Monday, October 13, 2014

സത്യൻ അന്തിക്കാട് -- മാതൃഭൂമി ലേഖനം - ഒക്ടോബർ 2014 - മമ്മൂട്ടി ഈ കാശൊക്കെ എന്തുചെയ്യുന്നു!?

മമ്മൂട്ടി ഈ കാശൊക്കെ എന്തുചെയ്യുന്നു!?


തലക്കെട്ടിന്റെ ഉത്തരം ഒരു സസ്‌പെന്‍സായി നില്‍ക്കട്ടെ. അതിലേക്ക് കടക്കുംമുന്‍പ് മറ്റു ചില കാഴ്ചകളിലൂടെ ഒന്ന് കണ്ണോടിക്കാം.
എന്റെ ഹോം ടൗണായ തൃശ്ശൂരില്‍വെച്ചുണ്ടായതാണ്. ഇക്കഴിഞ്ഞൊരു ദിവസം-കൃത്യമായി പറഞ്ഞാല്‍ തൃശ്ശൂരുകാര്‍ പുലിക്കളി ആഘോഷിക്കുന്ന നാലോണദിവസം, ഒരു ഉച്ചനേരം തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലെ തെരുവില്‍ എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ സഹോദരന്‍ ഡോക്ടര്‍ ഗംഗാധരന്‍ ഒരു പ്രകൃതി ആരോഗ്യ ഭക്ഷണശാല ആരംഭിക്കുന്നു. 'പത്തായം' എന്നാണ് പേര്. ആരോഗ്യത്തിന് ഹാനികരമായ ഒരു ചേരുവകളും ചേര്‍ക്കാത്ത, നല്ല ഭക്ഷണം മാത്രം നല്‍കുന്ന ഒരു കേന്ദ്രം. തിരുവനന്തപുരത്ത് സ്റ്റാച്യുവിനടുത്ത് വര്‍ഷങ്ങളായി അങ്ങനെയൊരു സ്ഥാപനം ഡോക്ടര്‍ നടത്തുന്നുണ്ട്.

ഞങ്ങള്‍ ജീവനില്‍ കൊതിയുള്ളവര്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ 'പത്തായ'ത്തില്‍നിന്നാണ് ഭക്ഷണം കഴിക്കുക. ഈ 'ഞങ്ങളി'ല്‍ ഞാനും ശ്രീനിവാസനും പി.വി. ഗംഗാധരനും ഉണ്ണി കെ. വാരിയരുമൊക്കെ പെടും. തൃശ്ശൂരില്‍ ആദ്യമായി അങ്ങനെയൊരു ഭക്ഷണശാല തുടങ്ങുമ്പോള്‍ ഞാനും ശ്രീനിവാസനും ചേര്‍ന്ന് അത് ഉദ്ഘാടനംചെയ്യണമെന്ന് ഡോക്ടര്‍ക്കൊരു മോഹം. സിനിമയിലും ലേഖനങ്ങളിലും പ്രസംഗങ്ങളിലുമൊക്കെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ ഞങ്ങള്‍.

'ഒരു ജ്വല്ലറി ഉദ്ഘാടനംചെയ്തുതരാമോ, പത്തുലക്ഷം തരാം' എന്നു പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ 'എനിക്ക് വേറെ പണിയുണ്ട് മോനെ' എന്നു പറഞ്ഞ് ഒഴിയുന്ന ശ്രീനിവാസന്‍ ഒരു മടിയും കൂടാതെ സമ്മതിച്ചു. ഞാനും റെഡി. ഔപചാരികത ഒട്ടുമില്ലാത്ത ഈ ചടങ്ങിന് കുറച്ച് നേരത്തേതന്നെ ഞങ്ങള്‍ സ്ഥലത്തെത്തി. കാര്‍ അല്പം ദൂരെ പാര്‍ക്ക്‌ചെയ്ത് 'പത്തായ'ത്തിലേക്ക് നടക്കുമ്പോള്‍ പിറകെ ഓടിയെത്തിയ ഒരാളുടെ കുശലാന്വേഷണം.

