Friday, December 30, 2016
Saturday, December 12, 2015
ചെന്നൈ ഒരു ഓര്‍മപ്പെടുത്തല്‍ - സത്യന്‍ അന്തിക്കാട് - മാതൃഭൂമി ലേഖനം
ചെന്നൈ ഒരു ഓര്‍മപ്പെടുത്തല്‍
ചെന്നൈയില്‍ നിന്ന് മോമി വിളിച്ചു. 'മോമി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന എം.കെ. മോഹനന്‍. സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറാണെങ്കിലും ഞാനും കമലും ലാല്‍ജോസുമൊക്കെ മോമിയെ പിടിച്ച് അഭിനയിപ്പിക്കാറുമുണ്ട്. അച്ചുവിന്റെ അമ്മയിലെ 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന ഗാനരംഗത്ത് മാതൃഭൂമിയുടെ ബുക്ഷോപ്പിനു പുറത്തു നില്‍ക്കുന്ന ഉര്‍വശിക്കടുത്ത് വന്ന് ആവശ്യത്തില്‍ക്കൂടുതല്‍ ചേര്‍ന്നുനിന്ന് അകത്തേക്ക് എത്തിനോക്കുന്ന താടിക്കാരനെ ഓര്‍മയില്ലേ? അതുതന്നെ കക്ഷി. ചെന്നൈയില്‍ കോടമ്പാക്കം റെയില്‍വേസ്റ്റേഷന്റെ തൊട്ടടുത്താണ് ഭാര്യയും രണ്ട് ആണ്‍മക്കളുമായി മോമി താമസിക്കുന്നത്. ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ അവിചാരിതമായി പെയ്ത പെരുമഴയില്‍ മോമി താമസിക്കുന്ന വീട് ഒറ്റപ്പെട്ടുപോയിരുന്നു. താഴത്തെ വീട് മുഴുവന്‍ വെള്ളത്തിനടിയിലായി. ജീവന്‍ മാത്രം കൈയിലെടുത്ത് മറ്റെല്ലാം ഉപേക്ഷിച്ച് ആ വീട്ടുകാര്‍ എവിടേക്കോ ഒഴിഞ്ഞുപോയി. ദുരന്തത്തിന്റെ നേര്‍കാഴ്ച സൗമ്യമായാണ് മോമി അവതരിപ്പിച്ചത്. പക്ഷേ, വാക്കുകളില്‍ അടക്കിപ്പിടിച്ച വേദനയുണ്ടായിരുന്നു. സ്വന്തം സങ്കടങ്ങള്‍ ഒന്നുമല്ലെന്ന് മോമി പറഞ്ഞു.

നഗരം മുഴുവന്‍ ഒഴുകിപ്പടര്‍ന്ന വെള്ളത്തില്‍ വിലപിടിച്ച വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍...സെയ്ദാപേട്ട് ബ്രിഡ്ജിനടിയിലൂടെ മാന്യമായി വസ്ത്രം ധരിച്ച ഒരാളുടെ മൃതദേഹം ഒഴുകിപ്പോയത്രെ. എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമ എന്ന സ്വപ്നവുമായി ഞാന്‍ വന്നിറങ്ങിയ നഗരമാണിത്. സെന്‍ട്രല്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി പകച്ചുനിന്ന ഒരു പത്തൊമ്പതുകാരന്‍ ഇന്നും എന്റെ ഉള്ളിലുണ്ട്. എഗ്മൂര്‍വരെ പോകാന്‍ ഏതു ബസ്സില്‍ കയറണമെന്നറിയില്ല. ടാക്‌സിയെടുത്താല്‍ എത്ര രൂപവേണ്ടിവരുമെന്നറിയില്ല. ഒടുവില്‍ ഒരു സൈക്കിള്‍ റിക്ഷയിലായിരുന്നു എന്റെ ആദ്യത്തെ യാത്ര. നഗരം മുഴുവന്‍ കാണാം. മുകളില്‍ മേലാപ്പില്ലാത്തതുകൊണ്ട് ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ അതിശയത്തോടെ നോക്കി. ഞാന്‍ കണ്ടു പരിചയിച്ച എന്റെ തൃശ്ശൂരിനേക്കാള്‍ എത്രയോ വലിയ നഗരം! ആ നഗരമാണിന്ന് കാലുകുത്താന്‍ പറ്റാത്ത വിധം മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. സഹിക്കാനാവാത്ത ദുര്‍ഗന്ധമാണെന്ന് മോമി പറഞ്ഞു.
''ഇപ്പൊ വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷേ, വീടുകള്‍ക്കുള്ളില്‍ ചളിയും അഴുക്കു ജലവും നിറഞ്ഞിരിക്കുന്നു. കുടിവെള്ളം നിലച്ചിട്ട് ദിവസങ്ങളായി. ടോയ്ലറ്റും അടുക്കളയുമൊക്കെ ഒരുപോലെ!'' കേരളത്തില്‍ നിന്ന് അവശ്യസാധനങ്ങളുമായി ലോറികളെത്തുമ്പോള്‍ പാവപ്പെട്ടവരോ പണക്കാരോ എന്ന വ്യത്യാസമില്ലാതെ ആളുകള്‍ ഓടിക്കൂടുന്നു. ഒരു കുപ്പിവെള്ളം, ഒരു പാക്കറ്റ് ബിസ്‌കറ്റ്, ഒരു പുതപ്പ്, മാറ്റിയുടുക്കാനൊരു വസ്ത്രം! ആവശ്യങ്ങള്‍ അവസാനിക്കുന്നതേയില്ല.
സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നുണ്ട്. നമുക്കു പരിചയമുള്ളവര്‍പോലും ജയലളിതയ്ക്ക് ചെക്കുകള്‍ കൈമാറുന്നതിന്റെ ഫോട്ടോകള്‍ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ, അഴുക്കു നിറഞ്ഞ തെരുവുകളില്‍ ആലംബമില്ലാതെയിരിക്കുന്നവരുടെ കൈകളിലേക്ക് ആഹാരമായും വസ്ത്രമായും അവ എത്തിച്ചേരുമോ? സംശയമാണ്.
ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ നമ്മളും ഇതു മറക്കും. മാധ്യമങ്ങള്‍ക്കിത് വാര്‍ത്തയല്ലാതാകും. അഭിസാരികകളുടെയും ക്രിമിനലുകളുടെയും പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ അവര്‍ മധുരം തേടിപ്പോകും. നാലര വര്‍ഷമായി പറഞ്ഞു പറഞ്ഞ്, പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും തമാശയായി മാറിയ 'മുഖ്യമന്ത്രി രാജിവെക്കുക' എന്ന വിഷയത്തില്‍ അര്‍ഥമില്ലാത്ത ചാനല്‍ ചര്‍ച്ചകള്‍ നടക്കും. ദുരിതബാധിതരുടെ നഷ്ടങ്ങള്‍ അപ്പോഴും നഷ്ടങ്ങളായിത്തന്നെ അവശേഷിക്കും.
വടപളനിയില്‍ താമസിക്കുന്ന മേക്കപ്പ്മാന്‍ പാണ്ഡ്യനെയും സാലിഗ്രാമില്‍ താമസിക്കുന്ന എഡിറ്റര്‍ രാജഗോപാലിനേയും കുറെ ദിവസമായി ഫോണില്‍ കിട്ടുന്നുണ്ടായിരുന്നില്ല. ഇടയ്ക്കെപ്പോഴോ കറന്റ് വന്ന് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റിയപ്പോള്‍ പാണ്ഡ്യന്‍ വിളിച്ചു. ''നഗരം മുഴുവന്‍ പാമ്പുകളാണിപ്പോള്‍. പ്രളയജലത്തില്‍ എവിടെനിന്നോ ഒഴുകി വന്നവ...'' അകത്തെ മുറിയിലേക്കു കടക്കാനൊരുങ്ങിയ വിഷപ്പാമ്പിനെ വീട്ടുവരാന്തയില്‍ വെച്ച് പാണ്ഡ്യന്‍ തല്ലിക്കൊന്നുവത്രെ.
ഇനിയുമെന്തെല്ലാം അറിയാനിരിക്കുന്നു. ചെന്നൈ ഇനി പഴയ ചെന്നൈ ആയി മാറണമെങ്കില്‍ മാസങ്ങള്‍ കഴിയണം. ഒരൊറ്റ കാര്യത്തിലേ ആശ്വാസമുള്ളൂ. അയല്‍പക്കക്കാരന്റെ കണ്ണിരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി ഇറങ്ങി എന്ന കാര്യത്തില്‍. സര്‍ക്കാറുകള്‍ എന്തുചെയ്യുന്നു എന്നു കാത്തിരിക്കാതെ മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങളും വ്യക്തികളും വിദ്യാര്‍ഥികളും സംഘടനകളും തങ്ങള്‍ക്കു ചെയ്യാന്‍കഴിയുന്ന എല്ലാ സഹായങ്ങളുമായി മുന്നോട്ടുവന്നു. പണമായും മരുന്നായും ഭക്ഷണമായും വസ്ത്രമായും അവര്‍ ഒരൊറ്റ മനസ്സോടെ ഒഴുകിയെത്തി. അവിടെ ജാതിയും മതവും രാഷ്ട്രീയവുമുണ്ടായില്ല. അധികാരത്തിനുവേണ്ടി വര്‍ഗീയതപറഞ്ഞ് തെക്കുവടക്ക് യാത്ര നടത്തുന്നവരെ നിശ്ശബ്ദരാക്കിക്കൊണ്ട് നമ്മള്‍ മനുഷ്യരാണെന്ന് തെളിയിച്ചു. ഭാഷകള്‍ക്കതീതമായി എല്ലാ ഭാരതീയരും നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന സത്യം ഒരു പ്രതിജ്ഞയും ചൊല്ലാതെ നമ്മളറിഞ്ഞു! അത്രയും സമാധാനം.
നന്മയുടെ വെളിച്ചം മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്കെ ഒരെത്തിനോട്ടം മാത്രം നടത്തി മടങ്ങിപ്പോകുന്നത്. ഇല്ലെങ്കില്‍ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാന്‍ വല്ല പ്രയാസവുമുണ്ടോ?
