Thursday, August 6, 2015

പ്രണയത്തിന്റെ മറുതീരം - ചിത്രഭൂമി ലേഖനം - about ലൗവ് 24x7 മൂവി and ശ്രീബാല K മേനോണ്‍

പ്രണയത്തിന്റെ മറുതീരം

ശ്രീബാല വിളിച്ചു.
''സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. പരസ്യംഅധികമില്ലാത്തതുകൊണ്ട് പറഞ്ഞും കേട്ടും ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും തിയേറ്ററുകളിൽ നിന്ന് പടം മാറ്റിക്കളയുമോ എന്നാണ് പേടി.''
ശ്രീബാല എന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ശ്രീബാല കെ. മേനോൻ. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ എം.എ.യ്ക്ക് പഠിക്കുന്ന കാലത്ത് ശ്രീബാല എഴുതിയ അനുഭവക്കുറിപ്പുകൾ തുടർച്ചയായി 'ഗൃഹലക്ഷ്മി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് '19, കനാൽ റോഡ്' എന്ന പേരിൽ പുസ്തകമായപ്പോൾ അതിന് കേരള സാഹിത്യഅക്കാദമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലുമൊക്കെയായി എഴുതിയ ചെറുകഥകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശ്രീബാലയുടെ ആദ്യത്തെ സിനിമയാണ് 'ലൗവ് 24x7.'
ആദ്യചിത്രം തിയേറ്ററിലെത്തുന്ന സമയത്ത് അത് സംവിധാനം ചെയ്ത വ്യക്തിയുടെ നെഞ്ചിടിപ്പ് എനിക്കൂഹിക്കാം. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. പരസ്യത്തിനായി ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുന്നത് സിനിമാ സംഘടനകൾ നിരോധിച്ച സമയത്താണ് ഇക്കഴിഞ്ഞ റംസാൻ കാലത്തെ മലയാള സിനിമകൾ റിലീസായത്. അതുകൊണ്ടുതന്നെ ഇപ്പോഴും ബാഹുബലിയുടെ ബോർഡുകളേ കാണാനുള്ളൂ. സങ്കടകരമായ വസ്തുത, രണ്ടുദിവസം മുൻപ് സംഘടനകൾ ആ തീരുമാനം എടുത്തുമാറ്റി എന്നതാണ്. എന്നുവെച്ചാൽ ഇനി പുറത്തിറങ്ങുന്ന സിനിമകൾക്ക് കൂറ്റൻ ഫ്‌ളക്‌സുകൾ ഉപയോഗിക്കാം.
ഇപ്പോൾ ഇറങ്ങിയ പാവം മൂന്നുനാലു മലയാള ചിത്രങ്ങൾക്കു മാത്രമേ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവന്നുള്ളൂ. ഞാൻ ശ്രീബാലയോടു പറഞ്ഞു-
''സാരമില്ല. വിജയത്തിലേക്കുള്ള വഴിയിൽ ഇങ്ങനെ ചില കല്ലും മുള്ളുമൊക്കെയുണ്ടാകും. പിന്നീട് വലിയ വിജയങ്ങൾ കൈവരുമ്പോൾ അഹങ്കരിക്കാതിരിക്കാൻ ഈ ധർമസങ്കടങ്ങൾ നല്ലതാണ് ''.
ഒരു സിനിമ രൂപപ്പെടുത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് തിയേറ്ററിലെത്തിച്ച് വിജയിപ്പിക്കുക എന്നത്. കടമ്പകളേറെയുണ്ട്. പണ്ട് 'കഥ തുടരുന്നു' റീലീസ് ചെയ്യുന്ന സമയത്ത് പെട്ടെന്നൊരു തിയേറ്റർ സമരം. തങ്കച്ചൻ എന്ന പുതിയ നിർമാതാവ് അമേരിക്കയിൽ കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം മുടക്കി എടുത്ത ചിത്രമാണ്. സമരങ്ങൾ പ്രഖ്യാപിക്കുന്നവർക്കും പിന്നീട് പ്രത്യേകിച്ചൊന്നും നേടാതെ പിൻവലിക്കുന്നവർക്കും അതൊരു പ്രശ്‌നമേയല്ല. അന്നത്തെ മന്ത്രി എളമരം കരീം ഇടപെട്ടതുകൊണ്ടാണ് ഒരാഴ്ച വൈകിയെങ്കിലും സിനിമ പുറത്തിറക്കാൻ പറ്റിയത്. ഇറങ്ങിക്കഴിഞ്ഞാലോ?
