Sathyan Anthikkad writes about "MP" Innocent - An article from Mathrubhumi..
Courtesy - Mathrubhumi
ഡല്‍ഹിയില്‍ നിന്ന് ഇന്നസെന്റ് വിളിച്ചു. ''അങ്ങനെ പുതിയ അധ്യായം തുടങ്ങി.''
ടി.വിയില്‍ വാര്‍ത്തയും ദൃശ്യങ്ങളും ഞാന്‍ കണ്ടിരുന്നു. പാര്‍ലമെന്റ് ഹാളിലെ മുന്‍നിരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. തൊട്ടടുത്ത് എല്‍.കെ. അദ്വാനി. ഏതാനും സീറ്റുകള്‍ക്കു പിറകില്‍ സ്വര്‍ണനിറമുള്ള പതിവ് ജുബ്ബയുമായി ഇന്നസെന്റ്. ഇന്നസെന്റിന്റെ പിന്നിലെ നിരയില്‍ രാഹുല്‍ഗാന്ധിയും ശശി തരൂരും...
എത്ര ശ്രമിച്ചിട്ടും മനസ്സിലെ അദ്ഭുതം മായുന്നില്ല. ജവാഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും എ.കെ.ജിയും ഇന്ദിരാഗാന്ധിയുമൊക്കെ ഇരുന്ന അതേ സഭയില്‍ നമ്മുടെ ഇന്നസെന്റ്! പറഞ്ഞതു പോലെ ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. അതിശയിപ്പിച്ച അധ്യായങ്ങള്‍ പലതുമുണ്ട് ഇന്നസെന്റിന്റെ ജീവിതത്തില്‍.
സ്വയം ഒരു പാഠപുസ്തകമാണ് ഇന്നസെന്റ്്. ഒരിക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു പുസ്തകവില്പനക്കാരന്‍ പയ്യന്‍ കുറെ പുസ്തകങ്ങളുമായി കടന്നുവന്നു. മലയാളത്തിലെ അറിയപ്പെടുന്ന എല്ലാ പ്രസാധകരുടെയും പുസ്തകങ്ങളുണ്ട്. ഞാനും നെടുമുടി വേണുവും കുറച്ചു പുസ്തകങ്ങള്‍ വാങ്ങി. പയ്യന്‍ ഇന്നസെന്റിനടുത്തെത്തിയപ്പോള്‍ ഇന്നസെന്റ് പറഞ്ഞു ''വേണ്ട മോനേ. അവര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടാണ് മറ്റുള്ളവര്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കുന്നത്. എനിക്കു വായിക്കാന്‍ തോന്നിയാല്‍ ഞാന്‍ തന്നെ എഴുതും; ഞാന്‍ തന്നെ വായിക്കും'' പയ്യന്‍ ചിരിച്ചു.
പക്ഷേ, അതിലൊരു സത്യമുണ്ടെന്ന് എനിക്കു തോന്നി. അറുപത്തഞ്ചു കൊല്ലത്തെ ജീവിതാനുഭവങ്ങള്‍ മുഴുവന്‍ മനസ്സില്‍ പതിച്ചുവെച്ചിട്ടുള്ള വ്യക്തിയാണ് ഇന്നസെന്റ്. അതില്‍ തമാശയുണ്ട്, സെന്റിമെന്റ്‌സുണ്ട്. സസ്‌പെന്‍സുണ്ട്, കണ്ണീരുണ്ട്... അതിനപ്പുറത്തുള്ളതൊന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഉണ്ടാകണമെന്നില്ല.
ഒരു കുട്ടിയുടെ കൗതുകത്തോടെ ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്ന ആളാണ് ഇന്നസെന്റ്. പണ്ട് എട്ടാം ക്ലാസില്‍ പഠിപ്പിച്ച പദ്യമൊന്ന് ചൊല്ലാന്‍ പറയൂ - ഒരു വരിപോലും തെറ്റാതെ ഇന്നസെന്റ് ഇപ്പോഴും ചൊല്ലും. അശോകചക്രവര്‍ത്തിയുടെ ഭരണപരിഷ്‌കാരങ്ങള്‍ ഇന്നലെ പഠിച്ചതുപോലെ പറയും. ഇതൊക്കെ നമ്മളും പഠിച്ചതാണ്. പക്ഷേ, എല്ലാം മറന്നു പോയിരിക്കുന്നു. പഠിച്ചതൊന്നും ഇന്നസെന്റ് മറക്കാറില്ല, പഠിക്കാന്‍ മടിയുള്ള സിനിമാ സംഭാഷണങ്ങളൊഴികെ. അതു പലപ്പോഴും മറക്കും.