''ശ്രീനിവാസന്‍സാറിനിപ്പൊ പടമൊന്നുമില്ല അല്ലേ''
മറുപടി പറഞ്ഞത് ഞാനാണ്.
''ഇല്ല, മൂപ്പര്‍ ഔട്ടായി.''
പൊട്ടിവന്ന ഒരു ചിരി ശ്രീനി അടക്കാന്‍ പാടുപെടുന്നത് ഞാന്‍ കണ്ടു. ഉച്ചവരെ 'നഗരവാരിധി നടുവില്‍ ഞാന്‍' എന്ന സിനിമയില്‍ സംഗീതയുടെ കൂടെ അഭിനയിച്ച് ലൊക്കേഷനില്‍നിന്ന് നേരിട്ട് വരുകയാണ് ശ്രീനി.
കുശലാന്വേഷകന്റെ അടുത്ത ചോദ്യം - ''ഇപ്പൊ കൃഷീലാ കയറിപ്പിടിച്ചിരിക്കുന്നത് അല്ലേ?''
''അതെ. പക്ഷേ, കുറച്ചു നേരം പിടിച്ചപ്പൊ കൈ കഴച്ചു. അതുകൊണ്ടിപ്പൊ ആ പിടി വിട്ടു.''
ശ്രീനിവാസന്റെ മറുപടി മനസ്സിലാകാഞ്ഞിട്ടോ, അതോ ഇയാള്‍ക്കിതൊന്നും ഏല്‍ക്കുകയില്ലെന്ന് ബോധ്യമായിട്ടോ എന്തോ ചോദ്യകര്‍ത്താവ് പെട്ടെന്ന് പിന്‍വലിഞ്ഞു.

ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. വെറുമൊരു ഉദാഹരണം. ഭീകരമായ കുശലാന്വേഷണങ്ങളുമായി വരുന്നവരെ സമചിത്തതയോടെ കൈകാര്യംചെയ്യുന്ന പ്രതിഭകളെ ഞാനൊരുപാട് കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ ഇതൊരു കുശലംപറച്ചിലല്ല. സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവരുന്നവരെ മാനസികമായി ഒന്നു തളര്‍ത്താന്‍പറ്റിയാല്‍ ഒരു സന്തോഷം. അത്രയേ ഉള്ളൂ. ചടങ്ങു കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാനും ശ്രീനിയും ഇത്തരം അനുഭവങ്ങള്‍ കുറെ ഓര്‍ത്തെടുത്തു.

ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള ശ്രീനിവാസന്റെ ഒരു വിമാനയാത്ര. വിമാനത്തിനകത്ത് പ്രവേശിച്ചപ്പോള്‍തന്നെ ശ്രീനിയുടെ പിറകിലെ സീറ്റിലെ ദമ്പതികള്‍ നോക്കുന്നത് ശ്രീനി കണ്ടു. നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിശിഷ്ടയായ ശ്യാമള, മറവത്തൂര്‍ കനവ് - അങ്ങനെ ഒട്ടേറെ സിനിമകളിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച വ്യക്തിയല്ലേ മുന്നില്‍ നില്‍ക്കുന്നത് എന്ന ആരാധന ആ ഭാര്യയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ഭര്‍ത്താവിന്, പക്ഷേ, താനിതുപോലെ എത്രപേരെ കണ്ടിരിക്കുന്നു എന്ന ഭാവം. വിമാനം പറന്നുതുടങ്ങിയപ്പോള്‍ ഭര്‍ത്താവ് ശ്രീനിയുടെ അടുത്തേക്ക് എത്തുന്നു. എന്നിട്ട് അലസഭാവത്തില്‍ ഒരു ചോദ്യം- ''എവിടെയോ കണ്ടതുപോലെയുണ്ടല്ലോ''
''കാണാന്‍ ഒരു വഴിയുമില്ല.'' ശ്രീനി പറഞ്ഞു.
''ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നത്.''
ഭാര്യ കേള്‍ക്കുന്നുണ്ടല്ലോ എന്ന ചമ്മല്‍ മറച്ചുവെച്ചുകൊണ്ട് ഭര്‍ത്താവിന്റെ അടുത്ത ചോദ്യം -
''പേരെന്താണ്?''
''അങ്ങനെ പേരൊന്നുമില്ല. അറിയാവുന്നവര്‍ എന്നെ വിക്രമാദിത്യന്‍ നമ്പൂതിരി എന്നു വിളിക്കും.''
പിന്നില്‍ ഭാര്യയുടെ പൊട്ടിച്ചിരി ഉയര്‍ന്നു.
'വിടാനും വയ്യ വിടാതിരിക്കാനും വയ്യ' എന്ന പരുവത്തില്‍ അയാള്‍ ചോദിച്ചു -
''ഷൂട്ടിങ്ങിന് പോവ്വാണോ?''
''ഷൂട്ടിങ്ങോ? എന്ത് ഷൂട്ടിങ്? നിങ്ങള്‍ക്കിതെന്താ പറ്റിയത്?''
അയാള്‍ കുനിഞ്ഞ്, ശബ്ദം താഴ്ത്തി അടിയറവു പറഞ്ഞു.
''എന്നെ ഇങ്ങനെ വിയര്‍പ്പിക്കല്ലേ ശ്രീനിസാറേ?'' ശ്രീനി അയാള്‍ക്ക് ചെറിയൊരു ക്ലാസെടുത്തു, ഭാര്യയെ സാക്ഷിനിര്‍ത്തി. ഇനി ഒരിക്കലും ഇത്തിരി പേരുള്ളവരെ അപമാനിക്കാന്‍ അയാള്‍ ധൈര്യപ്പെടില്ല എന്നുറപ്പ്. ഇതൊരു മാനസികപ്രശ്‌നമാണ്. ഒരാളെ അംഗീകരിച്ചാല്‍ അയാള്‍ സന്തോഷിച്ചുപോയാലോ എന്നൊരു വിഷമം.