കണ്ണിലെണ്ണയൊഴിച്ചിരുന്നാലും വ്യാജന്മാർ പ്രത്യക്ഷപ്പെടും. പണ്ട് കാസറ്റുകടകൾ നിരീക്ഷിച്ചാൽ മതിയായിരുന്നു. ഇന്നിപ്പോൾ വിരൽത്തുമ്പിലാണ് വ്യാജന്റെ വാസം. സിനിമയുടെ വ്യാജപതിപ്പ് എന്നത് ഒരു കളവുമുതലാണെന്ന് ആരും ഓർക്കാറില്ല. പലരും രഹസ്യമായി അഭിമാനത്തോടെ പറയും-
''പ്രേമത്തിന്റെ വ്യാജപതിപ്പ് എന്റെ കൈയിൽ കിട്ടിയിട്ടുണ്ട് കേട്ടോ.''
എന്നുവെച്ചാൽ നിർമാതാവ് അൻവർ റഷീദിന്റെ പോക്കറ്റിൽ നിന്ന് കട്ടെടുത്ത കാശിന്റെ ഒരു പങ്ക് എന്റെ കൈയിലുമുണ്ട് എന്ന് പറയുന്നതിന് തുല്യം. ആരെങ്കിലും നമുക്കത് കോപ്പി ചെയ്ത് തരാമെന്നു പറഞ്ഞാൽ അഭിമാനമുള്ളവർ പറയേണ്ടത്, ''ഞാൻ തിയേറ്ററിൽ പോയി കാശുകൊടുത്തു കണ്ടോളാം. അന്യന്റെ മുതൽ എനിക്കുവേണ്ട'' എന്നാണ്.
ടി.വിയിലും സോഷ്യൽ മീഡിയയിലും വരുന്ന നിരൂപണക്കസർത്ത് വേറെ. ഏതോ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണ് അത്തരം നിരൂപണങ്ങളെന്നും മറ്റൊരു വ്യക്തിയുടെ അഭിപ്രായം മറിച്ചാകാമെന്നും നമ്മൾ ചിന്തിക്കാറില്ല. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് ദിലീപ് എന്ന ജനപ്രിയ നടനെ കൈയിൽ കിട്ടിയിട്ടും ആ താരമൂല്യം ഉപയോഗിച്ചുള്ള കച്ചവടത്തിനു മുതിരാതെ വേറിട്ടൊരു വിഷയം ശ്രീബാല തിരഞ്ഞെടുത്തത്. ദിലീപും അതിനു സഹായിച്ചു എന്നു പറയാം. ആവർത്തിക്കപ്പെടുന്ന സ്ഥിരം ഇമേജിൽനിന്ന് മാറി സഞ്ചരിക്കണമെന്ന് അദ്ദേഹത്തിനും തോന്നിക്കാണും. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിലും ദിലീപിന്റെ വ്യത്യസ്ത മുഖമായിരുന്നു കണ്ടത്.
'ലൗ 24x7' കുടുംബത്തോടൊപ്പമാണ് ഞാൻ കണ്ടത്. അദ്ഭുതങ്ങളൊന്നുമില്ല. പക്ഷേ, മലയാളി മറന്നുതുടങ്ങിയ ശുദ്ധസിനിമയുടെ സംസ്‌കാരം തിരികെ കൊണ്ടുവരാൻ ഒരു ശ്രമം സംവിധായിക നടത്തിയിരിക്കുന്നു. പ്രത്യേകിച്ചും പ്രണയത്തിന്റെ രണ്ടുതരം ഭാവങ്ങൾ. രണ്ടു പ്രായത്തിൽനിന്നു നോക്കിക്കാണുമ്പോൾ പ്രണയം എന്ന വികാരത്തിനുണ്ടാകുന്ന വ്യത്യസ്തതകൾ.
ഏതാനും ദിവസങ്ങൾക്കുമുൻപ് ഒരു പത്രവാർത്ത കണ്ടിരുന്നു. വായനക്കാരിൽ പലരും അത് ശ്രദ്ധിച്ചിരിക്കും. വർഷങ്ങൾക്കു മുൻപ് നിയമപരമായി വേർപിരിഞ്ഞുപോയ ദമ്പതികൾ ജീവിതസായാഹ്നത്തിൽ വീണ്ടും താലികെട്ടി ഒന്നായതാണ് വാർത്ത.
'അർത്ഥം' എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് വേണുനാഗവള്ളി ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ''എന്റെ സുഹൃത്താണ് ബാലു. ബാലുവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു.''
