയുടെ വ്യാജപതിപ്പ് എന്നത് ഒരു കളവുമുതലാണെന്ന് ആരും ഓർക്കാറില്ല. പലരും രഹസ്യമായി അഭിമാനത്തോടെ പറയും-
''പ്രേമത്തിന്റെ വ്യാജപതിപ്പ് എന്റെ കൈയിൽ കിട്ടിയിട്ടുണ്ട് കേട്ടോ.''
എന്നുവെച്ചാൽ നിർമാതാവ് അൻവർ റഷീദിന്റെ പോക്കറ്റിൽ നിന്ന് കട്ടെടുത്ത കാശിന്റെ ഒരു പങ്ക് എന്റെ കൈയിലുമുണ്ട് എന്ന് പറയുന്നതിന് തുല്യം. ആരെങ്കിലും നമുക്കത് കോപ്പി ചെയ്ത് തരാമെന്നു പറഞ്ഞാൽ അഭിമാനമുള്ളവർ പറയേണ്ടത്, ''ഞാൻ തിയേറ്ററിൽ പോയി കാശുകൊടുത്തു കണ്ടോളാം. അന്യന്റെ മുതൽ എനിക്കുവേണ്ട'' എന്നാണ്.
ടി.വിയിലും സോഷ്യൽ മീഡിയയിലും വരുന്ന നിരൂപണക്കസർത്ത് വേറെ. ഏതോ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണ് അത്തരം നിരൂപണങ്ങളെന്നും മറ്റൊരു വ്യക്തിയുടെ അഭിപ്രായം മറിച്ചാകാമെന്നും നമ്മൾ ചിന്തിക്കാറില്ല. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് ദിലീപ് എന്ന ജനപ്രിയ നടനെ കൈയിൽ കിട്ടിയിട്ടും ആ താരമൂല്യം ഉപയോഗിച്ചുള്ള കച്ചവടത്തിനു മുതിരാതെ വേറിട്ടൊരു വിഷയം ശ്രീബാല തിരഞ്ഞെടുത്തത്. ദിലീപും അതിനു സഹായിച്ചു എന്നു പറയാം. ആവർത്തിക്കപ്പെടുന്ന സ്ഥിരം ഇമേജിൽനിന്ന് മാറി സഞ്ചരിക്കണമെന്ന് അദ്ദേഹത്തിനും തോന്നിക്കാണും. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിലും ദിലീപിന്റെ വ്യത്യസ്ത മുഖമായിരുന്നു കണ്ടത്.
'ലൗ 24x7' കുടുംബത്തോടൊപ്പമാണ് ഞാൻ കണ്ടത്. അദ്ഭുതങ്ങളൊന്നുമില്ല. പക്ഷേ, മലയാളി മറന്നുതുടങ്ങിയ ശുദ്ധസിനിമയുടെ സംസ്‌കാരം തിരികെ കൊണ്ടുവരാൻ ഒരു ശ്രമം സംവിധായിക നടത്തിയിരിക്കുന്നു. പ്രത്യേകിച്ചും പ്രണയത്തിന്റെ രണ്ടുതരം ഭാവങ്ങൾ. രണ്ടു പ്രായത്തിൽനിന്നു നോക്കിക്കാണുമ്പോൾ പ്രണയം എന്ന വികാരത്തിനുണ്ടാകുന്ന വ്യത്യസ്തതകൾ.
ഏതാനും ദിവസങ്ങൾക്കുമുൻപ് ഒരു പത്രവാർത്ത കണ്ടിരുന്നു. വായനക്കാരിൽ പലരും അത് ശ്രദ്ധിച്ചിരിക്കും. വർഷങ്ങൾക്കു മുൻപ് നിയമപരമായി വേർപിരിഞ്ഞുപോയ ദമ്പതികൾ ജീവിതസായാഹ്നത്തിൽ വീണ്ടും താലികെട്ടി ഒന്നായതാണ് വാർത്ത.
'അർത്ഥം' എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് വേണുനാഗവള്ളി ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ''എന്റെ സുഹൃത്താണ് ബാലു. ബാലുവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു.''
മനസ്സിലാകാതെ നിന്ന എന്നോട് ചിരിച്ചുകൊണ്ട് വേണു ആ കഥ വിശദീകരിച്ചു.
നാഗർകോവിലിനടുത്താണ് ബാലുവിന്റെ അമ്മയുടെ വീട്. ബാലു ബാലനായിരുന്ന കാലത്ത് അച്ഛനും അമ്മയും തമ്മിൽ നിസ്സാര കാരണങ്ങൾക്ക് എന്നും പിണങ്ങും. പതുക്കെപ്പതുക്കെ അത് വഴക്കായി. അച്ഛൻ അച്ഛന്റെ വീട്ടിലും അമ്മ അമ്മയുടെ വീട്ടിലുമായി താമസം. ബാലു പലപ്പോഴും ഒരു തർക്കവസ്തുവായിരുന്നു. അവസാനം കോടതി വിധിവന്നപ്പോൾ കുട്ടിയായ ബാലു അമ്മയുടെ സംരക്ഷണത്തിലായി.
കോളേജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇടയ്ക്ക് അച്ഛനെ കാണും. വലിയ വികാരനിർഭരമായ രംഗങ്ങളൊന്നുമില്ല. ഇടയ്ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കും. അച്ഛൻ അച്ഛന്റെ ജോലികളെപ്പറ്റിയും മകൻ മകന്റെ പഠിപ്പിനെപ്പറ്റിയും സംസാരിക്കും; പിരിയും.
ഇടയ്‌ക്കൊരു ദിവസം കൂട്ടുകാർ ആരോ പറഞ്ഞ് ബാലു അറിഞ്ഞു-
ശുചീന്ദ്രം ക്ഷേത്രത്തിൽവെച്ച് അച്ഛനും അമ്മയും തമ്മിൽ കാണാറുണ്ടെന്ന്. കാര്യമാക്കിയില്ല. ഏതാനും ആഴ്ചകൾക്കുശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിന് തിരുവനന്തപുരത്തുവന്ന അമ്മ അച്ഛനോടൊപ്പം പത്മനാഭ തിയേറ്ററിൽ പോയി സിനിമകണ്ടു.
ഒരു പ്രേമം വീണ്ടും ജനിക്കുകയായിരുന്നു. ഞാൻ ബാലുവിനെ പരിചയപ്പെടുന്നതിനും ഒരാഴ്ച മുൻപ് അവർ വീണ്ടും വിവാഹിതരായി. ബാക്കി വരുന്ന ചോദ്യം ഇതാണ്- ഇതിനിടയിൽ നഷ്ടപ്പെട്ടുപോയ നല്ല വർഷങ്ങൾ-ജീവിതത്തിന്റെ വസന്തകാലം-തിരിച്ചുപിടിക്കുന്നതെങ്ങനെയാണ്?
ഉത്തരമില്ല.
എങ്കിലും ആ കൂടിച്ചേരലിനൊരു മധുരമുണ്ട്. അകന്നിരുന്നപ്പോൾ പരസ്പരമുള്ള സ്‌നേഹത്തിന്റെ ആഴം അവർ തിരിച്ചറിഞ്ഞിരിക്കാം.
ശ്രീബാലയുടെ സിനിമ കണ്ടപ്പോൾ എനിക്ക് വേണുനാഗവള്ളിയെയും ബാലുവിനെയും ബാലുവിന്റെ അച്ഛനമ്മമാരെയും ഓർമവന്നു. സുഹാസിനിയും മാധ്യമപ്രവർത്തകനായ ശശികുമാറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ഈ അനുഭവത്തോട് സാമ്യമുണ്ട്. ഇവർ പക്ഷേ, വിവാഹിതരായിരുന്നില്ല. വർഷങ്ങൾക്കുശേഷം വ്യത്യസ്ത സാഹചര്യത്തിൽ കണ്ടുമുട്ടാൻ വിധിക്കപ്പെട്ട പ്രണയികളായിരുന്നു. ജീവിതത്തിലെ ഒരു വസന്തകാലം നഷ്ടപ്പെടുത്തിയവർ.
തീവ്രമായ പ്രണയം ചിലപ്പോൾ ചില ചെറിയ കലഹങ്ങൾക്ക് വഴിവെച്ചേക്കാം. ചിലർ കുറച്ചുനാൾ മിണ്ടാതെ നടക്കും. കൺവെട്ടത്തുനിന്നു മാറിപ്പോകും. മറ്റുള്ളവരോടു കുറ്റം പറയും. സ്‌നേഹിച്ചവർ ചെയ്ത ചെറിയ തെറ്റുകൾ മനസ്സിലിട്ട് ഓർത്തോർത്ത് പെരുകും. ആരെങ്കിലുമൊരാൾ ക്ഷമയോടെ 'വരൂ' എന്നൊന്നു ക്ഷണിച്ചാൽ മതി. അല്പം കണ്ണീരിൽ മാഞ്ഞുപോകാവുന്ന പ്രശ്‌നങ്ങളേ ഉണ്ടാകൂ. പതിന്മടങ്ങ് സ്‌നേഹത്തോടെ വീണ്ടും ഒരുമിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. നിർഭാഗ്യവശാൽ പലപ്പോഴും അതു സംഭവിക്കാറില്ല. തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അനാവശ്യമായ ഈഗോയും വെച്ച് അകന്നകന്ന് പോകും. സങ്കടകരമായ ഒരവസ്ഥയാണത്. ആ അവസ്ഥയാണ് ശ്രീബാല വിഷയമാക്കിയത്.
ഒരു വാർത്താചാനലിന്റെ പശ്ചാത്തലത്തിലാണ് 'ലൗ 24x7' ഒരുക്കിയിരിക്കുന്നത്. നമുക്ക് അധികം പരിചയമില്ലാത്ത മേഖലയാണ് ടി.വി. ചാനലിന്റെ പിന്നാമ്പുറം. മുഖത്ത് ചായം തേച്ച് ടി.വി. ക്യാമറയ്ക്ക് മുന്നിലിരുന്നുകൊണ്ട് പ്രസന്നമായ പരിപാടികൾ അവതരിപ്പിക്കുന്നവരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. അതിനു പിന്നിൽ അവരുടെ നീറുന്ന ജീവിതമുണ്ട്. പ്രണയവും പകയും പാരവെക്കലുമുണ്ട്. അഴിമതിക്കഥകളെ പരസ്യചർച്ചയ്ക്കു വിധേയമാക്കുന്നവരുടെ അകത്തളങ്ങളിലെ അഴിമതി ഒരിക്കലും വെളിച്ചത്തുവരാറില്ല. അതെല്ലാം യാഥാർഥ്യബോധത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാനൽമേധവിയായിവരുന്ന ശ്രീനിവാസന്റെ ഓരോ വാക്കും അർഥപൂർണമാണ്.
പുതിയ വാർത്താവായനക്കാരിയായി ചുമതലയേൽക്കുന്ന കബനി എന്ന സുന്ദരിക്കുട്ടിയുടെ ജീവിതത്തിലേക്ക് സീനിയർ ജേണലിസ്റ്റായ രൂപേഷ് നമ്പ്യാർ കടന്നുവരുന്നതോടെ പ്രണയത്തിന്റെ ചക്രം ഉരുളാൻ തുടങ്ങുന്നു. സുഹാസിനിയും ശശികുമാറും കടന്നുപോയ വഴികളിലൂടെയാണ് അതിന്റെ യാത്ര. അതുതന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.
പോരായ്മകളില്ലാത്ത സിനിമയൊന്നുമല്ല 'ലൗവ് 24x7.' പടം കണ്ട സംവിധായകൻ രഞ്ജിത്ത് എന്നെ വിളിച്ചുപറഞ്ഞു-
''ദിലീപ് അടക്കമുള്ള അഭിനേതാക്കളെ അതിമനോഹരമായി അഭിനയിപ്പിച്ചിട്ടുണ്ട്. തിരക്കഥയിലാണ് എനിക്ക് അഭിപ്രായവ്യത്യാസം.''
ശരിയാണ്.
ആദ്യ സിനിമയല്ലേ? നമ്മൾ കാണുന്നതിനേക്കാൾ കൂടുതൽ തെറ്റുകൾ ശ്രീബാല സ്വയം കണ്ടെത്തിയിട്ടുണ്ടാകും. നിത്യജീവിതത്തിൽ നമുക്കറിയാവുന്ന-എന്നാൽ ശ്രദ്ധിക്കാതെ പോകുന്ന ചില കാഴ്ചകളിലേക്ക് ക്യാമറ തിരിച്ചുവെച്ചതിനാണ് ശ്രീബാലയെ ഞാൻ അഭിനന്ദിക്കുന്നത്. പരിമിതികൾക്കുള്ളിലും ഒരു നല്ല സിനിമ ചെയ്യാൻ ആഗ്രഹിച്ചതിന്!

