Monday, October 13, 2014

സത്യൻ അന്തിക്കാട് -- മാതൃഭൂമി ലേഖനം - ഒക്ടോബർ 2014 - മനസ്സിനിക്കരെ'യുള്ള ചില കാര്യങ്ങള്‍

മനസ്സിനിക്കരെ'യുള്ള ചില കാര്യങ്ങള്‍

വീണ്ടുമൊരു വിജയദശമി വന്നുപോയി. ഒരു പരിചയവുമില്ലാത്തവരുടെ മടിയിലിരുന്ന് പകച്ചും അലറിവിളിച്ചു കരഞ്ഞും കുരുന്നുകള്‍ അക്ഷര ലോകത്തിലേക്ക് കടക്കുന്നതിന്റെ ചിത്രങ്ങള്‍ ടി.വി.യിലും പത്രങ്ങളിലും നിറഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വിജയദശമിക്കാലത്ത് ഇന്നസെന്റ് വിളിച്ചിരുന്നു.
'ഞാനിവിടെ അക്ഷരം പഠിച്ചോണ്ടിരിക്കുകയാ സത്യാ.'
'ഈ പ്രായത്തിലോ?'
ഫോണിലാണെങ്കിലും ശബ്ദം താഴ്ത്തി സ്വകാര്യമായി ഇന്നസെന്റ് പറഞ്ഞു-
'സലിംകുമാറിന്റെ കുഞ്ഞിനെ ഞാന്‍തന്നെ എഴുത്തിനിരുത്തണമത്രെ. കേട്ടപ്പോള്‍ ആലീസ് ചിരിയോട് ചിരി. ഞാനെഴുതിയ അക്ഷരങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് അവളാണല്ലോ. ഒരു വാക്യം എഴുതിയാല്‍ ഒമ്പതു തെറ്റെങ്കിലും ഉണ്ടാകുമെന്നാണ് അവളുടെ അഭിപ്രായം. അതൊരു അധിക പ്രസംഗമാണെങ്കിലും ചില വള്ളിയും പുള്ളിയുമൊക്കെ ഇടാന്‍ ഞാന്‍ മറന്നുപോകാറുണ്ടെന്നത് നേരാണ്. 'ശാര്‍ങധരന്‍' എന്നെഴുതാന്‍ പറഞ്ഞാല്‍ ഞാന്‍ കുഴഞ്ഞുപോകും. 'ഷഡ്പദങ്ങള്‍', 'ഋതുഭേദം' തുടങ്ങിയ വാക്കുകളൊന്നും മലയാളത്തിന് ആവശ്യമില്ലെന്ന് തോന്നിയിട്ടുണ്ട്.

ഒക്കെ പ്രശ്‌നമാണ്.എന്തിന്, മഞ്ജു വാരിയര്‍ എന്നെഴുതുമ്പോ 'ഞ' കഴിഞ്ഞ് 'ജ' എഴുതണോ, തിരിച്ചാണോ എന്നിപ്പോഴും കണ്‍ഫ്യൂഷനാണ്. 'പൃഥ്വിരാജും' എന്നെ വിഷമിപ്പിക്കുന്ന പേരാണ്. അതുകൊണ്ട് 'ഹരിശ്രീ ഗണപതയേ നമഃ' എന്ന് എഴുതിപ്പഠിക്കുകയാണ്. സലിംകുമാറിന്റെ കുഞ്ഞിനെക്കൊണ്ട് ആദ്യമെഴുതിപ്പിക്കുന്നത് തെറ്റാന്‍ പാടില്ലല്ലോ.'

എന്തായാലും ആ എഴുത്തുപരീക്ഷയില്‍ ഇന്നസെന്റ് വിജയിച്ചു എന്നാണ് കേട്ടത്. ചുളുവില്‍ ഒരു 'ഗുരു'സ്ഥാനം കൂടി പതിച്ചുകിട്ടി.
ആരൊക്കെയാണ് നമ്മുടെ ഗുരുനാഥന്മാര്‍ എന്ന ചിന്തയാണ് ഈ ലേഖനം എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ ഉയരുന്നത്. സിനിമയില്‍ വിജയിച്ച ചിലരെ ചൂണ്ടിക്കാട്ടി അത്രയേറെ വിജയിച്ചിട്ടില്ലാത്ത ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് - 'അവനെന്റെ ശിഷ്യനാ.'
ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലാത്ത കമന്റ്. പക്ഷേ, ഇതിനൊരു മറുവശമുണ്ട്. അദ്ദേഹമെന്റെ ഗുരുനാഥനാണെന്ന് ആര്‍ക്കും പറയാം. അത്ര ഉറപ്പോടെ ശിഷ്യനാണ് എന്ന് പറയാന്‍ കഴിയുമോ? അത് ശിഷ്യന്‍കൂടി സമ്മതിച്ചു തരണ്ടെ?

കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പൊരു സംഭവമുണ്ടായി. മലയാളത്തിലെ പ്രസിദ്ധനായ ഒരു തിരക്കഥാകൃത്തും അന്ന് തിളങ്ങിവരുന്ന ഒരു യുവസംവിധായകനും ചേര്‍ന്ന് ഒരു സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കുട്ടനാടാണ് പശ്ചാത്തലം. പടത്തിന്റെ വാര്‍ത്തകളും സ്റ്റില്‍സുമൊക്കെ പത്രങ്ങളില്‍ വന്നുതുടങ്ങിയപ്പോള്‍ കഥയെച്ചൊല്ലി ഒരു തര്‍ക്കം. കുട്ടനാട് എന്നു കേട്ട ഉടനെ ഒരു പുതിയ കഥാകൃത്ത് ഉദയംചെയ്തു.

'ഇതെന്റെ കഥയാണ്. പ്രതിഭാധനനായ, സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകന്‍ അതിന്റെ അവകാശം വാങ്ങിയതാണ്.'
തുടര്‍ന്ന് പ്രസ്തുത സീനിയര്‍ സംവിധായകന്റെ പത്രപ്രസ്താവന-
'ഈ യുവസംവിധായകന്‍ എന്റെ ശിഷ്യനാണ്. ഗുരുവിനോട് ഇങ്ങനെയൊരു ദ്രോഹം ചെയ്യുന്നത് നീതിയാണോ?'
വിനയപൂര്‍വം യുവസംവിധായകന്‍ മറുപടി എഴുതി-
'അദ്ദേഹം എന്റെ ഗുരുനാഥനല്ല. സീനിയര്‍ സംവിധായകനോടൊപ്പം സഹസംവിധായകനായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് പ്രതിഫലവും വാങ്ങിയിട്ടുണ്ട്. അന്ന് അതെന്റെ തൊഴിലാണ്. കൂടെ ജോലി ചെയ്തവരെപ്പറ്റി സഹപ്രവര്‍ത്തകന്‍ എന്നു വേണമെങ്കില്‍ പറയാം. അല്ലാതെ ഞാന്‍ സിനിമ പഠിച്ചത് അദ്ദേഹത്തില്‍ നിന്നല്ല.'

അതോടെ സീനിയര്‍ നിശ്ശബ്ദനായി. കഥാകൃത്ത് കോടതിയും പത്രവാര്‍ത്തകളുമൊക്കെയായി കോലാഹലമുണ്ടാക്കാന്‍ നോക്കിയെങ്കിലും ആരോപണത്തില്‍ ഒരു തരിപോലും സത്യമില്ലാതിരുന്നതുകൊണ്ട് അതൊക്കെ സ്വയം കെട്ടടങ്ങി.

ഗുണപാഠം ഇതാണ്-

ആരും സ്വയം ഗുരുനാഥനായി ചമയരുത്. പല നടീനടന്മാരെയും സിനിമയില്‍ ആദ്യമായി അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവരില്‍ പലരും ഇന്ത്യന്‍ സിനിമയിലെ തിളക്കമാര്‍ന്ന താരങ്ങളായി ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ അവരുടെ കഴിവുകൊണ്ടും കഠിനപ്രയത്‌നംകൊണ്ടും കൈവന്നിട്ടുള്ളതാണ്. ഒരു ക്രെഡിറ്റും എനിക്കവകാശപ്പെട്ടതല്ല. ഒരു സിനിമ തുടങ്ങുമ്പോള്‍ ആ സിനിമ ഏറ്റവും മികച്ചതാവണം എന്നു മാത്രമേ ഞാന്‍ ആഗ്രഹിക്കാറുള്ളൂ. അതിന് പുതുമുഖങ്ങളടക്കം എല്ലാവരുടെയും കഴിവുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ അംഗീകരിക്കപ്പെടുകയും വളരുകയുംചെയ്യുന്നത് അവരുടെ മിടുക്ക്!