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഡോക്ടര്‍ ആര്‍സുവിനെപ്പറ്റി ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയത് വായിച്ചിരുന്നു. അനാഥ ബാല്യങ്ങള്‍ക്ക് ആശ്രയമായി മാറിയ കോഴിക്കോട്ടെ 'പുവര്‍ഹോം സൊസൈറ്റി' പട്ടാമ്പിക്കാരനായ കെ.എന്‍. കുറുപ്പ് എന്ന നല്ല മനുഷ്യന്‍ സ്ഥാപിച്ചതാണെന്നു കണ്ടു. അതിന്റെ സാഹചര്യം ശ്രീകാന്തിനോട് ഞാന്‍ ചോദിച്ചറിഞ്ഞിരുന്നു. കെ.എന്‍. കുറുപ്പ് ഒരു കപ്പല്‍ കമ്പനി ഉദ്യോഗസ്ഥനായിരുന്നുവത്രെ. ജോലിയില്‍നിന്ന് പിരിഞ്ഞ് നാട്ടില്‍ താമസമാക്കിയ അവസരത്തില്‍ അദ്ദേഹമൊരു കാഴ്ചകണ്ടു. കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍, ഒരു സാധുമനുഷ്യന്‍ മഴയില്‍ നിന്ന് രക്ഷനേടാന്‍ ഒരു കെട്ടിടത്തിന്റെ ഭിത്തിയോടു ചേര്‍ന്നുനില്‍ക്കുന്നു. കുറുപ്പ് ഒരു കുടയുമായി അയാള്‍ക്കടുത്തുചെന്നു പറഞ്ഞു:-
''വരൂ ഞാന്‍ വീട്ടില്‍കൊണ്ടാക്കിത്തരാം.''
''എനിക്കു വീടില്ല'' അയാള്‍ പറഞ്ഞു.
''ഉറ്റവരും ഉടയവരുമില്ല. കേറിക്കിടക്കാന്‍ സ്ഥലമില്ല.''
മനുഷ്യസ്‌നേഹിയായ കുറുപ്പിന്റെ ഉള്ളില്‍ അപ്പോള്‍ ഉദിച്ച ആശയമാണത്രെ പാവങ്ങള്‍ക്കൊരു അഭയകേന്ദ്രം. പിന്നീട് അത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറി. ഇന്ന് നമ്മള്‍ അറിയുന്ന ഡോക്ടര്‍ ആര്‍സുവും സിനിമയില്‍ സജീവമായ ഭാഗ്യലക്ഷ്മിയുമൊക്കെ ആ കാരുണ്യത്തില്‍ നിന്ന് ജീവിതം കെട്ടിപ്പടുത്തവരാണ്.
ഗുരുവായൂരില്‍ 'ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍' എന്ന ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഉമാ പ്രേമന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയാണതിന് നേതൃത്വം കൊടുക്കുന്നത്. ഉമ പ്രേമനെ എനിക്കു നേരിട്ടറിയാം. എണ്ണിയാല്‍ തീരാത്ത സഹായങ്ങളാണ് അവര്‍ നിര്‍ധനരായ രോഗികള്‍ക്ക് ചെയ്തുകൊടുക്കുന്നത്. ഡയാലിസിസിന് പണമില്ലാതെ മരണത്തിനു കീഴടങ്ങുമായിരുന്ന എത്രയോ ജീവിതങ്ങള്‍ അവര്‍ തിരിച്ചുപിടിച്ചു. സൗജന്യമായ ഡയാലിസിസ് യൂണിറ്റുകള്‍, ശസ്ത്രക്രിയകള്‍, മരുന്നുകള്‍-ഉറച്ച മനസ്സോടെ ഒരു സ്ത്രീ മുന്നിട്ടിറങ്ങിയപ്പോള്‍ ഉണ്ടായ നേട്ടങ്ങളാണിതൊക്കെ. ഉമാപ്രേമന്‍ മാത്രമല്ല. പ്രൊഫസര്‍ ഭാനുമതി, ഷീബാ അമീര്‍-ഇവരൊക്കെ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. എന്റെ ഈ ചെറിയ പരിചയത്തിനു പുറത്ത് വേറെയും എത്രയോ പേര്‍ നന്മയുടെ പ്രതീകങ്ങളായിട്ടുണ്ടാകും. അട്ടപ്പാടിയില്‍ നിന്ന് പന്ത്രണ്ടോളം ആദിവാസിക്കുട്ടികളെ നാട്ടിലെത്തിച്ച് ട്യൂഷന്‍ കൊടുത്ത് എന്‍ട്രന്‍സ് എഴുതിപ്പിച്ചു ഉമ പ്രേമന്‍. അവരില്‍ ആരെങ്കിലുമൊക്കെ നാളെ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാകും. പഠിക്കാന്‍ ആഗ്രഹമുള്ള അടുത്ത തലമുറയിലെ കുട്ടികള്‍ക്ക് അവര്‍ വഴികാട്ടികളായേക്കും.
ആദിവാസി ഊരുകള്‍ ഞാന്‍ കണ്ടതാണ്. ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാന്‍ പറ്റിയുള്ളൂ. പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദര്‍ശിച്ചെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു പോകുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണില്‍ നിന്നു മാഞ്ഞിട്ടില്ല. വിഴിഞ്ഞത്തേക്കാള്‍ വലിയ വികസനം വേണ്ടത് ഇവിടയല്ലേ? വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്?