അന്തിപ്പൊന്‍വെട്ടം | ചിത്രഭൂമി (25 ജൂലൈ മാതൃഭൂമി)

Thursday, July 23, 2015

Sreebala K Menon and Nikhila Vimal talks about Love 24x7 - Manorama Sakalakala Interview


ശ്രീബാല കെ. മേനോന്‍ മനോരമ അഭിമുഖം


 ശ്രീബാല കെ. മേനോന്‍ മനോരമ അഭിമുഖം

സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരുന്ന ശ്രീബാല കെ. മേനോന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായിട്ടാണ് ചലച്ചിത്രലോകത്ത് അരങ്ങേറിയത്. സംവിധാനത്തിന് പുറമെ എഴുത്തിലും ശ്രീബാല ശ്രദ്ധേയയാണ്. ശ്രീബാല സംവിധാനം ചെയ്ത ഡോക്കുമെന്ററി ’അക്കാമ്മ ചെറിയാന്‍’, ’പന്തിഭോജനം, ’ജോണി ഫ്രം ഡാര്‍ക്നസ് ടു ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. 19 കനാല്‍ റോഡ്, സില്‍വിയ പ്ളാത്തിന്റെ മാസ്റ്റര്‍ പീസ് എന്നീ പുസ്തകങ്ങളും ശ്രീബാല കെ. മേനോന്റേതാണ്.

ദിലീപിനെ നായകനാക്കി ഒരുക്കിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ സ്വതന്ത്ര സംവിധായികയായി എത്തിയിരിക്കുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ശ്രീബാല





സിനിമയിൽ നിന്നുള്ള പ്രതികരണം
വളരെ പോസിറ്റീവ് ആയ പ്രതികരണം ആണ്. സ്ത്രീകൾ പുരുഷന്മാർ തുടങ്ങി സമൂഹത്തിൽ ഉള്ള എല്ലാവരേയും പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. കുറച്ചു കഥാപാത്രങ്ങളെ ഉള്ളൂവെങ്കിലും അവർക്കെല്ലാം അവരുടേതായ വ്യക്തിത്വവും നൽകിയിട്ടുണ്ട്.


∙ സ്ത്രീ കഥാപാത്രങ്ങൾ:

ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് കൃത്യമായ നിലപാടുകൾ ഉണ്ട്. സ്ത്രീ കഥാപാത്രങ്ങൾ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉള്ളവരാണ്. സ്ത്രീയായ ഞാൻ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ: ‘ഈ സിനിമയിലെ ഏറ്റവും ശക്തം എന്നു ഞാൻ വിശ്വസിക്കുന്ന കഥാപാത്രം ശ്രീനിവാസന്റെ ഉമ്മർ അബ്ദുള്ള എന്ന എഡിറ്റർ ആണ്. ആ കഥാപാത്രത്തെ എഴുതിയതും സ്ത്രീയായ ഞാൻ തന്നെയാണ്.

∙ രണ്ടു ധാരകൾ ഒന്നിച്ചപ്പോൾ ബുദ്ധിമുട്ടിയോ?


ഒരു ന്യൂസ് ചാനലിൽ ട്രെയ്നി ആയി വരുന്ന കുട്ടിയും മുതിർന്ന പത്രപ്രവർത്തകനും തമ്മിലുള്ള പ്രണയം ഒരു വശത്ത്. സുഹാസിനിയും ശശികുമാറും തമ്മിലുള്ള പ്രണയം മറുവശത്ത്. ഇതൊന്നും ആലോചിച്ചു ഉറപ്പിച്ചു എഴുതിയതല്ല. എഴുതി വന്നപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു പോയി. മൊത്തത്തിൽ പറയുന്ന കാര്യം ന്യായീകരിക്കപ്പെടണമെന്നേ വിചാരിച്ചുള്ളൂ.





∙ ചെറുകഥയെ ആസ്പദമാക്കി എഴുതിയ സിനിമ?

എവിടെയും ഈ സിനിമയുടെ പ്രമേയം ചെറുകഥയായി പബ്ലിഷ് ചെയ്തിട്ടില്ല. എന്റെ മനസിൽ തോന്നിയ ഒരു കഥ. ആദ്യം ഇതു ചെറു കഥയായി തോന്നിയെങ്കിലും പിന്നീട് ഒരു തിരക്കഥയ്ക്കുള്ള സ്കോപ് കണ്ടു. അങ്ങനെ അത് വലുതാക്കി ഒരു സിനിമയായി.

∙ വർഷങ്ങളായി സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയിരുന്നല്ലോ. ഇനിയും സത്യൻ സാറിന്റെ കൂടെ സംവിധാന സഹായി ആകുമോ?


ഒരു സ്വതന്ത്ര സംവിധായികയായി ഞാൻ തുടരും


കടപ്പാട് -  മനോരമ

Love 24x7 by Sreebala K Menon getting good reports all over

Love 24x7 by Sreebala K Menon



Sreebala K Menon, associate of Bhagyadevatha came up with a feel good movie, which is getting good reports all over.. It is not a surprise for anyone who knows about Sreebala, a talented director who had taken some documentaries before.."19 Kanal road" and "Silvia Plathinte Master piece" were the main books written by Sreebala before..

Requesting all viewers to watch the movie and  support the talented director Sreebala K Menon.

Saturday, April 25, 2015

സിനിമയ്ക്കുശേഷം സിനിമ - സത്യൻ അന്തിക്കാട് - മാതൃഭൂമി ലേഖനം


സിനിമയ്ക്കുശേഷം സിനിമ - സത്യൻ അന്തിക്കാട് - മാതൃഭൂമി ലേഖനം

നാടോടിക്കാറ്റ്' റിലീസ് ചെയ്തകാലം. ഞാനന്ന് കാറ് വാങ്ങിയിട്ടില്ല. അന്തിക്കാട്ടെ വീട്ടില്‍ ടെലിഫോണും വന്നിട്ടില്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ സെഞ്ച്വറി കൊച്ചുമോനെ മദ്രാസിലേക്കു വിളിക്കണം. ടൗണ്‍ പോസ്റ്റോഫീസില്‍ പോയി അപേക്ഷാ ഫോറം പൂരിപ്പിച്ച് അഡ്വാന്‍സായി കുറച്ചുരൂപയും കൊടുത്താല്‍ ക്യൂ നിന്ന് ടഠഒ വിളിക്കാം.
ബസ്സിലാണ് സ്ഥിരം യാത്ര.


ദൃശ്യമാധ്യമങ്ങള്‍ പ്രചാരത്തില്‍ ഇല്ലാത്തതുകൊണ്ട് സിനിമയിലെ താരങ്ങളെ ഒഴികെ മറ്റാരെയും ആളുകള്‍ തിരിച്ചറിയാറില്ല. അന്തിക്കാടു നിന്ന് തൃശ്ശൂരിലേക്കുള്ള ബസ്സില്‍ ഒരു വൈകുന്നേരം ഞാന്‍ കയറി. തൃശ്ശൂര്‍ രാംദാസ് തിയേറ്ററിനു മുന്നിലെത്തിയപ്പോള്‍ അതിഭീകരമായ ട്രാഫിക് ബ്ലോക്ക്. സിനിമ വിട്ട സമയമാണ്. നാടോടിക്കാറ്റ് അവിടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ബസ്സിന്റെ ചവിട്ടുപടിയില്‍ നിന്ന് വിസിലൂതിയും ഡോറില്‍ കൈകൊണ്ടടിച്ചും വഴിയൊരുക്കാന്‍ ബദ്ധപ്പെടുന്ന കണ്ടക്ടറുടെ ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയി.


''ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. റോട്ടിലൂടെ വണ്ടിയോടിക്കാന്‍ പറ്റാത്ത തരത്തിലാണ് ജനക്കൂട്ടം. ഇവറ്റകള്‍ക്കൊക്കെ എന്താ പ്‌രാന്തായോ! കഷ്ടകാലത്തിന് ഇവിടെ സിനിമ വിടുന്ന നേരത്താ നമ്മുടെ വണ്ടിയുടെ ടൈം. എത്ര ദിവസമായെന്നോ തുടങ്ങിയിട്ട്!'' മുഖ്യപ്രതി കേട്ടുകൊണ്ടിരിക്കയാണെന്ന് കണ്ടക്ടര്‍ അറിഞ്ഞിട്ടില്ല. അന്ന് കൊച്ചുമോനെ ഫോണില്‍ കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു-''നമ്മുടെ സിനിമയ്ക്ക് തൃശ്ശൂരില്‍ നല്ല തിരക്കുണ്ട്.'' ''തൃശ്ശൂരില്‍ മാത്രമല്ല. കേരളം മുഴുവന്‍ തിരക്കുണ്ട്. പടം സൂപ്പര്‍ ഹിറ്റാണ്.''

