സിനിമയ്ക്കുശേഷം സിനിമ - സത്യൻ അന്തിക്കാട് - മാതൃഭൂമി ലേഖനം
നാടോടിക്കാറ്റ്' റിലീസ് ചെയ്തകാലം. ഞാനന്ന് കാറ് വാങ്ങിയിട്ടില്ല. അന്തിക്കാട്ടെ വീട്ടില്‍ ടെലിഫോണും വന്നിട്ടില്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ സെഞ്ച്വറി കൊച്ചുമോനെ മദ്രാസിലേക്കു വിളിക്കണം. ടൗണ്‍ പോസ്റ്റോഫീസില്‍ പോയി അപേക്ഷാ ഫോറം പൂരിപ്പിച്ച് അഡ്വാന്‍സായി കുറച്ചുരൂപയും കൊടുത്താല്‍ ക്യൂ നിന്ന് ടഠഒ വിളിക്കാം.
ബസ്സിലാണ് സ്ഥിരം യാത്ര.
ദൃശ്യമാധ്യമങ്ങള്‍ പ്രചാരത്തില്‍ ഇല്ലാത്തതുകൊണ്ട് സിനിമയിലെ താരങ്ങളെ ഒഴികെ മറ്റാരെയും ആളുകള്‍ തിരിച്ചറിയാറില്ല. അന്തിക്കാടു നിന്ന് തൃശ്ശൂരിലേക്കുള്ള ബസ്സില്‍ ഒരു വൈകുന്നേരം ഞാന്‍ കയറി. തൃശ്ശൂര്‍ രാംദാസ് തിയേറ്ററിനു മുന്നിലെത്തിയപ്പോള്‍ അതിഭീകരമായ ട്രാഫിക് ബ്ലോക്ക്. സിനിമ വിട്ട സമയമാണ്. നാടോടിക്കാറ്റ് അവിടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ബസ്സിന്റെ ചവിട്ടുപടിയില്‍ നിന്ന് വിസിലൂതിയും ഡോറില്‍ കൈകൊണ്ടടിച്ചും വഴിയൊരുക്കാന്‍ ബദ്ധപ്പെടുന്ന കണ്ടക്ടറുടെ ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയി.
''ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. റോട്ടിലൂടെ വണ്ടിയോടിക്കാന്‍ പറ്റാത്ത തരത്തിലാണ് ജനക്കൂട്ടം. ഇവറ്റകള്‍ക്കൊക്കെ എന്താ പ്‌രാന്തായോ! കഷ്ടകാലത്തിന് ഇവിടെ സിനിമ വിടുന്ന നേരത്താ നമ്മുടെ വണ്ടിയുടെ ടൈം. എത്ര ദിവസമായെന്നോ തുടങ്ങിയിട്ട്!'' മുഖ്യപ്രതി കേട്ടുകൊണ്ടിരിക്കയാണെന്ന് കണ്ടക്ടര്‍ അറിഞ്ഞിട്ടില്ല. അന്ന് കൊച്ചുമോനെ ഫോണില്‍ കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു-''നമ്മുടെ സിനിമയ്ക്ക് തൃശ്ശൂരില്‍ നല്ല തിരക്കുണ്ട്.'' ''തൃശ്ശൂരില്‍ മാത്രമല്ല. കേരളം മുഴുവന്‍ തിരക്കുണ്ട്. പടം സൂപ്പര്‍ ഹിറ്റാണ്.''
ഇന്നിപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്ത് മോണിങ്‌ഷോ പകുതിയാകുമ്പോഴേക്കും മൊബൈലിലും ഫേസ്ബുക്കിലും അഭിപ്രായങ്ങളുടെ പ്രവാഹമാണ്. സിനിമയുടെ മൂല്യം നോക്കിയിട്ടൊന്നുമല്ല. സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പലരുടെയും കമന്റുകള്‍. ''കത്തിയാണു മോനേ, കാണണ്ട'' എന്നു പറഞ്ഞ പടം രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും സൂപ്പര്‍ഹിറ്റായി മാറുന്ന കാഴ്ച കണ്ട് കമന്റടിക്കാരന്‍ അന്തം വിട്ടു നില്‍ക്കും.
'തകര്‍ത്തു. ഈ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റ്' എന്നു പ്രചരിപ്പിച്ചത് ചിലപ്പോള്‍ മൂക്കും കുത്തി വീഴുന്ന കാഴ്ചയും അപൂര്‍വമല്ല. നിഷ്പക്ഷരായ പ്രേക്ഷകര്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ കാര്യമാക്കാറില്ല എന്നതാണ് വാസ്തവം.