മഴവില്‍ക്കാവടി എന്ന സിനിമയില്‍ കിഴുക്കാം തൊടിയില്‍ ശങ്കരന്‍കുട്ടി മേനോന്‍ എന്ന അത്യുഗ്രന്‍ കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിച്ചത്. രഘുനാഥ് പലേരി അതിമനോഹരമായ സംഭാഷണങ്ങള്‍ എഴുതിയിട്ടുണ്ട്. ഗംഭീരമായി ഇന്നസെന്റ് അഭിനയിക്കുകയും ചെയ്തു. പക്ഷേ, ഡബ്ബ് ചെയ്യാന്‍ മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സംഭാഷണങ്ങളൊക്കെ തെറ്റിപ്പോകുന്നു. ടേക്കുകള്‍ പത്തും പതിനഞ്ചുമായപ്പോള്‍ ഞാന്‍ ബ്രേക്ക് പറഞ്ഞ് തിയേറ്ററിനുള്ളിലേക്കു കടന്നുചെന്നു. ഹോംവര്‍ക്ക് ചെയ്യാത്ത ഒരു വിദ്യാര്‍ഥിയെ പ്പോലെ തികച്ചും ഇന്നസെന്റായി നില്‍ക്കുകയാണ് ഇന്നസെന്റ്. ഞാന്‍ പറഞ്ഞു.
''നിങ്ങളെ മൂകാംബികയിലേക്കൊന്നു കൊണ്ടുപോകാമെന്ന് ഞാന്‍ നേര്‍ന്നിരിക്കയാണ്.''
''എന്തിന്?''
''വളരെ മനോഹരമായി നിങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അതിനനുസരിച്ച് ഡബ്ബ് ചെയ്യാന്‍ പറ്റുന്നില്ല. മൂകാംബിക അമ്മ വാഗ്‌ദേവിയാണ്. ദേവിയുടെ അനുഗ്രഹം കിട്ടുമോ എന്നൊന്ന് നോക്കാം.''
ഇന്നസെന്റ് തിരിച്ച് എന്നോടൊരു ചോദ്യം.
''നിങ്ങളോടാരാ പറഞ്ഞത് ഇത്രയും വലിയ റോള്‍ എനിക്കു തരാന്‍? തിലകനെയോ ഭരത് ഗോപിയെയോ വിളിച്ച് അഭിനയിപ്പിച്ചാല്‍ പോരായിരുന്നോ.
നായകനൊപ്പമുള്ള വേഷം തന്ന് പീഡിപ്പിച്ചതും പോര, പിന്നെയും മെക്കിട്ട് കേറുന്നോ?
ഞാന്‍ ചിരിച്ചു പോയി.
ആ ചിത്രത്തിലെ അഭിനയത്തിനാണ് ഇന്നസെന്റിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.
ലോക സിനിമയിലെ ക്ലാസിക് പ്രകടനങ്ങളുടെ നിരയിലേക്ക് എടുത്തു വെക്കാവുന്ന രംഗമാണ് അഴകിയരാവണനിലെ സിനിമാ ഷൂട്ടിങ് സീന്‍. ക്യാമറയ്ക്കു മുന്നില്‍ ഇന്‍സ്‌പെക്ടര്‍ വേഷം കെട്ടി ''ഞാന്‍ റെഡി, ഞാന്‍ റെഡി''എന്ന് പറഞ്ഞുനില്‍ക്കുന്ന കരയോഗം പ്രസിഡണ്ടിനെ ജീവിതത്തില്‍ നമുക്കു മറക്കാന്‍ പറ്റുമോ?
'ചന്ദ്രലേഖ' എന്ന സിനിമയില്‍ സുകന്യയ്ക്ക് ബോധം തെളിയുന്ന രംഗത്ത് ഇന്നസെന്റിന്റെ ക്ലോസപ്പ് ഷോട്ടുണ്ട്. എല്ലാവരും സുകന്യ കണ്ണു തുറക്കുന്നതും നോക്കി നില്‍ക്കുകയാണ്. കണ്ണ് തുറന്ന് മോഹന്‍ലാലിനെ നോക്കി 'ഇത് ആല്‍ബിയല്ല'എന്നവള്‍ പറഞ്ഞാല്‍ പിന്നെ ഇന്നസെന്റിന്റെ കഥാപാത്രം ജീവിച്ചിരുന്നിട്ടു കാര്യമില്ല. കാത്തിരിപ്പിനൊടുവില്‍ ഇന്നസെന്റിനെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇത് ആല്‍ബിയാണ് എന്ന് സുകന്യ പറയുന്നു. പ്രിയദര്‍ശന്‍ ഷോട്ട് ഉടനെ കട്ട് ചെയ്യുന്നത് ആശ്വസിക്കുന്ന മോഹന്‍ലാലിന്റെ മുഖത്തേക്കല്ല; ഇന്നസെന്റിലേക്കാണ്.
