Sunday, September 13, 2015

പേരുമാറ്റവും പെരുമാറ്റവും - മാതൃഭൂമി ലേഖനം

പേരുമാറ്റവും പെരുമാറ്റവും

അറിയാതെയാണെങ്കിലും ഇത്തിരി അഹങ്കരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ കിട്ടും തലയ്‌ക്കൊരു തട്ട്. ഒന്നല്ല, ഒരുപാട് പ്രാവശ്യം അനുഭവപ്പെട്ടിട്ടുള്ളതാണ്.
'അടങ്ങ് മോനെ... നീ അങ്ങനെ ആളാവുകയൊന്നും വേണ്ട' എന്ന് ദൈവം പറയുന്നതുപോലെ തോന്നും.
അടുത്തകാലത്തുണ്ടായ ഒരു വിമാനയാത്രയിലാണ് അത് വീണ്ടും ബോധ്യപ്പെട്ടത്. ബോംബെക്ക് പോവുകയായിരുന്നു ഞാന്‍. അവിടെ മലയാളികളുടെ രണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കണം. ക്ഷണിച്ചത് വളരെ വേണ്ടപ്പെട്ടവരാണ്. പോയേപറ്റൂ.
സെക്യൂരിറ്റി ചെക്കപ്പൊക്കെ കഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇരിക്കുന്നവരില്‍ മുന്‍വശത്തെ നിരയില്‍ നിന്ന് ആഹ്ലാദവും അത്ഭുതവും നിറഞ്ഞ ഒരു വിളി.

''ഹലോ....ഇതാര്?''
നോക്കുമ്പോള്‍ നാല്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഒരു മാന്യന്‍. ഭാര്യയും മകനുമുണ്ട് കൂടെ.
''വരണം സാറെ-ഇങ്ങോട്ടിരിക്കണം.''
തന്റെ തൊട്ടടുത്ത സീറ്റിലേക്ക് അദ്ദേഹമെന്നെ ക്ഷണിച്ചു.
''വേണ്ട. എന്റെ സീറ്റ് കുറച്ചു പിറകിലാണ് 20 ര''
''അതൊന്നും സാരമില്ലെന്നേ... സാറിവിടെ ഇരിക്കൂ. സാറിനോടൊപ്പമിരുന്ന് യാത്ര ചെയ്യുക എന്നതൊരു ഭാഗ്യമല്ലേ?''
ആവശ്യത്തിലേറെ ഉച്ചത്തിലാണ് സംസാരം. നിറയെ യാത്രക്കാരുണ്ട്. ഭൂരിഭാഗവും മലയാളികള്‍.
പലരും എന്നെ തിരിഞ്ഞുനോക്കി. വിനയപൂര്‍വം ഞാന്‍ പറഞ്ഞു-
''വേണ്ട, സീറ്റ് മാറിയിരുന്ന് പ്രശ്‌നമാകണ്ട.''
''ഒരു പ്രശ്‌നവുമില്ലെന്നെ. സാറിനെപ്പോലൊരാള്‍ക്ക് എവിടെ വേണമെങ്കിലുമിരിക്കാം. മലയാളികളുടെ അഭിമാനമല്ലേ സാറ്.''
അവിടെയാണ് ഞാന്‍ ഒരിഞ്ച് പൊങ്ങിയത്. ''അമ്പടഞാനേ' എന്ന ഭാവം എന്റെ മനസ്സിലുയര്‍ന്നു.
ഒരുപാട് കണ്ണുകള്‍ മുഖത്തേക്കു തിരിയുന്നു എന്നറിഞ്ഞു കൊണ്ടുതന്നെ വിനീതനായി ഞാനെന്റെ സീറ്റിലേക്കു നടന്നു. പോകുന്ന പോക്കില്‍ ചിലര്‍ ഷേക്ക് ഹാന്റിന് കൈനീട്ടി. അഹങ്കാരം പുറത്തു കാണിക്കാതെ എല്ലാവരെയും മൈന്റ് ചെയ്ത് ഞാന്‍ ചെന്നിരുന്നു.
തരക്കേടില്ല.