നിങ്ങളുടെ പ്രശസ്തി കണ്ട് ഞങ്ങളാരും വിരണ്ടിട്ടില്ലെടോ എന്നറിയിക്കാനുള്ള വെമ്പല്‍.

അനുഗൃഹീതനായ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഒരു അനുഭവം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഗീത് ഹോട്ടലില്‍ ഒരു സിനിമയുടെ പാട്ടുകള്‍ കമ്പോസ്‌ചെയ്യാന്‍ രവീന്ദ്രന്‍ മുറിയെടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. തൊട്ടടുത്ത മുറിയില്‍നിന്ന് ടേപ് റെക്കോഡറിലൂടെ വലിയ ശബ്ദത്തില്‍ രവീന്ദ്രന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ മാത്രം കേള്‍ക്കുന്നു. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം രവീന്ദ്രസംഗീതം മാത്രം.
ചായ കൊണ്ടുവന്ന റൂംബോയിയോട് രവീന്ദ്രന്‍ ചോദിച്ചു -
''ആരാ അടുത്ത മുറിയില്‍?''
''വടക്കെങ്ങാണ്ടോ ഉള്ളവരാ. വിസ ശരിയാക്കാന്‍വേണ്ടി വന്ന് താമസിക്കുന്നതാ.''
രവീന്ദ്രന് സന്തോഷം തോന്നി. തന്റെ പാട്ടുകള്‍ ഇത്രയേറെ ആസ്വദിക്കുന്നവരല്ലേ. അവര്‍ക്കൊരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി കതകില്‍ മുട്ടി. ഒരു ചെറുപ്പക്കാരന്‍ കതക് തുറന്നു.
വേറെയും രണ്ടുപേരുണ്ട് മുറിയില്‍. ടേപ് റെക്കോഡറില്‍ യേശുദാസ് അപ്പോഴും 'ഹരിമുരളീരവം' പാടുന്നുണ്ട്. വാതില്‍ക്കല്‍തന്നെ നിന്ന് ഒരു ചിരിയോടെ രവീന്ദ്രന്‍ പറഞ്ഞു.