മുഖത്തിന്റെ ഒരു ഭാഗം കൊണ്ട് കരയുകയും മറുഭാഗം കൊണ്ടു ചിരിക്കുകയും ചെയ്യുന്ന അദ്ഭുതകരമായ ആ ഒരു ഭാവം വേറൊരു നടന്ന് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.
തിരഞ്ഞെടുപ്പു കാലത്ത് ''ഇന്നസെന്റിന് കിലുക്കത്തിലെ കിട്ടുണ്ണിയുടെ സ്ഥിതിവരും'' എന്ന് ചിലര്‍ കളിയാക്കിയപ്പോള്‍ ഇന്നസെന്റിന് ചെറിയൊരു വിഷമമുണ്ടായി.
''കിട്ടുണ്ണിയെ അവരൊക്കെ ഓര്‍ത്തിരിക്കുന്നത് ഞാനാഭാഗം നന്നായി അഭിനയിച്ചതുകൊണ്ടല്ലേ? അഭിനയം എന്റെ തൊഴിലല്ലേ? ആ തൊഴിലെടുത്തല്ലേ ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്?'' ഞാന്‍ പറഞ്ഞു.
''അത് ചാലക്കുടിക്കാര്‍ മനസ്സിലാക്കിയാല്‍ പോരെ?''
ചാലക്കുടിക്കാര്‍ക്ക് അത് മനസ്സിലായി. ജീവിക്കാന്‍ വേണ്ടി തീപ്പെട്ടി കച്ചവടം നടത്തിയിട്ടുണ്ട് ഇന്നസെന്റ്. ലേഡീസ് ബാഗുകള്‍ തൂക്കിയിട്ട ടൂവീലറുമായി ഉരുകിയൊലിക്കുന്ന വെയിലത്ത് കടകള്‍തോറും വില്‍പനക്കാരനായി നടന്നിട്ടുണ്ട്. കടം വാങ്ങിയും ആലീസിന്റെ സ്വര്‍ണം പണയം വെച്ചും സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. പൊള്ളുന്ന വെയിലിലും സ്റ്റുഡിയോ ലൈറ്റുകള്‍ക്ക് മുന്നിലും നിന്ന് അഭിനയിച്ചിട്ടുണ്ട്. ദേഹമനങ്ങി ഒരു തൊഴിലും ചെയ്തിട്ടില്ലാത്ത രാഷ്ട്രീയജീവികള്‍ക്ക് ഇന്നസെന്റിനു നേരെ വിരല്‍ ചൂണ്ടാനുള്ള അവകാശമില്ല.
ചാലക്കുടിക്കാര്‍ക്ക് തെറ്റിയിട്ടില്ല. അവര്‍ ലോകസഭയിലേക്കയച്ചത് മനസ്സില്‍ നന്മയുള്ള ഒരു മനുഷ്യനെത്തന്നെയാണ്. പാര്‍ട്ടിയും ചിഹ്നവും വിലയിരുത്തിയിട്ടല്ല; ഇന്നസെന്റ് എന്ന വ്യക്തിയെ മാത്രം മുന്‍നിര്‍ത്തിയാണ് ഇത് പറയുന്നത്.
ഇന്നസെന്റ് പണ്ട് പറയാറുണ്ട്, മേം കര്‍ത്താവാകുമ്പോള്‍ ഹും ഉപയോഗിക്കണമെന്ന് ഹിന്ദി ടീച്ചര്‍ എത്ര പറഞ്ഞിട്ടും എനിക്ക് മനസ്സിലായിട്ടില്ല. പക്ഷെ, സിനിമ നിര്‍മ്മിക്കുമ്പോള്‍ മാര്‍വാഡിയില്‍ നിന്നും കടം വാങ്ങാന്‍ വേണ്ടി ഒറ്റ രാത്രി കൊണ്ട് ഞാന്‍ ഹിന്ദി പഠിച്ചു. കാരണം മാര്‍വാഡിയ്ക്ക് ഹിന്ദി മാത്രമേ അറിയൂ.
