Saturday, December 12, 2015

ചെന്നൈ ഒരു ഓര്‍മപ്പെടുത്തല്‍ - സത്യന്‍ അന്തിക്കാട് - മാതൃഭൂമി ലേഖനം

ചെന്നൈ ഒരു ഓര്‍മപ്പെടുത്തല്‍




ചെന്നൈയില്‍ നിന്ന് മോമി വിളിച്ചു. 'മോമി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന എം.കെ. മോഹനന്‍. സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാണെങ്കിലും ഞാനും കമലും ലാല്‍ജോസുമൊക്കെ മോമിയെ പിടിച്ച് അഭിനയിപ്പിക്കാറുമുണ്ട്. അച്ചുവിന്റെ അമ്മയിലെ 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന ഗാനരംഗത്ത് മാതൃഭൂമിയുടെ ബുക്ഷോപ്പിനു പുറത്തു നില്‍ക്കുന്ന ഉര്‍വശിക്കടുത്ത് വന്ന് ആവശ്യത്തില്‍ക്കൂടുതല്‍ ചേര്‍ന്നുനിന്ന് അകത്തേക്ക് എത്തിനോക്കുന്ന താടിക്കാരനെ ഓര്‍മയില്ലേ? അതുതന്നെ കക്ഷി. ചെന്നൈയില്‍ കോടമ്പാക്കം റെയില്‍വേസ്റ്റേഷന്റെ തൊട്ടടുത്താണ് ഭാര്യയും രണ്ട് ആണ്‍മക്കളുമായി മോമി താമസിക്കുന്നത്. ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ അവിചാരിതമായി പെയ്ത പെരുമഴയില്‍ മോമി താമസിക്കുന്ന വീട് ഒറ്റപ്പെട്ടുപോയിരുന്നു. താഴത്തെ വീട് മുഴുവന്‍ വെള്ളത്തിനടിയിലായി. ജീവന്‍ മാത്രം കൈയിലെടുത്ത് മറ്റെല്ലാം ഉപേക്ഷിച്ച് ആ വീട്ടുകാര്‍ എവിടേക്കോ ഒഴിഞ്ഞുപോയി. ദുരന്തത്തിന്റെ നേര്‍കാഴ്ച സൗമ്യമായാണ് മോമി അവതരിപ്പിച്ചത്. പക്ഷേ, വാക്കുകളില്‍ അടക്കിപ്പിടിച്ച വേദനയുണ്ടായിരുന്നു. സ്വന്തം സങ്കടങ്ങള്‍ ഒന്നുമല്ലെന്ന് മോമി പറഞ്ഞു.



നഗരം മുഴുവന്‍ ഒഴുകിപ്പടര്‍ന്ന വെള്ളത്തില്‍ വിലപിടിച്ച വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍...സെയ്ദാപേട്ട് ബ്രിഡ്ജിനടിയിലൂടെ മാന്യമായി വസ്ത്രം ധരിച്ച ഒരാളുടെ മൃതദേഹം ഒഴുകിപ്പോയത്രെ. എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമ എന്ന സ്വപ്നവുമായി ഞാന്‍ വന്നിറങ്ങിയ നഗരമാണിത്. സെന്‍ട്രല്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി പകച്ചുനിന്ന ഒരു പത്തൊമ്പതുകാരന്‍ ഇന്നും എന്റെ ഉള്ളിലുണ്ട്. എഗ്മൂര്‍വരെ പോകാന്‍ ഏതു ബസ്സില്‍ കയറണമെന്നറിയില്ല. ടാക്‌സിയെടുത്താല്‍ എത്ര രൂപവേണ്ടിവരുമെന്നറിയില്ല. ഒടുവില്‍ ഒരു സൈക്കിള്‍ റിക്ഷയിലായിരുന്നു എന്റെ ആദ്യത്തെ യാത്ര. നഗരം മുഴുവന്‍ കാണാം. മുകളില്‍ മേലാപ്പില്ലാത്തതുകൊണ്ട് ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ അതിശയത്തോടെ നോക്കി. ഞാന്‍ കണ്ടു പരിചയിച്ച എന്റെ തൃശ്ശൂരിനേക്കാള്‍ എത്രയോ വലിയ നഗരം! ആ നഗരമാണിന്ന് കാലുകുത്താന്‍ പറ്റാത്ത വിധം മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. സഹിക്കാനാവാത്ത ദുര്‍ഗന്ധമാണെന്ന് മോമി പറഞ്ഞു.