ഇന്നിപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്ത് മോണിങ്‌ഷോ പകുതിയാകുമ്പോഴേക്കും മൊബൈലിലും ഫേസ്ബുക്കിലും അഭിപ്രായങ്ങളുടെ പ്രവാഹമാണ്. സിനിമയുടെ മൂല്യം നോക്കിയിട്ടൊന്നുമല്ല. സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പലരുടെയും കമന്റുകള്‍. ''കത്തിയാണു മോനേ, കാണണ്ട'' എന്നു പറഞ്ഞ പടം രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും സൂപ്പര്‍ഹിറ്റായി മാറുന്ന കാഴ്ച കണ്ട് കമന്റടിക്കാരന്‍ അന്തം വിട്ടു നില്‍ക്കും.

'തകര്‍ത്തു. ഈ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ്' എന്നു പ്രചരിപ്പിച്ചത് ചിലപ്പോള്‍ മൂക്കും കുത്തി വീഴുന്ന കാഴ്ചയും അപൂര്‍വമല്ല. നിഷ്പക്ഷരായ പ്രേക്ഷകര്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ കാര്യമാക്കാറില്ല എന്നതാണ് വാസ്തവം.

'തലയണമന്ത്രം' റിലീസ് ചെയ്ത ആദ്യ ദിവസം എറണാകുളത്തു നിന്ന് എന്റെയൊരു സുഹൃത്തായ തിയേറ്റര്‍ ഉടമസ്ഥന്‍ വിളിച്ചു പറഞ്ഞു-
''ക്ലൈമാക്‌സിലെ സീനുകള്‍ ചിലത് കട്ട് ചെയ്യണം. ആളുകള്‍ കൂവിക്കൊണ്ടാണ് ഇറങ്ങിപ്പോകുന്നത്.''


എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഞാന്‍ പറഞ്ഞു-
''സാരമില്ല. ഒരാഴ്ചകഴിയട്ടെ. കൂവല്‍ അപ്പോഴും തുടരുകയാണെങ്കില്‍ നമുക്കു നോക്കാം.''
ഒരാഴ്ചയൊന്നും വേണ്ടിവന്നില്ല. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഇതേ സുഹൃത്ത് വിളിച്ചുപറഞ്ഞു-
''ഒന്നും ചെയ്യേണ്ട. ഈ ഓണക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിമാറുകയാണ് തലയണമന്ത്രം.''

'മനസ്സിനക്കരെ' ഇറങ്ങിയ ആദ്യത്തെ ആഴ്ച ഞാനും നിര്‍മാതാവ് സുബൈറും ചില പ്രദര്‍ശന കേന്ദ്രങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തി. ആ സിനിമയും പതുക്കെപ്പതുക്കെയാണ് ഹിറ്റിലേക്കുയര്‍ന്നത്. വടക്കന്‍ ജില്ലകളില്‍ ഒന്നിലെ ഒരു തിയേറ്ററിലെത്തിയപ്പോള്‍ ആധികാരിമായി ഉടമയുടെ നിര്‍ദേശം-
''സിനിമ കൊള്ളാം. പക്ഷേ, നീളം കൂടി. ഒരു ഇരുപത് മിനിറ്റ് കട്ട് ചെയ്യണം.''
''ഇരുപത് മിനിറ്റ് എന്നു പറഞ്ഞാല്‍ സീനുകള്‍ കുറേ പോകുമല്ലോ.''
''പോകും. പോകേണ്ട സീനുകള്‍ ഏതൊക്കെയാണെന്ന് ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്.'' എഡിറ്റിങ്ങിന് ആ മനുഷ്യനെ വിളിക്കാതിരുന്നത് തെറ്റായിപ്പോയെന്ന് എനിക്കു തോന്നി. ഞാന്‍ പറഞ്ഞു-
''സമ്മതിച്ചു. ആ ഇരുപത് മിനിറ്റ് നിങ്ങളുടെ തിയേറ്ററില്‍ കളിക്കുന്ന പ്രിന്റില്‍ നിന്ന് കട്ട് ചെയ്‌തോളൂ. പക്ഷേ, ഒരു എഗ്രിമെന്റ് വെക്കണം. നൂറു ദിവസം കഴിഞ്ഞിട്ടേ ഈ തിയേറ്ററില്‍ നിന്ന് പടം മാറ്റൂ എന്ന്.''
എന്റെ ഉത്തരം അല്പം ഷാര്‍പ്പായതുകൊണ്ടാവാം അദ്ദേഹം പിന്നെയൊന്നും പറഞ്ഞില്ല.


പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ വീട്ടിലെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച് ആ നല്ല മനുഷ്യന്‍ 'സോറി' പറഞ്ഞു.
''ഇപ്പൊ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകുന്നുണ്ട്. ചിലര്‍ എന്നെ തെറ്റിദ്ധരിപ്പിച്ചതാ.'' ആ തിയേറ്ററില്‍ എണ്‍പത്തിരണ്ടു ദിവസം 'മനസ്സിനക്കരെ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

സിനിമയെപ്പറ്റി അത് സൃഷ്ടിച്ചവര്‍ക്ക് ഒരു ആത്മവിശ്വാസമുണ്ടാവുക എന്നതാണ് പ്രധാനം. ആദ്യത്തെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയാല്‍ അത് സിനിമയെ മൊത്തമായി ബാധിച്ചു എന്നുവരാം.

ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയുടെ മനോഹരമായ ക്ലൈമാക്‌സ് കുറച്ചുനാള്‍ മാറ്റിവെക്കേണ്ടിവന്നു എന്നു കേട്ടിട്ടുണ്ട്. 'വടക്കുനോക്കിയന്ത്രം' റിലീസ് ചെയ്തപ്പോള്‍ ശ്രീനിവാസനെപ്പോലും ചിലര്‍ കണ്‍ഫ്യൂഷനിലാക്കി.

തളത്തില്‍ ദിനേശന്റെ 'വട്ട്' മാറി അയാള്‍ വീട്ടില്‍ വന്ന് തന്റെ ഭാര്യയെ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യുന്നുണ്ട്. അതിമനോഹരമായ ഒരു റൗണ്ട് ട്രോളി ഷോട്ട്. അതു കഴിഞ്ഞിട്ടാണ് രാത്രി ഭാര്യയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തോ ശബ്ദം കേട്ട് ദിനേശന്‍ ഉണരുന്നതും ഒരു ടോര്‍ച്ചെടുത്ത് പതുങ്ങിവന്ന് പ്രേക്ഷകന്റെ കണ്ണിലേക്ക് ആ വെളിച്ചമടിക്കുന്നതും. അതാണ് ആ സിനിമയുടെ ഹൈലൈറ്റ്. പക്ഷേ, ക്ലൈമാക്‌സ് രംഗം സന്തോഷസൂചകമായി അവസാനിപ്പിച്ചില്ലെങ്കില്‍ കളക്ഷന്‍ കുറയുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആ രംഗം കട്ട് ചെയ്ത് മാറ്റാന്‍ ശ്രീനിക്ക് സമ്മതിക്കേണ്ടിവന്നു. കുറച്ചു ദിവസം തിയേറ്ററുകളില്‍ ശ്രീനിവാസന്‍ പാര്‍വതിയെ ആലിംഗനം ചെയ്യുന്നതോടെ പടം അവസാനിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും അവസാനഭാഗം കൂട്ടിച്ചേര്‍ത്തപ്പോഴേ അതിന് പൂര്‍ണത കൈവന്നുള്ളൂ. ഇതൊക്കെ ആദ്യദിവസത്തെ അഭിപ്രായങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്.

അച്ചുവിന്റെ അമ്മ റിലീസ് ചെയ്ത് മൂന്നാഴ്ചയോളം കഴിഞ്ഞിട്ടാണ് പ്രേക്ഷകശ്രദ്ധ ആ സിനിമയിലേക്ക് പതിഞ്ഞത്. അതിശയിക്കാനില്ല. ഉദയനാണ് താരം എന്ന മനോഹര ചിത്രം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും അരങ്ങു തകര്‍ത്ത ആ ചിത്രം ആദ്യം കാണണമെന്നേ ആര്‍ക്കും തോന്നൂ. അച്ചുവിന്റെ അമ്മയില്‍ എട്ടു വര്‍ഷത്തോളം രംഗത്തില്ലാതിരുന്ന ഉര്‍വശിയും മീരാജാസ്മിനും താരതമ്യേന പുതുമുഖമായ നരേനുമാണ് താരങ്ങള്‍. പി.വി. ഗംഗാധരനാണ് നിര്‍മാതാവ്.

''കണ്ടവര്‍ക്കൊക്കെ നല്ല അഭിപ്രായമാണ്. പക്ഷേ കളക്ഷനില്ല' പി.വി.ജി. പറഞ്ഞു. ''സാരമില്ല നമുക്കു നോക്കാം.''
ഗൃഹലക്ഷ്മി എന്ന ശക്തമായ ബാനറും പി.വി.ജി. എന്ന നിര്‍മാതാവും ഉള്ളതുകൊണ്ട് മാത്രമാണ് ഹോള്‍ഡ് ഒാവറായിട്ടും തിയേറ്ററുകാര്‍ ആ പടം നിര്‍ത്താതിരുന്നത്.


എന്നിട്ടും ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ആറു സെന്ററുകളില്‍ പടം നൂണ്‍ഷോ ആക്കി മാറ്റുകയാണെന്നു പറഞ്ഞ് പി.വി.ജി. വിളിച്ചു. തിരൂരും ചാലക്കുടിയും കൊടുങ്ങല്ലൂരുമടക്കമുള്ള നല്ല സെന്ററുകളാണ്. ഞാന്‍ പറഞ്ഞു. ''നൂണ്‍ ഷോ ആക്കണ്ട. സിനിമ നിര്‍ത്തിക്കോളാന്‍ പറയൂ, ഒരൊറ്റ കണ്ടീഷനിലൂടെ.'' കണ്ടീഷന്‍ ഇതായിരുന്നു- അച്ചുവിന്റെ അമ്മ രക്ഷപ്പെട്ടു തുടങ്ങിയാല്‍ വീണ്ടും പുതിയ റിലീസുപോലെ പ്രദര്‍ശിപ്പിക്കണം. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കഥ മാറി. കുടുംബങ്ങള്‍ അച്ചുവിനെയും അമ്മയെയും കാണാന്‍ കൂട്ടമായി എത്തി. 'എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന പാട്ട് കൊച്ചുകുട്ടികള്‍ പോലും പാടിത്തുടങ്ങി. നിര്‍ത്തിവെച്ച എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനം വീണ്ടും തുടങ്ങി. ചാലക്കുടിയില്‍ എഴുപത്തഞ്ചാം ദിവസം ആഘോഷിച്ചപ്പോള്‍ ആ സന്തോഷത്തില്‍ പങ്കുചേരാനുള്ള അവസരവും എനിക്കുണ്ടായി.