ഫുട്പാത്തിലും ഷോപ്പിങ് സെന്ററിലും സിനിമാതിയേറ്ററിലുമൊക്കെ ചിലര്‍ തിരിച്ചറിയാറുണ്ടെങ്കിലും ബോംബെ വഴി ഡല്‍ഹിയിലേക്കു പോകുന്ന വിമാനത്തില്‍ ഇങ്ങനെ ആരാധകര്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.

സിനിമകള്‍ കുറച്ചുകൂടി നന്നാക്കണം. മത്സരിക്കേണ്ടത് അല്‍ഫോണ്‍സ് പുത്രനോടും 'ശ്രീനിവാസ പുത്രനോ'ടുമൊക്കെയാണ്. അങ്ങനെ പല ചിന്തകളും കടന്നുപോകുന്നതിനിടയില്‍ വിമാനം ഉയര്‍ന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ നേരത്തെ കണ്ട ആരാധകന്‍ എന്നെ തിരഞ്ഞു വന്നു. അടുത്തെത്തിയപ്പോള്‍ അയാളെന്റെ കൈ പിടിച്ചു വലിച്ച് ഒന്നുമ്മവെച്ചു. അതെല്ലാം ഓവറല്ലേ എന്നു തോന്നി.
''വിശ്വസിക്കാന്‍ പറ്റുന്നില്ല സര്‍. ഞങ്ങളുടെ കുടുംബം മുഴുവന്‍ സാറിന്റെ ആരാധകരാണ്. ഞാനെന്റെ ഭാര്യയോടു പറയുകയായിരുന്നു, ഈ ഫ്ലൈറ്റില്‍ തന്നെ ടിക്കറ്റെടുക്കാന്‍ തോന്നിയത് എത്ര ഭാഗ്യമായെന്ന്. വരണം സാര്‍ എന്റെ ഫാമിലിയോടൊപ്പം നിന്നൊരു സെല്‍ഫി എടുക്കണം.''

ബോംബെയില്‍ ചെല്ലട്ടെ എന്നിട്ടാകാം എന്നു പറഞ്ഞു ഞാന്‍.
വീണ്ടും പ്രശംസാ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടു നിന്ന അയാളോടു ഞാന്‍ പറഞ്ഞു-
''നിങ്ങള്‍ ചെന്നിരിക്കൂ. ഇറങ്ങുമ്പോള്‍ കാണാമല്ലോ.''
അതു വഴിവന്ന എയര്‍ഹോസ്റ്റസ്സിനെ തടുത്തുനിര്‍ത്തി അതിമനോഹരമായ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു-
''ഇതാരാണെന്നറിയാമോ? മലയാളികള്‍ മുഴുവന്‍ ആരാധിക്കുന്ന മഹാനായ സംവിധായകനാണ്.''
അവര്‍ അല്പം സംശയത്തോടെ എന്നെ നോക്കി. അതിനുമാത്രമുള്ള 'ലുക്ക്' ഇല്ലല്ലോ എന്നു തോന്നിക്കാണണം. എങ്കിലും സാമാന്യമര്യാദയുടെ പേരില്‍ എനിക്കൊരു ഷേക്ക്ഹാന്റ് തന്നു.
അഹങ്കാരം ചെറിയ ചമ്മലായി മാറിത്തുടങ്ങി. ഞാനയാളോടു സ്‌നേഹ
പൂര്‍വം പറഞ്ഞു-
''സീറ്റില്‍ ചെന്നിരിക്കൂ. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട.''
''എന്തു ബുദ്ധിമുട്ട്? അവര്‍ക്കെല്ലാം സന്തോഷമല്ലേ?''
എന്നിട്ട് എല്ലാവരോടുമായി ഉറക്കെ ഒരു അനൗണ്‍സ്‌മെന്റ്-
''മനസ്സിലായില്ലേ? ഇത് നമ്മുടെയൊക്കെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്‍!''
ഒന്നുരണ്ടു ചിരികള്‍ ചുറ്റുപാടും ഉയരുന്നത് ഞാന്‍ കേട്ടു.
''ഇറങ്ങുമ്പോള്‍ മറക്കല്ലേ പ്രിയദര്‍ശന്‍ സാറേ, എന്റെ ഫാമിലിയുടെ കൂടെ നിന്നൊരു ഫോട്ടോ.''
തിരുത്താനൊന്നും നില്‍ക്കാതെ ഞാന്‍ സമ്മതിച്ചു.