''ഇപ്പൊ വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷേ, വീടുകള്‍ക്കുള്ളില്‍ ചളിയും അഴുക്കു ജലവും നിറഞ്ഞിരിക്കുന്നു. കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി. ടോയ്ലറ്റും അടുക്കളയുമൊക്കെ ഒരുപോലെ!'' കേരളത്തില്‍ നിന്ന് അവശ്യസാധനങ്ങളുമായി ലോറികളെത്തുമ്പോള്‍ പാവപ്പെട്ടവരോ പണക്കാരോ എന്ന വ്യത്യാസമില്ലാതെ ആളുകള്‍ ഓടിക്കൂടുന്നു. ഒരു കുപ്പിവെള്ളം, ഒരു പാക്കറ്റ് ബിസ്‌കറ്റ്, ഒരു പുതപ്പ്, മാറ്റിയുടുക്കാനൊരു വസ്ത്രം! ആവശ്യങ്ങള്‍ അവസാനിക്കുന്നതേയില്ല.

സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നുണ്ട്. നമുക്കു പരിചയമുള്ളവര്‍പോലും ജയലളിതയ്ക്ക് ചെക്കുകള്‍ കൈമാറുന്നതിന്റെ ഫോട്ടോകള്‍ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, അഴുക്കു നിറഞ്ഞ തെരുവുകളില്‍ ആലംബമില്ലാതെയിരിക്കുന്നവരുടെ കൈകളിലേക്ക് ആഹാരമായും വസ്ത്രമായും അവ എത്തിച്ചേരുമോ? സംശയമാണ്.

ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ നമ്മളും ഇതു മറക്കും. മാധ്യമങ്ങള്‍ക്കിത് വാര്‍ത്തയല്ലാതാകും. അഭിസാരികകളുടെയും ക്രിമിനലുകളുടെയും പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അവര്‍ മധുരം തേടിപ്പോകും. നാലര വര്‍ഷമായി പറഞ്ഞു പറഞ്ഞ്, പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തമാശയായി മാറിയ 'മുഖ്യമന്ത്രി രാജിവെക്കുക' എന്ന വിഷയത്തില്‍ അര്‍ഥമില്ലാത്ത ചാനല്‍ ചര്‍ച്ചകള്‍ നടക്കും. ദുരിതബാധിതരുടെ നഷ്ടങ്ങള്‍ അപ്പോഴും നഷ്ടങ്ങളായിത്തന്നെ അവശേഷിക്കും.

വടപളനിയില്‍ താമസിക്കുന്ന മേക്കപ്പ്മാന്‍ പാണ്ഡ്യനെയും സാലിഗ്രാമില്‍ താമസിക്കുന്ന എഡിറ്റര്‍ രാജഗോപാലിനേയും കുറെ ദിവസമായി ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. ഇടയ്ക്കെപ്പോഴോ കറന്റ് വന്ന് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റിയപ്പോള്‍ പാണ്ഡ്യന്‍ വിളിച്ചു. ''നഗരം മുഴുവന്‍ പാമ്പുകളാണിപ്പോള്‍. പ്രളയജലത്തില്‍ എവിടെനിന്നോ ഒഴുകി വന്നവ...'' അകത്തെ മുറിയിലേക്കു കടക്കാനൊരുങ്ങിയ വിഷപ്പാമ്പിനെ വീട്ടുവരാന്തയില്‍ വെച്ച് പാണ്ഡ്യന്‍ തല്ലിക്കൊന്നുവത്രെ.

