Thursday, July 10, 2014

ഒരു ഇന്ത്യന്‍ കല്യാണക്കഥ - Mathrubhumi Article - Sathyan Anthikkad talks about his son's marriage





'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ ഷൂട്ടിങ്ങിനിടയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതുവിന്റെ മൊബൈലിലേക്ക് എന്നെ അന്വേഷിച്ച് ഒരു ഫോണ്‍കോള്‍. എന്റെയൊരു സുഹൃത്താണ്. ലൊക്കേഷനിലേക്ക് ഞാന്‍ ഫോണ്‍ കൊണ്ടുപോകാറില്ലാത്തതുകൊണ്ടാണ് അയാള്‍ സേതുവിനെ വിളിച്ചത്.

കാര്യമിതാണ്-''മകന്റെ വിവാഹം. നിര്‍ബന്ധമായും വരണം.''
സിനിമയുടെ തിരക്കുകളായതുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച എന്നെ വളരെ പെട്ടെന്നുതന്നെ സുഹൃത്ത് തളച്ചിട്ടു.
''ക്രിസ്മസ്സിനല്ലേ സിനിമയുടെ റിലീസ്?''
''അതെ.''
''കല്യാണം ജനവരിയിലാണ്. സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ചകള്‍ക്കുശേഷം.''
ഞാന്‍ അടിയറവുപറഞ്ഞു- ''വന്നോളാം.''
തിരുവനന്തപുരത്താണ് കല്യാണം.
രാവിലെ പത്തിന് സുബ്രഹ്മണ്യം ഹാളില്‍വെച്ച്. തൃശ്ശൂരില്‍നിന്ന് രാത്രിവണ്ടിക്ക് കയറിയാല്‍ രാവിലെ എത്താം. പക്ഷേ, മറ്റൊരു പ്രശ്‌നം. തലേദിവസം എന്റെയൊരു ബന്ധുവിന്റെ കല്യാണത്തിന്റെ റിസെപ്ഷനുണ്ട്. അത് രാത്രിയിലാണ്. പങ്കെടുത്തില്ലെങ്കില്‍ കുടുംബപ്രശ്‌നങ്ങളുണ്ടാകും.

തിരുവനന്തപുരത്തെ സുഹൃത്ത് ഇടയ്ക്കിടെ വിളിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു-
''മറക്കരുത്. ഞങ്ങള്‍ക്ക് ആകെ ഒരു മകനേ ഉള്ളൂ. അവന്റെ കല്യാണത്തെക്കാള്‍ വലിയ ഒരാഘോഷം ഈ ജീവിതത്തില്‍ ഇല്ല.''
ഞാന്‍ ഒരു ടാക്‌സി ഏര്‍പ്പാട്‌ചെയ്തു. തൃശ്ശൂരിലെ കല്യാണത്തില്‍ പങ്കെടുത്ത് രാത്രിതന്നെ വിട്ടാല്‍ പുലര്‍ച്ചയ്ക്ക് തിരുവനന്തപുരത്തെത്താം. എത്തി.

ഹോട്ടലില്‍ മുറിയെടുത്ത് ഒരു പൂച്ചയുറക്കം. പിന്നെ തണുത്ത വെള്ളത്തില്‍ കുളിച്ച് ഉറക്കം കുടഞ്ഞുകളഞ്ഞു. നേരെ സുബ്രഹ്മണ്യം ഹാളിലേക്ക്.

സ്‌ക്രിപ്‌റ്റെല്ലാം ഓക്കെ. പക്ഷേ, ആ റോഡ് മുഴുവന്‍ ബ്ലോക്ക്. എല്ലാം കല്യാണത്തിന് വരുന്നവരുടെ വണ്ടികളാണ്. നിരങ്ങിനിരങ്ങി ഗേറ്റിനടുത്തെത്തുമ്പോഴേക്കും പാര്‍ക്കിങ് ഫുള്ളായിക്കഴിഞ്ഞു.