'തലയണമന്ത്രം' റിലീസ് ചെയ്ത ആദ്യ ദിവസം എറണാകുളത്തു നിന്ന് എന്റെയൊരു സുഹൃത്തായ തിയേറ്റര്‍ ഉടമസ്ഥന്‍ വിളിച്ചു പറഞ്ഞു-
''ക്ലൈമാക്‌സിലെ സീനുകള്‍ ചിലത് കട്ട് ചെയ്യണം. ആളുകള്‍ കൂവിക്കൊണ്ടാണ് ഇറങ്ങിപ്പോകുന്നത്.''
എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
ഞാന്‍ പറഞ്ഞു-
''സാരമില്ല. ഒരാഴ്ചകഴിയട്ടെ. കൂവല്‍ അപ്പോഴും തുടരുകയാണെങ്കില്‍ നമുക്കു നോക്കാം.''
ഒരാഴ്ചയൊന്നും വേണ്ടിവന്നില്ല. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഇതേ സുഹൃത്ത് വിളിച്ചുപറഞ്ഞു-
''ഒന്നും ചെയ്യേണ്ട. ഈ ഓണക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിമാറുകയാണ് തലയണമന്ത്രം.''
'മനസ്സിനക്കരെ' ഇറങ്ങിയ ആദ്യത്തെ ആഴ്ച ഞാനും നിര്‍മാതാവ് സുബൈറും ചില പ്രദര്‍ശന കേന്ദ്രങ്ങളില്‍ ഒരു സന്ദര്‍ശനം നടത്തി. ആ സിനിമയും പതുക്കെപ്പതുക്കെയാണ് ഹിറ്റിലേക്കുയര്‍ന്നത്. വടക്കന്‍ ജില്ലകളില്‍ ഒന്നിലെ ഒരു തിയേറ്ററിലെത്തിയപ്പോള്‍ ആധികാരിമായി ഉടമയുടെ നിര്‍ദേശം-
''സിനിമ കൊള്ളാം. പക്ഷേ, നീളം കൂടി. ഒരു ഇരുപത് മിനിറ്റ് കട്ട് ചെയ്യണം.''
''ഇരുപത് മിനിറ്റ് എന്നു പറഞ്ഞാല്‍ സീനുകള്‍ കുറേ പോകുമല്ലോ.''
''പോകും. പോകേണ്ട സീനുകള്‍ ഏതൊക്കെയാണെന്ന് ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്.'' എഡിറ്റിങ്ങിന് ആ മനുഷ്യനെ വിളിക്കാതിരുന്നത് തെറ്റായിപ്പോയെന്ന് എനിക്കു തോന്നി. ഞാന്‍ പറഞ്ഞു-
''സമ്മതിച്ചു. ആ ഇരുപത് മിനിറ്റ് നിങ്ങളുടെ തിയേറ്ററില്‍ കളിക്കുന്ന പ്രിന്റില്‍ നിന്ന് കട്ട് ചെയ്‌തോളൂ. പക്ഷേ, ഒരു എഗ്രിമെന്റ് വെക്കണം. നൂറു ദിവസം കഴിഞ്ഞിട്ടേ ഈ തിയേറ്ററില്‍ നിന്ന് പടം മാറ്റൂ എന്ന്.''
എന്റെ ഉത്തരം അല്പം ഷാര്‍പ്പായതുകൊണ്ടാവാം അദ്ദേഹം പിന്നെയൊന്നും പറഞ്ഞില്ല.
പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ വീട്ടിലെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച് ആ നല്ല മനുഷ്യന്‍ 'സോറി' പറഞ്ഞു.
''ഇപ്പൊ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകുന്നുണ്ട്. ചിലര്‍ എന്നെ തെറ്റിദ്ധരിപ്പിച്ചതാ.'' ആ തിയേറ്ററില്‍ എണ്‍പത്തിരണ്ടു ദിവസം 'മനസ്സിനക്കരെ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
സിനിമയെപ്പറ്റി അത് സൃഷ്ടിച്ചവര്‍ക്ക് ഒരു ആത്മവിശ്വാസമുണ്ടാവുക എന്നതാണ് പ്രധാനം. ആദ്യത്തെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയാല്‍ അത് സിനിമയെ മൊത്തമായി ബാധിച്ചു എന്നുവരാം.
ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയുടെ മനോഹരമായ ക്ലൈമാക്‌സ് കുറച്ചുനാള്‍ മാറ്റിവെക്കേണ്ടിവന്നു എന്നു കേട്ടിട്ടുണ്ട്. 'വടക്കുനോക്കിയന്ത്രം' റിലീസ് ചെയ്തപ്പോള്‍ ശ്രീനിവാസനെപ്പോലും ചിലര്‍ കണ്‍ഫ്യൂഷനിലാക്കി.
തളത്തില്‍ ദിനേശന്റെ 'വട്ട്' മാറി അയാള്‍ വീട്ടില്‍ വന്ന് തന്റെ ഭാര്യയെ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യുന്നുണ്ട്. അതിമനോഹരമായ ഒരു റൗണ്ട് ട്രോളി ഷോട്ട്. അതു കഴിഞ്ഞിട്ടാണ് രാത്രി ഭാര്യയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തോ ശബ്ദം കേട്ട് ദിനേശന്‍ ഉണരുന്നതും ഒരു ടോര്‍ച്ചെടുത്ത് പതുങ്ങിവന്ന് പ്രേക്ഷകന്റെ കണ്ണിലേക്ക് ആ വെളിച്ചമടിക്കുന്നതും. അതാണ് ആ സിനിമയുടെ ഹൈലൈറ്റ്. പക്ഷേ, ക്ലൈമാക്‌സ് രംഗം സന്തോഷസൂചകമായി അവസാനിപ്പിച്ചില്ലെങ്കില്‍ കളക്ഷന്‍ കുറയുമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആ രംഗം കട്ട് ചെയ്ത് മാറ്റാന്‍ ശ്രീനിക്ക് സമ്മതിക്കേണ്ടിവന്നു. കുറച്ചു ദിവസം തിയേറ്ററുകളില്‍ ശ്രീനിവാസന്‍ പാര്‍വതിയെ ആലിംഗനം ചെയ്യുന്നതോടെ പടം അവസാനിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും അവസാനഭാഗം കൂട്ടിച്ചേര്‍ത്തപ്പോഴേ അതിന് പൂര്‍ണത കൈവന്നുള്ളൂ. ഇതൊക്കെ ആദ്യദിവസത്തെ അഭിപ്രായങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്.
അച്ചുവിന്റെ അമ്മ റിലീസ് ചെയ്ത് മൂന്നാഴ്ചയോളം കഴിഞ്ഞിട്ടാണ് പ്രേക്ഷകശ്രദ്ധ ആ സിനിമയിലേക്ക് പതിഞ്ഞത്. അതിശയിക്കാനില്ല. ഉദയനാണ് താരം എന്ന മനോഹര ചിത്രം സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും അരങ്ങു തകര്‍ത്ത ആ ചിത്രം ആദ്യം കാണണമെന്നേ ആര്‍ക്കും തോന്നൂ. അച്ചുവിന്റെ അമ്മയില്‍ എട്ടു വര്‍ഷത്തോളം രംഗത്തില്ലാതിരുന്ന ഉര്‍വശിയും മീരാജാസ്മിനും താരതമ്യേന പുതുമുഖമായ നരേനുമാണ് താരങ്ങള്‍. പി.വി. ഗംഗാധരനാണ് നിര്‍മാതാവ്.
''കണ്ടവര്‍ക്കൊക്കെ നല്ല അഭിപ്രായമാണ്. പക്ഷേ കളക്ഷനില്ല' പി.വി.ജി. പറഞ്ഞു. ''സാരമില്ല നമുക്കു നോക്കാം.''
ഗൃഹലക്ഷ്മി എന്ന ശക്തമായ ബാനറും പി.വി.ജി. എന്ന നിര്‍മാതാവും ഉള്ളതുകൊണ്ട് മാത്രമാണ് ഹോള്‍ഡ് ഒാവറായിട്ടും തിയേറ്ററുകാര്‍ ആ പടം നിര്‍ത്താതിരുന്നത്.