ഇതൊക്കെ പഠിപ്പിക്കുന്ന പാഠം ഒരു സിനിമ നല്ലതാണെങ്കില്‍ മലയാളി പ്രേക്ഷകന്‍ അതിനൊപ്പം നില്‍ക്കും എന്നുതന്നെയാണ്. ലോബികളും വ്യാജനിരൂപകരും സിനിമയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും യഥാര്‍ഥ പ്രേക്ഷകര്‍ സിനിമയെ തിരിച്ചറിയും. വിജയിപ്പിക്കും. ഇല്ലെങ്കില്‍ ഹരിഹരന്റെ 'സര്‍ഗ്ഗ'വും ഫാസിലിന്റെ 'അനിയത്തിപ്രാവു'മൊക്കെ ഇവിടെ നിലംതൊടാതെ പോയേനെ.

ഇന്റര്‍നെറ്റും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പുമൊക്കെ പ്രചാരം നേടിയപ്പോള്‍ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവാം എന്ന സ്ഥിതിയായി. ഒരുപാട് ബുദ്ധിജീവികള്‍ ഉദയം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെയും മണിരത്‌നത്തിനെയും ശ്രീനിവാസനെയുമൊക്കെ ആര്‍ക്കും തെറിവിളിക്കാമെന്നായി. പ്രസിദ്ധരായവരെ കുറ്റം പറഞ്ഞാല്‍ അവരേക്കാള്‍ മികച്ചവനായില്ലേ താന്‍ എന്ന മിഥ്യാധാരണയില്‍ വ്യാജന്മാര്‍ അരങ്ങുതകര്‍ത്താടാന്‍ തുടങ്ങി. കലാരംഗത്ത് ഒരു ചെറുവിരല്‍പോലും ചലിപ്പിക്കാന്‍ കെല്പില്ലാത്തവരാണ് പുരപ്പുറത്ത് കയറിനിന്ന് അട്ടഹസിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.

സമൂഹം അവരെ കാണുന്നതും അങ്ങനെത്തന്നെ. അവര്‍ പക്ഷേ, അതറിയുന്നില്ലെന്നുമാത്രം.

'എന്നും എപ്പോഴും' റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍തന്നെ കുടുംബങ്ങളുടെ സ്‌നേഹം ഈ സിനിമയോടൊപ്പമുണ്ടായിരുന്നു. പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന് കുറേ പേരുടെ ആഹ്ലാദം. മഞ്ജുവാര്യരുടെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഒട്ടേറെ പേര്‍ പറഞ്ഞു. മഞ്ജുവിന്റെ ക്ലാസിക്കല്‍ നൃത്തവും 'മലര്‍വാകക്കൊമ്പത്ത്' എന്ന ജയചന്ദ്രന്റെ പാട്ടുമൊക്കെ കുടുംബങ്ങള്‍ ഏറ്റെടുത്ത് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ബുദ്ധിജീവിയുടെ ആത്മരോഷം വിമര്‍ശനത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതായി ഞാനറിഞ്ഞു. ഇത്തവണ ആക്രമണം പൊതുവെ കുറവാണല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ബുദ്ധിജീവിയുടെ ആണ്ടുനേര്‍ച്ച. ഒരു പത്രത്തില്‍ നിരൂപണമോ വായനക്കാര്‍ക്കുള്ള പേജില്‍ ഒരു കത്തോ എഴുതണമെങ്കില്‍ അത് പ്രസിദ്ധീകരണയോഗ്യമാണോ എന്നു നോക്കാന്‍ ഒരു പത്രാധിപരുണ്ട്. വിഡ്ഢിത്തമാണെങ്കില്‍ അത് പുറംലോകം കാണില്ല. പക്ഷേ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു നിയന്ത്രണവുമില്ല. ആര്‍ക്കും എന്തുമെഴുതാം.



ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തുന്നു എന്ന ഭാവത്തില്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും നല്ല നടന്മാരിലൊരാളായ മമ്മൂട്ടിയെ ജൂനിയര്‍ ആര്‍ട്ടിസ്റ്റെന്നു വിളിക്കാം. ശ്രീനിവാസന്റെ തിരക്കഥകള്‍ തീയിട്ടു കളയണമെന്നു പറയാം. വേറെ ചെലവൊന്നുമില്ലാത്ത ഒരു ഷൈനിംഗ്. ആ വിഭാഗത്തില്‍പെട്ട ഒരാളാണ് വിമര്‍ശകന്‍. എന്നോട് അതിനെപ്പറ്റി പറഞ്ഞ സുഹൃത്തിനോടു ഞാന്‍ ചോദിച്ചു.

''ഈ വിമര്‍ശിക്കുന്ന ആളുടെ കലാപാരമ്പര്യം എന്താണ്?''
''ഒന്നുമില്ല.''
''സാഹിത്യത്തിലൊ സിനിമയിലൊ മറ്റു മേഖലകളിലൊ ഏതെങ്കിലും തരത്തില്‍ ചെറുതായെങ്കിലും പ്രതിഭ തെളിയിച്ചിട്ടുണ്ടോ?''
''ഒരു ന്യൂസ് ചാനലില്‍ പണ്ട് വാര്‍ത്ത വായിച്ചിട്ടുണ്ട്.''
''വിട്ടേക്ക്'' ഞാന്‍ പറഞ്ഞു

വിവരമില്ലായ്മ ഒരു കുറ്റമല്ല. ലോകത്ത് ഇന്നുവരെ വിഡ്ഢിയായി എന്നതിന്റെ പേരില്‍ ഒരാളെയും തൂക്കിക്കൊന്നിട്ടില്ല. അത്തരക്കാര്‍ ഇനിയും ശബ്ദിച്ചുകൊണ്ടിരിക്കണം. വിദേശ സിനിമകള്‍ കണ്ട് കൈയടിച്ച്, കേരളത്തിലെ ജീവിതസാഹചര്യങ്ങളെ ആസ്പദമാക്കി എടുക്കുന്ന സിനിമകളെ പുച്ഛിച്ച്, മനസ്സു ദ്രവിച്ച് മറ്റൊന്നും ചെയ്യാനില്ലാതെ ഗര്‍വോടെ ഇവര്‍ കൈയും വീശി നടക്കുന്നത് നമുക്കു കാണണം. അതൊരു രസമാണ്. ആ രസം കൂടിയുണ്ടെങ്കിലേ അധ്വാനിച്ച് ജീവിക്കുന്ന നമ്മുടെ സന്തോഷത്തിന് പൂര്‍ണത ലഭിക്കൂ.

നല്ല സിനിമകള്‍ - പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇവിടെ ഇനിയും ഉണ്ടാകും. വിനീത് ശ്രീനിവാസനും ഏബ്രിഡ് ഷൈനും അനില്‍ രാധാകൃഷ്ണമേനോനും ലാല്‍ജോസും മണിരത്‌നവും ശ്രീനിവാസനും ഹരിഹരനും ആഷിഖ് അബുവുമൊക്കെ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. പുതിയ തലമുറ, പഴയതലമുറ എന്ന വ്യത്യാസമൊന്നും വേണ്ട. രാമുകാര്യാട്ടും സേതുമാധവനും പി.എന്‍. മേനോനും കെ.ജി. ജോര്‍ജും മോഹനും പത്മരാജനും എം.ടി.യും ഭരതനുമൊക്കെ നമുക്കു നല്‍കിയ ഒരു സിനിമാ സംസ്‌കാരമുണ്ട്. അതിന് ഇന്നും പ്രസക്തിയുണ്ട്. തലമുറകള്‍ക്കതീതമായി നല്ല സിനിമ ഇവിടെ നിലനില്‍ക്കും. എന്നും എപ്പോഴും.


കടപ്പാട്  - മാതൃഭൂമി

Monday, March 30, 2015

Ennum Eppozhum good reviews from family audiences - A simple feel good movie




Ennum Eppozhum is running successfully all over India and its outside India release will happen in the coming weeks. Fans might have little disappointed, but the movie got good reviews from all family audiences. As always family audiences are the strength of a Sathyan Anthikkad movie.
In the coming weeks we could see more houseful  boards and it is really great to see families coming to theater after a long time.

This movie can be considered as a simple feel good movie with some excellent performance from Mohanlal and Manju Warrier.

Ennum Eppozhum - Review






A review from FB..

Ennum Eppolum, much awaited combo of Sathyan Anthikad, Lalettan & Manju Warrier...
A perfect family entertainer with simple story line and familiar characters.
One cannot stop admiring the element of depth and simplicity, Lalettan brings to the character. I wonder, if there is any other actor who could give such intuitive renderance as much as him. Of course, he is a man of intuitions and he performs as if whole Universe is dwelling within him..

Of course, the final shot of rain,an open window, a blank paper to which Lalettan about to pour his thoughts of 'the woman'; instantly triggers again our Thoovanathumbikal memories. And I think, there is no better way to end a Mohanlal movie..

With a gentle plot, it starts and ends just like a soul soothing summer rain, a breeze or that familiar flute music heard from a distance.

'അബദ്ധ' സഞ്ചാരങ്ങൾ - ചിത്രഭൂമി ലേഖനം

കാറിലിരുന്ന് മോഹൻലാൽ ചോദിച്ചു- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?''
വാസ്തവത്തിൽ അപ്പോഴാണ് ആലോചിച്ചത്, എഴുതിയാലോ എന്ന്. മോഹൻലാലിനോടുള്ള കടപ്പാട് ഇവിടെ പ്രത്യേകം രേഖപ്പെടുത്തുന്നു.
എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ഞങ്ങൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് - കൃത്യമായി പറഞ്ഞാൽ ഡിസംബർ 27-ന് അതിരാവിലെ സെൻട്രൽ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥന്മാരിലൊരാളായ അജി വിളിക്കുന്നു.
''എന്റെ മകളുടെ കല്യാണക്കാര്യം മറന്നിട്ടില്ലല്ലോ. ഇൻവിറ്റേഷൻ ലെറ്റർ വീട്ടിലേക്കാണയച്ചിരിക്കുന്നത്. അതുകൊണ്ട് ഓർമപ്പെടുത്താൻ വിളിച്ചതാണ്. പതിനൊന്നുമണിക്ക് പള്ളിയിൽവെച്ചാണ് കെട്ട്. ഒരുമണിയോടെ റിസപ്ഷന് ഗോകുലം പാർക്കിലെ ഓഡിറ്റോറിയത്തിലെത്തും. ഷൂട്ടിങ് തിരക്കാണെന്നറിയാം. ഒരുമണി എന്നു പറയുമ്പോൾ ഉച്ചയൂണിനുള്ള ബ്രേക്കിന്റെ സമയമല്ലേ? തീർച്ചയായും വരണം. മോഹൻലാലിനോടും പറയണം.''