വളാഞ്ചേരിയിലെ 'ചെഗുവേര ഫോറ' ത്തിനെപ്പറ്റി എന്നോടു പറഞ്ഞത് തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. പുതിയ സിനിമയുടെ കഥാ ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. അതിനിടയിലേക്കാണ് പ്രഭേട്ടന്‍ കയറി വന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും പ്രഭേട്ടന്‍ എന്നു വിളിക്കുന്ന പ്രഭാകരന്‍. 'അറബിക്കഥ' യിലെ ക്യൂബ മുകുന്ദനെപ്പോലെ ആത്മാര്‍ഥതയുള്ള കമ്യൂണിസ്റ്റുകാരനാണ് പ്രഭേട്ടന്‍. പക്ഷേ, അത്തരക്കാര്‍ എപ്പോഴും ഒറ്റപ്പെടുകയാണല്ലോ പതിവ്. പ്രഭേട്ടന്റെയും അതുപോലുള്ള ചില സഖാക്കളുടെയും സേവനം വേണ്ടെന്ന് പാര്‍ട്ടിയങ്ങ് തീരുമാനിച്ചു. പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് സ്വതന്ത്രരായ അവര്‍ 'ചെഗുവേര' എന്നൊരു ഫോറം സംഘടിപ്പിച്ചു. അതില്‍ പക്ഷേ, ഒരു തുള്ളിപോലും രാഷ്ട്രീയമില്ല. മനസ്സില്‍ നന്മയുള്ളവരുടെ ഒരു കൂട്ടായ്മ. ആര്‍ക്കും അതില്‍ നിന്ന് ഒന്നും നേടേണ്ടതില്ല. പണം വേണ്ട, പ്രശസ്തി വേണ്ട, നാളെ അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട. പക്ഷേ, ആ നാട്ടിലെ പാവപ്പെട്ടവര്‍ നെഞ്ചോടു ചേര്‍ത്തു വെച്ചിരിക്കുന്നു 'ചെഗുവേര ഫോറ'ത്തെ. അതിന്റെ പ്രധാന കാരണം, ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മനസ്സാണ്.
സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലേക്കാണ് അവരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത്. പല രോഗങ്ങള്‍ക്കായി സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗികളുണ്ട്. പ്രമേഹത്തിനും പ്രഷറിനും ഹൃദ്രോഗത്തിനുമൊക്കെ. പക്ഷേ, പണമില്ലാത്തതുകൊണ്ട് പലര്‍ക്കും മുടങ്ങാതെ മരുന്നു കഴിക്കാന്‍ പറ്റാറില്ല. ചിലര്‍ ഒരു ദിവസത്തേക്കുള്ള മരുന്ന് നാലു ദിവസങ്ങളിലായി കഴിക്കും. അത്തരക്കാരെ കണ്ടെത്തി അവര്‍ക്ക് സൗജന്യമായി മരുന്നു നല്‍കാനാണ് 'ചെഗുവേര' മുന്നിട്ടിറങ്ങിയത്. നല്ല മനസ്സുള്ള ഒരുപാടു പേര്‍ ചെഗുവേരയോടൊപ്പം ചേര്‍ന്നു. പണമായും മരുന്നായും അവരുടെ സഹായം ചെഗുവേരക്ക് കൂട്ടായി. കുറെ ഡോക്ടര്‍മാരുണ്ട് സംഘത്തില്‍. പലരും തങ്ങള്‍ക്കുകിട്ടുന്ന സാന്പിള്‍ മരുന്നുകള്‍ ചെഗുവേരയിലെത്തിക്കുന്നു. ഇന്നിപ്പോള്‍ വളാഞ്ചേരി പഞ്ചായത്തിലെ പാവപ്പെട്ട മുന്നൂറ് കുടുംബങ്ങളിലേക്ക് എല്ലാ ഒന്നാം തിയ്യതിയും അവര്‍ക്കു വേണ്ട മരുന്നുകളെത്തുന്നു. സമീപ പ്രദേശത്തു നിന്ന് സഹായം തേടിയെത്തുന്നവരെയും പരിമിതികളില്‍ നിന്നുകൊണ്ട് 'ചെഗുവേര' തൃപ്തിപ്പെടുത്തുന്നു.
മനസ്സു നിറയുന്ന അറിവുകളാണിതൊക്കെ. കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും പ്രഭേട്ടന്മാരും സുഹൃത്തുക്കളും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
നമ്മളെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന എത്ര നേതാക്കളാണിവിടെ! മേക്കപ്പിട്ട് ചാനല്‍ ക്യാമറക്കു മുന്നിലിരുന്ന് പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കെങ്കിലും ഇത്തരമൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടോ? അധികാരം അഴിമതിക്കുള്ള ലൈസന്‍സായി മാറിയ കാലമാണിത്. കോഴയായി എത്ര കോടികള്‍ വേണമെങ്കിലും വാങ്ങാം, തെളിവുണ്ടാകാതിരുന്നാല്‍ മതി.