ദൈവം ഇടപെട്ടെന്നും എന്റെ അഹങ്കാരത്തിന്റെ പത്തി താണു കഴിഞ്ഞെന്നും എനിക്കു മനസ്സിലായി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല കേട്ടോ. പ്രിയദര്‍ശന്‍തന്നെ ഒരിക്കല്‍ എന്നോടു പറഞ്ഞിട്ടുണ്ട്. 'അമേരിക്കയില്‍ വെച്ച് മലയാളികളുടെ ഒരു സദസ്സില്‍ എനിക്ക് സത്യനാകേണ്ടി വന്നിട്ടുണ്ട്' എന്ന്. അവിടെ ഒരു വലിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് പ്രിയന്‍. കോട്ടും സൂട്ടുമിട്ട ഒരു തിരുവല്ലക്കാരന്‍ അച്ചായന്‍ വന്ന് പരിചയപ്പെട്ടുവത്രെ (സക്കറിയയുടെ 'സലാം അമേരിക്ക' വായിച്ചിട്ടുള്ളവര്‍ക്ക് അത്തരം അച്ചായന്‍മാരെ അറിയാം.)

പ്രിയനെ അഭിനന്ദിച്ചുകൊണ്ട് അയാള്‍ പറഞ്ഞ സിനിമകളൊക്കെ എന്റേതായിരുന്നു.
നാടോടിക്കാറ്റ്, ഗാന്ധിനഗര്‍, തലയണമന്ത്രം, വരവേല്പ്- ഇതൊക്കെ അമ്പതുതവണ വീതമെങ്കിലും കണ്ടിട്ടുണ്ടത്രെ. 'സന്ദേശം' കണ്ടിട്ട് രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്താന്‍ വന്നോ എന്നുചോദിച്ചു.

'ഇല്ല' എന്ന് പറഞ്ഞൊഴിഞ്ഞു പ്രിയന്‍. അയാള്‍ക്ക് നാടു കാണണം, നാട്ടില്‍ പോകണം എന്ന് തോന്നുമ്പോഴൊക്കെ 'മനസ്സിനക്കരെ'യും 'പൊന്മുട്ടയിടുന്ന താറാവും' സിഡി ഇട്ട് കാണുമത്രെ. 'രസതന്ത്ര'ത്തിലെ 'ആറ്റിന്‍കരയോരത്തെ' എന്ന പാട്ട് ഇത്രയും മനോഹരമായി ചിത്രീകരിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നുപറഞ്ഞു. 'കിലുക്ക'മോ 'ചിത്ര'മോ 'തേന്മാവിന്‍ കൊമ്പത്തോ' ഏതെങ്കിലുമൊരു ചിത്രത്തിന്റെ പേര് അയാള്‍ പറഞ്ഞെങ്കില്‍ എന്ന് പ്രിയന്‍ ആശിച്ചുവത്രെ. ഒന്നുമുണ്ടായില്ല.
മനസ്സിലെ അഹങ്കാരത്തിന്റെ മുനകള്‍ ദൈവം ഇങ്ങനെയാണ് ഒടിച്ചുകളയുക എന്ന് ഞാന്‍ പ്രിയനോടു പറഞ്ഞു.
പറഞ്ഞുകേട്ട പഴയൊരു കഥയുണ്ട്.

പണ്ട് കോഴിക്കോട്ടുനിന്ന് മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ പ്രസിദ്ധ നടന്‍ കെ.പി. ഉമ്മര്‍ കയറുന്നു. അദ്ദേഹം അന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണ്. നായകന്‍ സത്യനായാലും പ്രേംനസീറായാലും വില്ലന്‍ കെ.പി. ഉമ്മര്‍തന്നെ എന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്ന കാലം.