സെൻട്രൽ പിക്‌ചേഴ്‌സുമായി വർഷങ്ങളായുള്ള ബന്ധമാണ്. വിജിയും ഷാജിയും അജിയുമൊക്കെ എനിക്ക് സ്വന്തം സഹോദരങ്ങളെപ്പോലെയാണ്. കുടുംബപുരാണവും കളിക്കളവും മുതൽ 'ഒരു ഇന്ത്യൻ പ്രണയകഥ'വരെ പല സിനിമകളും അവർ നിർമിച്ചതാണ്. ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ ഞാൻ ലാലിനോട് പറഞ്ഞു-
''അജി വിളിച്ചിരുന്നു. മകളുടെ കല്യാണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഗോകുലം പാർക്കിലാണ് റിസപ്ഷൻ. ബ്രേക്ക് സമയത്ത് നമുക്കൊന്നുപോയിവന്നാലോ?''
''ഓർമിപ്പിച്ചതു നന്നായി'' ലാൽ പറഞ്ഞു-
''അജിയോട് ഞാൻ വാക്കുപറഞ്ഞിട്ടുള്ളതാണ് കല്യാണത്തിന് എത്തിക്കൊള്ളാമെന്ന്.''

സേതു മണ്ണാർക്കാടിനോടു പറഞ്ഞ് പോകാനുള്ള വണ്ടിയൊക്കെ ഏർപ്പാടുചെയ്തു. പക്ഷേ, ഒരു ചെറിയ പ്രശ്‌നം. സിനിമയിലെ കഥാപാത്രമായ വിനീത് എൻ. പിള്ളയ്ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളേ കൈവശമുള്ളൂ. ഒരു കല്യാണമെന്നൊക്കെ പറയുമ്പോൾ ഷൂട്ടിങ്ങിന്റെ വേഷവുമിട്ടു പോകുന്നതു മോശമല്ലേ? അതും മോഹൻലാലിനെപ്പോലൊരാൾ!
രാവിലെ പത്തുമണി ആയതേയുള്ളൂ. തേവരയിലെ വീട്ടിൽ ഷർട്ടും മുണ്ടും പാന്റ്‌സുമൊക്കെയുണ്ട്. ഒരാളെ അയച്ച് ലാൽ വസ്ത്രങ്ങൾ വരുത്തി.

ഒരുമണിയാവുമ്പോഴേക്കും ചിത്രീകരിച്ചുകൊണ്ടിരുന്ന സീൻ പാതിയിൽ നിർത്തി ഞങ്ങൾ കല്യാണത്തിന് പുറപ്പെട്ടു.
''ഭക്ഷണത്തിന് നിൽക്കണ്ട. നിന്നാൽ വൈകും. ഇവിടെ യൂണിറ്റ് മുഴുവൻ കാത്തുനിൽക്കുകയല്ലേ?'' ലാൽ പറഞ്ഞു. ഞാൻ സമ്മതിച്ചു അടുത്തകാലത്തെങ്ങാനും എറണാകുളം സന്ദർശിച്ചിട്ടുള്ളവർക്കറിയാം, ഇവിടത്തെ ട്രാഫിക് ബ്ലോക്ക്. മെട്രോയുടെ വർക്ക് തുടങ്ങിയതിൽ പിന്നെ ടൗണിലൂടെയുള്ള യാത്ര എന്ന് ആലോചിക്കുമ്പോൾതന്നെ കരച്ചിലുവരും. ആ ബ്ലോക്കിലൂടെ തിങ്ങിഞെരുങ്ങി നീങ്ങി ഒരുവിധം കലൂർ ഗോകുലം പാർക്ക് ഹോട്ടലിനടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു-
''വാഴൂർ ജോസിനെ ഒന്നു വിളിച്ചുനോക്കാം. പള്ളിയിൽ നിന്ന് കല്യാണപ്പാർട്ടി എത്തിയോ എന്നറിഞ്ഞിട്ട് കാറിൽ നിന്നിറങ്ങിയാൽ മതിയല്ലോ.''
വിളിച്ചു.

''അജിയുടെ മകളുടെ കല്യാണം ഇന്നല്ലല്ലോ ഇരുപത്തൊൻപതാം തീയതിയല്ലേ?'' മറുപടികേട്ട് ഞാനൊന്നു ഞെട്ടി.
പൊതുവെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ മടിയുള്ള മോഹൻലാൽ, ഞാനും കൂടി ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് ഇറങ്ങിപ്പുറപ്പെട്ടത്.
വണ്ടി അപ്പോഴേക്കും ഗോകുലത്തിന്റെ മുമ്പിൽ എത്തിയിരുന്നു.
''എന്താ? എന്തുപറ്റി?''
എന്തോ കൺഫ്യൂഷനുണ്ടെന്ന് ലാലിന് മനസ്സിലായി. ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ഞാൻ വെറുതെ അജിയുടെ നമ്പറിലേക്കൊന്നു വിളിച്ചു.
''എവിടെയാ അജി''
''ഓഫീസിലുണ്ട്, കോട്ടയത്ത്''
''ഇന്നല്ലേ കല്യാണം?''
''കല്യാണം ഇരുപത്തിഒൻപതിനാണ്.''
''അപ്പൊ അജി രാവിലെ വിളിച്ചുപറഞ്ഞത്?''
''മറന്നുപോകാതിരിക്കാൻ രണ്ടുദിവസം മുൻപേ ഒന്ന് ഓർമിപ്പിച്ചതാ.''
മോഹൻലാലിന്റെ മുഖത്തു ഞാൻ നോക്കിയില്ല. നോക്കാതെതന്നെ എന്റെ മുഖഭാവം ലാലിനു മനസ്സിലാകും.
''വണ്ടി തിരിച്ചോളൂ'' ഡ്രൈവറോട് ഗൗരവത്തിൽതന്നെ ഞാൻ പറഞ്ഞു.
വീണ്ടും ട്രാഫിക് ബ്ലോക്കിനിടയിലൂടെ തിക്കിത്തിരക്കി ലൊക്കേഷനിലേക്കു തിരിച്ചുപോരുമ്പോഴാണ് ലാൽ ചോദിച്ചത്-
''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?''

എഴുതാനിരിക്കുമ്പോഴാണ് സമാനമായ ചില ഓർമകൾ മനസ്സിലേക്കെത്തുക.
പണ്ട് എഡിറ്റർ ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണത്തിന് ഞാനും ശ്രീനിവാസനും കൂടി പോയി. 'അമ്പിയണ്ണൻ' എന്നു പറഞ്ഞാലേ സിനിമക്കാർക്കു മനസ്സിലാകൂ. പ്രിയദർശന്റെ അക്കാലത്തെ സ്ഥിരം എഡിറ്ററും തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ നിർമാതാവുമാണ് ഗോപാലകൃഷ്ണൻ എന്ന് പേരുള്ള അമ്പിയണ്ണൻ. ഞാനും ശ്രീനിയും അന്ന് ഏതോ സിനിമയുടെ എഴുത്തുമായി തിരുവനന്തപുരത്തുണ്ട്. എന്റെ മാരുതി 800 ആണ് അന്നത്തെ ഞങ്ങളുടെ സ്ഥിരം വാഹനം.
''മുഹൂർത്തത്തിനു മുമ്പുതന്നെ മണ്ഡപത്തിലെത്തണം. ഇല്ലെങ്കിൽ അമ്പിയണ്ണന് വിഷമമാകും.'' ശ്രീനി പറഞ്ഞു.
ആകാവുന്ന വേഗത്തിൽ ഞാൻ വണ്ടിയോടിച്ചു. എനിക്കു വലിയ പരിചയമില്ലാത്ത നഗരമാണ് തിരുവനന്തപുരം. ശ്രീനിക്കാണെങ്കിൽ തലശ്ശേരിയേക്കാൾ കൂടുതലറിയുക തിരുവനന്തപുരമാണ്. കല്യാണമണ്ഡപത്തിലേക്കുള്ള വഴിയും സ്ഥലവുമൊക്കെ കാണിച്ചുതരുന്ന ജോലി ശ്രീനി ഏറ്റെടുത്തു.
''നമുക്കു ചോദിച്ചു ചോ...ദിച്ചു പോകണോ'' എന്നൊരു തമാശച്ചോദ്യം ഉന്നയിച്ചപ്പോൾ ശ്രീനി സീരിയസ്സായി.
''എനിക്കറിയാം. ആ കല്യാണമണ്ഡപത്തിൽ ഞാൻ മുൻപും പോയിട്ടുണ്ട്.''
വളഞ്ഞും തിരിഞ്ഞും വൺവേ കട്ട്‌ചെയ്തുമൊക്കെ വണ്ടി ഓടി. സ്ട്രീറ്റിന്റെ പേര് എന്റെ ഓർമയിലുണ്ടായിരുന്നു. കൃത്യമായി ആ വഴിയിലേക്കു തിരിഞ്ഞ ഉടനെ ശ്രീനി പറഞ്ഞു-
''ഇനിയെങ്കിലും വിവരമുള്ളവരെ സംശയിക്കരുത്.''
അല്പം മുന്നോട്ടുചെന്നപ്പോഴേക്കും നിരനിരയായി കിടക്കുന്ന കാറുകൾ കണ്ടു. അലങ്കരിച്ച കവാടം കണ്ടു.
റോഡരികിൽ വണ്ടിനിർത്തി ഞങ്ങൾ ഇറങ്ങി. വരന്റെ വീട്ടുകാർ വന്നിറങ്ങിയ സമയമായിരിക്കണം. ആളുകളും ക്യാമറകളുമൊക്കെ ധാരാളമുണ്ടായിരുന്നു.
മിന്നിത്തെളിയുന്ന ഫ്‌ളാഷ് ലൈറ്റുകൾക്കിടയിലൂടെ ആ പ്രത്യേക നടത്തവുമായി ശ്രീനിവാസനും പിന്നാലെ ഞാനും നടന്നു.
കല്യാണം നടക്കുന്ന ഹാളിന്റെ മുൻവശത്തുണ്ടായിരുന്ന കസവുമുണ്ടും ജുബ്ബയുമിട്ട ഒരു കാരണവർ ഞങ്ങളെ മുൻനിരയിൽതന്നെ കൊണ്ടിരുത്തി. ഒരു താലത്തിൽ 'വെൽക്കം ഡ്രിങ്' വന്നു. ദാഹമുണ്ടായിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും അത് കുടിച്ചു.
ഫോട്ടോയെടുപ്പിന്റെ ബഹളം. ശ്രീനിവാസന്റെ മുന്നിലേക്ക് ഒരുപാട് കൈകൾ ഓട്ടോഗ്രാഫ് വാങ്ങാൻ നീണ്ടുവന്നു.
അല്പം അസ്വസ്ഥനായി ശ്രീനി ചോദിച്ചു-
''പ്രിയനും മോഹൻലാലുമൊക്കെ എവിടെ?''
ഞാൻ നോക്കി. പ്രിയനും ലാലും എന്നല്ല സിനിമാരംഗവുമായി ബന്ധമുള്ള ഒരാളെയും കാണാനില്ല.
എന്റെ നെറ്റിയിൽ ചെറുതായി വിയർപ്പുപൊടിയാൻ തുടങ്ങി.
''സ്ഥലം മാറിയോ എന്നൊരു സംശയം''
ഞാൻ ശ്രീനിയുടെ ചെവിയിൽ മന്ത്രിച്ചു.
''അങ്ങനെ വരാൻ വഴിയില്ല.'' എന്ന് ശ്രീനിയും.
നാടോടിക്കാറ്റിൽ ദുബായ് ആണെന്നും പറഞ്ഞ് മദ്രാസിലെ മൗണ്ട് റോഡിലൂടെ നടക്കുമ്പോൾ പരിഭ്രമിച്ച് 'ഇത് ദുബായ് അല്ല' എന്നു പറഞ്ഞ മോഹൻലാലിനോടും ശ്രീനി ഇതേ ഉത്തരമായിരുന്നു പറഞ്ഞത്.
''അങ്ങനെവരാൻ വഴിയില്ല''
ഞാൻ തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു-
''അമ്പിയണ്ണനൊക്കെ എവിടെ!''
''ഓ- അവരുടെ കല്യാണം ഇതേ സ്ട്രീറ്റിന്റെ അങ്ങേയറ്റത്തുള്ള മണ്ഡപത്തിലാ. ഇത് ഡോക്ടർ വിശ്വനാഥന്റെ മകന്റെ കല്യാണമാണ്.''
ഉള്ളിൽ ഒരു പൊള്ളലേറ്റപോലെ ഞാനൊന്നു പിടഞ്ഞു.
''ശ്രീനി, പെട്ടെന്ന് സ്ഥലംവിടാം. അമ്പിയണ്ണന്റെ ചടങ്ങ് ഇവിടെയല്ല''
ശ്രീനി അപ്പോഴും സംശയിച്ചു.
''പെട്ടെന്നെങ്ങനെയാ ഇവിടുന്നെഴുന്നേൽക്കുക?''
''അതൊന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ പോകുന്നു.''
ഞാനെഴുന്നേറ്റ് തിരിഞ്ഞുനടന്നു. ആളുകളുടെ ആരവം കേട്ടപ്പോൾ മനസ്സിലായി- ശ്രീനിയും പിറകെയുണ്ടെന്ന്.
അതേ തെരുവിൽ രണ്ട് കല്യാണമണ്ഡപങ്ങളുണ്ടെന്ന് ശ്രീനി അറിഞ്ഞിരുന്നില്ല.
യഥാർഥ കല്യാണമണ്ഡപത്തിനു മുന്നിലെത്തിയപ്പോൾ അവിടെ മുഴുവൻ സിനിമക്കാരും സുഹൃത്തുക്കളും.
ശ്രീനി എന്റെ കൈപിടിച്ച് ചെവിയിൽ പതുക്കെ പറഞ്ഞു-
''പറ്റിയ അബദ്ധം ദയവായി ഇവിടെ പറയരുത്''
''ഒരിക്കലുമില്ല'' എന്ന് വാക്കുകൊടുത്ത ഞാനത് അപ്പോൾതന്നെ പ്രിയദർശന്റെ കാതിലേക്ക് പകർന്നു. പിന്നെ വിതരണം പ്രിയൻ ഏറ്റെടുത്തു. നിമിഷനേരംകൊണ്ട് അതവിടെ സൂപ്പർഹിറ്റായി.