കോഴിക്കോട്ടെ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ ഓര്‍ക്കുക. ദുരന്തത്തില്‍ പെട്ടത് ഏത് ജാതിക്കാരനാണെന്നോ ഏതു ദേശക്കാരനാണെന്നോ നോക്കാതെ രക്ഷപ്പെടുത്താനിറങ്ങി ജീവന്‍ ബലികൊടുത്ത നൗഷാദ് നമ്മുടെ മനസ്സില്‍ ഒരു മുറിവായി നില്‍ക്കുന്നു. ആ മുറിവിലേക്കും ചിലര്‍ വര്‍ഗീയതയുടെ മുളകുപൊടിയെറിഞ്ഞു. പക്ഷേ, അവര്‍ക്കുള്ള മറുപടിയുമായി കാലം കാത്തു നില്‍ക്കുന്നുണ്ട്. സങ്കടങ്ങളിലാണ്, നന്മയുടെ വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്
കടപ്പാട് - മാതൃഭൂമി

Labels:
Articles
Sunday, September 13, 2015
പേരുമാറ്റവും പെരുമാറ്റവും - മാതൃഭൂമി ലേഖനം
പേരുമാറ്റവും പെരുമാറ്റവും
അറിയാതെയാണെങ്കിലും ഇത്തിരി അഹങ്കരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ കിട്ടും തലയ്‌ക്കൊരു തട്ട്. ഒന്നല്ല, ഒരുപാട് പ്രാവശ്യം അനുഭവപ്പെട്ടിട്ടുള്ളതാണ്.
'അടങ്ങ് മോനെ... നീ അങ്ങനെ ആളാവുകയൊന്നും വേണ്ട' എന്ന് ദൈവം പറയുന്നതുപോലെ തോന്നും.
അടുത്തകാലത്തുണ്ടായ ഒരു വിമാനയാത്രയിലാണ് അത് വീണ്ടും ബോധ്യപ്പെട്ടത്. ബോംബെക്ക് പോവുകയായിരുന്നു ഞാന്‍. അവിടെ മലയാളികളുടെ രണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കണം. ക്ഷണിച്ചത് വളരെ വേണ്ടപ്പെട്ടവരാണ്. പോയേപറ്റൂ.
സെക്യൂരിറ്റി ചെക്കപ്പൊക്കെ കഴിഞ്ഞ് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചതേയുള്ളൂ. ഇരിക്കുന്നവരില്‍ മുന്‍വശത്തെ നിരയില്‍ നിന്ന് ആഹ്ലാദവും അത്ഭുതവും നിറഞ്ഞ ഒരു വിളി.
''ഹലോ....ഇതാര്?''
നോക്കുമ്പോള്‍ നാല്പതിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഒരു മാന്യന്‍. ഭാര്യയും മകനുമുണ്ട് കൂടെ.
''വരണം സാറെ-ഇങ്ങോട്ടിരിക്കണം.''
തന്റെ തൊട്ടടുത്ത സീറ്റിലേക്ക് അദ്ദേഹമെന്നെ ക്ഷണിച്ചു.
''വേണ്ട. എന്റെ സീറ്റ് കുറച്ചു പിറകിലാണ് 20 ര''
''അതൊന്നും സാരമില്ലെന്നേ... സാറിവിടെ ഇരിക്കൂ. സാറിനോടൊപ്പമിരുന്ന് യാത്ര ചെയ്യുക എന്നതൊരു ഭാഗ്യമല്ലേ?''
ആവശ്യത്തിലേറെ ഉച്ചത്തിലാണ് സംസാരം. നിറയെ യാത്രക്കാരുണ്ട്. ഭൂരിഭാഗവും മലയാളികള്‍.
പലരും എന്നെ തിരിഞ്ഞുനോക്കി. വിനയപൂര്‍വം ഞാന്‍ പറഞ്ഞു-
''വേണ്ട, സീറ്റ് മാറിയിരുന്ന് പ്രശ്‌നമാകണ്ട.''
''ഒരു പ്രശ്‌നവുമില്ലെന്നെ. സാറിനെപ്പോലൊരാള്‍ക്ക് എവിടെ വേണമെങ്കിലുമിരിക്കാം. മലയാളികളുടെ അഭിമാനമല്ലേ സാറ്.''
അവിടെയാണ് ഞാന്‍ ഒരിഞ്ച് പൊങ്ങിയത്. ''അമ്പടഞാനേ' എന്ന ഭാവം എന്റെ മനസ്സിലുയര്‍ന്നു.
ഒരുപാട് കണ്ണുകള്‍ മുഖത്തേക്കു തിരിയുന്നു എന്നറിഞ്ഞു കൊണ്ടുതന്നെ വിനീതനായി ഞാനെന്റെ സീറ്റിലേക്കു നടന്നു. പോകുന്ന പോക്കില്‍ ചിലര്‍ ഷേക്ക് ഹാന്റിന് കൈനീട്ടി. അഹങ്കാരം പുറത്തു കാണിക്കാതെ എല്ലാവരെയും മൈന്റ് ചെയ്ത് ഞാന്‍ ചെന്നിരുന്നു.
തരക്കേടില്ല.
ഫുട്പാത്തിലും ഷോപ്പിങ് സെന്ററിലും സിനിമാതിയേറ്ററിലുമൊക്കെ ചിലര്‍ തിരിച്ചറിയാറുണ്ടെങ്കിലും ബോംബെ വഴി ഡല്‍ഹിയിലേക്കു പോകുന്ന വിമാനത്തില്‍ ഇങ്ങനെ ആരാധകര്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.