മോഹന്‍ലാല്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ പലരേയും ആദ്യമായി സ്‌ക്രീനിലെത്തിച്ചത് ഫാസിലാണ്. ഏറ്റവും കൂടുതല്‍ പുതുമുഖങ്ങളെ അവതരിപ്പിച്ച് വിജയിച്ച സംവിധായകന്‍. ഒരിക്കല്‍പോലും ഫാസില്‍ പറഞ്ഞിട്ടില്ല, താനാണ് അവരെ സ്റ്റാര്‍ ആക്കിയതെന്ന്.
അതേസമയം മോഹന്‍ലാല്‍ പറയും -

'പാച്ചിക്ക എന്റെ ഗുരുനാഥനാണ്. അദ്ദേഹം വിളിച്ചാല്‍ ഡേറ്റും പ്രതിഫലവുമൊന്നും പ്രശ്‌നമല്ല. എപ്പോഴായാലും ഞാന്‍ പോകും.' കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമടക്കം ഫാസില്‍ അവതരിപ്പിച്ച എല്ലാവരും ഇതുതന്നെ പറയുന്നുണ്ടാകും. അത് അവരുടെ മാന്യതയാണ്.

ഒരിക്കല്‍ ഷൂട്ടിങ്ങിനിടയില്‍ നൃത്തസംവിധായിക ബൃന്ദ പറഞ്ഞു-
''സിനിമയില്‍ പ്രസിദ്ധരായാല്‍ കൃത്യനിഷ്ഠ പാലിക്കുന്നവര്‍ വളരെ കുറവാണ്. പ്രത്യേകിച്ചും അന്യഭാഷയില്‍. പക്ഷേ, നയന്‍താര വളരെ വ്യത്യസ്തയാണ്. രാവിലെ ആറുമണിക്ക് സെറ്റിലെത്തണമെന്ന് പറഞ്ഞാല്‍ അഞ്ച് അമ്പത്തഞ്ചിന് എത്തിയിരിക്കും. വിത്ത് മെയ്ക്കപ്പ്! ഒരിക്കല്‍ ഞാന്‍ അഭിനന്ദിച്ചപ്പോള്‍ നയന്‍താര പറഞ്ഞത് അതിന് നന്ദി പറയേണ്ടത് എന്റെ ഗുരുനാഥനോടാണ് എന്നാണ്. എന്നുവെച്ചാല്‍ താങ്കളോട്.''
എനിക്ക് മനസ്സിലായില്ല.

ബൃന്ദാ മാസ്റ്റര്‍ വിശദീകരിച്ചു...
'മനസ്സിനക്കരെ' കഴിഞ്ഞ് രണ്ടാമത്തെ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ നയന്‍താര എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എല്ലാ വിജയവും നേര്‍ന്നുകൊണ്ട് ഞാന്‍ പറഞ്ഞു- ''സെറ്റില്‍ ഒരിക്കലും വൈകിച്ചെല്ലരുത്. സംവിധായകനും ക്യാമറാമാനുള്‍പ്പെടെ ഒരു വലിയ യൂണിറ്റാണ് അവിടെ കാത്തുനില്‍ക്കുക. പറഞ്ഞാല്‍ പറഞ്ഞ സമയത്ത് ചെല്ലണം. വൈകുമെങ്കില്‍ അക്കാര്യം നേരത്തെ പറയണം.''
ഇതൊരു സാധാരണ കാര്യമായി പറഞ്ഞതാണ്. ആദ്യ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ അതൊരു 'ഗുരുവചന'മായി സ്വീകരിച്ചത് നയന്‍താരയുടെ മനസ്സിന്റെ വലുപ്പം!

'രസതന്ത്രം' എന്ന സിനിമയുടെ അവസാന മിനുക്കുപണികള്‍ക്കുശേഷം മദ്രാസില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുപോരും മുന്‍പ് കുറച്ച് പുതിയ ഷര്‍ട്ടുകള്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഷൂട്ടിങ് സമയത്തെ വെയിലും തണുപ്പുമൊക്കെ ഏറ്റ് പലതും നിറംമങ്ങിയിരുന്നു. ഒരു സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ഗുണങ്ങള്‍ ടി.വി.യിലിരുന്ന് വര്‍ണിക്കുന്ന കലാപരിപാടി തുടങ്ങിയ കാലമാണ്. എല്ലാ ചാനലുകളിലും ഒരേ ഷര്‍ട്ട് ഇട്ട് പോകുന്നത് ഒഴിവാക്കാമല്ലോ. മദ്രാസില്‍ പോണ്ടിബസാറിലെ 'നായിഡു ഹാള്‍' എന്ന ഷോപ്പിങ് സെന്ററാണ് എന്റെ ലക്ഷ്യം. പോണ്ടിബസാറില്‍ പോയിട്ടുള്ളവര്‍ക്കറിയാം എപ്പോഴും വലിയ തിരക്കാണവിടെ.

കാര്‍ പാര്‍ക്ക് ചെയ്തത് കുറെ ദൂരെയാണ്. വണ്ടി ഇവിടെത്തന്നെ ഇട്ടോളൂ. ഞാന്‍ പെട്ടെന്നുതന്നെ വരാമെന്ന് ഡ്രൈവര്‍ ജോണിനോട് പറഞ്ഞ് നായിഡു ഹാളിലേക്ക് തിരക്കിട്ട് നടക്കുമ്പോള്‍ എന്റെ കൈയിലൊരു പയ്യന്‍ കയറിപ്പിടിച്ചു.

ഒരു വഴിവാണിഭക്കാരന്‍. പാകമാകാത്ത ഷര്‍ട്ടും പഴക്കമേറിയ ട്രൗസറും ധരിച്ച ഒരു കുട്ടി. ചെവിയിലെ വെള്ളവും അഴുക്കുമൊക്കെ കളയുന്ന 'ബഡ്‌സ്' ചെറിയ ചെറിയ കെട്ടുകളാക്കി അവന്‍ കൈയില്‍ കരുതിയിട്ടുണ്ട്. അതില്‍ ഒന്നോ രണ്ടോ കെട്ട് വാങ്ങി ഞാന്‍ സഹായിക്കണം. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു കിട്ടുന്ന ബ്രാന്‍ഡഡ് ബഡ്‌സിനെക്കാള്‍ കുറഞ്ഞ വിലയേ ഉള്ളൂ. ഒരു കെട്ടിന് പത്തുരൂപ.

''എന്റെ വീട്ടിലുണ്ടാക്കുന്നതാണ് സാര്‍. നല്ലതാണ്'' എന്ന് പറഞ്ഞ് അവനെന്റെ പിറകെ കൂടി.
''രാവിലെമുതല്‍ ഒന്നും ചെലവായിട്ടില്ല സാര്‍. പ്ലീസ് സാര്‍'' എന്നൊക്കെ പറഞ്ഞ് അവനെന്നെ ശല്യം ചെയ്തുകൊണ്ടേയിരുന്നു. എനിക്കിതിന്റെ ആവശ്യമില്ലെന്ന് പലതരത്തില്‍ - അറിയാവുന്ന തമിഴില്‍ ഞാന്‍ പറഞ്ഞുനോക്കി. പയ്യന്‍ വിടുന്നില്ലെന്നു കണ്ടപ്പോള്‍ ആളുകള്‍ക്കിടയിലൂടെ തിക്കിത്തിരക്കി നായിഡു ഹാളിലേക്ക് രക്ഷപ്പെട്ടു. ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. പയ്യനെ കാണുന്നില്ല. ആശ്വാസത്തോടെ വേഗം നടന്ന് കാറിനടുത്തുചെന്ന് ഡോര്‍ തുറക്കുമ്പോഴേക്കും എവിടെനിന്നോ അവന്‍ ഓടിയെത്തി.
''പ്ലീസ് സാര്‍- ഒരു കെട്ടെങ്കിലും വാങ്ങൂ. പത്തുരൂപയുടെ ഒരു കെട്ടുവാങ്ങിയാല്‍ രണ്ടു രൂപ ഞങ്ങള്‍ക്ക് ലാഭം കിട്ടും. പ്ലീസ് സര്‍''
എന്റെ കൈയില്‍ ഷോപ്പിങ് നടത്തിയതിന്റെ ബാക്കി കുറെ ചില്ലറയുണ്ടായിരുന്നു. അഞ്ചുരൂപയുടെ കുറെ നാണയങ്ങള്‍. അതുമുഴുവന്‍ അവന്റെ കൈയില്‍ വെച്ചുകൊടുത്തിട്ടു ഞാന്‍ പറഞ്ഞു-

''ഞാനിതു വാങ്ങുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടുതലുണ്ട്. വെച്ചോളൂ. ബഡ്‌സ് എനിക്ക് ആവശ്യമില്ലാത്തുകൊണ്ടാണ്.''
അവന് സന്തോഷമാകും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, സംഭവിച്ചത് നേര തിരിച്ചാണ്.
''വേണ്ട സാര്‍, എനിക്കിത് വേണ്ട''

കാറില്‍ കയറാന്‍ സമ്മതിക്കാതെ അവനെന്റെ ഷര്‍ട്ടില്‍ പിടിമുറുക്കി.
''ഞാന്‍ സന്തോഷത്തോടെ തരുന്നതല്ലേ, ഇരിക്കട്ടെ'' എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ കാറില്‍ കയറി. ഡോറിനിടയിലൂടെ കൈയിട്ട് അവന്‍ പറഞ്ഞു-
''വേണ്ട സാര്‍ പ്ലീസ്...''
അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
അതെന്നെ അതിശയിപ്പിച്ചു.