''ഞാന്‍ മ്യൂസിക് ഡയറക്ടര്‍ രവീന്ദ്രന്‍. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നു. വന്നപ്പോള്‍മുതല്‍ ഈ മുറിയില്‍നിന്ന് എന്റെ പാട്ടുകള്‍ മാത്രം കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോഴാണല്ലോ ഒരു കലാകാരന്റെ മനസ്സു നിറയുക. താങ്ക്‌യു മക്കളേ. താങ്ക് യു വെരിമച്ച്.''
പെട്ടെന്ന് ടേപ്പ് റെക്കോഡര്‍ ഓഫായി. അതിനുശേഷം രവീന്ദ്രന്‍ സംഗീതം നല്‍കിയ ഒരൊറ്റ പാട്ടുപോലും ആ മുറിയില്‍നിന്ന് കേട്ടിട്ടില്ല. ഒന്നുകില്‍ ഹിന്ദി. അല്ലെങ്കില്‍ തമിഴ്. ''അങ്ങനെ നീ സുഖിക്കണ്ടടാ'' എന്ന് അവര്‍ പറയാതെ പറഞ്ഞു എന്നാണ് രവീന്ദ്രന്‍ പറഞ്ഞത്.
യേശുദാസിനെ എയര്‍പോര്‍ട്ടില്‍വെച്ചു കണ്ട ഒരു അമേരിക്കന്‍ മലയാളിയെക്കുറിച്ച് ഇന്നസെന്റ് പറയാറുണ്ട്. കോട്ടും സൂട്ടുമൊക്കെയിട്ട് അല്പത്തരത്തിന് കൈയും കാലും വെച്ചതുപോലെ ഒരു പരിഷ്‌കാരി.
കണ്ട ഉടനെ ''ഹലോ മിസ്റ്റര്‍ യേശുദാസ്'' എന്നു പറഞ്ഞ് ദാസേട്ടന് കൈകൊടുത്തുവത്രെ.
''എങ്ങോട്ടാ യാത്ര?''
''മദ്രാസിലേക്കാണ്'' എന്ന് വിനയപൂര്‍വം ദാസേട്ടന്‍.
''റെക്കോഡിങ്ങിനാണോ?''
''അതെ'' എന്നു പറഞ്ഞ് ദാസേട്ടന്‍ നടന്നു. അയാള്‍ നേരെ ഇന്നസെന്റിനടുത്ത് വന്നു പറഞ്ഞു
''ഇരുപതുകൊല്ലം മുന്‍പ് ഞാന്‍ ആദ്യമായി അമേരിക്കയിലേക്ക് പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇതുപോലെതന്നെ മിസ്റ്റര്‍ യേശുദാസിനെ കണ്ടിരുന്നു. അന്നും മിസ്റ്റര്‍ ദാസ് പാട്ടുപാടാനാണ് പോയിരുന്നത്. ഞാന്‍ അമേരിക്കയില്‍ പോയി ബിസിനസ് ചെയ്തു. ഇപ്പൊ സ്വന്തമായി രണ്ട് ഗ്യാസ് സ്റ്റേഷനുണ്ട്. റെസ്റ്റോറന്റുണ്ട്. അങ്ങനെ ഒരുപാടൊരുപാട് വളര്‍ന്നു. പാവം, യേശുദാസിന് ഇപ്പോഴും പാട്ടുതന്നെ അല്ലേ? അതില്‍നിന്നൊരു മേല്‍ഗതി ഉണ്ടായില്ലല്ലേ? അജ്ഞതയുടെ ആ ആള്‍രൂപത്തിനു മുന്നില്‍ ഇന്നസെന്റ് കൈകൂപ്പി നമിച്ചു എന്നാണ് കഥ.

കോഴിക്കോട്ട് ഒരു പുസ്തകപ്രകാശനത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് വന്നിരിക്കുന്നു. ചടങ്ങിനുവേണ്ടി വേദിയിലേക്ക് കയറുംമുന്‍പ് ഒരു ബുദ്ധിജീവി ബാലനെ പിടിച്ചുനിര്‍ത്തി. ''ഇപ്പൊ കവിതകളൊന്നും കാണാറില്ലല്ലോ?
എഴുത്ത് നിര്‍ത്തിയോ?''
''നിര്‍ത്തി'' ബാലചന്ദ്രന്‍ പറഞ്ഞു- ''പ്രതിഭയൊക്കെ വറ്റി. ഇനിയിങ്ങനെ വല്ല മീറ്റിങ്ങിലും പങ്കെടുത്ത് ജീവിക്കാമെന്നാണ് വിചാരിക്കുന്നത്.'' അയാളുടെ മുഖം തെളിഞ്ഞു. അഭിനന്ദപൂര്‍വം ബാലന് കൈകൊടുത്തു.
പുതിയ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ എന്നെ സ്ഥിരമായി വിളിച്ച് അഭിപ്രായം പറയുന്ന ചില അഭ്യുദയകാംക്ഷികളുണ്ട്. ''പടം ആദ്യത്തെ ഷോതന്നെ കണ്ടു കേട്ടോ.''
''സന്തോഷം''
''തുറന്നുപറയുന്നതില്‍ വിഷമം തോന്നില്ലല്ലോ? ഭയങ്കര ബോറായിരിക്കുന്നു. എന്തു പറ്റി?'' പടം സൂപ്പര്‍ഹിറ്റാകുന്നുവെന്ന തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
''എന്തുചെയ്യാം. സംവിധാനംചെയ്യാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകും'' എന്ന് ഞാന്‍ വിനയാന്വിതനാകും. പുള്ളിക്കാരന്‍ ഹാപ്പി. അടുത്ത സിനിമയിറങ്ങുമ്പോള്‍ ഇതേ കക്ഷി വിളിക്കും.