മനസ്സിലാകാതെ നിന്ന എന്നോട് ചിരിച്ചുകൊണ്ട് വേണു ആ കഥ വിശദീകരിച്ചു.
നാഗർകോവിലിനടുത്താണ് ബാലുവിന്റെ അമ്മയുടെ വീട്. ബാലു ബാലനായിരുന്ന കാലത്ത് അച്ഛനും അമ്മയും തമ്മിൽ നിസ്സാര കാരണങ്ങൾക്ക് എന്നും പിണങ്ങും. പതുക്കെപ്പതുക്കെ അത് വഴക്കായി. അച്ഛൻ അച്ഛന്റെ വീട്ടിലും അമ്മ അമ്മയുടെ വീട്ടിലുമായി താമസം. ബാലു പലപ്പോഴും ഒരു തർക്കവസ്തുവായിരുന്നു. അവസാനം കോടതി വിധിവന്നപ്പോൾ കുട്ടിയായ ബാലു അമ്മയുടെ സംരക്ഷണത്തിലായി.
കോളേജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇടയ്ക്ക് അച്ഛനെ കാണും. വലിയ വികാരനിർഭരമായ രംഗങ്ങളൊന്നുമില്ല. ഇടയ്ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കും. അച്ഛൻ അച്ഛന്റെ ജോലികളെപ്പറ്റിയും മകൻ മകന്റെ പഠിപ്പിനെപ്പറ്റിയും സംസാരിക്കും; പിരിയും.
ഇടയ്‌ക്കൊരു ദിവസം കൂട്ടുകാർ ആരോ പറഞ്ഞ് ബാലു അറിഞ്ഞു-
ശുചീന്ദ്രം ക്ഷേത്രത്തിൽവെച്ച് അച്ഛനും അമ്മയും തമ്മിൽ കാണാറുണ്ടെന്ന്. കാര്യമാക്കിയില്ല. ഏതാനും ആഴ്ചകൾക്കുശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിന് തിരുവനന്തപുരത്തുവന്ന അമ്മ അച്ഛനോടൊപ്പം പത്മനാഭ തിയേറ്ററിൽ പോയി സിനിമകണ്ടു.
ഒരു പ്രേമം വീണ്ടും ജനിക്കുകയായിരുന്നു. ഞാൻ ബാലുവിനെ പരിചയപ്പെടുന്നതിനും ഒരാഴ്ച മുൻപ് അവർ വീണ്ടും വിവാഹിതരായി. ബാക്കി വരുന്ന ചോദ്യം ഇതാണ്- ഇതിനിടയിൽ നഷ്ടപ്പെട്ടുപോയ നല്ല വർഷങ്ങൾ-ജീവിതത്തിന്റെ വസന്തകാലം-തിരിച്ചുപിടിക്കുന്നതെങ്ങനെയാണ്?
ഉത്തരമില്ല.
എങ്കിലും ആ കൂടിച്ചേരലിനൊരു മധുരമുണ്ട്. അകന്നിരുന്നപ്പോൾ പരസ്പരമുള്ള സ്‌നേഹത്തിന്റെ ആഴം അവർ തിരിച്ചറിഞ്ഞിരിക്കാം.
ശ്രീബാലയുടെ സിനിമ കണ്ടപ്പോൾ എനിക്ക് വേണുനാഗവള്ളിയെയും ബാലുവിനെയും ബാലുവിന്റെ അച്ഛനമ്മമാരെയും ഓർമവന്നു. സുഹാസിനിയും മാധ്യമപ്രവർത്തകനായ ശശികുമാറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ഈ അനുഭവത്തോട് സാമ്യമുണ്ട്. ഇവർ പക്ഷേ, വിവാഹിതരായിരുന്നില്ല. വർഷങ്ങൾക്കുശേഷം വ്യത്യസ്ത സാഹചര്യത്തിൽ കണ്ടുമുട്ടാൻ വിധിക്കപ്പെട്ട പ്രണയികളായിരുന്നു. ജീവിതത്തിലെ ഒരു വസന്തകാലം നഷ്ടപ്പെടുത്തിയവർ.