ഇനിയുമെന്തെല്ലാം അറിയാനിരിക്കുന്നു. ചെന്നൈ ഇനി പഴയ ചെന്നൈ ആയി മാറണമെങ്കില്‍ മാസങ്ങള്‍ കഴിയണം. ഒരൊറ്റ കാര്യത്തിലേ ആശ്വാസമുള്ളൂ. അയല്‍പക്കക്കാരന്റെ കണ്ണിരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി ഇറങ്ങി എന്ന കാര്യത്തില്‍. സര്‍ക്കാറുകള്‍ എന്തുചെയ്യുന്നു എന്നു കാത്തിരിക്കാതെ മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങളും വ്യക്തികളും വിദ്യാര്‍ഥികളും സംഘടനകളും തങ്ങള്‍ക്കു ചെയ്യാന്‍കഴിയുന്ന എല്ലാ സഹായങ്ങളുമായി മുന്നോട്ടുവന്നു. പണമായും മരുന്നായും ഭക്ഷണമായും വസ്ത്രമായും അവര്‍ ഒരൊറ്റ മനസ്സോടെ ഒഴുകിയെത്തി. അവിടെ ജാതിയും മതവും രാഷ്ട്രീയവുമുണ്ടായില്ല. അധികാരത്തിനുവേണ്ടി വര്‍ഗീയതപറഞ്ഞ് തെക്കുവടക്ക് യാത്ര നടത്തുന്നവരെ നിശ്ശബ്ദരാക്കിക്കൊണ്ട് നമ്മള്‍ മനുഷ്യരാണെന്ന് തെളിയിച്ചു. ഭാഷകള്‍ക്കതീതമായി എല്ലാ ഭാരതീയരും നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന സത്യം ഒരു പ്രതിജ്ഞയും ചൊല്ലാതെ നമ്മളറിഞ്ഞു! അത്രയും സമാധാനം.


നന്മയുടെ വെളിച്ചം മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്കെ ഒരെത്തിനോട്ടം മാത്രം നടത്തി മടങ്ങിപ്പോകുന്നത്. ഇല്ലെങ്കില്‍ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാന്‍ വല്ല പ്രയാസവുമുണ്ടോ?

കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഡോക്ടര്‍ ആര്‍സുവിനെപ്പറ്റി ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയത് വായിച്ചിരുന്നു. അനാഥ ബാല്യങ്ങള്‍ക്ക് ആശ്രയമായി മാറിയ കോഴിക്കോട്ടെ 'പുവര്‍ഹോം സൊസൈറ്റി' പട്ടാമ്പിക്കാരനായ കെ.എന്‍. കുറുപ്പ് എന്ന നല്ല മനുഷ്യന്‍ സ്ഥാപിച്ചതാണെന്നു കണ്ടു. അതിന്റെ സാഹചര്യം ശ്രീകാന്തിനോട് ഞാന്‍ ചോദിച്ചറിഞ്ഞിരുന്നു. കെ.എന്‍. കുറുപ്പ് ഒരു കപ്പല്‍ കമ്പനി ഉദ്യോഗസ്ഥനായിരുന്നുവത്രെ. ജോലിയില്‍നിന്ന് പിരിഞ്ഞ് നാട്ടില്‍ താമസമാക്കിയ അവസരത്തില്‍ അദ്ദേഹമൊരു കാഴ്ചകണ്ടു. കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍, ഒരു സാധുമനുഷ്യന്‍ മഴയില്‍ നിന്ന് രക്ഷനേടാന്‍ ഒരു കെട്ടിടത്തിന്റെ ഭിത്തിയോടു ചേര്‍ന്നുനില്‍ക്കുന്നു. കുറുപ്പ് ഒരു കുടയുമായി അയാള്‍ക്കടുത്തുചെന്നു പറഞ്ഞു:-
''വരൂ ഞാന്‍ വീട്ടില്‍കൊണ്ടാക്കിത്തരാം.''
''എനിക്കു വീടില്ല'' അയാള്‍ പറഞ്ഞു.
''ഉറ്റവരും ഉടയവരുമില്ല. കേറിക്കിടക്കാന്‍ സ്ഥലമില്ല.''
മനുഷ്യസ്‌നേഹിയായ കുറുപ്പിന്റെ ഉള്ളില്‍ അപ്പോള്‍ ഉദിച്ച ആശയമാണത്രെ പാവങ്ങള്‍ക്കൊരു അഭയകേന്ദ്രം. പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറി. ഇന്ന് നമ്മള്‍ അറിയുന്ന ഡോക്ടര്‍ ആര്‍സുവും സിനിമയില്‍ സജീവമായ ഭാഗ്യലക്ഷ്മിയുമൊക്കെ ആ കാരുണ്യത്തില്‍ നിന്ന് ജീവിതം കെട്ടിപ്പടുത്തവരാണ്.