''ഇതില്‍ ഒന്നുപോലും നിങ്ങള്‍ വാങ്ങിയില്ലെങ്കിലും സാരമില്ല സര്‍. വെറുതെ എനിക്കൊന്നും തരരുത്. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ആരില്‍നിന്നും ഒന്നും വെറുതെ വാങ്ങരുതെന്ന്.''
വണ്ടി തിരിക്കാന്‍ മറന്ന് ജോണും അവനെത്തന്നെ നോക്കിയിരിപ്പാണ്.
ഞാനവന്റെ കൈയിലുള്ള ബഡ്‌സ് മുഴുവന്‍ വാങ്ങി. അതിനുള്ള വില മാത്രം കൃത്യമായി അവന്‍ സ്വീകരിച്ചു. കണ്ണീരിലൂടെ ചിരിച്ച് നന്ദി പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്കോടിപ്പോയി.

തിരിച്ചുള്ള യാത്രയില്‍ സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു- എന്റെ ഗുരുനാഥന്മാരുടെ കൂട്ടത്തില്‍ ഒരാള്‍കൂടി സ്ഥാനംപിടിച്ചിരിക്കുന്നു.

കടപ്പാട്  - മാതൃഭൂമി

സത്യൻ അന്തിക്കാട് -- മാതൃഭൂമി ലേഖനം - ഒക്ടോബർ 2014 - മമ്മൂട്ടി ഈ കാശൊക്കെ എന്തുചെയ്യുന്നു!?

മമ്മൂട്ടി ഈ കാശൊക്കെ എന്തുചെയ്യുന്നു!?


തലക്കെട്ടിന്റെ ഉത്തരം ഒരു സസ്‌പെന്‍സായി നില്‍ക്കട്ടെ. അതിലേക്ക് കടക്കുംമുന്‍പ് മറ്റു ചില കാഴ്ചകളിലൂടെ ഒന്ന് കണ്ണോടിക്കാം.
എന്റെ ഹോം ടൗണായ തൃശ്ശൂരില്‍വെച്ചുണ്ടായതാണ്. ഇക്കഴിഞ്ഞൊരു ദിവസം-കൃത്യമായി പറഞ്ഞാല്‍ തൃശ്ശൂരുകാര്‍ പുലിക്കളി ആഘോഷിക്കുന്ന നാലോണദിവസം, ഒരു ഉച്ചനേരം തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലെ തെരുവില്‍ എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ സഹോദരന്‍ ഡോക്ടര്‍ ഗംഗാധരന്‍ ഒരു പ്രകൃതി ആരോഗ്യ ഭക്ഷണശാല ആരംഭിക്കുന്നു. 'പത്തായം' എന്നാണ് പേര്. ആരോഗ്യത്തിന് ഹാനികരമായ ഒരു ചേരുവകളും ചേര്‍ക്കാത്ത, നല്ല ഭക്ഷണം മാത്രം നല്‍കുന്ന ഒരു കേന്ദ്രം. തിരുവനന്തപുരത്ത് സ്റ്റാച്യുവിനടുത്ത് വര്‍ഷങ്ങളായി അങ്ങനെയൊരു സ്ഥാപനം ഡോക്ടര്‍ നടത്തുന്നുണ്ട്.

ഞങ്ങള്‍ ജീവനില്‍ കൊതിയുള്ളവര്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ 'പത്തായ'ത്തില്‍നിന്നാണ് ഭക്ഷണം കഴിക്കുക. ഈ 'ഞങ്ങളി'ല്‍ ഞാനും ശ്രീനിവാസനും പി.വി. ഗംഗാധരനും ഉണ്ണി കെ. വാരിയരുമൊക്കെ പെടും. തൃശ്ശൂരില്‍ ആദ്യമായി അങ്ങനെയൊരു ഭക്ഷണശാല തുടങ്ങുമ്പോള്‍ ഞാനും ശ്രീനിവാസനും ചേര്‍ന്ന് അത് ഉദ്ഘാടനംചെയ്യണമെന്ന് ഡോക്ടര്‍ക്കൊരു മോഹം. സിനിമയിലും ലേഖനങ്ങളിലും പ്രസംഗങ്ങളിലുമൊക്കെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ ഞങ്ങള്‍.

'ഒരു ജ്വല്ലറി ഉദ്ഘാടനംചെയ്തുതരാമോ, പത്തുലക്ഷം തരാം' എന്നു പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ 'എനിക്ക് വേറെ പണിയുണ്ട് മോനെ' എന്നു പറഞ്ഞ് ഒഴിയുന്ന ശ്രീനിവാസന്‍ ഒരു മടിയും കൂടാതെ സമ്മതിച്ചു. ഞാനും റെഡി. ഔപചാരികത ഒട്ടുമില്ലാത്ത ഈ ചടങ്ങിന് കുറച്ച് നേരത്തേതന്നെ ഞങ്ങള്‍ സ്ഥലത്തെത്തി. കാര്‍ അല്പം ദൂരെ പാര്‍ക്ക്‌ചെയ്ത് 'പത്തായ'ത്തിലേക്ക് നടക്കുമ്പോള്‍ പിറകെ ഓടിയെത്തിയ ഒരാളുടെ കുശലാന്വേഷണം.

''ശ്രീനിവാസന്‍സാറിനിപ്പൊ പടമൊന്നുമില്ല അല്ലേ''
മറുപടി പറഞ്ഞത് ഞാനാണ്.
''ഇല്ല, മൂപ്പര്‍ ഔട്ടായി.''
പൊട്ടിവന്ന ഒരു ചിരി ശ്രീനി അടക്കാന്‍ പാടുപെടുന്നത് ഞാന്‍ കണ്ടു. ഉച്ചവരെ 'നഗരവാരിധി നടുവില്‍ ഞാന്‍' എന്ന സിനിമയില്‍ സംഗീതയുടെ കൂടെ അഭിനയിച്ച് ലൊക്കേഷനില്‍നിന്ന് നേരിട്ട് വരുകയാണ് ശ്രീനി.
കുശലാന്വേഷകന്റെ അടുത്ത ചോദ്യം - ''ഇപ്പൊ കൃഷീലാ കയറിപ്പിടിച്ചിരിക്കുന്നത് അല്ലേ?''
''അതെ. പക്ഷേ, കുറച്ചു നേരം പിടിച്ചപ്പൊ കൈ കഴച്ചു. അതുകൊണ്ടിപ്പൊ ആ പിടി വിട്ടു.''
ശ്രീനിവാസന്റെ മറുപടി മനസ്സിലാകാഞ്ഞിട്ടോ, അതോ ഇയാള്‍ക്കിതൊന്നും ഏല്‍ക്കുകയില്ലെന്ന് ബോധ്യമായിട്ടോ എന്തോ ചോദ്യകര്‍ത്താവ് പെട്ടെന്ന് പിന്‍വലിഞ്ഞു.

ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. വെറുമൊരു ഉദാഹരണം. ഭീകരമായ കുശലാന്വേഷണങ്ങളുമായി വരുന്നവരെ സമചിത്തതയോടെ കൈകാര്യംചെയ്യുന്ന പ്രതിഭകളെ ഞാനൊരുപാട് കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ ഇതൊരു കുശലംപറച്ചിലല്ല. സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവരുന്നവരെ മാനസികമായി ഒന്നു തളര്‍ത്താന്‍പറ്റിയാല്‍ ഒരു സന്തോഷം. അത്രയേ ഉള്ളൂ. ചടങ്ങു കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാനും ശ്രീനിയും ഇത്തരം അനുഭവങ്ങള്‍ കുറെ ഓര്‍ത്തെടുത്തു.

ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള ശ്രീനിവാസന്റെ ഒരു വിമാനയാത്ര. വിമാനത്തിനകത്ത് പ്രവേശിച്ചപ്പോള്‍തന്നെ ശ്രീനിയുടെ പിറകിലെ സീറ്റിലെ ദമ്പതികള്‍ നോക്കുന്നത് ശ്രീനി കണ്ടു. നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിശിഷ്ടയായ ശ്യാമള, മറവത്തൂര്‍ കനവ് - അങ്ങനെ ഒട്ടേറെ സിനിമകളിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച വ്യക്തിയല്ലേ മുന്നില്‍ നില്‍ക്കുന്നത് എന്ന ആരാധന ആ ഭാര്യയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ഭര്‍ത്താവിന്, പക്ഷേ, താനിതുപോലെ എത്രപേരെ കണ്ടിരിക്കുന്നു എന്ന ഭാവം. വിമാനം പറന്നുതുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ശ്രീനിയുടെ അടുത്തേക്ക് എത്തുന്നു. എന്നിട്ട് അലസഭാവത്തില്‍ ഒരു ചോദ്യം- ''എവിടെയോ കണ്ടതുപോലെയുണ്ടല്ലോ''
''കാണാന്‍ ഒരു വഴിയുമില്ല.'' ശ്രീനി പറഞ്ഞു.
''ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നത്.''
ഭാര്യ കേള്‍ക്കുന്നുണ്ടല്ലോ എന്ന ചമ്മല്‍ മറച്ചുവെച്ചുകൊണ്ട് ഭര്‍ത്താവിന്റെ അടുത്ത ചോദ്യം -
''പേരെന്താണ്?''
''അങ്ങനെ പേരൊന്നുമില്ല. അറിയാവുന്നവര്‍ എന്നെ വിക്രമാദിത്യന്‍ നമ്പൂതിരി എന്നു വിളിക്കും.''
പിന്നില്‍ ഭാര്യയുടെ പൊട്ടിച്ചിരി ഉയര്‍ന്നു.
'വിടാനും വയ്യ വിടാതിരിക്കാനും വയ്യ' എന്ന പരുവത്തില്‍ അയാള്‍ ചോദിച്ചു -
''ഷൂട്ടിങ്ങിന് പോവ്വാണോ?''
''ഷൂട്ടിങ്ങോ? എന്ത് ഷൂട്ടിങ്? നിങ്ങള്‍ക്കിതെന്താ പറ്റിയത്?''
അയാള്‍ കുനിഞ്ഞ്, ശബ്ദം താഴ്ത്തി അടിയറവു പറഞ്ഞു.
''എന്നെ ഇങ്ങനെ വിയര്‍പ്പിക്കല്ലേ ശ്രീനിസാറേ?'' ശ്രീനി അയാള്‍ക്ക് ചെറിയൊരു ക്ലാസെടുത്തു, ഭാര്യയെ സാക്ഷിനിര്‍ത്തി. ഇനി ഒരിക്കലും ഇത്തിരി പേരുള്ളവരെ അപമാനിക്കാന്‍ അയാള്‍ ധൈര്യപ്പെടില്ല എന്നുറപ്പ്. ഇതൊരു മാനസികപ്രശ്‌നമാണ്. ഒരാളെ അംഗീകരിച്ചാല്‍ അയാള്‍ സന്തോഷിച്ചുപോയാലോ എന്നൊരു വിഷമം.

നിങ്ങളുടെ പ്രശസ്തി കണ്ട് ഞങ്ങളാരും വിരണ്ടിട്ടില്ലെടോ എന്നറിയിക്കാനുള്ള വെമ്പല്‍.

അനുഗൃഹീതനായ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഒരു അനുഭവം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഗീത് ഹോട്ടലില്‍ ഒരു സിനിമയുടെ പാട്ടുകള്‍ കമ്പോസ്‌ചെയ്യാന്‍ രവീന്ദ്രന്‍ മുറിയെടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. തൊട്ടടുത്ത മുറിയില്‍നിന്ന് ടേപ് റെക്കോഡറിലൂടെ വലിയ ശബ്ദത്തില്‍ രവീന്ദ്രന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ മാത്രം കേള്‍ക്കുന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം രവീന്ദ്രസംഗീതം മാത്രം.
ചായ കൊണ്ടുവന്ന റൂംബോയിയോട് രവീന്ദ്രന്‍ ചോദിച്ചു -
''ആരാ അടുത്ത മുറിയില്‍?''
''വടക്കെങ്ങാണ്ടോ ഉള്ളവരാ. വിസ ശരിയാക്കാന്‍വേണ്ടി വന്ന് താമസിക്കുന്നതാ.''
രവീന്ദ്രന് സന്തോഷം തോന്നി. തന്റെ പാട്ടുകള്‍ ഇത്രയേറെ ആസ്വദിക്കുന്നവരല്ലേ. അവര്‍ക്കൊരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി കതകില്‍ മുട്ടി. ഒരു ചെറുപ്പക്കാരന്‍ കതക് തുറന്നു.
വേറെയും രണ്ടുപേരുണ്ട് മുറിയില്‍. ടേപ് റെക്കോഡറില്‍ യേശുദാസ് അപ്പോഴും 'ഹരിമുരളീരവം' പാടുന്നുണ്ട്. വാതില്‍ക്കല്‍തന്നെ നിന്ന് ഒരു ചിരിയോടെ രവീന്ദ്രന്‍ പറഞ്ഞു.

''ഞാന്‍ മ്യൂസിക് ഡയറക്ടര്‍ രവീന്ദ്രന്‍. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നു. വന്നപ്പോള്‍മുതല്‍ ഈ മുറിയില്‍നിന്ന് എന്റെ പാട്ടുകള്‍ മാത്രം കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോഴാണല്ലോ ഒരു കലാകാരന്റെ മനസ്സു നിറയുക. താങ്ക്‌യു മക്കളേ. താങ്ക് യു വെരിമച്ച്.''
പെട്ടെന്ന് ടേപ്പ് റെക്കോഡര്‍ ഓഫായി. അതിനുശേഷം രവീന്ദ്രന്‍ സംഗീതം നല്‍കിയ ഒരൊറ്റ പാട്ടുപോലും ആ മുറിയില്‍നിന്ന് കേട്ടിട്ടില്ല. ഒന്നുകില്‍ ഹിന്ദി. അല്ലെങ്കില്‍ തമിഴ്. ''അങ്ങനെ നീ സുഖിക്കണ്ടടാ'' എന്ന് അവര്‍ പറയാതെ പറഞ്ഞു എന്നാണ് രവീന്ദ്രന്‍ പറഞ്ഞത്.
യേശുദാസിനെ എയര്‍പോര്‍ട്ടില്‍വെച്ചു കണ്ട ഒരു അമേരിക്കന്‍ മലയാളിയെക്കുറിച്ച് ഇന്നസെന്റ് പറയാറുണ്ട്. കോട്ടും സൂട്ടുമൊക്കെയിട്ട് അല്പത്തരത്തിന് കൈയും കാലും വെച്ചതുപോലെ ഒരു പരിഷ്‌കാരി.
കണ്ട ഉടനെ ''ഹലോ മിസ്റ്റര്‍ യേശുദാസ്'' എന്നു പറഞ്ഞ് ദാസേട്ടന് കൈകൊടുത്തുവത്രെ.
''എങ്ങോട്ടാ യാത്ര?''
''മദ്രാസിലേക്കാണ്'' എന്ന് വിനയപൂര്‍വം ദാസേട്ടന്‍.
''റെക്കോഡിങ്ങിനാണോ?''
''അതെ'' എന്നു പറഞ്ഞ് ദാസേട്ടന്‍ നടന്നു. അയാള്‍ നേരെ ഇന്നസെന്റിനടുത്ത് വന്നു പറഞ്ഞു
''ഇരുപതുകൊല്ലം മുന്‍പ് ഞാന്‍ ആദ്യമായി അമേരിക്കയിലേക്ക് പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇതുപോലെതന്നെ മിസ്റ്റര്‍ യേശുദാസിനെ കണ്ടിരുന്നു. അന്നും മിസ്റ്റര്‍ ദാസ് പാട്ടുപാടാനാണ് പോയിരുന്നത്. ഞാന്‍ അമേരിക്കയില്‍ പോയി ബിസിനസ് ചെയ്തു. ഇപ്പൊ സ്വന്തമായി രണ്ട് ഗ്യാസ് സ്റ്റേഷനുണ്ട്. റെസ്റ്റോറന്റുണ്ട്. അങ്ങനെ ഒരുപാടൊരുപാട് വളര്‍ന്നു. പാവം, യേശുദാസിന് ഇപ്പോഴും പാട്ടുതന്നെ അല്ലേ? അതില്‍നിന്നൊരു മേല്‍ഗതി ഉണ്ടായില്ലല്ലേ? അജ്ഞതയുടെ ആ ആള്‍രൂപത്തിനു മുന്നില്‍ ഇന്നസെന്റ് കൈകൂപ്പി നമിച്ചു എന്നാണ് കഥ.