പിന്നീട് പ്രിയദര്‍ശന്റെ ഹിന്ദി സിനിമയില്‍ ഇന്നസെന്റ് അഭിനയിച്ചു. ആ സിനിമകളില്‍ കൂടെ അഭിനയിച്ചവരോട് അനായാസമായി ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഹിന്ദിയില്‍ പ്രസംഗിക്കുന്നതിനു പോലും ഇപ്പോള്‍ ഇന്നസെന്റിന് ഒരു പ്രയാസവുമില്ല. അതൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കാനിരുന്ന ഈ കൂടുമാറ്റത്തിനു വേണ്ടി ഈശ്വരന്‍ പഠിപ്പിച്ചതാകുമോ!
സ്ഥാനാര്‍ഥിയായി നില്‍ക്കുന്നു എന്നറിഞ്ഞപ്പോള്‍ ഇന്നസെന്റിനെ കാണാന്‍ ഞാന്‍ വീട്ടിലേക്കു ചെന്നു. രാത്രി പത്തര മണികഴിഞ്ഞിരുന്നു.
''വന്നതെന്തിനാണെന്നു മനസ്സിലായി. ഒന്നും പറയണ്ട. മത്സരിക്കാം എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.''
''ഒരു വലിയ കടമ്പ കടന്നുവന്നതല്ലേയുള്ളൂ. നമുക്കു സിനിമയും അതിന്റെ തമാശകളുമൊക്കെ പോരേ?''
നിരുത്സാഹപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ, ഇന്നസെന്റിന്റെ ന്യായം മറ്റൊന്നായിരുന്നു.
''മരണത്തിന്റെ വക്കുവരെയെത്തി തിരിച്ചുപോന്നവനാണ് ഞാന്‍. മരുന്നും ചികിത്സയും ഒരുപാടു പേരുടെ പ്രാര്‍ഥനയുമൊക്കെ കൊണ്ടാണ് ജീവിതം തിരിച്ചുകിട്ടിയത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ബോണസ്സാണ്. അതെനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാത്രമുള്ളതല്ല.''
അവിടെ ഞാനൊരു തമാശക്കാരനെ കണ്ടില്ല. ഉറച്ച വിശ്വാസവും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ധൈര്യവുമായിരുന്നു ആ വാക്കുകളില്‍.
ഒരു ജനനായകനു വേണ്ടതും ആ ആത്മവിശ്വാസം തന്നെയാണല്ലോ. എന്റെ മകന്റെ കല്യാണദിവസമായിരുന്നു മെയ് 16. അവന്‍ അവന്റെ വധുവിന്റെ കഴുത്തില്‍ താലി കെട്ടിയ ഉടനെ എന്റെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ഇന്നസെന്റാണ്.
സ്‌റ്റേജിന്റെ ഒരു മൂലയില്‍ ചെന്ന് ആകാംക്ഷയോടെ ഞാന്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.
''ജയിച്ചു മോനേ.''
കിട്ടുണ്ണിയുടെ അതേ സ്വരം. ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു. ഇപ്പോള്‍ - പതിനാറാം ലോകസഭയുടെ ആദ്യസമ്മേളനത്തില്‍ പങ്കെടുത്ത് ഇന്നസെന്റ് പറയുന്നു.
''പുതിയ അധ്യായം തുടങ്ങി''
കൃത്യം ഒരു വര്‍ഷം മുന്‍പുള്ള ഇന്നസെന്റിന്റെ രൂപം എന്റെ മനസ്സിലൂടെ ഒന്നു മിന്നിമറഞ്ഞുപോയി. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ നിങ്ങള്‍ക്കാ രൂപം കാണാം. ആ രൂപം നമ്മെ പഠിപ്പിക്കുന്നൊരു പാഠമുണ്ട്. ''പ്രതിസന്ധികളുണ്ടാകും, ഭയപ്പെടരുത്. സങ്കടത്തിന്റെ മരുഭൂമിക്കപ്പുറത്ത് സമാധാനത്തിന്റേയും സന്തോഷത്തിന്റേയും ജലാശയങ്ങളുണ്ട്. ധൈര്യപൂര്‍വം മുന്നേറുകയേ വേണ്ടൂ.''
ഇന്നസെന്റ് എന്ന പാഠപുസ്തത്തിന്റെ പുതിയ അധ്യായങ്ങള്‍ക്കായി നമുക്കു കാത്തിരിക്കാം.