''കഴിഞ്ഞ സിനിമ ഗംഭീരമായിരുന്നു. അത് നൂറുദിവസം ഓടുമെന്നും എനിക്ക് അന്നേ തോന്നിയിരുന്നു. പക്ഷേ, ഈ പടം - തുറന്നുപറഞ്ഞാല്‍ വിഷമിക്കില്ലല്ലോ? ഭയങ്കര ബോറായിരിക്കുന്നു. എന്തു പറ്റി?'' എനിക്ക് ചിരിവരും. പക്ഷേ, പാവത്താനായി ആ വിമര്‍ശനം മുഴുവന്‍ ഏറ്റുവാങ്ങുന്നതായി അഭിനയിക്കും. എന്റെ അഹന്തയ്ക്ക് ഒരു പ്രഹരം കൊടുത്തല്ലോ എന്ന സന്തോഷത്തോടെ അയാള്‍ ഫോണ്‍ വെക്കും. ഒരു സിനിമയുടെ ആലോചനകളുമായി ഞാനും ശ്രീനിവാസനും തൃശ്ശൂര്‍ രാമനിലയത്തില്‍ താമസിക്കുന്നു. വൈകുന്നേരം ഒന്ന് പുറത്തിറങ്ങി എന്റെ മാരുതി കാറില്‍ ടൗണിലൂടെ ഒരു കറക്കം. തിരിച്ചെത്തുമ്പോള്‍ ഒപ്പം ഒരു ബൈക്കും കുതിച്ചെത്തി.

നല്ല തണ്ടും തടിയുമുള്ള ഒരു ചെറുപ്പക്കാരന്‍. ഏതോ പരിചയക്കാരനാവുമെന്ന് സംശയിച്ച് ഞങ്ങള്‍ നിന്നു.
''സത്യന്‍ അന്തിക്കാട്, അല്ലേ?'' മുന്നോട്ടു വന്ന് അയാള്‍ ചോദിച്ചു.
''അതെ.''
''ഇത് ശ്രീനിവാസന്‍''
ശ്രീനിയും സമ്മതിച്ചു.
''മമ്മൂട്ടിയെ ഞാന്‍ ഓവര്‍ടേക്ക് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ ഞാന്‍ മൈന്‍ഡ്‌ചെയ്യാറില്ല.
അപ്പൊ ശരി.'' ആരാണെന്നോ എന്താണെന്നോ പറയാതെ ബൈക്കുമെടുത്ത് ആളൊരു പോക്ക്. ഇതെന്ത് മറിമായം എന്നോര്‍ത്ത് ഞങ്ങള്‍ പരസ്പരം നോക്കി.

മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മുകളിലാണ് താന്‍ എന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനായിരുന്നോ അയാള്‍ ശ്രമിച്ചത്? അതോ അങ്ങനെ സ്വയം വിശ്വസിക്കാനോ? നമുക്ക് പിടികിട്ടാത്ത ഒരു മനശ്ശാസ്ത്രമാണത്. കഥ ആലോചിച്ച് തലപുകഞ്ഞ ഒരു രാത്രി ഞങ്ങള്‍ തേക്കിന്‍ കാട് മൈതാനത്തിലൂടെ ഒന്നു നടന്നു. ഇരുട്ടിന്റെ മറപിടിച്ചാണ് നടത്തം. മണി പത്തു കഴിഞ്ഞതുകൊണ്ട് ആളുകള്‍ അധികമൊന്നുമില്ല. എന്നിട്ടും ശ്രീനിവാസന്റെ നടത്തം കണ്ട് തിരിച്ചറിഞ്ഞ് ഒരു വിദ്വാന്‍ പിറകെയെത്തി.
''എന്താ ശ്രീനിയേട്ടാ പട്ടി പൂരം കാണാന്‍പോയതുപോലെ ഇങ്ങനെ നടക്കുന്നത്?''
പെട്ടെന്ന് വന്നു ശ്രീനിയുടെ മറുപടി. ''നിങ്ങളെങ്ങനെയാ പൂരം കാണാന്‍ പോവുക എന്നെനിക്കറിയില്ലല്ലോ...''
അയാളൊരു പാവം തൃശ്ശൂര്‍കാരനായിരുന്നു. നേരെ വന്ന് ശ്രീനിക്ക് കൈ കൊടുത്തിട്ട് പറഞ്ഞു-