സിനിമകള്‍ കുറച്ചുകൂടി നന്നാക്കണം. മത്സരിക്കേണ്ടത് അല്‍ഫോണ്‍സ് പുത്രനോടും 'ശ്രീനിവാസ പുത്രനോ'ടുമൊക്കെയാണ്. അങ്ങനെ പല ചിന്തകളും കടന്നുപോകുന്നതിനിടയില്‍ വിമാനം ഉയര്‍ന്നു. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ നേരത്തെ കണ്ട ആരാധകന്‍ എന്നെ തിരഞ്ഞു വന്നു. അടുത്തെത്തിയപ്പോള്‍ അയാളെന്റെ കൈ പിടിച്ചു വലിച്ച് ഒന്നുമ്മവെച്ചു. അതെല്ലാം ഓവറല്ലേ എന്നു തോന്നി.
''വിശ്വസിക്കാന്‍ പറ്റുന്നില്ല സര്‍. ഞങ്ങളുടെ കുടുംബം മുഴുവന്‍ സാറിന്റെ ആരാധകരാണ്. ഞാനെന്റെ ഭാര്യയോടു പറയുകയായിരുന്നു, ഈ ഫ്ലൈറ്റില്‍ തന്നെ ടിക്കറ്റെടുക്കാന്‍ തോന്നിയത് എത്ര ഭാഗ്യമായെന്ന്. വരണം സാര്‍ എന്റെ ഫാമിലിയോടൊപ്പം നിന്നൊരു സെല്‍ഫി എടുക്കണം.''
ബോംബെയില്‍ ചെല്ലട്ടെ എന്നിട്ടാകാം എന്നു പറഞ്ഞു ഞാന്‍.
വീണ്ടും പ്രശംസാ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടു നിന്ന അയാളോടു ഞാന്‍ പറഞ്ഞു-
''നിങ്ങള്‍ ചെന്നിരിക്കൂ. ഇറങ്ങുമ്പോള്‍ കാണാമല്ലോ.''
അതു വഴിവന്ന എയര്‍ഹോസ്റ്റസ്സിനെ തടുത്തുനിര്‍ത്തി അതിമനോഹരമായ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു-
''ഇതാരാണെന്നറിയാമോ? മലയാളികള്‍ മുഴുവന്‍ ആരാധിക്കുന്ന മഹാനായ സംവിധായകനാണ്.''
അവര്‍ അല്പം സംശയത്തോടെ എന്നെ നോക്കി. അതിനുമാത്രമുള്ള 'ലുക്ക്' ഇല്ലല്ലോ എന്നു തോന്നിക്കാണണം. എങ്കിലും സാമാന്യമര്യാദയുടെ പേരില്‍ എനിക്കൊരു ഷേക്ക്ഹാന്റ് തന്നു.
അഹങ്കാരം ചെറിയ ചമ്മലായി മാറിത്തുടങ്ങി. ഞാനയാളോടു സ്‌നേഹ
പൂര്‍വം പറഞ്ഞു-
''സീറ്റില്‍ ചെന്നിരിക്കൂ. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട.''
''എന്തു ബുദ്ധിമുട്ട്? അവര്‍ക്കെല്ലാം സന്തോഷമല്ലേ?''
എന്നിട്ട് എല്ലാവരോടുമായി ഉറക്കെ ഒരു അനൗണ്‍സ്‌മെന്റ്-
''മനസ്സിലായില്ലേ? ഇത് നമ്മുടെയൊക്കെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്‍!''
ഒന്നുരണ്ടു ചിരികള്‍ ചുറ്റുപാടും ഉയരുന്നത് ഞാന്‍ കേട്ടു.
''ഇറങ്ങുമ്പോള്‍ മറക്കല്ലേ പ്രിയദര്‍ശന്‍ സാറേ, എന്റെ ഫാമിലിയുടെ കൂടെ നിന്നൊരു ഫോട്ടോ.''
തിരുത്താനൊന്നും നില്‍ക്കാതെ ഞാന്‍ സമ്മതിച്ചു.
ദൈവം ഇടപെട്ടെന്നും എന്റെ അഹങ്കാരത്തിന്റെ പത്തി താണു കഴിഞ്ഞെന്നും എനിക്കു മനസ്സിലായി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല കേട്ടോ. പ്രിയദര്‍ശന്‍തന്നെ ഒരിക്കല്‍ എന്നോടു പറഞ്ഞിട്ടുണ്ട്. 'അമേരിക്കയില്‍ വെച്ച് മലയാളികളുടെ ഒരു സദസ്സില്‍ എനിക്ക് സത്യനാകേണ്ടി വന്നിട്ടുണ്ട്' എന്ന്. അവിടെ ഒരു വലിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് പ്രിയന്‍. കോട്ടും സൂട്ടുമിട്ട ഒരു തിരുവല്ലക്കാരന്‍ അച്ചായന്‍ വന്ന് പരിചയപ്പെട്ടുവത്രെ (സക്കറിയയുടെ 'സലാം അമേരിക്ക' വായിച്ചിട്ടുള്ളവര്‍ക്ക് അത്തരം അച്ചായന്‍മാരെ അറിയാം.)