''വിളിക്കുമ്പോള്‍ വന്നാല്‍ മതി. എവിടെയെങ്കിലും പോയി പാര്‍ക്ക് ചെയ്‌തോ.'' എന്ന് ഡ്രൈവറോട് പറഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു.
അതിശയോക്തിയല്ല. സൂചികുത്താന്‍ ഇടമില്ലാത്തവിധം ആളുകള്‍ നിറഞ്ഞിരിക്കുന്നു. തിരക്കിനിടയില്‍ പെട്ടതുകൊണ്ട് പുറത്തേക്കിറങ്ങാനും പറ്റുന്നില്ല. ഇടയ്ക്ക് ചില മന്ത്രിമാര്‍ വരുമ്പോള്‍ പോലീസ് വഴി 'വെട്ടിത്തെളിച്ച്' മുന്നോട്ട് കൊണ്ടുപോകുന്നു. ആ വെട്ടിത്തെളിക്കലില്‍ ചിലര്‍ വീഴുന്നു, മറിയുന്നു, ശപിക്കുന്നു-
മൊത്തത്തില്‍ വല്ലാത്ത ഒരവസ്ഥ!
ഇതിനിടയില്‍ വേദിയിലെ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് വെച്ചിരിക്കുന്ന വലിയ സ്‌ക്രീനില്‍ കല്യാണം കണ്ടു. വിയര്‍ത്തൊലിച്ച് ഞാന്‍ പുറത്തുകടന്നു. വഴിയില്‍ കണ്ട ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് അന്തിക്കാട്ടേക്ക് മടങ്ങുമ്പോള്‍ മനസ്സിലോര്‍ത്തു; എന്റെ മക്കളുടെ കല്യാണത്തിനെങ്കിലും ആരെയും 'വിളിച്ച്' ബുദ്ധിമുട്ടിക്കരുത്.

കല്യാണം നമ്മുടെ നാട്ടില്‍ ആര്‍ഭാടമുള്ള ഒരു ആഘോഷമായി മാറിയിരിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടവരുടെതാണെങ്കില്‍ പറയാനുമില്ല. ചില കല്യാണങ്ങള്‍ 'സ്റ്റാര്‍ നൈറ്റ്'തന്നെയായിരിക്കും. പ്രശസ്തരായ എത്രപേര്‍ വന്നു എന്നതിലാണ് കല്യാണത്തിന്റെ മഹത്ത്വം.
നടീനടന്മാരുടെ വരവ് ഒരുവശത്ത്. അവരെ കാണാനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമുള്ളവരുടെ തിരക്ക് വേറെ. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും ഒരുമിച്ചു കൂടിയാല്‍ സിനിമാപ്രതിസന്ധി മുതല്‍ ബി. ഉണ്ണികൃഷ്ണന്‍വരെയുള്ള വിഷയങ്ങളെപ്പറ്റി ചര്‍ച്ച. ചാന്‍സ് ചോദിക്കല്‍, സിനിമയില്‍ ഉള്‍പ്പെടുത്താത്തവരുടെ പരിഭവം-ചുരുക്കത്തില്‍ വരനും വധുവും രണ്ട് അപ്രസക്തരായ കഥാപാത്രങ്ങള്‍!

കല്യാണച്ചടങ്ങുകള്‍ തുടങ്ങിയാലോ-ഒരുപറ്റം ക്യാമറക്കാര്‍ ഓഡിയന്‍സിനു മുന്നില്‍ കയറി പുറംതിരിഞ്ഞുനില്‍ക്കും. മുഹൂര്‍ത്തസമയത്ത് അവരുടെ പിന്‍ഭാഗം കാണാനാവും നമുക്ക് വിധി. കെട്ടിമേളം ഉയരുമ്പോള്‍ താലികെട്ട് കഴിഞ്ഞെന്നു മനസ്സിലാക്കാം. പിന്നെ ബാംഗ്ലൂര്‍ ഡെയ്‌സിന് ടിക്കറ്റ് വാങ്ങാന്‍ നില്‍ക്കുന്നതുപോലെ നീണ്ട ക്യൂ. വരനെയും വധുവിനെയും ആശീര്‍വദിക്കാനാണ്. അതു കഴിഞ്ഞാല്‍ ആഹാരം കണ്ടിട്ടില്ലാത്തവരുടെ ആര്‍ത്തിയോടെ ഡൈനിങ് ഹാളിലേക്ക് ഓട്ടം. ആലോചിച്ചാല്‍ തമാശ
തന്നെ.