ഗുരുവായൂരില്‍ 'ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍' എന്ന ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഉമാ പ്രേമന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയാണതിന് നേതൃത്വം കൊടുക്കുന്നത്. ഉമ പ്രേമനെ എനിക്കു നേരിട്ടറിയാം. എണ്ണിയാല്‍ തീരാത്ത സഹായങ്ങളാണ് അവര്‍ നിര്‍ധനരായ രോഗികള്‍ക്ക് ചെയ്തുകൊടുക്കുന്നത്. ഡയാലിസിസിന് പണമില്ലാതെ മരണത്തിനു കീഴടങ്ങുമായിരുന്ന എത്രയോ ജീവിതങ്ങള്‍ അവര്‍ തിരിച്ചുപിടിച്ചു. സൗജന്യമായ ഡയാലിസിസ് യൂണിറ്റുകള്‍, ശസ്ത്രക്രിയകള്‍, മരുന്നുകള്‍-ഉറച്ച മനസ്സോടെ ഒരു സ്ത്രീ മുന്നിട്ടിറങ്ങിയപ്പോള്‍ ഉണ്ടായ നേട്ടങ്ങളാണിതൊക്കെ. ഉമാപ്രേമന്‍ മാത്രമല്ല. പ്രൊഫസര്‍ ഭാനുമതി, ഷീബാ അമീര്‍-ഇവരൊക്കെ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. എന്റെ ഈ ചെറിയ പരിചയത്തിനു പുറത്ത് വേറെയും എത്രയോ പേര്‍ നന്മയുടെ പ്രതീകങ്ങളായിട്ടുണ്ടാകും. അട്ടപ്പാടിയില്‍ നിന്ന് പന്ത്രണ്ടോളം ആദിവാസിക്കുട്ടികളെ നാട്ടിലെത്തിച്ച് ട്യൂഷന്‍ കൊടുത്ത് എന്‍ട്രന്‍സ് എഴുതിപ്പിച്ചു ഉമ പ്രേമന്‍. അവരില്‍ ആരെങ്കിലുമൊക്കെ നാളെ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാകും. പഠിക്കാന്‍ ആഗ്രഹമുള്ള അടുത്ത തലമുറയിലെ കുട്ടികള്‍ക്ക് അവര്‍ വഴികാട്ടികളായേക്കും.

ആദിവാസി ഊരുകള്‍ ഞാന്‍ കണ്ടതാണ്. ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാന്‍ പറ്റിയുള്ളൂ. പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദര്‍ശിച്ചെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോകുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണില്‍ നിന്നു മാഞ്ഞിട്ടില്ല. വിഴിഞ്ഞത്തേക്കാള്‍ വലിയ വികസനം വേണ്ടത് ഇവിടയല്ലേ? വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്?

വളാഞ്ചേരിയിലെ 'ചെഗുവേര ഫോറ' ത്തിനെപ്പറ്റി എന്നോടു പറഞ്ഞത് തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. പുതിയ സിനിമയുടെ കഥാ ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. അതിനിടയിലേക്കാണ് പ്രഭേട്ടന്‍ കയറി വന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും പ്രഭേട്ടന്‍ എന്നു വിളിക്കുന്ന പ്രഭാകരന്‍. 'അറബിക്കഥ' യിലെ ക്യൂബ മുകുന്ദനെപ്പോലെ ആത്മാര്‍ഥതയുള്ള കമ്യൂണിസ്റ്റുകാരനാണ് പ്രഭേട്ടന്‍. പക്ഷേ, അത്തരക്കാര്‍ എപ്പോഴും ഒറ്റപ്പെടുകയാണല്ലോ പതിവ്. പ്രഭേട്ടന്റെയും അതുപോലുള്ള ചില സഖാക്കളുടെയും സേവനം വേണ്ടെന്ന് പാര്‍ട്ടിയങ്ങ് തീരുമാനിച്ചു. പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് സ്വതന്ത്രരായ അവര്‍ 'ചെഗുവേര' എന്നൊരു ഫോറം സംഘടിപ്പിച്ചു. അതില്‍ പക്ഷേ, ഒരു തുള്ളിപോലും രാഷ്ട്രീയമില്ല. മനസ്സില്‍ നന്മയുള്ളവരുടെ ഒരു കൂട്ടായ്മ. ആര്‍ക്കും അതില്‍ നിന്ന് ഒന്നും നേടേണ്ടതില്ല. പണം വേണ്ട, പ്രശസ്തി വേണ്ട, നാളെ അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട. പക്ഷേ, ആ നാട്ടിലെ പാവപ്പെട്ടവര്‍ നെഞ്ചോടു ചേര്‍ത്തു വെച്ചിരിക്കുന്നു 'ചെഗുവേര ഫോറ'ത്തെ. അതിന്റെ പ്രധാന കാരണം, ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മനസ്സാണ്.

സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലേക്കാണ് അവരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത്. പല രോഗങ്ങള്‍ക്കായി സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗികളുണ്ട്. പ്രമേഹത്തിനും പ്രഷറിനും ഹൃദ്രോഗത്തിനുമൊക്കെ. പക്ഷേ, പണമില്ലാത്തതുകൊണ്ട് പലര്‍ക്കും മുടങ്ങാതെ മരുന്നു കഴിക്കാന്‍ പറ്റാറില്ല. ചിലര്‍ ഒരു ദിവസത്തേക്കുള്ള മരുന്ന് നാലു ദിവസങ്ങളിലായി കഴിക്കും. അത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി മരുന്നു നല്‍കാനാണ് 'ചെഗുവേര' മുന്നിട്ടിറങ്ങിയത്. നല്ല മനസ്സുള്ള ഒരുപാടു പേര്‍ ചെഗുവേരയോടൊപ്പം ചേര്‍ന്നു. പണമായും മരുന്നായും അവരുടെ സഹായം ചെഗുവേരക്ക് കൂട്ടായി. കുറെ ഡോക്ടര്‍മാരുണ്ട് സംഘത്തില്‍. പലരും തങ്ങള്‍ക്കുകിട്ടുന്ന സാന്പിള്‍ മരുന്നുകള്‍ ചെഗുവേരയിലെത്തിക്കുന്നു. ഇന്നിപ്പോള്‍ വളാഞ്ചേരി പഞ്ചായത്തിലെ പാവപ്പെട്ട മുന്നൂറ് കുടുംബങ്ങളിലേക്ക് എല്ലാ ഒന്നാം തിയ്യതിയും അവര്‍ക്കു വേണ്ട മരുന്നുകളെത്തുന്നു. സമീപ പ്രദേശത്തു നിന്ന് സഹായം തേടിയെത്തുന്നവരെയും പരിമിതികളില്‍ നിന്നുകൊണ്ട് 'ചെഗുവേര' തൃപ്തിപ്പെടുത്തുന്നു.
മനസ്സു നിറയുന്ന അറിവുകളാണിതൊക്കെ. കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും പ്രഭേട്ടന്മാരും സുഹൃത്തുക്കളും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

നമ്മളെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന എത്ര നേതാക്കളാണിവിടെ! മേക്കപ്പിട്ട് ചാനല്‍ ക്യാമറക്കു മുന്നിലിരുന്ന് പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കെങ്കിലും ഇത്തരമൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടോ? അധികാരം അഴിമതിക്കുള്ള ലൈസന്‍സായി മാറിയ കാലമാണിത്. കോഴയായി എത്ര കോടികള്‍ വേണമെങ്കിലും വാങ്ങാം, തെളിവുണ്ടാകാതിരുന്നാല്‍ മതി.

കോഴിക്കോട്ടെ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ ഓര്‍ക്കുക. ദുരന്തത്തില്‍ പെട്ടത് ഏത് ജാതിക്കാരനാണെന്നോ ഏതു ദേശക്കാരനാണെന്നോ നോക്കാതെ രക്ഷപ്പെടുത്താനിറങ്ങി ജീവന്‍ ബലികൊടുത്ത നൗഷാദ് നമ്മുടെ മനസ്സില്‍ ഒരു മുറിവായി നില്‍ക്കുന്നു. ആ മുറിവിലേക്കും ചിലര്‍ വര്‍ഗീയതയുടെ മുളകുപൊടിയെറിഞ്ഞു. പക്ഷേ, അവര്‍ക്കുള്ള മറുപടിയുമായി കാലം കാത്തു നില്‍ക്കുന്നുണ്ട്. സങ്കടങ്ങളിലാണ്, നന്മയുടെ വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്

കടപ്പാട്  - മാതൃഭൂമി