കോഴിക്കോട്ട് ഒരു പുസ്തകപ്രകാശനത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് വന്നിരിക്കുന്നു. ചടങ്ങിനുവേണ്ടി വേദിയിലേക്ക് കയറുംമുന്‍പ് ഒരു ബുദ്ധിജീവി ബാലനെ പിടിച്ചുനിര്‍ത്തി. ''ഇപ്പൊ കവിതകളൊന്നും കാണാറില്ലല്ലോ?
എഴുത്ത് നിര്‍ത്തിയോ?''
''നിര്‍ത്തി'' ബാലചന്ദ്രന്‍ പറഞ്ഞു- ''പ്രതിഭയൊക്കെ വറ്റി. ഇനിയിങ്ങനെ വല്ല മീറ്റിങ്ങിലും പങ്കെടുത്ത് ജീവിക്കാമെന്നാണ് വിചാരിക്കുന്നത്.'' അയാളുടെ മുഖം തെളിഞ്ഞു. അഭിനന്ദപൂര്‍വം ബാലന് കൈകൊടുത്തു.
പുതിയ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ എന്നെ സ്ഥിരമായി വിളിച്ച് അഭിപ്രായം പറയുന്ന ചില അഭ്യുദയകാംക്ഷികളുണ്ട്. ''പടം ആദ്യത്തെ ഷോതന്നെ കണ്ടു കേട്ടോ.''
''സന്തോഷം''
''തുറന്നുപറയുന്നതില്‍ വിഷമം തോന്നില്ലല്ലോ? ഭയങ്കര ബോറായിരിക്കുന്നു. എന്തു പറ്റി?'' പടം സൂപ്പര്‍ഹിറ്റാകുന്നുവെന്ന തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
''എന്തുചെയ്യാം. സംവിധാനംചെയ്യാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകും'' എന്ന് ഞാന്‍ വിനയാന്വിതനാകും. പുള്ളിക്കാരന്‍ ഹാപ്പി. അടുത്ത സിനിമയിറങ്ങുമ്പോള്‍ ഇതേ കക്ഷി വിളിക്കും.

''കഴിഞ്ഞ സിനിമ ഗംഭീരമായിരുന്നു. അത് നൂറുദിവസം ഓടുമെന്നും എനിക്ക് അന്നേ തോന്നിയിരുന്നു. പക്ഷേ, ഈ പടം - തുറന്നുപറഞ്ഞാല്‍ വിഷമിക്കില്ലല്ലോ? ഭയങ്കര ബോറായിരിക്കുന്നു. എന്തു പറ്റി?'' എനിക്ക് ചിരിവരും. പക്ഷേ, പാവത്താനായി ആ വിമര്‍ശനം മുഴുവന്‍ ഏറ്റുവാങ്ങുന്നതായി അഭിനയിക്കും. എന്റെ അഹന്തയ്ക്ക് ഒരു പ്രഹരം കൊടുത്തല്ലോ എന്ന സന്തോഷത്തോടെ അയാള്‍ ഫോണ്‍ വെക്കും. ഒരു സിനിമയുടെ ആലോചനകളുമായി ഞാനും ശ്രീനിവാസനും തൃശ്ശൂര്‍ രാമനിലയത്തില്‍ താമസിക്കുന്നു. വൈകുന്നേരം ഒന്ന് പുറത്തിറങ്ങി എന്റെ മാരുതി കാറില്‍ ടൗണിലൂടെ ഒരു കറക്കം. തിരിച്ചെത്തുമ്പോള്‍ ഒപ്പം ഒരു ബൈക്കും കുതിച്ചെത്തി.

നല്ല തണ്ടും തടിയുമുള്ള ഒരു ചെറുപ്പക്കാരന്‍. ഏതോ പരിചയക്കാരനാവുമെന്ന് സംശയിച്ച് ഞങ്ങള്‍ നിന്നു.
''സത്യന്‍ അന്തിക്കാട്, അല്ലേ?'' മുന്നോട്ടു വന്ന് അയാള്‍ ചോദിച്ചു.
''അതെ.''
''ഇത് ശ്രീനിവാസന്‍''
ശ്രീനിയും സമ്മതിച്ചു.
''മമ്മൂട്ടിയെ ഞാന്‍ ഓവര്‍ടേക്ക് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ ഞാന്‍ മൈന്‍ഡ്‌ചെയ്യാറില്ല.
അപ്പൊ ശരി.'' ആരാണെന്നോ എന്താണെന്നോ പറയാതെ ബൈക്കുമെടുത്ത് ആളൊരു പോക്ക്. ഇതെന്ത് മറിമായം എന്നോര്‍ത്ത് ഞങ്ങള്‍ പരസ്പരം നോക്കി.

മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മുകളിലാണ് താന്‍ എന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനായിരുന്നോ അയാള്‍ ശ്രമിച്ചത്? അതോ അങ്ങനെ സ്വയം വിശ്വസിക്കാനോ? നമുക്ക് പിടികിട്ടാത്ത ഒരു മനശ്ശാസ്ത്രമാണത്. കഥ ആലോചിച്ച് തലപുകഞ്ഞ ഒരു രാത്രി ഞങ്ങള്‍ തേക്കിന്‍ കാട് മൈതാനത്തിലൂടെ ഒന്നു നടന്നു. ഇരുട്ടിന്റെ മറപിടിച്ചാണ് നടത്തം. മണി പത്തു കഴിഞ്ഞതുകൊണ്ട് ആളുകള്‍ അധികമൊന്നുമില്ല. എന്നിട്ടും ശ്രീനിവാസന്റെ നടത്തം കണ്ട് തിരിച്ചറിഞ്ഞ് ഒരു വിദ്വാന്‍ പിറകെയെത്തി.
''എന്താ ശ്രീനിയേട്ടാ പട്ടി പൂരം കാണാന്‍പോയതുപോലെ ഇങ്ങനെ നടക്കുന്നത്?''
പെട്ടെന്ന് വന്നു ശ്രീനിയുടെ മറുപടി. ''നിങ്ങളെങ്ങനെയാ പൂരം കാണാന്‍ പോവുക എന്നെനിക്കറിയില്ലല്ലോ...''
അയാളൊരു പാവം തൃശ്ശൂര്‍കാരനായിരുന്നു. നേരെ വന്ന് ശ്രീനിക്ക് കൈ കൊടുത്തിട്ട് പറഞ്ഞു-

''ഇതാണ് ശ്രീനിവാസന്‍ സ്റ്റൈല്‍''
ഇനി, തുടങ്ങിയേടത്ത് തിരിച്ചെത്താം. സാധാരണമായി മമ്മൂട്ടി ഒരു ഗൗരവക്കാരനായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ, സുഹൃദ്‌സദസ്സുകളില്‍ ഒരുപാട് തമാശകള്‍ പറയും. പൊട്ടിച്ചിരിക്കും, വേണ്ടിവന്നാല്‍ മിമിക്രിവരെ കാണിക്കും. അപരിചതരുടെ മുന്നിലിതൊന്നുമില്ല. ആവശ്യമില്ലാതെ ഒരക്ഷരം പറയില്ല. ആരെങ്കിലും ദേഷ്യംപിടിപ്പിച്ചാല്‍ നല്ല വി.കെ.എന്‍. സ്റ്റൈലില്‍ മറുപടി പറയും. അറിയാതെ പറഞ്ഞുപോകുന്നതാണ്. അതിലെ നര്‍മം മമ്മൂട്ടിപോലും തിരിച്ചറിയുക പിന്നീടാണ്.
അത്തരം ഒരു സംഭവം.