ജനവാതിലിനടുത്തുള്ള സീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകരോട് സംസാരിക്കുകയായിരുന്നു കെ.പി. ഉമ്മര്‍. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരിക്കി എണ്‍പതുകഴിഞ്ഞ ഒരു വൃദ്ധയെത്തി, ''വല്ലതും തരണേ സാറേ'' എന്നുപറഞ്ഞു. ആരേയും സഹായിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് ഉമ്മര്‍സാര്‍. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഒരു താരത്തിന്റെ സ്റ്റൈലിലാണ് അദ്ദേഹത്തിന്റെ നടപ്പും ഇരിപ്പും സംസാരവുമൊക്കെ. പേഴ്‌സ് തുറന്ന് അദ്ദേഹം ഒരു പത്തുരൂപാ നോട്ടെടുത്തു. ഒരു രൂപയ്ക്ക് ഹോട്ടലില്‍നിന്ന് ഒന്നാംതരം ഊണ് ലഭിക്കുന്ന കാലമാണ്.
പത്തുരൂപയ്ക്ക് ഒരുപാട് വിലയുണ്ട്. അദ്ദേഹം ആ പത്തുരൂപ വൃദ്ധയ്ക്ക് കൊടുത്തിട്ട് പറഞ്ഞു-
''ഇന്നിനി ആരോടും കാശുചോദിക്കണ്ട. അരിയും സാധനങ്ങളുമൊക്കെ വാങ്ങി വീട്ടില്‍പോകൂ.''
ആഹ്ലാദംകൊണ്ട് കണ്ണുനിറഞ്ഞുപോയ വൃദ്ധ അറിയാവുന്ന രീതിയിലൊക്കെ നന്ദിപറഞ്ഞു.
''സാറിനെപ്പറ്റി ഇന്ന് ഞാനെന്റെ മക്കളോടും അയല്‍പക്കക്കാരോടുമൊക്കെ പറയും. ഇത്ര ദയാലുവായ ഒരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.''
കെ.പി. ഉമ്മറിന് സന്തോഷമായി. ട്രെയിന്‍ പുറപ്പെടാനുള്ള ബെല്ലടിച്ചു. വണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് യഥാര്‍ഥ ക്ലൈമാക്‌സ്.
''വീട്ടില്‍ ചെല്ലുമ്പോള്‍ ഈ കാശ് ആര് തന്നുവെന്ന് പറയും?'' ഉമ്മര്‍സാറിന്റെ ചോദ്യം.
''അതെന്താ സാറേ? സാറിനെ അറിയാത്തവര്‍ ഈ നാട്ടിലുണ്ടോ?''
വണ്ടിക്കൊപ്പം നീങ്ങിക്കൊണ്ട് വൃദ്ധ പറഞ്ഞു.
''സാറിന്റെ സിനിമകളെല്ലാം ഞങ്ങള്‍ കാണാറുണ്ട്. പ്രേംനസീറല്ലേ?''
അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടു.
''പ്രേംനസീറല്ല, കെ.പി. ഉമ്മറാണ്'' എന്ന് വിളിച്ചുപറയുമ്പോഴേക്കും വൃദ്ധ ഒരുപാടുദൂരം പിന്നിലായിക്കഴിഞ്ഞിരുന്നു.
''എന്റെ പത്തുരൂപ പോയി''എന്ന ആത്മഗതത്തേടെ കെ.പി. ഉമ്മര്‍ തളര്‍ന്നിരുന്നു എന്നാണ് കഥ.