വിഷയത്തിലേക്കു വരാം. മെയ് 16-ന് എന്റെ മൂത്തപുത്രന്‍ അരുണിന്റെ കല്യാണം നിശ്ചയിച്ചു. അമ്പിളിയാണ് വധു. ഞങ്ങള്‍ തീയതി നിശ്ചയിച്ചതിനുശേഷമാണ് ലോക്‌സഭാഫലം പ്രഖ്യാപിക്കാന്‍ ആ ദിവസംതന്നെ മതിയെന്ന് തിരഞ്ഞെടുപ്പുകമ്മീഷന്‍ തീരുമാനിച്ചത്. നിമ്മിയോട് ഞാന്‍ ആദ്യമേ പറഞ്ഞു-''നമുക്ക് കല്യാണ മാമാങ്കം വേണ്ട.'' നിമ്മിക്ക് നൂറുവട്ടവും മക്കള്‍ക്ക് ആയിരംവട്ടവും സമ്മതം. പെണ്‍കുട്ടിയുടെ അച്ഛന്‍ സതീഷിന് അതിലേറെ സമ്മതം.
വീടിന്റെ മുന്‍പിലെ വിശാലമായ പറമ്പില്‍ പന്തലിടാന്‍ തീരുമാനിച്ചു. റിസെപ്ഷനും വിരുന്നുമൊക്കെ വീട്ടുമുറ്റത്തുവെച്ചാകട്ടെ. അതല്ലേ പഴയ സമ്പ്രദായം.
ചില സുഹൃത്തുക്കള്‍ പറഞ്ഞു- ''അബദ്ധമാകും. സത്യന്റെ മകന്റെ കല്യാണമെന്നു പറയുമ്പോള്‍ തീര്‍ച്ചയായും മുന്‍നിര താരങ്ങളൊക്കെയെത്തും. അവരെ കാണാനുള്ളവരുടെ തിരക്കുംകൂടിയായാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. കുറച്ച് കാശ് ചെലവാക്കിയാലെന്താ? ലുലു കണ്‍വെന്‍ഷന്‍ സെന്ററോ മറ്റോ നോക്കുന്നതല്ലേ നല്ലത്?''
''അതിനുള്ള പോംവഴിയൊക്കെ കണ്ടിട്ടുണ്ടെ''ന്നു മാത്രം ഞാന്‍ മറുപടി പറഞ്ഞു.

സംഗതി സത്യമായിരുന്നു. വളരെ അടുത്ത ബന്ധുക്കളേയും സിനിമയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത പത്തോ ഇരുപതോ സുഹൃത്തുക്കളേയും മാത്രമേ ക്ഷണിക്കാന്‍ ഉദ്ദേശിച്ചുള്ളൂ. ഞാന്‍ പ്രാധാന്യം നല്‍കിയത് എന്റെ നാട്ടുകാര്‍ക്കാണ്. എന്റെ വീടിന്റെ പരിസരത്തുള്ള കുടുംബങ്ങള്‍. അന്തിക്കാട്ടെ ചെത്തുകാരായ സുഹൃത്തുക്കള്‍, പാന്തോട് സെന്ററില്‍ സ്ഥിരമായി ഓട്ടോറിക്ഷ ഇടുന്നവര്‍, നാട്ടില്‍ നിത്യവും കണ്ടുമുട്ടുന്നവര്‍, അങ്ങനെ തികച്ചും സ്വകാര്യമായ സൗഹൃദങ്ങള്‍.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നേരിട്ടു കണ്ടു പറഞ്ഞു- ''നിങ്ങളൊക്കെ വരുന്നത് സന്തോഷംതന്നെ. പക്ഷേ, അതിനുവേണ്ടി ബുദ്ധിമുട്ടി വരേണ്ട. അനുഗ്രഹിച്ചാല്‍ മതി.''
ജയറാമിനെയും ദിലീപിനെയും ജയസൂര്യയെയും വിളിച്ചുപറഞ്ഞു- ''കല്യാണമുണ്ടെന്ന് അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. പിന്നീട് സൗകര്യമുള്ള ഏതെങ്കിലുമൊരു ദിവസം ഇതുവഴി വന്നാലും മതി.''
ഫഹദ് ഫാസില്‍, നിവിന്‍പോളി, അമലാപോള്‍, അങ്ങനെ പഴയതും പുതിയതുമായ എല്ലാവരേയും വിളിച്ചുപറഞ്ഞു- ''അവരവരുടെ ജോലിയില്‍ ശ്രദ്ധിക്കുക. എന്റെ മകന്റെ കല്യാണത്തിന്റെ പേരില്‍ ഒരു ഷൂട്ടിങ്ങും മുടങ്ങരുത്. ഒരാളും കഷ്ടപ്പെട്ട് യാത്രചെയ്യരുത്. ഇതിന്റെ പേരില്‍ ഒരു പരിഭവവും എനിക്കുണ്ടാവില്ല.''
പലര്‍ക്കും അതൊരു ആശ്വാസമാകുന്നത് ഞാനറിഞ്ഞു.