കോഴിക്കോട് ഒരു ഷൂട്ടിങ്ങിന്റെ ഇടവേള. കണ്ടാല്‍ മാന്യനായ ഒരു മനുഷ്യന്‍ മമ്മൂട്ടിയെ കാണാന്‍വന്നു. ഒപ്പം ചില കൂട്ടുകാരുമുണ്ട്. ആരാധകനാണ്. പക്ഷേ, വെറും ഒരു ആരാധകനാണെന്ന് തോന്നിപ്പിക്കാന്‍ ഇഷ്ടമല്ല. ആ ഭാവം മമ്മൂട്ടിക്കും മനസ്സിലാകുന്നുണ്ട്.
കൂട്ടുകാരുടെ മുന്നില്‍ ആളാവുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
അപ്രതീക്ഷിതമായി അയാള്‍ മമ്മൂട്ടിയോടൊരു ചോദ്യം: ''അല്ല മമ്മൂട്ടിസാറെ, ഇപ്പൊ കുറെ കൊല്ലമായില്ലേ അഭിനയിക്കാന്‍തുടങ്ങിയിട്ട്? പ്രതിഫലം ലക്ഷങ്ങളും കോടികളുമൊക്കെയാണെന്ന് കേള്‍ക്കുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു?''
മമ്മൂട്ടി സ്ലോമോഷനില്‍ ഒന്നു നോക്കി. ഞങ്ങളൊക്കെ കാതു കൂര്‍പ്പിച്ചു.

''അല്ല, അറിയാനുള്ള താത്പര്യംകൊണ്ട് ചോദിക്കുകയാ. ഈ കാശൊക്കെ എന്താ ചെയ്യുന്നത്?''
മമ്മൂട്ടിയുടെ മറുപടി: ''കോടികളും ലക്ഷങ്ങളുമൊക്കെ എണ്ണി അടുക്കടുക്കായി അലമാരയില്‍ വെക്കും. അലമാര നിറയുമ്പോള്‍ പഴയ കടലാസ് വാങ്ങാന്‍വരുന്ന ആളുകള്‍ക്ക് തൂക്കിവില്‍ക്കും. അങ്ങനെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് അരിമേടിക്കുന്നത്.'' അതിനെക്കാള്‍ നല്ലൊരു മറുപടി ആ ചോദ്യത്തിനില്ല.
ദോഷൈകദൃക്കുകള്‍ സമൂഹത്തില്‍ ഉള്ളിടത്തോളംകാലം ഇത്തരം തമാശകള്‍ക്ക് പഞ്ഞമുണ്ടാകില്ല, തീര്‍ച്ച.


കടപ്പാട്  - മാതൃഭൂമി

സത്യൻ അന്തിക്കാട് - മാതൃഭൂമി ലേഖനം - സെപ്റ്റംബർ 2014 - ശ്രീനിവാസനും മഞ്ജുവാര്യരും പിന്നെ ഞാനും

ശ്രീനിവാസനും മഞ്ജുവാര്യരും പിന്നെ ഞാനും


''എം.ടി.യും പത്മരാജനും കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്ത് ആരാണ്?''
എന്നോടാണ് ചോദ്യം.
പരശുറാം എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഒപ്പം യാത്ര ചെയ്യുന്ന ഒരു കുടുംബത്തിലെ മുതിര്‍ന്ന ഒരംഗമാണ് ചോദ്യമുന്നയിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് ഹെഡ്മിസ്ട്രസ്സായി റിട്ടയര്‍ ചെയ്ത ഐശ്വര്യമുള്ള ഒരമ്മ.
എന്റെ മനസ്സിലെ പ്രേംനസീര്‍ ഉണര്‍ന്നു. എന്നുവെച്ചാല്‍ ആരേയും വേദനിപ്പിക്കാത്ത, ആര്‍ക്കും ഒരു വിഷമവും തോന്നാതെ സംസാരിക്കുന്ന മാന്യനായ മനുഷ്യന്‍ എന്നര്‍ഥം.

''ഏറ്റവും നല്ലതെന്നു പറയുമ്പോള്‍, ഒരാളല്ലല്ലോ. ഒരുപാട് നല്ല എഴുത്തുകാരില്ലേ മലയാള സിനിമയില്‍?''
തല്ലിക്കൊന്നാലും എന്റെ വായില്‍നിന്ന് ഒരു പേരു മാത്രമായി വരില്ലെന്ന് ആ ഒരൊറ്റ മറുപടികൊണ്ട് ടീച്ചര്‍ക്ക് മനസ്സിലായി. ''എന്റെ അഭിപ്രായത്തില്‍ അത് ശ്രീനിവാസനാണ്.''
ടീച്ചര്‍ക്ക് പ്രേംനസീറാവേണ്ട ആവശ്യമില്ലല്ലോ. കോഴിക്കോട് ട്രെയിന്‍ ഇറങ്ങിയാല്‍ ടീച്ചര്‍ക്ക് ടീച്ചറുടെ വഴി, എനിക്കെന്റെ വഴി. ആരുടെയും മുഖം നോക്കേണ്ട; എന്തുകൊണ്ട് എന്നൊരാളും ചോദിക്കുകയുമില്ല.
പക്ഷേ, ചോദിക്കാതെതന്നെ ടീച്ചര്‍ ഒരുപാട് കാരണങ്ങള്‍ പറഞ്ഞു. അതൊക്കെ നൂറുശതമാനം ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു.

''ശ്രീനിവാസന്‍ ഒരു നടനായതുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാത്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുംപോലെ നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത എത്ര സിനിമകളുണ്ട് മലയാളത്തില്‍. 'സന്ദേശം' എന്ന സിനിമയുടെ തിരക്കഥയെ ബ്രേക്ക് ചെയ്യാന്‍ ഈ നിമിഷംവരെ മറ്റൊരു പൊളിറ്റിക്കല്‍ സറ്റയര്‍ ഉണ്ടായിട്ടില്ല. മലയാളത്തില്‍ മാത്രമല്ല; ഒരൊറ്റ ഇന്ത്യന്‍ ഭാഷയിലും. നിങ്ങളുടെതന്നെ 'തലയണമന്ത്ര'ത്തിലെ കാഞ്ചന! ഇന്നും അതൊരു പ്രതീകംതന്നെയല്ലേ?''

വ്യക്തമായ പഠനം നടത്തിയിട്ടാണ് ടീച്ചര്‍ പറയുന്നതെന്ന് എനിക്ക് മനസ്സിലായി. 'സന്ദേശം' എന്ന സിനിമയിറങ്ങുമ്പോള്‍ രണ്ടോ മൂന്നോ വയസ്സു മാത്രമുണ്ടായിരുന്ന എന്റെ മക്കള്‍ 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്നുപറഞ്ഞ് ഇപ്പോഴും പൊട്ടിച്ചിരിക്കും. പാര്‍ട്ടി പരാജയപ്പെട്ടതിന്റെ കാരണം വിശദീകരിക്കുന്ന ശങ്കരാടിയുടെ ഡയലോഗ് അവര്‍ക്ക് മനഃപാഠമാണ്. ഒരുദിവസം വൈകുന്നേരത്തെ ചായയ്ക്ക് നിമ്മി ഉപ്പുമാവുണ്ടാക്കിയപ്പോള്‍ മൂത്ത പുത്രന്‍ അരുണിന്റെ കമന്റ്-
''അമ്മയ്ക്കറിഞ്ഞുകൂടേ പരിപ്പുവടയും കട്ടന്‍ചായയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണമെന്ന്?''
ടീച്ചര്‍ അതിശയത്തോടെ ചോദിച്ചു-
''ഇതൊക്കെ എങ്ങനെയാ ശ്രീനിവാസനു സാധിക്കുന്നത്?''
''എല്ലാം മോഷണമാണ് ടീച്ചറേ-''
ടീച്ചര്‍ മാത്രമല്ല. കേട്ടുകൊണ്ടിരുന്ന മറ്റു യാത്രക്കാരും എന്നെ ഞെട്ടലോടെ നോക്കി.
''എല്ലാം ശ്രീനി മോഷ്ടിക്കുന്നതാണ്. നിങ്ങളുടെയൊക്കെ ജീവിതത്തില്‍നിന്ന്.''

സത്യമാണ് ഇത്രയേറെ ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ നിരീക്ഷിക്കുന്ന എഴുത്തുകാരനെ സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ കുറേ നാളുകളായി അധികമൊന്നും എഴുതാതെ-എനിക്കുപോലും പിടിതരാതെ മുങ്ങിനടക്കുന്ന ശ്രീനിയെത്തേടി ഞാനിറങ്ങിയത്. പണ്ടൊക്കെ ശ്രീനിയെ കാണാന്‍വേണ്ടി എന്റെ മാരുതികാര്‍ ഒരുപാട് തവണ തലശ്ശേരിയിലേക്ക് ഓടിയിട്ടുണ്ട്. ഇപ്പോള്‍ കക്ഷി വേറൊരു ദേശത്തേക്ക് കൂടുമാറിയിരിക്കുന്നു. ചോറ്റാനിക്കരയ്ക്കടുത്ത് കണ്ടനാട് എന്ന ഗ്രാമത്തിലേക്ക്.