പക്ഷേ, ഇതിനെക്കാൾ ദയനീയമായ അനുഭവമാണ് വി.കെ. ശ്രീരാമനും പി.ടി. കുഞ്ഞുമുഹമ്മദിനും ഉണ്ടായത്.
'തന്മാത്ര' എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തിനടുത്ത് ഒളപ്പമണ്ണ മനയിൽ നടക്കുന്നു. ശ്രീരാമനും പി.ടി.ക്കും മോഹൻലാലിനെയൊന്ന് കാണണം. ലൊക്കേഷനിലേക്കുള്ള വഴി കൃത്യമായി അറിയില്ല. എങ്കിലും നാട്ടിൻപുറമല്ലേ, കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഷൂട്ടിങ് നടക്കുന്നതിന്റെ ചുറ്റുപാടും ആളുകൾ തിങ്ങിക്കൂടിയിരിക്കും. കാറുകളും യൂണിറ്റ് വണ്ടികളുമുണ്ടാവും. ആ വിശ്വാസത്തിൽ ആരോടും ചോദിക്കാതെതന്നെ ശ്രീരാമൻ കാറോടിച്ചു.
വിചാരിച്ചതുപോലെതന്നെ ആൾക്കൂട്ടം ദൂരെനിന്നേ കണ്ടു. നിറയെ വണ്ടികളും. ഒരു ടെമ്പോ വാനിനരികിൽ കാർ നിർത്തി രണ്ടുപേരും ഇറങ്ങി.
റോഡരികിൽനിന്ന് വളരെ താഴോട്ടുള്ള പടികൾ ഇറങ്ങിവേണം ഷൂട്ടിങ് നടക്കുന്ന വീട്ടിലെത്താൻ എന്ന് കേട്ടിരുന്നു. നോക്കുമ്പോൾ, സത്യമാണ്. വിചാരിച്ചതിലും താഴെയാണ് വീട്. രണ്ടുപേരും ഇറങ്ങിനടന്ന് മുറ്റത്തെത്തിയപ്പോൾ ചെറിയൊരു ശങ്ക. കൂടിനിൽക്കുന്നവരിൽ അധികംപേരും മുസ്‌ലിം സമുദായത്തിൽപെട്ടവർ. അങ്ങനെവല്ല രംഗവുമാകും ചിത്രീകരിക്കുന്നതെന്ന് സമാധാനിച്ചു.
ഷൂട്ടിങ്ങിന്റെ പതിവ് കോലാഹലങ്ങളൊന്നും കേൾക്കാനില്ല. മൊത്തത്തിൽ ഒരു മൂകത.
''ബ്ലെസ്സിയുടെ സെറ്റ് എന്നു പറഞ്ഞാലിങ്ങനെയാ. ഒരു ബഹളവുമുണ്ടാവില്ല.'' ശ്രീരാമൻ പറഞ്ഞു.
അകത്തേക്ക് കയറുംമുൻപേ പി.ടി. കുഞ്ഞുമുഹമ്മദിനെ അറിയാവുന്ന ഒരു ഹാജിയാരെത്തി.
''എം.എൽ.എ. അല്ലാത്തപ്പോഴും മരണത്തിനൊക്കെ പോകും അല്ലേ?''
പി.ടി. ഒന്ന് ചിന്താവിഷ്ടനായി. അതൊരു സ്ഥായീഭാവമായതുകൊണ്ട് മറ്റാരും ശ്രദ്ധിച്ചുമില്ല.
ഹാജിയാർ സങ്കടത്തോടെ പഞ്ഞു-
''വലിയ മനുഷ്യനായിരുന്നു ബീരാൻകുട്ടിക്ക. മരക്കച്ചോടക്കാരനായാലെന്താ, കലയോടും കലാകാരന്മാരോടും വല്യ സ്‌നേഹമായിരുന്നു. ഇന്നാട്ടില് നാടകക്കാരോ മിമിക്രിക്കാരോ ആരുവന്നാലും ഊണ് ബീരാൻകുട്ടിക്കയുടെ വകയായിരുന്നു...''
ആ കച്ചിത്തുരുമ്പിൽ പിടിച്ച് ശ്രീരാമൻ കയറി- ''വാസ്തവം. കഴിഞ്ഞതവണ കണ്ടപ്പോഴും പറഞ്ഞതാ- ശ്രീരാമാ, ഇതുവഴി വരുമ്പൊ വീട്ടിലൊന്ന് കേറണം എന്ന്''
''മയ്യത്ത് കാണണ്ടേ?''
''വേണ്ട'' ശ്രീരാമൻ പറഞ്ഞു-
''ജീവനുള്ള ബീരാൻകുട്ടിക്കയുടെ മുഖം മനസ്സിലുണ്ട്. അതു മതി.''
പിന്നെ ഒരുനിമിഷംപോലും നിൽക്കാതെ കണ്ണും മുഖവും കൈകൊണ്ടൊന്നു തുടച്ച് ശ്രീരാമൻ നടന്നു. പിറകെ പി.ടി.യും. പാർക്ക്‌ചെയ്ത കാറിനടുത്ത് കണ്ട ടെമ്പോവാൻ ആംബുലൻസായിരുന്നുവെന്ന് അപ്പോഴാണ് ശ്രദ്ധിക്കുന്നത്.
കാറിൽ കയറാൻതുടങ്ങുമ്പോൾ അടുത്ത് കണ്ട ഒരു പയ്യനോട് അലസമായി ശ്രീരാമൻ ചോദിച്ചു-
''ഇവിടെ എവിടെയോ ഒരു മന ഇല്ലേ മോനേ?''
''ഉവ്വ്. ഒളപ്പമണ്ണ മന. അത് ഈ ഇടവഴിയുടെ അറ്റത്താ. പക്ഷേ, അകത്ത് കേറാൻ പറ്റൂലാ. അവിടെ സിനിമാഷൂട്ടിങ്ങാ.''
ശ്രീരാമൻ കാർ പതുക്കെ സ്റ്റാർട്ടാക്കി. പിന്നെ പെട്ടെന്ന് ഇടവഴിയുടെ അറ്റം ലക്ഷ്യമാക്കി ആക്‌സിലറേറ്റർ ചവിട്ടി.