ലളിതച്ചേച്ചി, ശ്രീനിവാസന്‍, നെടുമുടി, ഇന്നസെന്റ്, മാമുക്കോയ- ഇവരൊക്കെ എന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം പോലുമില്ല.

വാഴൂര്‍ ജോസിനെ കണ്ടപ്പോള്‍ പറഞ്ഞു- 'ജോസ് ഉള്‍പ്പെടെ ഒരു പത്രക്കാരേയും വിളിക്കുന്നില്ല. എന്റെ മകന്‍ ഒരു സിനിമാക്കാരനല്ല. അതുകൊണ്ടുതന്നെ ഒരു വാര്‍ത്താപ്രാധാന്യവും ഈ കല്യാണത്തിനില്ല. മാതൃഭൂമിയിലെ ഫോട്ടോഗ്രാഫര്‍ പ്രവീണ്‍കുമാറിനോടു പറഞ്ഞു-
''നിന്നെ ക്ഷണിക്കുന്നു. പക്ഷേ, ക്യാമറ കൊണ്ടുവരരുത്.''
ക്ഷണക്കത്തുകള്‍ ചിലര്‍ക്ക് നേരിട്ടു കൊടുക്കാന്‍ പോയിവന്ന അഖില്‍ ചിരിയോടുചിരി. ''ആര്‍ക്കും പെണ്‍കുട്ടി എവിടുന്നാണ് എന്നൊന്നും അറിയേണ്ട അച്ഛാ. ആരൊക്കെ വരും എന്നാ ചോദിക്കുന്നത്. ആരും വരില്ല എന്നു പറഞ്ഞിട്ടും വിശ്വസിക്കുന്നതേയില്ല.''
കല്യാണക്കത്തിന് വന്‍ ഡിമാന്റ്. ചിലര്‍ മടിയില്ലാതെ ചോദിച്ചു-
''എനിക്ക് അഞ്ചാറ് കാര്‍ഡുകള്‍ കൂടി വേണം കേട്ടോ.''
എല്ലാവരും ഒരു സ്റ്റാര്‍നൈറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
എന്റെ ഒരു അടുത്ത ബന്ധുവിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു അകന്ന ബന്ധുവിന്റെ അളിയനെക്കൂടി ക്ഷണിക്കണമെന്നു പറഞ്ഞു. ഞാനയാളെ അറിയില്ല.

''സാരമില്ല. സത്യന്‍ വിളിക്കുമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നമ്പര്‍ തരാം.''
നമ്പര്‍ കിട്ടിയപ്പോഴാണ് മനസ്സിലാകുന്നത്, അളിയന്‍ അബുദാബിയിലാണ്. ബന്ധുവിനെ പിണക്കേണ്ട എന്നു കരുതി ഞാന്‍ വിളിച്ചു.
''മകന്റെ കല്യാണമാണ്. അതിനുവേണ്ടി മാത്രമായി അബുദാബിയില്‍നിന്ന് വരണമെന്ന് ഞാന്‍ പറയില്ല. വന്നാല്‍ സന്തോഷം.''
''സാരമില്ല. ഒരു സംവിധായകന്റെ ക്ഷണമല്ലേ? ഞാന്‍ വരും. പിറ്റേന്നുതന്നെ എനിക്കിവിടെ തിരിച്ചത്തണം. ബിസിനസ്സിന്റെ തിരക്കാണ്.''
''അയ്യോ, അങ്ങനെ ബുദ്ധിമുട്ടി വരരുത്.''