അവിടെ കണ്ടാല്‍ കൊതിതോന്നിപ്പിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട് ശ്രീനിക്ക്. ശാസ്ത്രീയമായ രീതിയില്‍ മീന്‍വളര്‍ത്തലുണ്ട്. രാസവളവും കീടനാശിനികളും ഉപയോഗിക്കാതെ നൂറുമേനി വിളയിച്ചെടുക്കുന്ന നെല്‍പാടങ്ങളുണ്ട്. ടി.വി. അഭിമുഖങ്ങള്‍ക്കോ പത്രത്താളിലെ ഫീച്ചറുകള്‍ക്കോ വേണ്ടിയല്ല. ആത്മാര്‍ഥമായിത്തന്നെ ശ്രീനി മണ്ണിനെ സ്‌നേഹിക്കുന്നു. വിഷാംശമുള്ള പച്ചക്കറികളും ഇറച്ചിക്കോഴികളും തീറ്റിച്ച് ഒരു ജനതയെ മുഴുവന്‍ രോഗാവസ്ഥയിലാക്കുന്ന വ്യവസ്ഥിതിക്കെതിരെ നിശ്ശബ്ദമായി സമരം ചെയ്യുന്നു.
ഒരു ചെറിയ ഫ്ലാഷ്‌കട്ട്...
ഒരു സിനിമയുടെ ഷൂട്ടിങിനുവേണ്ടി കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ തേനിയില്‍ പോയി. കമ്പം തേനി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത്. കണ്ടാല്‍ അമ്പരന്നുപോകും. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചക്കറിപ്പാടങ്ങള്‍. ചോളവയലുകള്‍, മുന്തിരിത്തോട്ടങ്ങള്‍!
ഭംഗിയുള്ള ഒരു മുന്തിരിത്തോപ്പില്‍വെച്ച് മോഹന്‍ലാലും മീരാജാസ്മിനും പങ്കെടുക്കുന്ന ഗാനത്തിന്റെ ചില ഷോട്ടുകള്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

പവിഴംപോലെ തൂങ്ങിക്കിടക്കുന്ന മുന്തിരിക്കുലകള്‍! ഈച്ചകളോ മറ്റു പ്രാണികളോ ഒന്നും അങ്ങോട്ടെത്തിനോക്കുന്നതുപോലുമില്ല. അതിന്റെ രഹസ്യം പെട്ടെന്നുതന്നെ പിടികിട്ടി.

പകുതിവെച്ചു മുറിച്ച ബക്കറ്റിലെ വെള്ളത്തില്‍ കീടനാശിനി കലക്കി, അതില്‍ എല്ലാ മുന്തിരിക്കുലകളും മുക്കുന്നു. വിഷംപുരട്ടിയ ഈ മുന്തിരിയാണ് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജ്യൂസായി അതിഥികള്‍ക്കും കൊടുക്കുന്നത്. അതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് അടുത്ത കാഴ്ച-

വിളഞ്ഞുകിടക്കുന്ന കാബേജ് തോട്ടത്തിന്റെ ഒരു ഷോട്ട് എനിക്കുവേണം. തോട്ടം കണ്ടെത്തി. ഉടമസ്ഥന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെതന്നെ അത് ഷൂട്ട് ചെയ്യണമെന്ന്. അത് ഉടനെ കച്ചവടക്കാര്‍ക്ക് കൊടുക്കണമത്രെ. കച്ചവടക്കാര്‍ എത്തും മുന്‍പ് ക്യാമറയുമായി ഞങ്ങള്‍ ചെന്നു.
രൂക്ഷമായ ദുര്‍ഗന്ധം!
വിളഞ്ഞ കാബേജുകളില്‍ മുഴുവന്‍ മരുന്നടിക്കുകയാണ്.
ഞാന്‍ ഉടമസ്ഥനോട് ചോദിച്ചു:
''ഇത് ഇന്ന് പറിച്ചെടുക്കുന്നതല്ലേ? ഇനി എന്തിനാണ് കീടനാശിനി?''
''ഇല്ലെങ്കില്‍ പെട്ടെന്ന് ചീഞ്ഞുപോകും സാറെ. പേടിക്കാനില്ല. ഇതൊക്കെ കേരളത്തിലേക്ക് അയയ്ക്കാനുള്ളതാ. ഞങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളത് വേറെയുണ്ട്.''
നമ്മുടെ വീട്ടമ്മമാര്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങി വെച്ചുവിളമ്പുന്ന കാബേജ് തോരനില്‍ മാരകമായ വിഷമുണ്ടാകാമെന്ന് എത്രപേര്‍ അറിയുന്നു?
ആശുപത്രികളുടെ എണ്ണം പോരെന്നു പറഞ്ഞ് നമ്മള്‍ മുറവിളി കൂട്ടുന്നു. കേന്ദ്രബജറ്റില്‍ 'എയിംസ്' കേരളത്തിന് കിട്ടാത്തതിനെച്ചൊല്ലി ബഹളംവെക്കുന്നു. വികസനം തുടങ്ങേണ്ടത് എവിടെനിന്നാണെന്നുമാത്രം നാം മറന്നുപോകുന്നു.

പകുതിവെച്ചു മുറിച്ച ബക്കറ്റിലെ വെള്ളത്തില്‍ കീടനാശിനി കലക്കി, അതില്‍ എല്ലാ മുന്തിരിക്കുലകളും മുക്കുന്നു. വിഷംപുരട്ടിയ ഈ മുന്തിരിയാണ് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജ്യൂസായി അതിഥികള്‍ക്കും കൊടുക്കുന്നത്. അതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് അടുത്ത കാഴ്ച-

വിളഞ്ഞുകിടക്കുന്ന കാബേജ് തോട്ടത്തിന്റെ ഒരു ഷോട്ട് എനിക്കുവേണം. തോട്ടം കണ്ടെത്തി. ഉടമസ്ഥന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെതന്നെ അത് ഷൂട്ട് ചെയ്യണമെന്ന്. അത് ഉടനെ കച്ചവടക്കാര്‍ക്ക് കൊടുക്കണമത്രെ. കച്ചവടക്കാര്‍ എത്തും മുന്‍പ് ക്യാമറയുമായി ഞങ്ങള്‍ ചെന്നു.
രൂക്ഷമായ ദുര്‍ഗന്ധം!
വിളഞ്ഞ കാബേജുകളില്‍ മുഴുവന്‍ മരുന്നടിക്കുകയാണ്.
ഞാന്‍ ഉടമസ്ഥനോട് ചോദിച്ചു:
''ഇത് ഇന്ന് പറിച്ചെടുക്കുന്നതല്ലേ? ഇനി എന്തിനാണ് കീടനാശിനി?''
''ഇല്ലെങ്കില്‍ പെട്ടെന്ന് ചീഞ്ഞുപോകും സാറെ. പേടിക്കാനില്ല. ഇതൊക്കെ കേരളത്തിലേക്ക് അയയ്ക്കാനുള്ളതാ. ഞങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളത് വേറെയുണ്ട്.''
നമ്മുടെ വീട്ടമ്മമാര്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങി വെച്ചുവിളമ്പുന്ന കാബേജ് തോരനില്‍ മാരകമായ വിഷമുണ്ടാകാമെന്ന് എത്രപേര്‍ അറിയുന്നു?
ആശുപത്രികളുടെ എണ്ണം പോരെന്നു പറഞ്ഞ് നമ്മള്‍ മുറവിളി കൂട്ടുന്നു. കേന്ദ്രബജറ്റില്‍ 'എയിംസ്' കേരളത്തിന് കിട്ടാത്തതിനെച്ചൊല്ലി ബഹളംവെക്കുന്നു. വികസനം തുടങ്ങേണ്ടത് എവിടെനിന്നാണെന്നുമാത്രം നാം മറന്നുപോകുന്നു.