അന്തിപ്പൊൻവെട്ടം | ചിത്രഭൂമി (ജനുവരി 2015, മാതൃഭൂമി)
''അബദ്ധ' സഞ്ചാരങ്ങൾ കാറിലിരുന്ന് മോഹൻലാൽ ചോദിച്ചു- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?'' വാസ്തവത്തിൽ അപ്പോഴാണ് ആലോചിച്ചത്, എഴുതിയാലോ എന്ന്. മോഹൻലാലിനോടുള്ള കടപ്പാട് ഇവിടെ പ്രത്യേകം രേഖപ്പെടുത്തുന്നു. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ഞങ്ങൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് - കൃത്യമായി പറഞ്ഞാൽ ഡിസംബർ 27-ന് അതിരാവിലെ സെൻട്രൽ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥന്മാരിലൊരാളായ അജി വിളിക്കുന്നു. ''എന്റെ മകളുടെ കല്യാണക്കാര്യം മറന്നിട്ടില്ലല്ലോ. ഇൻവിറ്റേഷൻ ലെറ്റർ വീട്ടിലേക്കാണയച്ചിരിക്കുന്നത്. അതുകൊണ്ട് ഓർമപ്പെടുത്താൻ വിളിച്ചതാണ്. പതിനൊന്നുമണിക്ക് പള്ളിയിൽവെച്ചാണ് കെട്ട്. ഒരുമണിയോടെ റിസപ്ഷന് ഗോകുലം പാർക്കിലെ ഓഡിറ്റോറിയത്തിലെത്തും. ഷൂട്ടിങ് തിരക്കാണെന്നറിയാം. ഒരുമണി എന്നു പറയുമ്പോൾ ഉച്ചയൂണിനുള്ള ബ്രേക്കിന്റെ സമയമല്ലേ? തീർച്ചയായും വരണം. മോഹൻലാലിനോടും പറയണം.'' സെൻട്രൽ പിക്‌ചേഴ്‌സുമായി വർഷങ്ങളായുള്ള ബന്ധമാണ്. വിജിയും ഷാജിയും അജിയുമൊക്കെ എനിക്ക് സ്വന്തം സഹോദരങ്ങളെപ്പോലെയാണ്. കുടുംബപുരാണവും കളിക്കളവും മുതൽ 'ഒരു ഇന്ത്യൻ പ്രണയകഥ'വരെ പല സിനിമകളും അവർ നിർമിച്ചതാണ്. ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ ഞാൻ ലാലിനോട് പറഞ്ഞു- ''അജി വിളിച്ചിരുന്നു. മകളുടെ കല്യാണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഗോകുലം പാർക്കിലാണ് റിസപ്ഷൻ. ബ്രേക്ക് സമയത്ത് നമുക്കൊന്നുപോയിവന്നാലോ?'' ''ഓർമിപ്പിച്ചതു നന്നായി'' ലാൽ പറഞ്ഞു- ''അജിയോട് ഞാൻ വാക്കുപറഞ്ഞിട്ടുള്ളതാണ് കല്യാണത്തിന് എത്തിക്കൊള്ളാമെന്ന്.'' സേതു മണ്ണാർക്കാടിനോടു പറഞ്ഞ് പോകാനുള്ള വണ്ടിയൊക്കെ ഏർപ്പാടുചെയ്തു. പക്ഷേ, ഒരു ചെറിയ പ്രശ്‌നം. സിനിമയിലെ കഥാപാത്രമായ വിനീത് എൻ. പിള്ളയ്ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളേ കൈവശമുള്ളൂ. ഒരു കല്യാണമെന്നൊക്കെ പറയുമ്പോൾ ഷൂട്ടിങ്ങിന്റെ വേഷവുമിട്ടു പോകുന്നതു മോശമല്ലേ? അതും മോഹൻലാലിനെപ്പോലൊരാൾ! രാവിലെ പത്തുമണി ആയതേയുള്ളൂ. തേവരയിലെ വീട്ടിൽ ഷർട്ടും മുണ്ടും പാന്റ്‌സുമൊക്കെയുണ്ട്. ഒരാളെ അയച്ച് ലാൽ വസ്ത്രങ്ങൾ വരുത്തി. ഒരുമണിയാവുമ്പോഴേക്കും ചിത്രീകരിച്ചുകൊണ്ടിരുന്ന സീൻ പാതിയിൽ നിർത്തി ഞങ്ങൾ കല്യാണത്തിന് പുറപ്പെട്ടു. ''ഭക്ഷണത്തിന് നിൽക്കണ്ട. നിന്നാൽ വൈകും. ഇവിടെ യൂണിറ്റ് മുഴുവൻ കാത്തുനിൽക്കുകയല്ലേ?'' ലാൽ പറഞ്ഞു. ഞാൻ സമ്മതിച്ചു അടുത്തകാലത്തെങ്ങാനും എറണാകുളം സന്ദർശിച്ചിട്ടുള്ളവർക്കറിയാം, ഇവിടത്തെ ട്രാഫിക് ബ്ലോക്ക്. മെട്രോയുടെ വർക്ക് തുടങ്ങിയതിൽ പിന്നെ ടൗണിലൂടെയുള്ള യാത്ര എന്ന് ആലോചിക്കുമ്പോൾതന്നെ കരച്ചിലുവരും. ആ ബ്ലോക്കിലൂടെ തിങ്ങിഞെരുങ്ങി നീങ്ങി ഒരുവിധം കലൂർ ഗോകുലം പാർക്ക് ഹോട്ടലിനടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു- ''വാഴൂർ ജോസിനെ ഒന്നു വിളിച്ചുനോക്കാം. പള്ളിയിൽ നിന്ന് കല്യാണപ്പാർട്ടി എത്തിയോ എന്നറിഞ്ഞിട്ട് കാറിൽ നിന്നിറങ്ങിയാൽ മതിയല്ലോ.'' വിളിച്ചു. ''അജിയുടെ മകളുടെ കല്യാണം ഇന്നല്ലല്ലോ ഇരുപത്തൊൻപതാം തീയതിയല്ലേ?'' മറുപടികേട്ട് ഞാനൊന്നു ഞെട്ടി. പൊതുവെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ മടിയുള്ള മോഹൻലാൽ, ഞാനും കൂടി ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് ഇറങ്ങിപ്പുറപ്പെട്ടത്. വണ്ടി അപ്പോഴേക്കും ഗോകുലത്തിന്റെ മുമ്പിൽ എത്തിയിരുന്നു. ''എന്താ? എന്തുപറ്റി?'' എന്തോ കൺഫ്യൂഷനുണ്ടെന്ന് ലാലിന് മനസ്സിലായി. ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ഞാൻ വെറുതെ അജിയുടെ നമ്പറിലേക്കൊന്നു വിളിച്ചു. ''എവിടെയാ അജി'' ''ഓഫീസിലുണ്ട്, കോട്ടയത്ത്'' ''ഇന്നല്ലേ കല്യാണം?'' ''കല്യാണം ഇരുപത്തിഒൻപതിനാണ്.'' ''അപ്പൊ അജി രാവിലെ വിളിച്ചുപറഞ്ഞത്?'' ''മറന്നുപോകാതിരിക്കാൻ രണ്ടുദിവസം മുൻപേ ഒന്ന് ഓർമിപ്പിച്ചതാ.'' മോഹൻലാലിന്റെ മുഖത്തു ഞാൻ നോക്കിയില്ല. നോക്കാതെതന്നെ എന്റെ മുഖഭാവം ലാലിനു മനസ്സിലാകും. ''വണ്ടി തിരിച്ചോളൂ'' ഡ്രൈവറോട് ഗൗരവത്തിൽതന്നെ ഞാൻ പറഞ്ഞു. വീണ്ടും ട്രാഫിക് ബ്ലോക്കിനിടയിലൂടെ തിക്കിത്തിരക്കി ലൊക്കേഷനിലേക്കു തിരിച്ചുപോരുമ്പോഴാണ് ലാൽ ചോദിച്ചത്- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?'' എഴുതാനിരിക്കുമ്പോഴാണ് സമാനമായ ചില ഓർമകൾ മനസ്സിലേക്കെത്തുക. പണ്ട് എഡിറ്റർ ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണത്തിന് ഞാനും ശ്രീനിവാസനും കൂടി പോയി. 'അമ്പിയണ്ണൻ' എന്നു പറഞ്ഞാലേ സിനിമക്കാർക്കു മനസ്സിലാകൂ. പ്രിയദർശന്റെ അക്കാലത്തെ സ്ഥിരം എഡിറ്ററും തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ നിർമാതാവുമാണ് ഗോപാലകൃഷ്ണൻ എന്ന് പേരുള്ള അമ്പിയണ്ണൻ. ഞാനും ശ്രീനിയും അന്ന് ഏതോ സിനിമയുടെ എഴുത്തുമായി തിരുവനന്തപുരത്തുണ്ട്. എന്റെ മാരുതി 800 ആണ് അന്നത്തെ ഞങ്ങളുടെ സ്ഥിരം വാഹനം. ''മുഹൂർത്തത്തിനു മുമ്പുതന്നെ മണ്ഡപത്തിലെത്തണം. ഇല്ലെങ്കിൽ അമ്പിയണ്ണന് വിഷമമാകും.'' ശ്രീനി പറഞ്ഞു. ആകാവുന്ന വേഗത്തിൽ ഞാൻ വണ്ടിയോടിച്ചു. എനിക്കു വലിയ പരിചയമില്ലാത്ത നഗരമാണ് തിരുവനന്തപുരം. ശ്രീനിക്കാണെങ്കിൽ തലശ്ശേരിയേക്കാൾ കൂടുതലറിയുക തിരുവനന്തപുരമാണ്. കല്യാണമണ്ഡപത്തിലേക്കുള്ള വഴിയും സ്ഥലവുമൊക്കെ കാണിച്ചുതരുന്ന ജോലി ശ്രീനി ഏറ്റെടുത്തു. ''നമുക്കു ചോദിച്ചു ചോ...