ഇതൊക്കെ അറിയാതെ സംഭവിച്ചുപോകുന്നതാണ്. കെ.പി. ഉമ്മറിന്റെ പേര് അവര്‍ക്ക് ആ സമയത്ത് മാറിപ്പോയതായിരിക്കും. ഒരു രണ്ടാംചിന്തയില്‍ അത് പ്രേംനസീറല്ല ഉമ്മറാണെന്ന് തിരിച്ചറിയുകയും ചെയ്യും. പക്ഷേ, ഒരു നിമിഷനേരത്തെ നാക്കുപിഴ, അതിലാണ് തമാശ.
മറ്റൊരു സന്ദര്‍ഭംകൂടി ഓര്‍മ വരുന്നു. ലോഹിതദാസാണ് ആ കഥയിലെ നായകന്‍. ഞാനും ലോഹിതദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അക്കാലത്ത് ഒരുമിച്ച് ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. ഭക്തിയും സ്‌നേഹവും നിറഞ്ഞ യാത്രകളായിരുന്നു അത്. കെട്ടുനിറച്ച്, പമ്പയില്‍ കുളിച്ച് ശരണം വിളിച്ച് മലകയറും. സംവിധായകന്‍ സുന്ദര്‍ദാസും സഹോദരന്‍ സുഭാഷും കിരീടം ഉണ്ണിയുമൊക്കെ ചിലപ്പോള്‍ സംഘത്തിലുണ്ടാകും.

ഒരിക്കല്‍ നീലിമലയിലെ കുത്തനെയുള്ള കയറ്റം കയറി ക്ഷീണിച്ച് പാതയോരത്തെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന അയ്യപ്പന്മാരില്‍ ചിലര്‍ കൈതപ്രത്തെ തിരിച്ചറിഞ്ഞു. ആരവത്തോടെ 'കൈതപ്രം' എന്ന് വിളിച്ച് ചുറ്റുംകൂടി. കൂട്ടത്തിലൊരാള്‍ ലോഹിതദാസിനെ കണ്ട് ''ഓ, സാറുമുണ്ടോ?'' എന്ന് ചോദിച്ച് കൂട്ടത്തിലുള്ളവരോട് വിളിച്ചുപറഞ്ഞു-
''ദേ- തുളസീദാസ്''

'സ്വാമിയേ ശരണമയ്യപ്പാ' എന്ന് നീട്ടിവിളിച്ച് ലോഹി പെട്ടെന്ന് മലകയറാന്‍ തുടങ്ങി. ഒപ്പമെത്താന്‍ ഞങ്ങള്‍ പാടുപെട്ടു.
ഓര്‍ക്കുമ്പോള്‍ ഇനിയുമുണ്ട് പേരുമാറ്റങ്ങള്‍. പണ്ട് മാതൃഭൂമിയുടെ ഒരു അവാര്‍ഡ്ദാനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായ സംവിധായകന്‍ ഭാരതീരാജയെ അവതാരകയായ കല്പന വേദിയിലേക്ക് ക്ഷണിച്ചത്-
'തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയ സംവിധായകന്‍ ശ്രീ ഇളയരാജ' എന്ന് പറഞ്ഞുകൊണ്ടാണ്.
താന്‍ ഇളയരാജയല്ല, ഭാരതീരാജയാണെന്ന് തിരുത്താതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജില്‍വന്ന് കൈകൂപ്പി. കല്പന അപ്പോഴും പറഞ്ഞു-
''സ്വാഗതം, ഇളയരാജസാര്‍''
ഇത്തരം തെറ്റുകള്‍ ആര്‍ക്കും എപ്പോഴും പറ്റാവുന്നതേയുള്ളൂ. അതിലെ തമാശ മാത്രം നമ്മള്‍ കണ്ടാല്‍ മതി.
പ്രസിദ്ധരുടെ കാര്യം വിട്ടുകളയൂ. വെറുതെയൊന്നു ശ്രദ്ധിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കും കാണാം ഇത്തരം നൂറുനൂറു സംഭവങ്ങള്‍. ജീവിതത്തിന്റെ ചുട്ടുപൊള്ളലുകള്‍ക്കിടയ്ക്ക് ഇതൊക്കെ ഒരാശ്വാസമല്ലേ.


കടപ്പാട്  - മാതൃഭൂമി