''ബുദ്ധിമുട്ടൊന്നും പ്രശ്‌നമല്ലെന്നേ. നമ്മള്‍ അധ്വാനിക്കുന്നതും പണമുണ്ടാക്കുന്നതും നമ്മുടെ സൗകര്യത്തിനുവേണ്ടിയല്ലേ? പിന്നെ, ആരൊക്കെ എത്തും കല്യാണത്തിന്? മമ്മൂട്ടിയും മോഹന്‍ലാലും എന്തായാലും ഉണ്ടാവുമല്ലോ അല്ലേ? ഉര്‍വ്വശിയെയും മീരാജാസ്മിനെയും ദൂരെനിന്നേ കണ്ടിട്ടുള്ളൂ. മഞ്ജുവാരിയരുടെ വീട് അവിടെ അടുത്തുതന്നെയല്ലേ?''
അസുഖം എനിക്ക് മനസ്സിലായി.

''അവര്‍ ആരുമുണ്ടാവില്ല. സിനിമാക്കാരെ ആരെയും ക്ഷണിക്കുന്നില്ല. നമ്മള്‍ ബന്ധുക്കളും നാട്ടുകാരും മാത്രം.''
അപ്പുറത്ത് ഫോണ്‍ കട്ടായി. അദ്ദേഹത്തിന് യാത്രാച്ചെലവ് ലാഭം. കല്യാണം ഒരു ബഹളവുമില്ലാതെ ശാന്തമായി നടന്നു. ചടങ്ങുകള്‍ എല്ലാവരും ഭംഗിയായി കണ്ടു. അവിടേയും ഒരാള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. സാക്ഷാല്‍ മമ്മൂട്ടി.
താലികെട്ട് കഴിഞ്ഞ് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ വേദിയില്‍ ചിരിച്ചുകൊണ്ട് മമ്മൂട്ടി.
''സത്യന്‍ എന്നോട് കല്യാണത്തിന് വരണ്ട എന്നു പറഞ്ഞപ്പോള്‍തന്നെ വരണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.'' മമ്മൂട്ടി എന്ന നടനെയല്ല; മമ്മൂട്ടി എന്ന മനുഷ്യനെയായിരുന്നു ഞാനവിടെ കണ്ടത്.

വേണ്ടതുപോലെ ക്ഷണിക്കാത്തതുകൊണ്ട് പല സുഹൃത്തുക്കള്‍ക്കും പരിഭവമുണ്ട്. അതുകൊണ്ടുമാത്രം വരാതിരുന്നവരുണ്ട്. ഞാന്‍ അവരെ ബുദ്ധിമുട്ടിച്ചില്ലല്ലോ എന്ന സമാധാനമാണെനിക്ക്.
അപ്പോഴും കല്യാണലാളിത്യത്തിന്റെ കാര്യത്തില്‍ ആഷിക് അബുവിന്റെയും റിമാ കല്ലിങ്കലിന്റെയുമൊക്കെ എത്രയോ പിന്നിലാണ് ഞാന്‍! കാക്കനാട്ടെ റജിസ്ട്രാര്‍ ഓഫീസില്‍ ചെന്ന് ഒപ്പുവെച്ച് അവര്‍ നേരെ പോയത്, കല്യാണച്ചെലവിനുവേണ്ടി മാറ്റിവെച്ച തുക മുഴുവന്‍ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനാണ്.

എന്റെ സഹസംവിധായികയായി പ്രവര്‍ത്തിക്കുന്ന ശ്രീബാലയും മികച്ച മാതൃകയാണ് കാണിച്ചത്. ഞാനടക്കം ഒരു സിനിമാപ്രവര്‍ത്തകരേയും കല്യാണത്തിന് ക്ഷണിക്കുന്നില്ലെന്ന് മുന്‍കൂട്ടി പറഞ്ഞു. ബാലയുടെയും ജിമ്മിയുടെയും അച്ഛനമ്മമാരും സഹോദരങ്ങളുമടക്കം ആകെ മുപ്പതോ മുപ്പത്തഞ്ചോ പേര്‍. അത്രയൊക്കെ മതി ഒരു ജീവിതം തുടങ്ങാന്‍.

എന്നുവെച്ച് എല്ലാവരും ഈ വഴിയിലൂടെ സഞ്ചരിക്കണമെന്നല്ല പറയുന്നത്. കല്യാണം ഓരോരുത്തരുടേയും സ്വകാര്യ സന്തോഷമാണ്. ഒന്ന് മറ്റൊന്നിനേക്കാള്‍ മോശമെന്നോ മികച്ചതെന്നോ ഇല്ല. എല്ലാവരും ആഗ്രഹിക്കുന്നത് മനസ്സുനിറഞ്ഞ സന്തോഷം മാത്രം.  

Courtesy - Mathrubhumi Online