ദിച്ചു പോകണോ'' എന്നൊരു തമാശച്ചോദ്യം ഉന്നയിച്ചപ്പോൾ ശ്രീനി സീരിയസ്സായി. ''എനിക്കറിയാം. ആ കല്യാണമണ്ഡപത്തിൽ ഞാൻ മുൻപും പോയിട്ടുണ്ട്.'' വളഞ്ഞും തിരിഞ്ഞും വൺവേ കട്ട്‌ചെയ്തുമൊക്കെ വണ്ടി ഓടി. സ്ട്രീറ്റിന്റെ പേര് എന്റെ ഓർമയിലുണ്ടായിരുന്നു. കൃത്യമായി ആ വഴിയിലേക്കു തിരിഞ്ഞ ഉടനെ ശ്രീനി പറഞ്ഞു- ''ഇനിയെങ്കിലും വിവരമുള്ളവരെ സംശയിക്കരുത്.'' അല്പം മുന്നോട്ടുചെന്നപ്പോഴേക്കും നിരനിരയായി കിടക്കുന്ന കാറുകൾ കണ്ടു. അലങ്കരിച്ച കവാടം കണ്ടു. റോഡരികിൽ വണ്ടിനിർത്തി ഞങ്ങൾ ഇറങ്ങി. വരന്റെ വീട്ടുകാർ വന്നിറങ്ങിയ സമയമായിരിക്കണം. ആളുകളും ക്യാമറകളുമൊക്കെ ധാരാളമുണ്ടായിരുന്നു. മിന്നിത്തെളിയുന്ന ഫ്‌ളാഷ് ലൈറ്റുകൾക്കിടയിലൂടെ ആ പ്രത്യേക നടത്തവുമായി ശ്രീനിവാസനും പിന്നാലെ ഞാനും നടന്നു. കല്യാണം നടക്കുന്ന ഹാളിന്റെ മുൻവശത്തുണ്ടായിരുന്ന കസവുമുണ്ടും ജുബ്ബയുമിട്ട ഒരു കാരണവർ ഞങ്ങളെ മുൻനിരയിൽതന്നെ കൊണ്ടിരുത്തി. ഒരു താലത്തിൽ 'വെൽക്കം ഡ്രിങ്' വന്നു. ദാഹമുണ്ടായിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും അത് കുടിച്ചു. ഫോട്ടോയെടുപ്പിന്റെ ബഹളം. ശ്രീനിവാസന്റെ മുന്നിലേക്ക് ഒരുപാട് കൈകൾ ഓട്ടോഗ്രാഫ് വാങ്ങാൻ നീണ്ടുവന്നു. അല്പം അസ്വസ്ഥനായി ശ്രീനി ചോദിച്ചു- ''പ്രിയനും മോഹൻലാലുമൊക്കെ എവിടെ?'' ഞാൻ നോക്കി. പ്രിയനും ലാലും എന്നല്ല സിനിമാരംഗവുമായി ബന്ധമുള്ള ഒരാളെയും കാണാനില്ല. എന്റെ നെറ്റിയിൽ ചെറുതായി വിയർപ്പുപൊടിയാൻ തുടങ്ങി. ''സ്ഥലം മാറിയോ എന്നൊരു സംശയം'' ഞാൻ ശ്രീനിയുടെ ചെവിയിൽ മന്ത്രിച്ചു. ''അങ്ങനെ വരാൻ വഴിയില്ല.'' എന്ന് ശ്രീനിയും. നാടോടിക്കാറ്റിൽ ദുബായ് ആണെന്നും പറഞ്ഞ് മദ്രാസിലെ മൗണ്ട് റോഡിലൂടെ നടക്കുമ്പോൾ പരിഭ്രമിച്ച് 'ഇത് ദുബായ് അല്ല' എന്നു പറഞ്ഞ മോഹൻലാലിനോടും ശ്രീനി ഇതേ ഉത്തരമായിരുന്നു പറഞ്ഞത്. ''അങ്ങനെവരാൻ വഴിയില്ല'' ഞാൻ തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു- ''അമ്പിയണ്ണനൊക്കെ എവിടെ!'' ''ഓ- അവരുടെ കല്യാണം ഇതേ സ്ട്രീറ്റിന്റെ അങ്ങേയറ്റത്തുള്ള മണ്ഡപത്തിലാ. ഇത് ഡോക്ടർ വിശ്വനാഥന്റെ മകന്റെ കല്യാണമാണ്.'' ഉള്ളിൽ ഒരു പൊള്ളലേറ്റപോലെ ഞാനൊന്നു പിടഞ്ഞു. ''ശ്രീനി, പെട്ടെന്ന് സ്ഥലംവിടാം. അമ്പിയണ്ണന്റെ ചടങ്ങ് ഇവിടെയല്ല'' ശ്രീനി അപ്പോഴും സംശയിച്ചു. ''പെട്ടെന്നെങ്ങനെയാ ഇവിടുന്നെഴുന്നേൽക്കുക?'' ''അതൊന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ പോകുന്നു.'' ഞാനെഴുന്നേറ്റ് തിരിഞ്ഞുനടന്നു. ആളുകളുടെ ആരവം കേട്ടപ്പോൾ മനസ്സിലായി- ശ്രീനിയും പിറകെയുണ്ടെന്ന്. അതേ തെരുവിൽ രണ്ട് കല്യാണമണ്ഡപങ്ങളുണ്ടെന്ന് ശ്രീനി അറിഞ്ഞിരുന്നില്ല. യഥാർഥ കല്യാണമണ്ഡപത്തിനു മുന്നിലെത്തിയപ്പോൾ അവിടെ മുഴുവൻ സിനിമക്കാരും സുഹൃത്തുക്കളും. ശ്രീനി എന്റെ കൈപിടിച്ച് ചെവിയിൽ പതുക്കെ പറഞ്ഞു- ''പറ്റിയ അബദ്ധം ദയവായി ഇവിടെ പറയരുത്'' ''ഒരിക്കലുമില്ല'' എന്ന് വാക്കുകൊടുത്ത ഞാനത് അപ്പോൾതന്നെ പ്രിയദർശന്റെ കാതിലേക്ക് പകർന്നു. പിന്നെ വിതരണം പ്രിയൻ ഏറ്റെടുത്തു. നിമിഷനേരംകൊണ്ട് അതവിടെ സൂപ്പർഹിറ്റായി. പക്ഷേ, ഇതിനെക്കാൾ ദയനീയമായ അനുഭവമാണ് വി.കെ. ശ്രീരാമനും പി.ടി. കുഞ്ഞുമുഹമ്മദിനും ഉണ്ടായത്. 'തന്മാത്ര' എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തിനടുത്ത് ഒളപ്പമണ്ണ മനയിൽ നടക്കുന്നു. ശ്രീരാമനും പി.ടി.ക്കും മോഹൻലാലിനെയൊന്ന് കാണണം. ലൊക്കേഷനിലേക്കുള്ള വഴി കൃത്യമായി അറിയില്ല. എങ്കിലും നാട്ടിൻപുറമല്ലേ, കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഷൂട്ടിങ് നടക്കുന്നതിന്റെ ചുറ്റുപാടും ആളുകൾ തിങ്ങിക്കൂടിയിരിക്കും. കാറുകളും യൂണിറ്റ് വണ്ടികളുമുണ്ടാവും. ആ വിശ്വാസത്തിൽ ആരോടും ചോദിക്കാതെതന്നെ ശ്രീരാമൻ കാറോടിച്ചു. വിചാരിച്ചതുപോലെതന്നെ ആൾക്കൂട്ടം ദൂരെനിന്നേ കണ്ടു. നിറയെ വണ്ടികളും. ഒരു ടെമ്പോ വാനിനരികിൽ കാർ നിർത്തി രണ്ടുപേരും ഇറങ്ങി. റോഡരികിൽനിന്ന് വളരെ താഴോട്ടുള്ള പടികൾ ഇറങ്ങിവേണം ഷൂട്ടിങ് നടക്കുന്ന വീട്ടിലെത്താൻ എന്ന് കേട്ടിരുന്നു. നോക്കുമ്പോൾ, സത്യമാണ്. വിചാരിച്ചതിലും താഴെയാണ് വീട്. രണ്ടുപേരും ഇറങ്ങിനടന്ന് മുറ്റത്തെത്തിയപ്പോൾ ചെറിയൊരു ശങ്ക. കൂടിനിൽക്കുന്നവരിൽ അധികംപേരും മുസ്‌ലിം സമുദായത്തിൽപെട്ടവർ. അങ്ങനെവല്ല രംഗവുമാകും ചിത്രീകരിക്കുന്നതെന്ന് സമാധാനിച്ചു. ഷൂട്ടിങ്ങിന്റെ പതിവ് കോലാഹലങ്ങളൊന്നും കേൾക്കാനില്ല. മൊത്തത്തിൽ ഒരു മൂകത. ''ബ്ലെസ്സിയുടെ സെറ്റ് എന്നു പറഞ്ഞാലിങ്ങനെയാ. ഒരു ബഹളവുമുണ്ടാവില്ല.'' ശ്രീരാമൻ പറഞ്ഞു. അകത്തേക്ക് കയറുംമുൻപേ പി.ടി. കുഞ്ഞുമുഹമ്മദിനെ അറിയാവുന്ന ഒരു ഹാജിയാരെത്തി. ''എം.എൽ.എ. അല്ലാത്തപ്പോഴും മരണത്തിനൊക്കെ പോകും അല്ലേ?'' പി.ടി. ഒന്ന് ചിന്താവിഷ്ടനായി. അതൊരു സ്ഥായീഭാവമായതുകൊണ്ട് മറ്റാരും ശ്രദ്ധിച്ചുമില്ല. ഹാജിയാർ സങ്കടത്തോടെ പഞ്ഞു- ''വലിയ മനുഷ്യനായിരുന്നു ബീരാൻകുട്ടിക്ക. മരക്കച്ചോടക്കാരനായാലെന്താ, കലയോടും കലാകാരന്മാരോടും വല്യ സ്‌നേഹമായിരുന്നു. ഇന്നാട്ടില് നാടകക്കാരോ മിമിക്രിക്കാരോ ആരുവന്നാലും ഊണ് ബീരാൻകുട്ടിക്കയുടെ വകയായിരുന്നു...'' ആ കച്ചിത്തുരുമ്പിൽ പിടിച്ച് ശ്രീരാമൻ കയറി- ''വാസ്തവം. കഴിഞ്ഞതവണ കണ്ടപ്പോഴും പറഞ്ഞതാ- ശ്രീരാമാ, ഇതുവഴി വരുമ്പൊ വീട്ടിലൊന്ന് കേറണം എന്ന്'' ''മയ്യത്ത് കാണണ്ടേ?'' ''വേണ്ട'' ശ്രീരാമൻ പറഞ്ഞു- ''ജീവനുള്ള ബീരാൻകുട്ടിക്കയുടെ മുഖം മനസ്സിലുണ്ട്. അതു മതി.'' പിന്നെ ഒരുനിമിഷംപോലും നിൽക്കാതെ കണ്ണും മുഖവും കൈകൊണ്ടൊന്നു തുടച്ച് ശ്രീരാമൻ നടന്നു. പിറകെ പി.ടി.യും. പാർക്ക്‌ചെയ്ത കാറിനടുത്ത് കണ്ട ടെമ്പോവാൻ ആംബുലൻസായിരുന്നുവെന്ന് അപ്പോഴാണ് ശ്രദ്ധിക്കുന്നത്. കാറിൽ കയറാൻതുടങ്ങുമ്പോൾ അടുത്ത് കണ്ട ഒരു പയ്യനോട് അലസമായി ശ്രീരാമൻ ചോദിച്ചു- ''ഇവിടെ എവിടെയോ ഒരു മന ഇല്ലേ മോനേ?'' ''ഉവ്വ്. ഒളപ്പമണ്ണ മന. അത് ഈ ഇടവഴിയുടെ അറ്റത്താ. പക്ഷേ, അകത്ത് കേറാൻ പറ്റൂലാ. അവിടെ സിനിമാഷൂട്ടിങ്ങാ.'' ശ്രീരാമൻ കാർ പതുക്കെ സ്റ്റാർട്ടാക്കി. പിന്നെ പെട്ടെന്ന് ഇടവഴിയുടെ അറ്റം ലക്ഷ്യമാക്കി ആക്‌സിലറേറ്റർ ചവിട്ടി.


അന്തിപ്പൊൻവെട്ടം | ചിത്രഭൂമി (ജനുവരി 2015, മാതൃഭൂമി)'

Friday, March 27, 2015

Thursday, March 26, 2015