പ്രിയനെ അഭിനന്ദിച്ചുകൊണ്ട് അയാള്‍ പറഞ്ഞ സിനിമകളൊക്കെ എന്റേതായിരുന്നു.
നാടോടിക്കാറ്റ്, ഗാന്ധിനഗര്‍, തലയണമന്ത്രം, വരവേല്പ്- ഇതൊക്കെ അമ്പതുതവണ വീതമെങ്കിലും കണ്ടിട്ടുണ്ടത്രെ. 'സന്ദേശം' കണ്ടിട്ട് രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്താന്‍ വന്നോ എന്നുചോദിച്ചു.
'ഇല്ല' എന്ന് പറഞ്ഞൊഴിഞ്ഞു പ്രിയന്‍. അയാള്‍ക്ക് നാടു കാണണം, നാട്ടില്‍ പോകണം എന്ന് തോന്നുമ്പോഴൊക്കെ 'മനസ്സിനക്കരെ'യും 'പൊന്മുട്ടയിടുന്ന താറാവും' സിഡി ഇട്ട് കാണുമത്രെ. 'രസതന്ത്ര'ത്തിലെ 'ആറ്റിന്‍കരയോരത്തെ' എന്ന പാട്ട് ഇത്രയും മനോഹരമായി ചിത്രീകരിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നുപറഞ്ഞു. 'കിലുക്ക'മോ 'ചിത്ര'മോ 'തേന്മാവിന്‍ കൊമ്പത്തോ' ഏതെങ്കിലുമൊരു ചിത്രത്തിന്റെ പേര് അയാള്‍ പറഞ്ഞെങ്കില്‍ എന്ന് പ്രിയന്‍ ആശിച്ചുവത്രെ. ഒന്നുമുണ്ടായില്ല.
മനസ്സിലെ അഹങ്കാരത്തിന്റെ മുനകള്‍ ദൈവം ഇങ്ങനെയാണ് ഒടിച്ചുകളയുക എന്ന് ഞാന്‍ പ്രിയനോടു പറഞ്ഞു.
പറഞ്ഞുകേട്ട പഴയൊരു കഥയുണ്ട്.
പണ്ട് കോഴിക്കോട്ടുനിന്ന് മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ പ്രസിദ്ധ നടന്‍ കെ.പി. ഉമ്മര്‍ കയറുന്നു. അദ്ദേഹം അന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണ്. നായകന്‍ സത്യനായാലും പ്രേംനസീറായാലും വില്ലന്‍ കെ.പി. ഉമ്മര്‍തന്നെ എന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്ന കാലം.
ജനവാതിലിനടുത്തുള്ള സീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകരോട് സംസാരിക്കുകയായിരുന്നു കെ.പി. ഉമ്മര്‍. ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരിക്കി എണ്‍പതുകഴിഞ്ഞ ഒരു വൃദ്ധയെത്തി, ''വല്ലതും തരണേ സാറേ'' എന്നുപറഞ്ഞു. ആരേയും സഹായിക്കാന്‍ മടിയില്ലാത്ത വ്യക്തിയാണ് ഉമ്മര്‍സാര്‍. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഒരു താരത്തിന്റെ സ്റ്റൈലിലാണ് അദ്ദേഹത്തിന്റെ നടപ്പും ഇരിപ്പും സംസാരവുമൊക്കെ. പേഴ്‌സ് തുറന്ന് അദ്ദേഹം ഒരു പത്തുരൂപാ നോട്ടെടുത്തു. ഒരു രൂപയ്ക്ക് ഹോട്ടലില്‍നിന്ന് ഒന്നാംതരം ഊണ് ലഭിക്കുന്ന കാലമാണ്.
പത്തുരൂപയ്ക്ക് ഒരുപാട് വിലയുണ്ട്. അദ്ദേഹം ആ പത്തുരൂപ വൃദ്ധയ്ക്ക് കൊടുത്തിട്ട് പറഞ്ഞു-
''ഇന്നിനി ആരോടും കാശുചോദിക്കണ്ട. അരിയും സാധനങ്ങളുമൊക്കെ വാങ്ങി വീട്ടില്‍പോകൂ.''
ആഹ്ലാദംകൊണ്ട് കണ്ണുനിറഞ്ഞുപോയ വൃദ്ധ അറിയാവുന്ന രീതിയിലൊക്കെ നന്ദിപറഞ്ഞു.
''സാറിനെപ്പറ്റി ഇന്ന് ഞാനെന്റെ മക്കളോടും അയല്‍പക്കക്കാരോടുമൊക്കെ പറയും. ഇത്ര ദയാലുവായ ഒരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.''
കെ.പി. ഉമ്മറിന് സന്തോഷമായി. ട്രെയിന്‍ പുറപ്പെടാനുള്ള ബെല്ലടിച്ചു. വണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് യഥാര്‍ഥ ക്ലൈമാക്‌സ്.
''വീട്ടില്‍ ചെല്ലുമ്പോള്‍ ഈ കാശ് ആര് തന്നുവെന്ന് പറയും?'' ഉമ്മര്‍സാറിന്റെ ചോദ്യം.