''ഇതാണ് ശ്രീനിവാസന്‍ സ്റ്റൈല്‍''
ഇനി, തുടങ്ങിയേടത്ത് തിരിച്ചെത്താം. സാധാരണമായി മമ്മൂട്ടി ഒരു ഗൗരവക്കാരനായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ, സുഹൃദ്‌സദസ്സുകളില്‍ ഒരുപാട് തമാശകള്‍ പറയും. പൊട്ടിച്ചിരിക്കും, വേണ്ടിവന്നാല്‍ മിമിക്രിവരെ കാണിക്കും. അപരിചതരുടെ മുന്നിലിതൊന്നുമില്ല. ആവശ്യമില്ലാതെ ഒരക്ഷരം പറയില്ല. ആരെങ്കിലും ദേഷ്യംപിടിപ്പിച്ചാല്‍ നല്ല വി.കെ.എന്‍. സ്റ്റൈലില്‍ മറുപടി പറയും. അറിയാതെ പറഞ്ഞുപോകുന്നതാണ്. അതിലെ നര്‍മം മമ്മൂട്ടിപോലും തിരിച്ചറിയുക പിന്നീടാണ്.
അത്തരം ഒരു സംഭവം.

കോഴിക്കോട് ഒരു ഷൂട്ടിങ്ങിന്റെ ഇടവേള. കണ്ടാല്‍ മാന്യനായ ഒരു മനുഷ്യന്‍ മമ്മൂട്ടിയെ കാണാന്‍വന്നു. ഒപ്പം ചില കൂട്ടുകാരുമുണ്ട്. ആരാധകനാണ്. പക്ഷേ, വെറും ഒരു ആരാധകനാണെന്ന് തോന്നിപ്പിക്കാന്‍ ഇഷ്ടമല്ല. ആ ഭാവം മമ്മൂട്ടിക്കും മനസ്സിലാകുന്നുണ്ട്.
കൂട്ടുകാരുടെ മുന്നില്‍ ആളാവുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
അപ്രതീക്ഷിതമായി അയാള്‍ മമ്മൂട്ടിയോടൊരു ചോദ്യം: ''അല്ല മമ്മൂട്ടിസാറെ, ഇപ്പൊ കുറെ കൊല്ലമായില്ലേ അഭിനയിക്കാന്‍തുടങ്ങിയിട്ട്? പ്രതിഫലം ലക്ഷങ്ങളും കോടികളുമൊക്കെയാണെന്ന് കേള്‍ക്കുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു?''
മമ്മൂട്ടി സ്ലോമോഷനില്‍ ഒന്നു നോക്കി. ഞങ്ങളൊക്കെ കാതു കൂര്‍പ്പിച്ചു.

''അല്ല, അറിയാനുള്ള താത്പര്യംകൊണ്ട് ചോദിക്കുകയാ. ഈ കാശൊക്കെ എന്താ ചെയ്യുന്നത്?''
മമ്മൂട്ടിയുടെ മറുപടി: ''കോടികളും ലക്ഷങ്ങളുമൊക്കെ എണ്ണി അടുക്കടുക്കായി അലമാരയില്‍ വെക്കും. അലമാര നിറയുമ്പോള്‍ പഴയ കടലാസ് വാങ്ങാന്‍വരുന്ന ആളുകള്‍ക്ക് തൂക്കിവില്‍ക്കും. അങ്ങനെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് അരിമേടിക്കുന്നത്.'' അതിനെക്കാള്‍ നല്ലൊരു മറുപടി ആ ചോദ്യത്തിനില്ല.
ദോഷൈകദൃക്കുകള്‍ സമൂഹത്തില്‍ ഉള്ളിടത്തോളംകാലം ഇത്തരം തമാശകള്‍ക്ക് പഞ്ഞമുണ്ടാകില്ല, തീര്‍ച്ച.


കടപ്പാട്  - മാതൃഭൂമി

No comments:

Post a Comment