എന്നിട്ടും ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ആറു സെന്ററുകളില്‍ പടം നൂണ്‍ഷോ ആക്കി മാറ്റുകയാണെന്നു പറഞ്ഞ് പി.വി.ജി. വിളിച്ചു. തിരൂരും ചാലക്കുടിയും കൊടുങ്ങല്ലൂരുമടക്കമുള്ള നല്ല സെന്ററുകളാണ്. ഞാന്‍ പറഞ്ഞു. ''നൂണ്‍ ഷോ ആക്കണ്ട. സിനിമ നിര്‍ത്തിക്കോളാന്‍ പറയൂ, ഒരൊറ്റ കണ്ടീഷനിലൂടെ.'' കണ്ടീഷന്‍ ഇതായിരുന്നു- അച്ചുവിന്റെ അമ്മ രക്ഷപ്പെട്ടു തുടങ്ങിയാല്‍ വീണ്ടും പുതിയ റിലീസുപോലെ പ്രദര്‍ശിപ്പിക്കണം. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും കഥ മാറി. കുടുംബങ്ങള്‍ അച്ചുവിനെയും അമ്മയെയും കാണാന്‍ കൂട്ടമായി എത്തി. 'എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന പാട്ട് കൊച്ചുകുട്ടികള്‍ പോലും പാടിത്തുടങ്ങി. നിര്‍ത്തിവെച്ച എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനം വീണ്ടും തുടങ്ങി. ചാലക്കുടിയില്‍ എഴുപത്തഞ്ചാം ദിവസം ആഘോഷിച്ചപ്പോള്‍ ആ സന്തോഷത്തില്‍ പങ്കുചേരാനുള്ള അവസരവും എനിക്കുണ്ടായി.
ഇതൊക്കെ പഠിപ്പിക്കുന്ന പാഠം ഒരു സിനിമ നല്ലതാണെങ്കില്‍ മലയാളി പ്രേക്ഷകന്‍ അതിനൊപ്പം നില്‍ക്കും എന്നുതന്നെയാണ്. ലോബികളും വ്യാജനിരൂപകരും സിനിമയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും യഥാര്‍ഥ പ്രേക്ഷകര്‍ സിനിമയെ തിരിച്ചറിയും. വിജയിപ്പിക്കും. ഇല്ലെങ്കില്‍ ഹരിഹരന്റെ 'സര്‍ഗ്ഗ'വും ഫാസിലിന്റെ 'അനിയത്തിപ്രാവു'മൊക്കെ ഇവിടെ നിലംതൊടാതെ പോയേനെ.
ഇന്റര്‍നെറ്റും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പുമൊക്കെ പ്രചാരം നേടിയപ്പോള്‍ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവാം എന്ന സ്ഥിതിയായി. ഒരുപാട് ബുദ്ധിജീവികള്‍ ഉദയം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെയും മണിരത്‌നത്തിനെയും ശ്രീനിവാസനെയുമൊക്കെ ആര്‍ക്കും തെറിവിളിക്കാമെന്നായി. പ്രസിദ്ധരായവരെ കുറ്റം പറഞ്ഞാല്‍ അവരേക്കാള്‍ മികച്ചവനായില്ലേ താന്‍ എന്ന മിഥ്യാധാരണയില്‍ വ്യാജന്മാര്‍ അരങ്ങുതകര്‍ത്താടാന്‍ തുടങ്ങി. കലാരംഗത്ത് ഒരു ചെറുവിരല്‍പോലും ചലിപ്പിക്കാന്‍ കെല്പില്ലാത്തവരാണ് പുരപ്പുറത്ത് കയറിനിന്ന് അട്ടഹസിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.
സമൂഹം അവരെ കാണുന്നതും അങ്ങനെത്തന്നെ. അവര്‍ പക്ഷേ, അതറിയുന്നില്ലെന്നുമാത്രം.
'എന്നും എപ്പോഴും' റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍തന്നെ കുടുംബങ്ങളുടെ സ്‌നേഹം ഈ സിനിമയോടൊപ്പമുണ്ടായിരുന്നു. പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന് കുറേ പേരുടെ ആഹ്ലാദം. മഞ്ജുവാര്യരുടെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഒട്ടേറെ പേര്‍ പറഞ്ഞു. മഞ്ജുവിന്റെ ക്ലാസിക്കല്‍ നൃത്തവും 'മലര്‍വാകക്കൊമ്പത്ത്' എന്ന ജയചന്ദ്രന്റെ പാട്ടുമൊക്കെ കുടുംബങ്ങള്‍ ഏറ്റെടുത്ത് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ബുദ്ധിജീവിയുടെ ആത്മരോഷം വിമര്‍ശനത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതായി ഞാനറിഞ്ഞു. ഇത്തവണ ആക്രമണം പൊതുവെ കുറവാണല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ബുദ്ധിജീവിയുടെ ആണ്ടുനേര്‍ച്ച. ഒരു പത്രത്തില്‍ നിരൂപണമോ വായനക്കാര്‍ക്കുള്ള പേജില്‍ ഒരു കത്തോ എഴുതണമെങ്കില്‍ അത് പ്രസിദ്ധീകരണയോഗ്യമാണോ എന്നു നോക്കാന്‍ ഒരു പത്രാധിപരുണ്ട്. വിഡ്ഢിത്തമാണെങ്കില്‍ അത് പുറംലോകം കാണില്ല. പക്ഷേ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു നിയന്ത്രണവുമില്ല. ആര്‍ക്കും എന്തുമെഴുതാം.
ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തുന്നു എന്ന ഭാവത്തില്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും നല്ല നടന്മാരിലൊരാളായ മമ്മൂട്ടിയെ ജൂനിയര്‍ ആര്‍ട്ടിസ്റ്റെന്നു വിളിക്കാം. ശ്രീനിവാസന്റെ തിരക്കഥകള്‍ തീയിട്ടു കളയണമെന്നു പറയാം. വേറെ ചെലവൊന്നുമില്ലാത്ത ഒരു ഷൈനിംഗ്. ആ വിഭാഗത്തില്‍പെട്ട ഒരാളാണ് വിമര്‍ശകന്‍. എന്നോട് അതിനെപ്പറ്റി പറഞ്ഞ സുഹൃത്തിനോടു ഞാന്‍ ചോദിച്ചു.
''ഈ വിമര്‍ശിക്കുന്ന ആളുടെ കലാപാരമ്പര്യം എന്താണ്?''
''ഒന്നുമില്ല.''
''സാഹിത്യത്തിലൊ സിനിമയിലൊ മറ്റു മേഖലകളിലൊ ഏതെങ്കിലും തരത്തില്‍ ചെറുതായെങ്കിലും പ്രതിഭ തെളിയിച്ചിട്ടുണ്ടോ?''
''ഒരു ന്യൂസ് ചാനലില്‍ പണ്ട് വാര്‍ത്ത വായിച്ചിട്ടുണ്ട്.''
''വിട്ടേക്ക്'' ഞാന്‍ പറഞ്ഞു
വിവരമില്ലായ്മ ഒരു കുറ്റമല്ല. ലോകത്ത് ഇന്നുവരെ വിഡ്ഢിയായി എന്നതിന്റെ പേരില്‍ ഒരാളെയും തൂക്കിക്കൊന്നിട്ടില്ല. അത്തരക്കാര്‍ ഇനിയും ശബ്ദിച്ചുകൊണ്ടിരിക്കണം. വിദേശ സിനിമകള്‍ കണ്ട് കൈയടിച്ച്, കേരളത്തിലെ ജീവിതസാഹചര്യങ്ങളെ ആസ്പദമാക്കി എടുക്കുന്ന സിനിമകളെ പുച്ഛിച്ച്, മനസ്സു ദ്രവിച്ച് മറ്റൊന്നും ചെയ്യാനില്ലാതെ ഗര്‍വോടെ ഇവര്‍ കൈയും വീശി നടക്കുന്നത് നമുക്കു കാണണം. അതൊരു രസമാണ്. ആ രസം കൂടിയുണ്ടെങ്കിലേ അധ്വാനിച്ച് ജീവിക്കുന്ന നമ്മുടെ സന്തോഷത്തിന് പൂര്‍ണത ലഭിക്കൂ.
നല്ല സിനിമകള്‍ - പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ഇവിടെ ഇനിയും ഉണ്ടാകും. വിനീത് ശ്രീനിവാസനും ഏബ്രിഡ് ഷൈനും അനില്‍ രാധാകൃഷ്ണമേനോനും ലാല്‍ജോസും മണിരത്‌നവും ശ്രീനിവാസനും ഹരിഹരനും ആഷിഖ് അബുവുമൊക്കെ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. പുതിയ തലമുറ, പഴയതലമുറ എന്ന വ്യത്യാസമൊന്നും വേണ്ട. രാമുകാര്യാട്ടും സേതുമാധവനും പി.എന്‍. മേനോനും കെ.ജി. ജോര്‍ജും മോഹനും പത്മരാജനും എം.ടി.യും ഭരതനുമൊക്കെ നമുക്കു നല്‍കിയ ഒരു സിനിമാ സംസ്‌കാരമുണ്ട്. അതിന് ഇന്നും പ്രസക്തിയുണ്ട്. തലമുറകള്‍ക്കതീതമായി നല്ല സിനിമ ഇവിടെ നിലനില്‍ക്കും. എന്നും എപ്പോഴും.
കടപ്പാട് - മാതൃഭൂമി