തീവ്രമായ പ്രണയം ചിലപ്പോൾ ചില ചെറിയ കലഹങ്ങൾക്ക് വഴിവെച്ചേക്കാം. ചിലർ കുറച്ചുനാൾ മിണ്ടാതെ നടക്കും. കൺവെട്ടത്തുനിന്നു മാറിപ്പോകും. മറ്റുള്ളവരോടു കുറ്റം പറയും. സ്‌നേഹിച്ചവർ ചെയ്ത ചെറിയ തെറ്റുകൾ മനസ്സിലിട്ട് ഓർത്തോർത്ത് പെരുകും. ആരെങ്കിലുമൊരാൾ ക്ഷമയോടെ 'വരൂ' എന്നൊന്നു ക്ഷണിച്ചാൽ മതി. അല്പം കണ്ണീരിൽ മാഞ്ഞുപോകാവുന്ന പ്രശ്‌നങ്ങളേ ഉണ്ടാകൂ. പതിന്മടങ്ങ് സ്‌നേഹത്തോടെ വീണ്ടും ഒരുമിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. നിർഭാഗ്യവശാൽ പലപ്പോഴും അതു സംഭവിക്കാറില്ല. തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അനാവശ്യമായ ഈഗോയും വെച്ച് അകന്നകന്ന് പോകും. സങ്കടകരമായ ഒരവസ്ഥയാണത്. ആ അവസ്ഥയാണ് ശ്രീബാല വിഷയമാക്കിയത്.
ഒരു വാർത്താചാനലിന്റെ പശ്ചാത്തലത്തിലാണ് 'ലൗ 24x7' ഒരുക്കിയിരിക്കുന്നത്. നമുക്ക് അധികം പരിചയമില്ലാത്ത മേഖലയാണ് ടി.വി. ചാനലിന്റെ പിന്നാമ്പുറം. മുഖത്ത് ചായം തേച്ച് ടി.വി. ക്യാമറയ്ക്ക് മുന്നിലിരുന്നുകൊണ്ട് പ്രസന്നമായ പരിപാടികൾ അവതരിപ്പിക്കുന്നവരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. അതിനു പിന്നിൽ അവരുടെ നീറുന്ന ജീവിതമുണ്ട്. പ്രണയവും പകയും പാരവെക്കലുമുണ്ട്. അഴിമതിക്കഥകളെ പരസ്യചർച്ചയ്ക്കു വിധേയമാക്കുന്നവരുടെ അകത്തളങ്ങളിലെ അഴിമതി ഒരിക്കലും വെളിച്ചത്തുവരാറില്ല. അതെല്ലാം യാഥാർഥ്യബോധത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാനൽമേധവിയായിവരുന്ന ശ്രീനിവാസന്റെ ഓരോ വാക്കും അർഥപൂർണമാണ്.
പുതിയ വാർത്താവായനക്കാരിയായി ചുമതലയേൽക്കുന്ന കബനി എന്ന സുന്ദരിക്കുട്ടിയുടെ ജീവിതത്തിലേക്ക് സീനിയർ ജേണലിസ്റ്റായ രൂപേഷ് നമ്പ്യാർ കടന്നുവരുന്നതോടെ പ്രണയത്തിന്റെ ചക്രം ഉരുളാൻ തുടങ്ങുന്നു. സുഹാസിനിയും ശശികുമാറും കടന്നുപോയ വഴികളിലൂടെയാണ് അതിന്റെ യാത്ര. അതുതന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.
പോരായ്മകളില്ലാത്ത സിനിമയൊന്നുമല്ല 'ലൗവ് 24x7.' പടം കണ്ട സംവിധായകൻ രഞ്ജിത്ത് എന്നെ വിളിച്ചുപറഞ്ഞു-
''ദിലീപ് അടക്കമുള്ള അഭിനേതാക്കളെ അതിമനോഹരമായി അഭിനയിപ്പിച്ചിട്ടുണ്ട്. തിരക്കഥയിലാണ് എനിക്ക് അഭിപ്രായവ്യത്യാസം.''
ശരിയാണ്.
ആദ്യ സിനിമയല്ലേ? നമ്മൾ കാണുന്നതിനേക്കാൾ കൂടുതൽ തെറ്റുകൾ ശ്രീബാല സ്വയം കണ്ടെത്തിയിട്ടുണ്ടാകും. നിത്യജീവിതത്തിൽ നമുക്കറിയാവുന്ന-എന്നാൽ ശ്രദ്ധിക്കാതെ പോകുന്ന ചില കാഴ്ചകളിലേക്ക് ക്യാമറ തിരിച്ചുവെച്ചതിനാണ് ശ്രീബാലയെ ഞാൻ അഭിനന്ദിക്കുന്നത്. പരിമിതികൾക്കുള്ളിലും ഒരു നല്ല സിനിമ ചെയ്യാൻ ആഗ്രഹിച്ചതിന്!

അന്തിപ്പൊന്‍വെട്ടം | ചിത്രഭൂമി (25 ജൂലൈ മാതൃഭൂമി)

No comments:

Post a Comment