''അതെന്താ സാറേ? സാറിനെ അറിയാത്തവര്‍ ഈ നാട്ടിലുണ്ടോ?''
വണ്ടിക്കൊപ്പം നീങ്ങിക്കൊണ്ട് വൃദ്ധ പറഞ്ഞു.
''സാറിന്റെ സിനിമകളെല്ലാം ഞങ്ങള്‍ കാണാറുണ്ട്. പ്രേംനസീറല്ലേ?''
അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടു.
''പ്രേംനസീറല്ല, കെ.പി. ഉമ്മറാണ്'' എന്ന് വിളിച്ചുപറയുമ്പോഴേക്കും വൃദ്ധ ഒരുപാടുദൂരം പിന്നിലായിക്കഴിഞ്ഞിരുന്നു.
''എന്റെ പത്തുരൂപ പോയി''എന്ന ആത്മഗതത്തേടെ കെ.പി. ഉമ്മര്‍ തളര്‍ന്നിരുന്നു എന്നാണ് കഥ.
ഇതൊക്കെ അറിയാതെ സംഭവിച്ചുപോകുന്നതാണ്. കെ.പി. ഉമ്മറിന്റെ പേര് അവര്‍ക്ക് ആ സമയത്ത് മാറിപ്പോയതായിരിക്കും. ഒരു രണ്ടാംചിന്തയില്‍ അത് പ്രേംനസീറല്ല ഉമ്മറാണെന്ന് തിരിച്ചറിയുകയും ചെയ്യും. പക്ഷേ, ഒരു നിമിഷനേരത്തെ നാക്കുപിഴ, അതിലാണ് തമാശ.
മറ്റൊരു സന്ദര്‍ഭംകൂടി ഓര്‍മ വരുന്നു. ലോഹിതദാസാണ് ആ കഥയിലെ നായകന്‍. ഞാനും ലോഹിതദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും അക്കാലത്ത് ഒരുമിച്ച് ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു. ഭക്തിയും സ്‌നേഹവും നിറഞ്ഞ യാത്രകളായിരുന്നു അത്. കെട്ടുനിറച്ച്, പമ്പയില്‍ കുളിച്ച് ശരണം വിളിച്ച് മലകയറും. സംവിധായകന്‍ സുന്ദര്‍ദാസും സഹോദരന്‍ സുഭാഷും കിരീടം ഉണ്ണിയുമൊക്കെ ചിലപ്പോള്‍ സംഘത്തിലുണ്ടാകും.
ഒരിക്കല്‍ നീലിമലയിലെ കുത്തനെയുള്ള കയറ്റം കയറി ക്ഷീണിച്ച് പാതയോരത്തെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന അയ്യപ്പന്മാരില്‍ ചിലര്‍ കൈതപ്രത്തെ തിരിച്ചറിഞ്ഞു. ആരവത്തോടെ 'കൈതപ്രം' എന്ന് വിളിച്ച് ചുറ്റുംകൂടി. കൂട്ടത്തിലൊരാള്‍ ലോഹിതദാസിനെ കണ്ട് ''ഓ, സാറുമുണ്ടോ?'' എന്ന് ചോദിച്ച് കൂട്ടത്തിലുള്ളവരോട് വിളിച്ചുപറഞ്ഞു-
''ദേ- തുളസീദാസ്''
'സ്വാമിയേ ശരണമയ്യപ്പാ' എന്ന് നീട്ടിവിളിച്ച് ലോഹി പെട്ടെന്ന് മലകയറാന്‍ തുടങ്ങി. ഒപ്പമെത്താന്‍ ഞങ്ങള്‍ പാടുപെട്ടു.
ഓര്‍ക്കുമ്പോള്‍ ഇനിയുമുണ്ട് പേരുമാറ്റങ്ങള്‍. പണ്ട് മാതൃഭൂമിയുടെ ഒരു അവാര്‍ഡ്ദാനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായ സംവിധായകന്‍ ഭാരതീരാജയെ അവതാരകയായ കല്പന വേദിയിലേക്ക് ക്ഷണിച്ചത്-
'തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയ സംവിധായകന്‍ ശ്രീ ഇളയരാജ' എന്ന് പറഞ്ഞുകൊണ്ടാണ്.
താന്‍ ഇളയരാജയല്ല, ഭാരതീരാജയാണെന്ന് തിരുത്താതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജില്‍വന്ന് കൈകൂപ്പി. കല്പന അപ്പോഴും പറഞ്ഞു-
''സ്വാഗതം, ഇളയരാജസാര്‍''
ഇത്തരം തെറ്റുകള്‍ ആര്‍ക്കും എപ്പോഴും പറ്റാവുന്നതേയുള്ളൂ. അതിലെ തമാശ മാത്രം നമ്മള്‍ കണ്ടാല്‍ മതി.
പ്രസിദ്ധരുടെ കാര്യം വിട്ടുകളയൂ. വെറുതെയൊന്നു ശ്രദ്ധിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കും കാണാം ഇത്തരം നൂറുനൂറു സംഭവങ്ങള്‍. ജീവിതത്തിന്റെ ചുട്ടുപൊള്ളലുകള്‍ക്കിടയ്ക്ക് ഇതൊക്കെ ഒരാശ്വാസമല്ലേ.

Subscribe to:
Posts (Atom)