മഞ്ജുവാര്യരുടെ രണ്ടാംവരവ് മനോഹരമാക്കിയ 'ഹൗ ഓള്‍ഡ് ആര്‍ യു' മഹത്തായ ഒരു സന്ദേശമാണ് മലയാളിക്ക് നല്‍കിയത്. ബോബിയും സഞ്ജയ്‌യും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്ന് പ്രകാശത്തിന്റെ ഒരു തുള്ളിയെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് പകര്‍ന്നിരിക്കുന്നു. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന് വിലപിക്കുന്നവരോട് മുറ്റത്തും ടെറസ്സിലും നമുക്കാവശ്യമായ പച്ചക്കറികള്‍ ഉണ്ടാക്കാമെന്ന പാഠം ആ സിനിമ പറഞ്ഞുതരുന്നുണ്ട്. ഒരുദിവസം ഒരു മണിക്കൂര്‍ പരിശ്രമിച്ചാല്‍ മതി. വിഷമില്ലാത്ത ചീരയും തക്കാളിയും വെണ്ടയും വഴുതനയുമൊക്കെ നിഷ്പ്രയാസം നമ്മുടെ വീടുകളിലുണ്ടാകും. ആശുപത്രികളില്‍ ചെലവാക്കുന്ന പണവും സമയവും ലാഭം.
മഞ്ജുവാര്യരോട് ഞാന്‍ ഫോണില്‍ ചോദിച്ചു: ''സര്‍ക്കാര്‍, കൃഷിയുടെ അംബാസഡറാക്കിയെന്നറിഞ്ഞു. സ്വന്തം വീട്ടുവളപ്പില്‍ എന്തെങ്കിലും കൃഷി ചെയ്യുന്നുണ്ടോ?''
''അങ്കിള്‍ ഇവിടെ വന്നൊന്ന് നോക്കൂ. എന്നിട്ട് പറയൂ.''

അന്തിക്കാടിന്റെ അടുത്ത ഗ്രാമമാണ് പുള്ള്. അവിടെയാണ് മഞ്ജുവിന്റെ വീട്. മഞ്ജുവും പച്ചക്കറി സ്വയമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു.
മേനിപറച്ചിലായി കാണരുത്. ഞാനെന്റെ ഗ്രാമം വിട്ടുപോകാത്തത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. അന്തിക്കാട്ടെ കോള്‍നിലങ്ങളില്‍ വിളയുന്ന നെല്ലാണ് എന്റെ വീട്ടില്‍ ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാനും അമിതമായ രസവളവുമില്ലാതെ കൊയ്‌തെടുക്കുന്ന നെല്ലിന്റെ അരിക്ക് സ്വാദും കൂടുതലാണ്. മരച്ചീനിയും ചേമ്പും ചേനയും മുരിങ്ങയുമൊക്കെ പ്രത്യേകിച്ചൊരു അധ്വാനവുമില്ലാതെ ഇവിടെ ഉണ്ടാകുന്നു. മഴ തുടങ്ങിയതോടെ വീടിന്റെ പിന്‍ഭാഗത്തും വാഴത്തടങ്ങളിലും എന്റെ ഭാര്യ നിമ്മി പയര്‍ നട്ടു. രാവിലത്തെ നടത്തം കാന്‍സല്‍ ചെയ്ത് അത്യാവശ്യം ജോലികള്‍ക്ക് കൈക്കോട്ടുമെടുത്ത് ഞാനും കൂടാറുണ്ട്. ശീലമായിത്തുടങ്ങിയാല്‍ അതൊരു ഹരമാണ്.

ഈയിടെ എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ ഇളയരാജയെ കണ്ട് കുറെനേരം സംസാരിച്ചു. ഗുരുവായൂരപ്പനെ തൊഴാന്‍ വന്നതായിരുന്നു രാജസാര്‍. അദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ വിശേഷങ്ങള്‍ പത്രത്തില്‍ വായിച്ചിരുന്നു. തന്റെ ആരാധകരോട് 'എനിക്ക് ആഘോഷമൊന്നും വേണ്ട, 70 വൃക്ഷത്തൈകള്‍ ഭൂമിയില്‍ നടൂ' എന്നാണദ്ദേഹം പറഞ്ഞത്. ആരാധകര്‍ എഴുപതിനായിരം തൈകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടാന്‍ തീരുമാനിച്ചു. എന്നാല്‍ ഇളയരാജയുടെ ഒരൊറ്റവാക്കിന്റെ പുറത്ത് ഇന്ത്യയിലും വിദേശത്തുമായി ഒരുലക്ഷത്തി എഴുപതിനായിരം തൈകളാണ് നട്ടത്. ഭൂമിദേവിക്ക് സംഗീതചക്രവര്‍ത്തിയുടെ ദക്ഷിണ!

പറഞ്ഞുവന്നത് ശ്രീനിവാസനെക്കുറിച്ചാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുത്തും അഭിനയവും ശ്രീനി കുറച്ചിരിക്കുന്നു. അധികസമയവും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നു. കണ്ടനാട് പാടശേഖര കമ്മിറ്റിയുടെ പ്രസിഡന്റായെന്ന് പത്രത്തില്‍ കണ്ടു. നാട്ടുകാര്‍ക്കൊരു പ്രചോദനമാകട്ടെ എന്ന് കരുതിയാവും പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്തത്.
ശ്രീനിയുടെ പച്ചക്കറിത്തോട്ടത്തിനടുത്ത് ഒരു തൊഴുത്തും അതിലൊരു നാടന്‍പശുവുമുണ്ട്.
''ഈ ഒരൊറ്റ പശുവിന്റെ ചാണകവും മൂത്രവും ചേര്‍ത്തുണ്ടാക്കിയ 'ജീവാമൃതം' എന്ന ലായനിയാണ് എന്റെ കൃഷിനിലത്തില്‍ പ്രയോഗിച്ചത്'' -ശ്രീനി പറഞ്ഞു.
''മുപ്പതേക്കര്‍ കൃഷിഭൂമിക്ക് ഒരു നാടന്‍പശുവിന്റെ ചാണകവും മൂത്രവും മതി. ഇതൊരു വളമല്ല. മണ്ണിനെ ഉണര്‍ത്തുന്ന ജീവാമൃതം തന്നെയാണ്. അടിത്തട്ടിലുള്ള മണ്ണിരകളെ അത് ഉപരിതലത്തിലേക്ക് ആകര്‍ഷിക്കുന്നു.

പിന്നെ നടക്കുന്നത് പ്രകൃതിദത്തമായ പ്രവര്‍ത്തനങ്ങളാണ്.''

എനിക്ക് അദ്ഭുതം തോന്നി.
കാഴ്ചയില്‍തന്നെ ശ്രീനിവാസന്‍ ഒരുപാട് മാറിയിരിക്കുന്നു. ചെറുപ്പമായിരിക്കുന്നു. വേണമെങ്കില്‍ നാടോടിക്കാറ്റിലെ ദാസനും വിജയനുമായി വീണ്ടും അവതരിക്കാവുന്ന ചെറുപ്പം.
''എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തേ തോന്നാതിരുന്നത്?''
''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.''
* * *
വിമല, ശ്രീനിവാസന്റെ ഭാര്യ കുറെ പാവയ്ക്കയും പടവലവും ചീരയും മത്തനുമൊക്കെ കാറിലിട്ടുതന്നു. നിമ്മി തന്ന മഞ്ഞള്‍പ്പൊടി ഞാന്‍ വിമലയ്ക്കും കൊടുത്തു.
അന്തിക്കാട്ടേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ മനസ്സിലോര്‍ത്തു:
ഈ രാഷ്ട്രീയക്കാര്‍ക്കു മാത്രം ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാത്തതെന്തേ?

ഭരണത്തില്‍ കടിച്ചുതൂങ്ങി അഞ്ചുവര്‍ഷമെത്തിക്കാന്‍ ഭരണപക്ഷവും എങ്ങനെയെങ്കിലും അവരെ വലിച്ച് താഴെയിട്ടിട്ട് വേണം നമുക്ക് ഭരിച്ച് ആസ്വദിക്കാനെന്ന മട്ടില്‍ പ്രതിപക്ഷവും മത്സരിക്കുകയാണ്. ഒന്‍പതുമണിയായാല്‍ വാര്‍ത്താചാനല്‍ ഓണ്‍ ചെയ്യാന്‍ നിവൃത്തിയില്ല. വിരസമായ ചര്‍ച്ചകള്‍ നമ്മുടെ സ്വീകരണമുറികളെ മലിനമാക്കുന്നു. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിലൂടെ പൊതുജനത്തിന്റെ വികാരം ഞങ്ങളൊന്ന് സൂചിപ്പിച്ചതാണ്. കാണേണ്ടവര്‍ മാത്രം അതു കണ്ടില്ല. അല്ലെങ്കില്‍ കണ്ടതായി ഭാവിച്ചില്ല.
യഥാര്‍ഥത്തില്‍ ഒരു 'വിപ്ലവം' തുടങ്ങാനുള്ള സമയമായി. അതാരംഭിക്കേണ്ടത് നമ്മുടെ മണ്ണില്‍നിന്നാണ്. മണ്ണിനുവേണ്ടിയാണ്. പ്രകൃതിക്കും ആരോഗ്യമുളള പുതിയ തലമുറയ്ക്കും വേണ്ടിയാണ്.

കടപ്പാട്  - മാതൃഭൂമി